Image

മുന്‍ ജര്‍മന്‍ പ്രസിഡന്റിന്റെ മകന്‍ കുത്തേറ്റു മരിച്ചു

Published on 23 November, 2019
മുന്‍ ജര്‍മന്‍ പ്രസിഡന്റിന്റെ മകന്‍ കുത്തേറ്റു മരിച്ചു

ബര്‍ലിന്‍: മുന്‍ ജര്‍മന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് വോന്‍ വൈസേക്കറുടെ മകന്‍ ഫ്രിറ്റ്‌സ് വോന്‍ വൈസേക്കര്‍(59) കുത്തേറ്റു മരിച്ചു. ബര്‍ലിനിലെ ഒരു ആശുപത്രിയില്‍ കരള്‍ രോഗത്തെകുറിച്ച് പ്രഭാഷണം നടത്തി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

മറ്റു ഡോക്ടര്‍മാര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തു തന്നെ ജീവന്‍ നഷ്ടപ്പെട്ടു. ഇരുപതോളം പേരാണ് പ്രഭാഷണം കേള്‍ക്കാനുണ്ടായിരുന്നത്. ഇവര്‍ ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്തി. കൂട്ടത്തിലുണ്ടായിരുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനും പിടിവലിക്കിടെ ഗുരുതരമായി പരിക്കേറ്റു.

അമ്പത്തേഴുകാരനായ ഗ്രിഗറി എന്ന അക്രമി റൈന്‍ലാന്‍ഡ് പലാറ്റിനേറ്റിലെ വീട്ടില്‍ നിന്നാണ് ബര്‍ലിന്‍ വരെ ട്രെയിനില്‍ കത്തിയുമായി എത്തിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഇയാള്‍ക്ക് ഗുരുതരമായ മാനസികരോഗമുണ്ടെന്നാണ് വിലയിരുത്തല്‍.മരിച്ച ഫ്രിറ്റ്‌സിന്റെ പിതാവ് റിച്ചാര്‍ഡ് ഫൊണ്‍ വൈസേക്കറിനോടുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

ബര്‍ലിനിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനമായ ഷ്‌ളോസ് പാര്‍ക്ക് ക്ലിനിക്കിലെ ചീഫ് മെഡിക്കല്‍ ഓഫിസറാണ് പ്രഫ.ഡോ. ഫ്രിറ്റ്‌സ്.

ഫ്രിറ്റ്‌സിന്റെ പിതാവ് റിച്ചാര്‍ഡ് 1984 മുതല്‍ 1994 വരെ ജര്‍മനിയുടെ ആറാമത്തെ പ്രസിഡന്റായിരുന്നു.ഏറ്റവും നല്ല പ്രസിഡന്റ് എന്ന ബഹുമതിയും അദ്ദേഹം നേടിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക