Image

നിര്‍ഭയ കേസ്‌ പ്രതികളുടെ വധശിക്ഷ ഉടന്‍നടപ്പാക്കിയെക്കുമെന്നു സൂചന

Published on 10 December, 2019
നിര്‍ഭയ കേസ്‌ പ്രതികളുടെ വധശിക്ഷ ഉടന്‍നടപ്പാക്കിയെക്കുമെന്നു സൂചന

ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതിയെ തീഹാര്‍ ജയിലിലേക്ക്‌ മാറ്റി. വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഈ നീക്കമെന്നാണ്‌ സൂചന. 

ഡല്‍ഹിയിലെ മന്‍ഡോളി ജയിലില്‍ പാര്‍പ്പിച്ചിരുന്ന പവന്‍ ഗുപ്‌തയെയാണ്‌ തീഹാര്‍ ജയിലിലേക്ക്‌ മാറ്റിയത്‌. കേസിലെ മറ്റുപ്രതികളായ മുകേഷ്‌ സിങ്‌, വിനയ്‌ ശര്‍മ്മ, അക്ഷയ്‌ എന്നിവര്‍ തീഹാര്‍ ജയിലിലാണുള്ളത്‌.

പവന്‍ ഗുപ്‌തയെ തീഹാറിലെ രണ്ടാം നമ്‌ബര്‍ ജയിലിലാണ്‌ അടച്ചിട്ടുള്ളത്‌. പ്രതികളെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി ആറ്‌ സിസിടിവി ക്യാമറകള്‍ക്കും തീഹാര്‍ ജയില്‍ അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്‌. മറ്റു പ്രതികളുടെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ പ്രതികള്‍ക്ക്‌ കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 

അതിനിടെ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട പ്രതികളെ പാര്‍പ്പിക്കാനുള്ള കണ്ടംഡ്‌ സെല്ലും തയ്യാറായി വരികയാണ്‌. സെല്ലുകളുടെ അറ്റകുറ്റപ്പണികള്‍ ധൃതഗതിയില്‍ നടക്കുകയാണെന്ന്‌ തീഹാര്‍ ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.

തീഹാറിലെ മൂന്നാം നമ്‌ബര്‍ ജയിലില്‍ 16 കണ്ടംഡ്‌ സെല്ലുകളാണ്‌ ഉള്ളത്‌. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയാല്‍ ഉടന്‍ തന്നെ ഇവരെ കണ്ടംഡ്‌ സെല്ലിലേക്ക്‌ മാറ്റും. വിനയ്‌ ശര്‍മ്മയാണ്‌ രാഷ്ട്രപതിക്ക്‌ ദയാഹര്‍ജി നല്‍കിയത്‌. 

എന്നാല്‍ കഴിഞ്ഞദിവസം താന്‍ ദയാഹര്‍ജി നല്‍കിയിട്ടില്ലെന്നും, ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ വിനയ്‌ ശര്‍മ്മ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‌ കത്തു നല്‍കിയതായി റിപ്പോര്‍ട്ട്‌ പുറത്തുവന്നിരുന്നു.

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്നതാണ്‌ പതിവ്‌. വധശിക്ഷയ്‌ക്ക്‌ മുന്നോടിയായി ജയില്‍ അധികൃതര്‍ ഡമ്മി പരീക്ഷണം നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. 

ശിക്ഷ നടപ്പാക്കുന്നതിനായി തീഹാര്‍ ജയില്‍ അധികൃതര്‍ ബീഹാറിലെ ബുക്‌സര്‍ ജയില്‍ അധികൃതരോട്‌ 10 തൂക്കുകയര്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക