Image

കോളജ്‌ യൂണിയന്‍ ചെയര്‍മാന്‍മാര്‍ക്ക്‌ വിദേശ പരിശീലനം: ധൂര്‍ത്തെന്ന്‌ ചെന്നിത്തല

Published on 10 December, 2019
കോളജ്‌ യൂണിയന്‍ ചെയര്‍മാന്‍മാര്‍ക്ക്‌ വിദേശ പരിശീലനം: ധൂര്‍ത്തെന്ന്‌ ചെന്നിത്തല

കൊച്ചി:സര്‍ക്കാര്‍ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍മാര്‍ക്ക്‌ വിദേശത്ത്‌ പരിശീലനം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്‌ത്‌ പ്രതിപക്ഷം. 

സംസ്ഥാനത്തെ ധൂര്‍ത്ത്‌ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാവുന്നില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. എന്നാല്‍ മറ്റ്‌ കോളജുകളിലെ ഭാരവാഹികളെക്കൂടി വിദേശത്തയക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനമെന്നാണ്‌ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞത്‌.

നേതൃപാടവ പരിശീലന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 70 സര്‍ക്കാര്‍ കോളജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാരെയാണ്‌ ലണ്ടനിലെ കാര്‍ഡിഫ്‌ സര്‍വകലാശാലയിലേക്ക്‌ അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

 ഈ തീരുമാനം ധൂര്‍ത്താണെന്നും അത്‌ തടയണമെന്നും പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടു. കടുത്ത സാമ്‌ബത്തിക ഞെരുക്കത്തില്‍ സര്‍ക്കാര്‍ മുന്നോട്ട്‌ പോകുമ്‌ബോള്‍ ഇത്തരം പദ്ധതികള്‍ പാഴ്‌ചെലവാണ്‌. ഇത്‌ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാവുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോളജ്‌ യൂണിയന്‍ ഭാരവാഹികള്‍ക്ക്‌ ലോകമറിയാനും അതറിഞ്ഞ്‌ വളരാനുമാണ്‌ അവരെ വിദേശത്തേക്ക്‌ അയക്കുന്നതെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ന്യായീകരണം. അതിനെ ആക്ഷേപിച്ചിട്ട്‌ കാര്യമില്ല. പദ്ധതി കൂടുതല്‍ കോളജുകളിലേക്ക്‌ വ്യാപിപ്പിക്കും. ആരോപണങ്ങളെയും ആക്ഷേപങ്ങളെയും അതിജീവിക്കുമെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

വിദേശ പരിശീലനത്തിന്‌ സര്‍ക്കാര്‍ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച്‌ കഴിഞ്ഞ ദിവസമാണ്‌ ഉത്തരവിറക്കിയത്‌. 

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്‌ലയര്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിദേശയാത്രയുടെ മുഴുവന്‍ ചെലവും സര്‍ക്കാരാണ്‌ വഹിക്കുന്നത്‌. ധൂര്‍ത്താണെന്ന്‌ ആരോപണം ഉയര്‍ന്നെങ്കിലും പദ്ധതിയുമായി മുന്നോട്ട്‌ പോകാനാണ്‌ സര്‍ക്കാര്‍ തീരുമാനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക