Image

കൊളോണില്‍ റാസ കുര്‍ബാന ഭക്തിനിര്‍ഭരമായി

Published on 25 November, 2019
കൊളോണില്‍ റാസ കുര്‍ബാന ഭക്തിനിര്‍ഭരമായി


കൊളോണ്‍: സുവര്‍ണജൂബിലി നിറവിലെത്തുന്ന കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ സീറോ മലബാര്‍ ക്രമത്തില്‍ അര്‍പ്പിച്ച റാസകുര്‍ബാന ഭക്തിനിര്‍ഭരമായി.

വെള്ളിയാഴ്ച വൈകുന്നേരം നാലിന് കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയദേവാലയത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടന്നത്. കഴിഞ്ഞ അന്‍പതു വര്‍ഷത്തിനിടെ (1970/2019) കമ്യൂണിറ്റിയില്‍ നിന്നും നിത്യസൗഭാഗ്യത്തിലേയ്ക്കു വിളിക്കപ്പെട്ട നൂറോളം ആളുകള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥനാഞ്ജ്ജലി അര്‍പ്പിക്കാന്‍ അവരുടെ പേരുചൊല്ലിയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. മരിച്ചുപോയവരുടെ ഫോട്ടോയും അള്‍ത്താരയുടെ വലതുവശത്ത് പ്രദര്‍ശിപ്പിച്ചിരുന്നു.

റാസ കുര്‍ബാന എന്താണന്നും അതിന്റെ പ്രാധാന്യവും കുര്‍ബാനയുടെ അര്‍പ്പണരീതിയും ഫാ. ഷെറിന്‍ മൂലയില്‍ ആമുഖമായി വിവരിച്ചു.

യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി ഇടയന്‍ ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ, റോമില്‍ നിന്നെത്തിയ ഫാ. ഷെറിന്‍ മൂലയില്‍, ലുവൈനില്‍ ഉപരിപഠനം നടത്തുന്ന ഫാ. ജെസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍, ഫാ. ജിജിന്‍ അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലി മദ്ധ്യേ ചിറപ്പണത്ത് പിതാവ് വചനപ്രഘോഷണം നടത്തി. ജെന്‍സ് കുന്പിളുവേലില്‍, ജോയല്‍ കുന്പിളുവേലില്‍, നോയല്‍ കോയിക്കേരില്‍, നോബിള്‍ കോയിക്കേരില്‍, ഡേവിഡ് ചിറ്റിലപ്പിള്ളി, ടിലോ ഹാനോ കടുത്താനം, ജോഷ്വ സഖറിയാ, ജോനാസ് വെന്‌പേനിയ്ക്കല്‍, നോയല്‍ ജോസഫ്, ആന്റു സഖറിയ എന്നിവര്‍ ശുശ്രൂഷികളായി. യൂത്ത്‌കൊയറിന്റെ അകമ്പടി തിരുക്കര്‍മ്മങ്ങളെ ഭക്തസാന്ദ്രമാക്കി.

ദിവ്യബലിയ്ക്കുശേഷം സ്റ്റീഫന്‍ പിതാവിന് മൂന്നാം തലമുറക്കാരി അഞ്ജലി ജോസഫ് ബൊക്ക നല്‍കി. ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ ആദ്യമായാണ് സീറോ മലബാര്‍ ക്രമത്തില്‍ റാസ കുര്‍ബാന അര്‍പ്പിച്ചത്. ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം ആശംസിച്ചു നന്ദി അറിയിച്ചു.

പരിപാടികള്‍ക്ക് കമ്യൂണിറ്റി കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, കമ്മറ്റിയംഗങ്ങളായ ഡേവിഡ് അരീക്കല്‍, ഷീബ കല്ലറയ്ക്കല്‍, ആന്റണി സഖറിയ, സന്തോഷ് വെന്‌പേനിയ്ക്കല്‍, യോഹന്നാന്‍ വാരണത്ത്, സൂസി കോലേത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

കൊളോണ്‍ അതിരൂപതയിലെയും, ആഹന്‍, എസന്‍ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. കമ്യൂണിറ്റി സ്ഥാപിതമായിട്ട് 2020ല്‍ അഞ്ചു പതിറ്റാണ്ടു തികയുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക