Image

പാക്കിസ്താനെതിരെ പ്രതിഷേധിച്ച് മുന്‍ അമേരിക്കന്‍ സൈനികര്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 09 December, 2019
പാക്കിസ്താനെതിരെ പ്രതിഷേധിച്ച് മുന്‍ അമേരിക്കന്‍ സൈനികര്‍
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ സൈനികരും കശ്മീര്‍ വംശജരും ഇന്ത്യന്‍ അമേരിക്കക്കാരും വാഷിംഗ്ടണിലെ പാക്കിസ്താന്‍ എംബസിക്ക് മുന്നില്‍ പാക്കിസ്ഥാന്റെ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്ന നയത്തിനെതിരെ പ്രകടനം നടത്തി. 'പാക്കിസ്താന്‍ താലിബാന്‍', 'പാക്കിസ്താന്‍ ഒരു തീവ്രവാദ രാജ്യം', 'ഒസാമ ബിന്‍ ലാദന്‍ എവിടെയായിരുന്നു'  തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാര്‍ പാക്കിസ്താനെ ഭീകരതയുടെ സ്‌പോണ്‍സറായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു.

'അമേരിക്കയില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഞാനെത്തിയത്. താലിബാനെ പിന്തുണച്ചുകൊണ്ട് പാക്കിസ്താന്‍ അമേരിക്കന്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കൊല്ലുന്നു, ഇത് പലപ്പോഴും അമേരിക്കന്‍ നികുതിദായകരുടെ പണം ഉപയോഗിച്ചാണ് ചെയ്യുന്നത്. നികുതിദായകര്‍ക്ക് ഇക്കാര്യം അറിയില്ല' മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഡേവിഡ് ഡീന്‍സ്റ്റാഗ് പറഞ്ഞു. വിര്‍ജീനിയയില്‍ നിന്ന് പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന അലീഷ്യ ആന്‍ഡ്രൂസും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. തീവ്രവാദ സംഘടനകള്‍ നിരന്തരം ലക്ഷ്യമിടുന്നവരെ പിന്നോട്ട് നിര്‍ത്തേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 'നിരവധി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ അവഗണിക്കാനാവില്ല.'

 'പാകിസ്ഥാന്‍ തീവ്രവാദത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കശ്മീര്‍ കൂട്ടക്കൊലയെക്കുറിച്ച് ലോകത്തിന് അറിയില്ല. 25000 ത്തിലധികം കശ്മീരി ഹിന്ദുക്കളെ കൊന്നത് പാകിസ്ഥാനാണ്'  പ്രതിഷേധക്കാരനായ മംഗ അനന്തമുല പറഞ്ഞു. ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ അതിക്രമത്തിന് ഇരയായ മിഥില, ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ നീക്കം ചെയ്തത് സമൂഹ നന്മയ്ക്കാണെന്ന് പറഞ്ഞു.

ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ചില പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്താന്റെ  നയത്തെ വിവിധ സമുദായങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള പ്രകടനക്കാര്‍ക്ക് ശക്തമായി അപലപിക്കാനും, പ്രതിഷേധം രേഖപ്പെടുത്താനുമാണ് റാലി സംഘടിപ്പിച്ചതെന്ന് 'ഗ്ലോബല്‍ കശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റി'യുടെ വാഷിംഗ്ടണ്‍ ഡിസി കോഓര്‍ഡിനേറ്ററായ മോഹന്‍ സപ്രു പറഞ്ഞു.



പാക്കിസ്താനെതിരെ പ്രതിഷേധിച്ച് മുന്‍ അമേരിക്കന്‍ സൈനികര്‍
പാക്കിസ്താനെതിരെ പ്രതിഷേധിച്ച് മുന്‍ അമേരിക്കന്‍ സൈനികര്‍
പാക്കിസ്താനെതിരെ പ്രതിഷേധിച്ച് മുന്‍ അമേരിക്കന്‍ സൈനികര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക