Image

മകരമഞ്ഞിലൂടെ ലെനിനും എം ജെ രാധാകൃഷ്ണനും ആദരം (ചലച്ചിത്രമേള വിശേഷങ്ങള്‍)

Published on 08 December, 2019
മകരമഞ്ഞിലൂടെ ലെനിനും എം ജെ രാധാകൃഷ്ണനും ആദരം (ചലച്ചിത്രമേള വിശേഷങ്ങള്‍)
ലെനിന്‍ രാജേന്ദ്രനും എം.ജെ. രാധാകൃഷ്ണനും ചലച്ചിത്രമേളയുടെ ആദരം.ലെനിന്‍ രാജേന്ദ്രന്‍  തിരക്കഥയെഴുതി സംവിധാനം ചെയ്ത  ഈ ചിത്രത്തിന്റെ ഛായാഗ്രഹകന്‍ എം.ജെ രാധാകൃഷ്ണനാണ്. ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ ജീവിതത്തിലെ ഒരു പ്രത്യേകഘട്ടത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ ലെനിന്‍ രാജേന്ദ്രന്റെ കുടുബാംഗങ്ങളും എം.ജെ രാധാകൃഷ്ണന്റെ ഭാര്യ ശ്രീലതയും എത്തിയിരുന്നു.

ചിത്രത്തിനു മുന്നോടിയായി എം.ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണ ജീവിതം ആസ്പദമാക്കി ഗിരീഷ് ബാലകൃഷ്ണന്‍ തയ്യറാക്കിയ  'പ്രകാശം പരത്തിയ ക്യാമറ'എന്ന പുസ്തകം സംവിധായകന്‍ ജയരാജ് രഞ്ജി പണിക്കര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.സംവിധായകരായ സിബി മലയില്‍, ജയരാജ്, കമല്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരും പങ്കെടുത്തു.

മായിഘട്ട് മാതൃത്വത്തിനുള്ള സല്യൂട്ട്: ആനന്ദ് മഹാദേവന്‍

ഉരുട്ടിക്കൊലയെ കുറിച്ച്  മലയാളത്തില്‍ തന്നെ ചിത്രം എടുക്കുവാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് സ്വീകരിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായില്ലന്നു മായിഘട്ട് ക്രൈം നമ്പര്‍  103/2005 ന്റെ സംവിധായകന്‍ ആനന്ദ് മഹാദേവന്‍. ആരെങ്കിലും തയ്യാറായാല്‍ ചിത്രം മലയാളത്തില്‍ എടുക്കാന്‍ താല്പര്യമുണ്ടെന്നും  ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ശേഷം പ്രേക്ഷകരുമായി സംവദിക്കവേ അദ്ദേഹം പറഞ്ഞു.

മായിഘട്ടിലൂടെ ഒരമ്മയുടെ ദുഃഖത്തേയും, പോലീസിന്റെ അക്രമവാസനയേയും തുറന്നു കാട്ടാനാണ് താന്‍ ശ്രമിച്ചത്. നീതിയും ന്യായവും  അന്യമാകുന്ന കാലത്ത് നീതിക്ക് വേണ്ടിയുള്ള ഒരമ്മയുടെ പോരാട്ടത്തിന്റെ വിജയമാണ് തന്റെ സിനിമയെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന തന്റെ മകന്റെ കൊലപാതകത്തിന്റെ സിനിമാക്കാഴ്ചക്ക്  സാക്ഷിയാകാന്‍  പ്രഭാവതിയമ്മ തന്നെ സംവിധായകനൊപ്പം എത്തിയിരുന്നു. തിങ്കളാഴ്ച്ച രാവിലെ 9.30 ന് കൃപയിലും ബുധനാഴ്ച്ച അജന്താ തിയേറ്ററില്‍ ഉച്ചകഴിഞ്ഞു 3.15 നും ചിത്രത്തിന്റെ പുനഃ പ്രദര്‍ശനം നടക്കും.

ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊലയ്ക്കു വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ 13 വര്‍ഷത്തെ നിയമപോരാട്ടമാണ് സിനിമയുടെ പ്രമേയം. സിങ്കപ്പൂര്‍ മേളയില്‍ മികച്ച സിനിമ, എഡിറ്റിംഗ്, ഛായാഗ്രഹണം  എന്നിവയ്ക്കും, ഗോവന്‍ മേളയില്‍ മികച്ച നടിക്കും ഉള്ള പുരസ്കാരം സിനിമ സ്വന്തമാക്കിയിരുന്നു.


കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശബ്ദം പ്രധാനമെന്ന് - റസൂല്‍ പൂക്കുട്ടി

ചലച്ചിത്രങ്ങളില്‍ കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂര്‍ണതയില്‍ എത്തിക്കുന്ന മാര്‍ഗമാണ് ശബ്ദമെന്ന് റസൂല്‍ പൂക്കുട്ടി.ശബ്ധത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി വിദേശചിത്രങ്ങളെ അനുകരിക്കുന്നതിനേക്കാള്‍ പ്രാദേശിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബ്ദവും അതിന്റെ ആസ്വാദനവും വ്യക്തി കേന്ദ്രീകൃതമാണ്.സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ശബ്ദ മിശ്രണം സിനിമക്ക് വേണ്ട സൗന്ദര്യം ഉറപ്പു നല്‍കുന്നതായി ശബ്ദ സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു.കണ്ണടച്ചാലും ശബ്ദം നിങ്ങളെ സിനിമ കാണിക്കും അത് തന്നെയാണ് ശബ്ദത്തിന്റെ സൗന്ദര്യവും എന്ന് ഗീത ഗൊരപ്പ അഭിപ്രായപ്പെട്ടു.സിങ്ക് സൗണ്ട് വിദഗ്ദ്ധന്‍ ബോബി ജോണ്‍,ബി കൃഷ്ണനുണ്ണി എന്നിവരും പരിപാടിയില്‍  പങ്കെടുത്തു.


വൈവിധ്യമുള്ള പ്രമേയങ്ങളെ വിതരണക്കാര്‍ മുന്‍ വിധികളോടെ കാണുന്നു- ശ്യാമപ്രസാദ്

വൈവിധ്യമുള്ള പ്രമേയങ്ങള്‍ സ്വീകരിച്ചാലും സിനിമകളെ വിതരണക്കാരും നിര്‍മ്മാതാക്കളും മുന്‍വിധിയോടെയാണ് കാണുന്നതെന്ന്  പ്രസിദ്ധ സംവിധായകന്‍ ശ്യാമപ്രസാദ്.അത്തരം കാഴ്ചപ്പാടുകള്‍  ഈ രംഗത്ത് വര്‍ദ്ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.സമാന്തര  സിനിമകളെ അംഗീകരിക്കാന്‍ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് രണ്ടാംദിവസ മീറ്റ് ദി ഡിറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധം ഒന്നിനുമൊരു പരിഹാരമല്ലെന്നും സ്വന്തം സമൂഹം നന്നായാല്‍ മാത്രമാണ് സമാധാനം പുലരുകയെന്നും ലെബനിസ് ചിത്രമായ ആള്‍ ദിസ് വിക്ടറിയുടെ സംവിധായകന്‍ അഹമ്മദ് ഗോസൈന്‍ പറഞ്ഞു. മനോജ് കാന  കൃഷ്ണാന്ദ്,ക്ലാര ബാസ്റ്റോസ്, അഭിനേതാവ് മുരളി ചന്ദ്,മീരാ സാഹിബ്,ബാലു കിരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക