Image

ഉദയം പേരൂരിലെ യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

Published on 10 December, 2019
ഉദയം പേരൂരിലെ യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍
കൊച്ചി: ഉദയം പേരൂറിലെ യുവതിയുടെ തിരോധാനം കൊലപാതകമെന്ന്‌ ഭര്‍ത്താവിന്റെ വെല്‍പ്പെടുത്തല്‍. സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍.

ഉദയംപേരൂര്‍ സ്വദേശി വിദ്യയാണ്‌ മൂന്ന്‌ മാസം മുമ്‌ബ്‌ കൊല്ലപ്പെട്ടത്‌. വിദ്യയുടെ ഭര്‍ത്താവ്‌ പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ്‌ അറസ്റ്റിലായിരിക്കുന്നത്‌.

മൂന്ന്‌ മാസം മുന്‍പാണ്‌ ഭര്‍ത്താവ്‌ പ്രേംകുമാര്‍ വിദ്യയെ കാണാനില്ലെന്ന്‌ കാട്ടി ഉദയംപേരൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്‌. പൊലീസ്‌ അന്വേഷണത്തില്‍ കൊലയ്‌ക്ക്‌ പിന്നില്‍ ഭാര്‍ത്താവും കാമുകിയുമാണെന്ന്‌ കണ്ടെത്തുകയായിരുന്നു.

 പൊലീസ്‌ പിടിക്കുമെന്ന്‌ ഉറപ്പായതോടെ വാട്‌സ്‌ ആപ്പ്‌ സന്ദേശത്തോടെയാമ്‌ ഇയാള്‍ കുറ്റസമ്മതം നടത്തിയത്‌.
സെപ്‌റ്റംബര്‍ മൂന്നിന്‌ തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന്‌ മദ്യപിച്ച ശേഷം കൊലപാതകത്തിന്‌ പ്രേം കുമാറും കാമുകിയും ചേര്‍ന്ന്‌ പദ്ധതിയിടുകയായിരുന്നു.

തുടര്‍ന്ന്‌ വിദ്യയെ കയര്‍ കഴുത്തില്‍ മുറുക്കി കൊല ചെയ്‌ത ശേഷം പേയാട്ട്‌ നിന്ന്‌ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെത്തിച്ച്‌ മൃതദേഹം മറവ്‌ ചെയ്യുകയയിരുന്നെന്ന്‌ പൊലീസ്‌ പറയുന്നു.ആയൂര്‍വേദ ചികിത്സയ്‌ക്കെന്നു പറഞ്ഞാണ്‌ ഇരുവരും ഉദയം പേരൂര്‍ നിന്നും തിരുവനന്തപുരം പേയാട്ടിലെ ഗ്രാന്‍ ടെക്ക്‌ അപ്പാര്‍ട്ട്‌മെന്റിലേക്ക്‌ എത്തിയത്‌.

ഇവിടെ തന്നെ പ്രേംകുമാറിന്റെ കാമുകി സുനിതാ ബേബിയും വീട്‌ എടുത്തു. ശേഷം ഇരുവരും ചേര്‍ന്ന്‌ കൊല നടത്തിയതെന്ന്‌ പൊലീസ്‌ പറയുന്നത്‌. 

തെളിവ്‌ ശേഖരണത്തിനായി തിരുനെല്‍വേലി പൊലീസ്‌ പരിധിയില്‍ ബന്ധപ്പെട്ടപ്പോള്‍ ഇവിടെ നിന്ന്‌ അസ്വഭാവികമായി ജഡം കിട്ടിയെന്ന്‌ പൊലീസ്‌ സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതോടെയാണ്‌ തിരുവനന്തപുരത്തെത്തി പൊലീസ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. ഉടന്‍ തന്നെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ സെപ്‌റ്റംബര്‍ 20നാണ്‌ വീട്ടില്‍ നിന്ന്‌ വിദ്യയെ കാണാതാകുന്നത്‌. ഭര്‍ത്താവ്‌ പ്രേംകുമാറിന്റെ പരാതിയെ തുടര്‍ന്ന്‌ പൊലീസ്‌ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനാല്‍ കേസ്‌ പാതിവഴിയില്‍ നില്‍ക്കുകയായിരുന്നു. പിന്നീട്‌ ഇയാളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ കാമുകി സുനിതയും പ്രേംകുമാറും കസ്റ്റഡിയിലായത്‌.

ശ്രദ്ദേയമായ രണ്ടു സിനിമകളുടെ സ്വാധീനങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്നതാണ്‌ ഉദയംപേരൂരിലെ ചേര്‍ത്തല സ്വദേശിനിയുടെ കൊലപാതകമെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതികള്‍ തന്നെയാണ്‌ കുറ്റസമ്മത വേളയില്‍ തമിഴ്‌ ചിത്രമായ '96' ഉം മലയാള ചിത്രം 'ദൃശ്യ'വും സ്വാധീനിച്ച വിവരം തുറന്നു സമ്മതിച്ചതെന്നും പോലീസ്‌ അറിയിച്ചു.

96 സിനിമയിലെ റീയൂണിയന്‍ പ്രണയവും ദൃശ്യത്തിലെ തെളിവ്‌ നശിപ്പിക്കല്‍ രീതികളുമാണ്‌ പ്രതികള്‍ കൊലയ്‌ക്ക്‌ സ്വീകരിച്ചത്‌. 

തിരുവനന്തപുരത്ത്‌ സ്‌കൂളില്‍ ഒരുമിച്ച്‌ പഠിച്ചിരുന്ന പ്രേംകുമാറും സുനിതയും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ടായിരുന്നില്ല. 

എന്നാല്‍ സ്‌കൂളില്‍ നടത്തിയ റീയൂണിയനു ശേഷമാണ്‌ ഇരുവരും അടുപ്പത്തില്‍ ആയതെന്നും അതു പ്രണയത്തിലേയ്‌ക്ക്‌ വളരുകയായിരുന്നുവെന്നും ഇരുവരും പൊലീസിനോട്‌ തുറന്നു സമ്മതിച്ചു.

ചങ്ങനാശേരി സ്വദേശി പ്രേംകുമാര്‍ ജോലിയോട്‌ അനുബന്ധിച്ചാണ്‌ കഴിഞ്ഞ മാര്‍ച്ചില്‍ ഭാര്യ വിദ്യയ്‌ക്കൊപ്പം കൊച്ചി ഉദയംപേരൂര്‍ നടക്കാവ്‌ ആമേട അമ്‌ബലത്തിന്‌ സമീപം വീട്‌ വാടകയ്‌ക്കെടുത്ത്‌ താമസം ആരംഭിച്ചത്‌.

ഇതിനു മുന്‍പു എറണാകുളം ജില്ലയില്‍ പലയിടത്തും ഇവര്‍ മാറിമാറി താമസിച്ചിട്ടുണ്ടെന്നു പൊലീസ്‌ പറയുന്നു. ഇതിനിടെയാണ്‌ ഹൈദരാബാദില്‍ ജോലി ചെയ്‌തിരുന്ന സഹപാഠി സുനിതയെ സ്‌കൂള്‍ റീയൂണിയനില്‍ പ്രേംകുമാര്‍ വീണ്ടും കണ്ടു മുട്ടുന്നതും പ്രണയത്തിലാകുന്നതും.

തുടര്‍ന്ന്‌ സുനിത തിരുവനന്തപുരത്തേയ്‌ക്ക്‌ ജോലിക്കായി എത്തി. അവിടെ ഒരു ആശുപത്രിയില്‍ നഴ്‌സിങ്‌ സൂപ്രണ്ടായി ജോലി ചെയ്യുകയാണ്‌ സുനിത. 

ഭര്‍ത്താവും മക്കളുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു എന്നാണ്‌ സുനിത പൊലീസിനു നല്‍കിയ മൊഴിയിലുള്ളത്‌. ഇവരുടെ ഭര്‍ത്താവും മൂന്നു മക്കളും നിലവില്‍ ഹൈദരാബാദില്‍ തന്നെയാണുള്ളത്‌.

ഒരുമിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന്‌ പ്രേംകുമാറും സുനിതയും പൊലീസിനോട്‌ വെളിപ്പെടുത്തി. കൊലപാതകത്തിലും മരണം സ്ഥിരീകരിക്കുന്നതിലും മൃതദേഹം ഉപേക്ഷിക്കുന്നതിലും സുനിതയ്‌ക്ക്‌ കൃത്യമായ പങ്കുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ടെന്നും തൃക്കാക്കര എസിപി എം വിശ്വനാഥ്‌ പറഞ്ഞു.

അതിനിടെ ചേര്‍ത്തല സ്വദേശിനി വിദ്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ്‌ പ്രേംകുമാറിനെ കുടുക്കിയത്‌ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്‌. വിദ്യയെ കാണാനില്ലെന്നുള്ള പ്രേംകുമാറിന്റെ പരാതിയില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചിരുന്നു.

 പ്രേംകുമാര്‍ ട്രെയിനില്‍ ഉപേക്ഷിച്ച വിദ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ബിഹാറില്‍ എത്തിയതായി പൊലീസ്‌ തിരിച്ചറിയുകയും അന്വേഷണം ആ വഴിക്ക്‌ നീങ്ങുകയും ചെയ്‌തിരുന്നു.

ഇവരുടെ മകള്‍ ഗോവയില്‍ പഠിക്കുന്നതിനാല്‍ ഭാര്യ അവിടേയ്‌ക്കു പോയിട്ടുണ്ടാകാമെന്ന മട്ടില്‍ പ്രേംകുമാര്‍ പ്രചാരണവും നടത്തിയതും ഏതാനും ദിവസങ്ങള്‍ക്കു ശേഷം പ്രേംകുമാര്‍ വാടകവീട്‌ ഒഴിഞ്ഞതുമാണ്‌ പൊലീസില്‍ സംശയം ജനിപ്പിച്ചത്‌.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ പ്രേംകുമാറും കാമുകി സുനിത ബേബിയും പൊലീസ്‌ പിടിയിലാകുന്നത്‌. പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യം എടുത്തതും പൊലീസിന്റെ സംശയം ബലപ്പെടുത്തി. ഇതോടെ ഇയാളെ കേന്ദ്രീകരിച്ച്‌ അന്വേഷണം ശക്തമാക്കി.

സുനിതയുമായുള്ള ബന്ധത്തെത്തുടര്‍ന്നു പ്രേംകുമാറും വിദ്യയും നിരന്തരം കലഹിച്ചിരുന്നു. തുടര്‍ന്നു വിദ്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഇരുവരും ആയുര്‍വേദ ചികിത്സയ്‌ക്കെന്നു പറഞ്ഞാണ്‌ വിദ്യയെ തിരുവനന്തപുരത്തെത്തിച്ചത്‌.

കഴിഞ്ഞ സെപ്‌റ്റംബര്‍ 20ന്‌ തിരുവനന്തപുരം പേയാടുള്ള പ്രേംകുമാറിന്റെ സുഹൃത്തിന്റെ വില്ലയില്‍ വിദ്യയെ എത്തിച്ചു. ഇതേ വില്ലയുടെ മുകളിലത്തെ നിലയില്‍ സുനിതയും എത്തിയിരുന്നു. 

വിദ്യയെ ഒഴിവാക്കാന്‍ ഇരുവരും ചേര്‍ന്നു പല പദ്ധതികളും ആസൂത്രണം ചെയ്‌തു. ഒടുവില്‍ മദ്യം നല്‍കിയ ശേഷം 21ന്‌ പുലര്‍ച്ചെ കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കിടപ്പു മുറിയില്‍ വച്ചാണു വിദ്യയെ കൊന്നത്‌. ശുചിമുറിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട്‌ കാറില്‍ കയറ്റി തിരുനെല്‍വേലിയിലെത്തിച്ച്‌ ഹൈവേയില്‍ കാടു നിറഞ്ഞ പ്രദേശത്ത്‌ ഉപേക്ഷിച്ചു. ഇവിടെനിന്ന്‌ പ്രേംകുമാര്‍ നേരെ പോയത്‌ പൊലീസ്‌ സ്റ്റേഷനിലേക്കാണ്‌.

ഭാര്യയെ കാണാനില്ലെന്നു പരാതി നല്‍കി. സുനിതയും ഒപ്പമുണ്ടായിരുന്നുവെന്നു പൊലീസ്‌ പറഞ്ഞു. പിന്നീട്‌ നേത്രാവതി എക്‌സ്‌പ്രസ്‌ ട്രെയിനിന്റെ ഡസ്റ്റ്‌ ബിന്നില്‍ വിദ്യയുടെ ഫോണ്‍ ഓഫ്‌ ചെയ്യാതെ ഉപേക്ഷിക്കുകയായിരുന്നു.

മംഗളൂരു വരെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. ഇത്തരത്തില്‍ അന്വേഷണം ദൃശ്യം മോഡലില്‍ വഴി തെറ്റിക്കാനായിരുന്നു ശ്രമമെന്ന്‌ പ്രേംകുമാര്‍ പൊലീസിനോടു സമ്മതിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക