Image

പൗരത്വ ഭേദഗതി ബില്ല് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Published on 06 December, 2019
പൗരത്വ ഭേദഗതി ബില്ല് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം


ജിദ്ദ: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ഫോറം. ശ്രേഷ്ടമായ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് ഇത്തരം നിയമ ഭേത ഗതികള്‍ ഭരണഘടനാ വിരുദ്ധവും ജനതയോടുള്ള വെല്ലുവിളിയുമാണ്. ഇന്ത്യയെക്കുറിച്ചുള്ള അടിസ്ഥാന ആശയങ്ങള്‍ ഈ ബില്ലിലൂടെ ലംഘിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ത്യ എന്നു പറയുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന മതേതര കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന രാജ്യമാണ്. ഭരണകര്‍ത്താക്കള്‍ പവിത്രമായ ഭരണഘടന മുറുകെ പിടിക്കുന്നതിന് പകരം സംഘ പരിവാരത്തിന്റെ ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ മതങ്ങള്‍ക്ക് ഒരിക്കലും ദേശീയത നിര്‍ണയിക്കാന്‍ കഴിയില്ല.

നമ്മുടേത് എല്ലാവര്‍ക്കും തുല്യ അവകാശവും തുല്യ നീതിയും വിഭാവനം ചെയ്യുന്ന രാജ്യമാണെന്ന് രാഷ്ട്ര ശില്പികളായ മഹാത്മ ഗാന്ധിയും നെഹ്‌റുവും മൗലാന അബുല്‍ കലാം ആസാദും ഡോ.ബി ആര്‍ അംബേദ്കറും പറഞ്ഞു വെച്ചിട്ടുണ്ട്. മതത്തിനപ്പുറത്ത് എല്ലാവര്‍ക്കും നമ്മുടെ രാജ്യത്ത് തുല്യ അവകാശങ്ങളാണുള്ളത്. ആ അടിസ്ഥാനതത്വത്തെയാണ് ഇന്നു ഈ ബില്ലിലൂടെ ലംഘിക്കപ്പെടുന്നത്. മുസ് ലിംങ്ങളെ മാത്രം മാറ്റി നിര്‍ത്തിയുള്ള പൗരത്വ (ഭേദഗതി) ബില്ലിന് ഇന്നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതുസംബന്ധമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അവരുടെ ആശങ്കകള്‍ പരിഗണിച്ചു കൊണ്ട് ബില്ലില്‍ ഭേദഗതി ചെയ്യുകയും ചെയ്തതിന്റെ പിന്നാലെയാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.

വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ പങ്കാളികളുടെയും വംശീയസാംസ്‌കാരിക ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ബാധകമാകുന്ന അത്തരം പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ബില്‍ പരിരക്ഷ നല്‍കുമെന്നും സ്വയംഭരണാധികാരം നല്‍കുമെന്നും അദ്ദേഹം പറയുകയുണ്ടായി. മുസ്‌ലിങ്ങളെ മാത്രം ഒഴിവാക്കിയത് വിവാദമായിരുന്നു. അയല്‍ രാജ്യങ്ങളില്‍ മുസ് ലിങ്ങളല്ലാത്തവര്‍ കടുത്ത പീഡനം അനുഭവിക്കുകയാണെന്ന് തെറ്റിദ്ധാരണ പരത്തിയാണ് ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, ജൈന്‍, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ലക്ഷ്യമിടുന്നത്. ഇത് തികച്ചും അടിസ്ഥാന രഹിതവും യുക്തിക്ക് നിരക്കാത്തതുമാകുന്നു.

ഇത്തരം വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജനാതിപത്യ ശക്തികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേരള സ്‌റ്റേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂര്‍, ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി സെക്രട്ടറി മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, വൈസ് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ചേലക്കര, ഹസന്‍ മങ്കട എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക