Image

ഊതിക്കാച്ചിയ പൊന്ന് (ഡോ. എസ്. ജയശ്രീ)

ഡോ. എസ്. ജയശ്രീ Published on 30 November, 2019
ഊതിക്കാച്ചിയ പൊന്ന് (ഡോ. എസ്. ജയശ്രീ)
പതിവുപോലെ ഫേസ്ബുക്കിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ് ആ ഫോട്ടോയില്‍ കണ്ണുടക്കിയത്.
ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു സ്ഥലവും ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയും.

    സിനിമയിലായിരുന്നു ഈ സീനെങ്കില്‍ പശ്ചാത്തലമായി ഒരു ഗാനം മുഴങ്ങിയേനേ.
' ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം'

ഞങ്ങളുടെ പ്രിയപ്പെട്ട മീനഡോക്ടര്‍ എന്റെ നാട്ടിലെ കോണ്‍വെന്റ് സ്‌കൂളിലെ ആ പഴയ മാവിന്‍ ചുവട്ടില്‍ നിന്നെടുത്ത  ഫോട്ടോയാണ്  ഓര്‍മ്മകളെ വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് വലിച്ചു കൊണ്ടു പോയത്. മീന ഡോക്ടറും മറ്റ് പ്രശസ്തരായ സുഹൃത്തുക്കളുമൊക്കെ ആ സ്‌കൂളിന്റെ സന്തതികളാണെന്നതില്‍  അഭിമാനം തോന്നി. കരിയറില്‍ ഉയരാനായില്ലെങ്കിലും നല്ല വ്യക്തികളായി സമൂഹത്തിന് മുതല്‍ക്കൂട്ടായവരും എത്രയോ അധികം.

ആ മാവിന്‍ ചുവട്ടിലിരുന്ന് എത്രയോ ദിവസം പ്രിയ സുഹൃത്ത് ഷംനയുമൊന്നിച്ച് കളി ചിരി വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്നു. ഒരു ചിത്രം വരയ്ക്കുന്നതെങ്ങനെ എന്ന് ആദ്യം കണ്ടത് ഷംനയുടെ വരകളിലൂടെ ആ മാവിന്‍ ചുവട്ടിലിരുന്നായിരുന്നു..

സ്‌കൂളിനെപ്പറ്റി പറഞ്ഞാലും പറഞ്ഞാലും കൊതി തീരില്ല. ഈ ചിന്ത യൊക്കെ പിന്നീടാണ്  തോന്നിത്തുടങ്ങിയത്.പഠിച്ചിരുന്ന കാലത്ത് ഇത് വലിയ സംഭവമായിട്ടൊന്നും തോന്നിയിട്ടില്ല.
എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ ഓരോ പ്രാവശ്യവും ആ സ്‌കൂളിന്റെ മുന്നിലൂടെ പോകുമ്പോള്‍ സന്തോഷത്തിന്റെ തിരതള്ളലില്‍ മക്കളോട് പറയും.

'അമ്മേടെ സ്‌കൂള്‍ കണ്ടോ'

അമ്മ ഇതെത്രാമത്തെ പ്രാവശ്യമാ പറയുന്നത് സ്‌കൂളിനെപ്പറ്റി. ഞങ്ങള്‍ക്കറിയാമല്ലോ ഈ സ്ഥലം. കേട്ട് കേട്ട് മടുത്തു '

മക്കളുടെ വക കമന്റ്.

ദിവസങ്ങള്‍ കടന്നു പോയി

മൂത്ത മകനെ പത്താം ക്ലാസ്സ് വിദ്യാഭ്യാസത്തിന് ശേഷം മറ്റൊരിടത്തേക്ക് പറിച്ചു നട്ടു.

പഠനത്തിന്റെ ഇടവേളകളിലൊന്നില്‍ വീട്ടിലെത്തി വിശേഷങ്ങള്‍ പറയുന്നതിനിടെ അവന്‍ തന്റെ മനസ്സു തുറന്നു

'അമ്മ എന്തിനാണ് എപ്പോഴും അമ്മയുടെ സ്‌കൂള്‍ കാട്ടിത്തരുന്നതെന്ന് എനിക്കിപ്പോ മനസ്സിലായി. '

ഗൃഹാതുരത്വത്തിന്റെ ധ്വനി ആ വാക്കുകളില്‍ മുഴങ്ങിയിരുന്നു.  പിന്നീടുള്ള ഓരോ വാക്കിലും പഠിച്ച സ്‌കൂളിനോടുള്ള സ്‌നേഹം പ്രകടമായിരുന്നു.

അതങ്ങനെയാണ്

'മറക്കില്ലൊരിക്കലും നിറമാര്‍ന്നൊരാ
ബാല്യകാലത്തെ '

അതൊരവിസ്മരണീയ ലോകമാണ് .അതിലെ പ്രധാന കഥാപാത്രങ്ങള്‍ അദ്ധ്യാപകരും കുട്ടികളും തന്നെ. രക്ഷകര്‍ത്താക്കള്‍ക്ക് വളരെ ചെറിയ റോളുകള്‍ മാത്രം. കുറ്റത്തിന്റെയും ശിക്ഷയുടെയും സ്‌നേഹത്തിന്റെയും ലോകം. അതിനിടയിലേക്ക് ഇടപെടാന്‍ ശ്രമിക്കുന്ന രക്ഷകര്‍ത്താക്കള്‍ അപ്രധാന കഥാപാത്രങ്ങളായി പിന്തള്ളപ്പെടും. ക്ലൈമാക്‌സില്‍ സര്‍വ്വം ശുഭം മംഗളം'

ചൂരല്‍ കഷായമേറ്റ്  പിഞ്ചു കൈവിരലുകള്‍ നൊന്ത് നീറിയപ്പോഴും
തെറ്റ് കാണിക്കുമ്പോള്‍ അടിയേക്കാള്‍ വലിയ വഴക്ക് കേള്‍ക്കുമ്പോഴും അത് ചെയ്ത ടീച്ചറിനോട് ഒരിക്കലും വൈരാഗ്യം തോന്നിയിരുന്നില്ല. മറിച്ച് ആ അദ്ധ്യാപകര്‍ മറ്റ് ജോലി കിട്ടിയോ  സ്ഥലം മാറ്റം കിട്ടിയോ സ്‌കൂളില്‍ നിന്ന് മാറിപ്പോകുമ്പോള്‍ കൂട്ടക്കരച്ചിലിലൂടെ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പിന്‍തിരിഞ്ഞാലോചിക്കുമ്പോള്‍ മനസ്സിലാകുന്നു സ്‌നേഹമുള്ളിടത്ത് ശിക്ഷയുണ്ട്. കണ്ണീരുണ്ട് .വേദനയുമുണ്ട്.

സ്‌നേഹനിധികളും എന്നാല്‍ കര്‍ക്കശരുമായ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും ശിക്ഷണത്തില്‍ വളര്‍ന്നത് കൊണ്ടാകും ജീവിതത്തില്‍ പിന്നീട്ട് നേരിടേണ്ടി വന്ന പ്രതിസന്ധികളോരോന്നും തരണം ചെയ്യാനായത്.

അതു കൊണ്ടാകും നാള്‍ക്ക് നാള്‍ എന്റെ അദ്ധ്യാപകര്‍ എനിക്ക് പ്രിയപ്പെട്ടവരാകുന്നത്. അവര്‍ മനസ്സിന്റെ കണ്ണാടിയില്‍ മിഴിവുറ്റ ചിത്രങ്ങളാകുന്നത്.

പക്ഷെ ഇന്നോ?

ഓരോ ദിവസം ചെല്ലുന്തോറും അദ്ധ്യാപകരോട് സഹതാപം തോന്നുകയാണ്. അവരുടെ സ്‌നേഹം ശാസിക്കലോ ശിക്ഷയോ ആയാല്‍ ചോദ്യം ചെയ്യുന്ന മാതാപിതാക്കള്‍., നിയമങ്ങള്‍

' കൂച്ചുവിലങ്ങിടപ്പെടുന്ന അദ്ധ്യാപകര്‍ '

അല്ലാ ഒരു സംശയം

കുട്ടികള്‍ തെറ്റു കാട്ടിയാല്‍ അദ്ധ്യാപകന് ശിക്ഷിച്ചു കൂടെ?

ഏത് തെറ്റിനും കുടപിടിച്ച് കുട്ടികളുടെ  വികാര വിക്ഷോഭങ്ങളുടെ ലെവലിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പം ചേര്‍ന്ന് അദ്ധ്യാപകര്‍ക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ഒന്നോര്‍ക്കുക.

ജീവിതവഴികള്‍  എല്ലായ്‌പ്പോഴും  പൂമെത്ത വിരിച്ചതാവില്ല .കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ കടന്നു പോകേണ്ടി വരുമ്പോള്‍ പ്രകടിപ്പിക്കേണ്ട കരുത്ത് തനിയേ ആര്‍ജ്ജിക്കേണ്ടതാണ്. ശിക്ഷകള്‍ കിട്ടുമ്പോള്‍ അവരുടെ മനസ്സ് വേദനിക്കട്ടെ. വേദനകള്‍ നേരിടാനുള്ള കരുത്തുണ്ടാകട്ടെ. കയ്യെത്തും ദൂരത്ത് നമ്മളുണ്ടായാല്‍ മതി.

ഉലയില്‍ ഊതിക്കാച്ചുമ്പോള്‍ പൊന്നിന് ശോഭയുണ്ടാകുന്നത് പോലെ.
ഓരോ കുഞ്ഞും നാളത്തെ താരങ്ങളാവട്ടെ.

കുട്ടികളെ അധ്യാപകന്‍ ശിക്ഷിക്കുമ്പോള്‍ കുട്ടികളെ പ്രീണിപ്പിക്കാനോ മറ്റ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയോ കുട്ടികളുടെ പക്ഷം ചേരുന്ന  സഹാദ്ധ്യാപകരും പുതിയ കാഴ്ച തന്നെയാണ്.

വിമര്‍ശനങ്ങള്‍ ആവാം അത് സന്ദര്‍ഭോചിതമാകണമെന്ന് മാത്രം.

കാലം കടന്നു പോകുമ്പോള്‍ തന്റെ തെറ്റുതിരുത്തി നേര്‍വഴിക്ക് നയിച്ചവര്‍ ആയിരിക്കും ഓരോ വ്യക്തിയുടെയും മനസ്സില്‍ പതിയുന്നത്.

കരുത്താര്‍ന്ന മനസ്സിന്റെ ഉടമകള്‍ ഒരിടത്തും പതറില്ല. ഒരു പ്രതിസന്ധിയിലും തകര്‍ന്ന് ജീവിതം അവസാനിപ്പിക്കില്ല. കുട്ടികളെ  നേര്‍വഴിക്ക് നടത്തേണ്ടുന്ന അദ്ധ്യാപകര്‍ക്ക് കൂച്ചുവിലങ്ങിടുന്നത്  വഴി
നാം ബന്ധിക്കുന്നത് നാളത്തെ തലമുറയുടെ കരുത്തുറ്റ ചുവടുവെയ്പ്പുകളെയാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

ഊതിക്കാച്ചിയ പൊന്ന് (ഡോ. എസ്. ജയശ്രീ)ഊതിക്കാച്ചിയ പൊന്ന് (ഡോ. എസ്. ജയശ്രീ)
Join WhatsApp News
സൂക്ഷിച്ചോണം കൊച്ചേ! 2019-11-30 15:21:33
  ''ഊതി കാച്ചി' എന്നൊക്കെ കേട്ടാല്‍ ഇളകുന്ന ഒത്തിരി അച്ചായന്മ്മാര്‍ ഇവിടെ ഉണ്ടേ 
കല്ലു പോലത്തെ ഒരു പെണ്ണ് എന്നത് കല്ലുപലത്തെ പെണ്ണ് എന്ന് വായിച്ചു; കല്ലുപാലം ജുവലറിയില്‍ പെണ്ണിനെ തേടി ചെന്ന അച്ചായന്മാര്‍ ഹെനസ്സി അടിച്ചു മാന്തി മാന്തി ഇരിക്കുന്ന നാട് ഇത്. സൂഷിചോണം 
-സരസമ്മ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക