Image

പൗരത്വഭേദഗതി ബില്‍: ശിവസേനക്കെതിരെ പരോക്ഷ വിമര്‍ശനം നടത്തി രാഹുല്‍ ഗാന്ധി

Published on 10 December, 2019
പൗരത്വഭേദഗതി ബില്‍: ശിവസേനക്കെതിരെ പരോക്ഷ വിമര്‍ശനം നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബില്ലിനെ പിന്തുണച്ച്‌ ലോക്സഭയില്‍ വോട്ട് ചെയ്ത മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ സഖ്യ കക്ഷിയായ ശിവസേനക്കെതിരെയും രാഹുല്‍ പരോക്ഷ വിമര്‍ശനം നടത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.


രാഷ്ട്രതാത്പര്യം മുന്‍ നിര്‍ത്തിയാണ് ബില്ലിനെ പിന്തുണക്കുന്നതെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനക്കെതിരായ ആക്രമണമാണ്. ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണ്-രാഹുല്‍ ട്വീറ്റ് ചെയ്തു.


ശിവസേനയുടെയടക്കം പിന്തുണയോടെയാണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ബില്‍ രാജ്യത്ത് ഒരു അദൃശ്യ വിഭജനത്തിന് വഴിവെക്കുമെന്ന് ശിവസേന മുഖപത്രം സാമ്ന ആശങ്കപ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബില്‍ ലോക്സഭയിലെത്തിയപ്പോള്‍ അവര്‍ പിന്തുണക്കുകയും ചെയ്തു. രാഷ്ട്രതാത്പര്യം മുന്‍ നിര്‍ത്തിയാണ് ശിവസേന അനുകൂലിച്ചതെന്നും പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമേ പ്രാവര്‍ത്തികമാക്കുവെന്നുമാണ് സേനാ എംപി അരവിന്ദ് സാവന്ദ് പ്രതികരിച്ചത്. മഹാരാഷ്ട്ര രാഷ്ട്രീയവുമായി ഇതിനെ ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനിടെ ലോക്സഭയില്‍ വോട്ട് ചെയ്തത് പോലെ ശിവസേന രാജ്യസഭയില്‍ വോട്ട് ചെയ്തേക്കില്ലെന്ന് സൂചന നല്‍കി പാര്‍ട്ടി നേതാവ് സഞജയ് റാവുത്ത് ട്വീറ്റ് ചെയ്തു. രാജ്യസഭയില്‍ നാളെയാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെ അനുകൂലിച്ച്‌ ലോക്സഭയില്‍ ശിവസേന വോട്ട് ചെയ്തതിന് പിന്നാലെ മഹാരാഷ്ട്രയിലെ സഖ്യത്തില്‍ അസ്വാരസ്യം ഉടലെടുത്തതിനെ തുടര്‍ന്നാണ് സഞജയ് റാവുത്തിന്റെ ട്വീറ്റ് വന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക