Image

സുരക്ഷയില്‍ ഒന്നാമത് സ്വിറ്റ്‌സര്‍ലന്‍ഡ്

Published on 03 December, 2019
സുരക്ഷയില്‍ ഒന്നാമത് സ്വിറ്റ്‌സര്‍ലന്‍ഡ്


സൂറിച്ച്: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് ഒന്നാം സ്ഥാനം. സഞ്ചാരികള്‍ക്ക് അപകടസാധ്യത ഏറ്റവും കുറഞ്ഞ രാജ്യമായാണ് ഇന്റര്‍നാഷണല്‍ എസ്ഒഎസ് എന്ന ട്രാവല്‍ സെക്യൂരിറ്റി റിസ്‌ക് സര്‍വീസസ് കമ്പനി സ്വിറ്റ്‌സര്‍ലന്‍ഡിനെ വിലയിരുത്തിയിരിക്കുന്നത്.

ഇവരുടെ പതിനൊന്നാമത് ട്രാവല്‍ റിസ്‌ക് മാപ്പില്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങള്‍ മാത്രമല്ല,ഏറ്റവും അപകടകരമായ രാജ്യങ്ങളെയും അടയാളപ്പെടുത്തിയിരിക്കുന്നു.

പകര്‍ച്ചവ്യാധികള്‍, രാഷ്ട്രീയ സംഘര്‍ഷം, റോഡ് സുരക്ഷ എന്നിവയുടെ കാര്യത്തിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സുരക്ഷിതമായി മാര്‍ക്ക് ചെയ്യപ്പെടുന്നത്. ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഐസ് ലാന്‍ഡ്, നോര്‍വേ, ലക്‌സംബര്‍ഗ്, സ്‌ളോവേനിയ എന്നിവയും യൂറോപ്പിലെ സുരക്ഷിത രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ഉക്രെയ്‌നും റഷ്യയും ഒഴികെ മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ലോ റിസ്‌ക് കാറ്റഗറിയിലാണ്. ഈ രണ്ടു രാജ്യങ്ങളെ മീഡിയം റിസ്‌കിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആഗോള തലത്തില്‍ യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ജപ്പാന്‍ എന്നിവ ലോ റിസ്‌കില്‍പ്പെടുന്നു. ഏഷ്യയുടെ ചില ഭാഗങ്ങളും ആഫ്രിക്കയും മിക്ക ഭാഗങ്ങളും അപകടകരമായവയുടെ പട്ടികയിലാണുള്ളത്.

ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. കുറ്റകൃത്യങ്ങള്‍, ഭീകരവാദം, യുദ്ധം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഗ്‌ളോബല്‍ ഫിനാന്‍സ് മാസികയുടെ 128 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ ആണിത്. കുറഞ്ഞ കുറ്റകൃത്യനിരക്കും പൊതു സുരക്ഷയ്ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡ് വിനോദസഞ്ചാരികള്‍ക്ക് മാത്രമല്ല, ഇവിടെ താമസിക്കുന്ന പ്രവാസികള്‍ക്കും കൂടിയാണ്. ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്കായുള്ള വെബ്‌സൈറ്റായ ഇന്റര്‍നേഷന്‍സ് പറയുന്നതനുസരിച്ച്, സ്വിറ്റ്‌സര്‍ലന്‍ഡ് 'പ്രത്യേകിച്ച് സുരക്ഷിതമാണ്', സര്‍വേയില്‍ പങ്കെടുത്ത 96 ശതമാനം പേരും വ്യക്തിപരമായി സുരക്ഷിതരാണ് എന്നാണ് അഭിപ്രായപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക