Image

ദേവാലയങ്ങള്‍ പണിയേണ്ടവര്‍ (നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്)

Published on 15 October, 2019
ദേവാലയങ്ങള്‍ പണിയേണ്ടവര്‍ (നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്)
ഫിറോസ് കുന്നുംപറമ്പില്‍ കണ്ടിട്ടുള്ള "വേശ്യകള്‍" എങ്ങിനെയുള്ളവരായിരുന്നു എന്നെനിക്കറിയില്ല, പക്ഷെ ഞാന്‍ കണ്ട വേശ്യകള്‍ എല്ലാം തങ്കം പോലുള്ള പെണ്ണുങ്ങളായിരുന്നു. ഒരാള് പോലും തനിക്കുവേണ്ടി ശരീരം വിറ്റു ഞാന്‍ കണ്ടിട്ടില്ല, ഒന്നുകില്‍ കുട്ടികളുടെ വിശപ്പ് മാറ്റാനും, അവര്‍ക്ക് പാഠപുസ്തകങ്ങള്‍ വാങ്ങാനും അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക്. ചിലരൊക്കെ ഒരു പാട്ട് കേട്ടാല്‍ എനിക്ക് ഇന്നും ഓര്‍മ വരുന്ന അത്ര റൊമാന്റിക് ആയിരുന്നവര്‍.

യഥാര്‍ത്ഥത്തില്‍ ഫിറോസ് ചെയ്യുന്നത് ഇവര്‍ ചെയ്യുന്നതിനേക്കാള്‍ വലിയ കാര്യമൊന്നുമല്ല, ഇവരെല്ലാം സ്വന്തം കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി മേലനങ്ങി പണിയെടുക്കുമ്പോള്‍, ഫിറോസ് വായനങ്ങി പണിയെടുക്കുന്നു, അത്രമാത്രം. ഫിറോസിനെ അതുകൊണ്ട് വിളിക്കാന്‍ "വേശ്യന്‍" എന്ന വാക്ക് മലയാളത്തില്‍ ഉണ്ടോ എന്നെനിക്കറിയില്ല.

ഈ വീഡിയോ കാണുന്ന വരെ എനിക്ക് കുറച്ച് ബഹുമാനം ഉണ്ടായിരുന്ന ഒരാളായിരുന്നു ഫിറോസ് , ഈ വിഡിയോയില്‍ ജസ്‌ലയെ കുറിച്ച് പറയുന്നത് വരെ പോലും, അതുകഴിഞ്ഞ് പുള്ളി സ്ത്രീവിരുദ്ധത പറയാന്‍ തുടങ്ങിയപ്പോള്‍ നന്മമര വിഗ്രഹം വീണുടഞ്ഞു.

സേവാഭാരതിയുടെ കണക്കുകള്‍ പോലെ, ഫിറോസിന്റെ കണക്കുകളും സമൂഹം ഓഡിറ്റ് ചെയ്യണ്ട സമയം ആണിത്. ഫിറോസ് ഒരു വെബ്‌സൈറ്റില്‍ കിട്ടിയതും കൊടുത്തതും ആയ കണക്കുകള്‍ പ്രസിദ്ധീകരിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഞാന്‍ പരിചയപ്പെട്ട വേശ്യകളെ കുറിച്ചുള്ള പഴയ കുറിപ്പ് താഴെ..

പാവപ്പെട്ടവരുടെ വേശ്യ

അമേരിക്കയില്‍ വന്ന ഇടയ്ക്ക് ഞാന്‍ കുറെ തവണ പോയിട്ടുള്ള ഒരു സ്ഥലമാണ് ആണ് ന്യൂ ജേഴ്‌സിയിലെ ഗോ ഗോ രാമാ എന്ന സ്ട്രിപ്പ് ക്ലബ്. ന്യൂ ജേഴ്‌സിയില്‍ നിയമം മൂലം മദ്യം വില്‍ക്കുന്ന ക്ലബ്ബ്കളില്‍ സ്ത്രീകള്‍ക്ക് പൂര്‍ണ നഗ്‌ന നൃത്തം ചെയ്യാന്‍ കഴിയില്ല. ഗോ ഗോ രാമാ മദ്യം വില്‍ക്കാത്ത ഇടം ആയതു കൊണ്ട് പൂര്‍ണ നഗ്‌നരായ സ്ത്രീകള്‍ ഉണ്ടെന്നുള്ളതും ലാപ് ഡാന്‍സിന് ഇരുപത് ഡോളര്‍ മാത്രം ഉള്ളൂ എന്നതെല്ലാം ആണ് ഞാന്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് വന്ന കുറച്ചു ചെറുപ്പക്കാരെ അങ്ങോട്ട് ആകര്‍ഷിച്ചത്. എന്റെ അങ്ങിനെ ഉള്ള യാത്രകള്‍ അവസാനിച്ചത് കാത്തിയെ കണ്ടു മുട്ടിയതിന് ശേഷം ആണ്.

അധികം തിരക്കില്ലാത്ത സമയങ്ങളില്‍ ഇങ്ങിനെ ഡാന്‍സ് കളിക്കുന്ന പെണ്ണുങ്ങള്‍ നമ്മുടെ അടുത്ത് വന്നിരുന്നു സംസാരിക്കും, ഒരു ലാപ് ഡാന്‍സ് ഒപ്പിക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം എങ്കിലും ചിലപ്പോഴെല്ലാം സംസാരമാ സ്വകാര്യ ജീവിതത്തിലേക്കും കടക്കും. അങ്ങിനെ ഒരു ദിവസം ആണ് കാത്തി എന്റെ അടുത്ത് വന്നിരുന്നത്. അന്ന് വളരെ കുറച്ചു ആള്കുകള്‍ മാത്രം ആണ് ക്ലബ്ബില്‍ ഉണ്ടായിരുന്നത്.

കൂടുതലും ചെറുപ്പക്കാരായ സ്ത്രീകള്‍ ഡാന്‍സ് ചെയ്യുന്ന ഈ ക്ലബ്ബില്‍ കാത്തി കുറച്ച് പ്രായം കൂടിയ സ്ത്രീ ആയിരുന്നു. ഇവിടം വരുന്ന ഇന്ത്യക്കാര്‍ അധികം ടിപ്പ് കൊടുക്കാത്തത്ത് കൊണ്ട് പെണ്ണുങ്ങള്‍ ഇന്ത്യക്കാരുടെ അടുത്ത് വന്നു സംസാരിക്കുന്നതു വിരളം ആണ്, പക്ഷെ എന്തെ കൊണ്ടോ അന്ന് കാത്തി എന്റെ അടുത്ത് സംസാരിക്കാന്‍ ഇരുന്നു.

"ലാപ് ഡാന്‍സ് വേണമോ?" കാത്തി ചോദിച്ചു

"ഇല്ല ഞാന്‍ ഇപ്പോള്‍ വന്നതേ ഉള്ളൂ, പിന്നീട് നോക്കാം" ഞാന്‍ ഒഴിവാക്കാന്‍ ആയി പറഞ്ഞു.

"എന്നാല്‍ എനിക്ക് ഒരു ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്യാമോ?"

അത് ഞാന്‍ സമ്മതിച്ചു.

"നീ ഇന്ത്യയില്‍ നിന്നാണെന്നോ?"

"അതെ"

"ഇപ്പോള്‍ കുറെ ഏറെ ഇന്ത്യക്കാര്‍ വരുന്നുണ്ട് ഇവിടെ... കൂടുതലും സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍. ഞാന്‍ എന്റെ കുട്ടികളോട് പറയും ഇന്ത്യക്കാരെ കണ്ടു പഠിക്കാന്‍, നല്ല ബുദ്ധി ഉള്ള കഠിന അധ്വാനം ചെയ്യുന്ന ആളുകള്‍..."

"നിങ്ങളുടെ കുട്ടികളോ? നിങ്ങള്‍ കല്യാണം കഴിച്ചതാണോ?"

"അതെ, രണ്ടു കുട്ടികള്‍ ഉണ്ട്, പക്ഷെ ഞാന്‍ ഇത് പറയുന്നത് എന്റെ ക്ലാസ്സിലുള്ള കുട്ടികളോടാണ്"

"ക്ലാസ്സിലെ കുട്ടികള്‍?"

"അതെ ഞാന്‍ ഒരു െ്രെപമറി സ്കൂള്‍ അധ്യാപികയാണ്"

ഞാന്‍ ഒരിക്കലും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. സ്കൂള്‍ അദ്ധ്യാപിക എന്തിനു ഇവിടെ?

"ഏതു സ്കൂളിലാണ്? ദയവായി എന്റെ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ എന്ന് പറയരുത്. ജഠഅ മീറ്റിംഗിന് വരുന്‌പോള്‍ കാണാന്‍ വയ്യ" ഞാന്‍ തമാശ രൂപേണ പറഞ്ഞു.

"അല്ല ഞാന്‍ അന്പത് മൈല്‍ അകലെ ഉള്ള ഒരു സ്വകാര്യ സ്കൂളിലാണ്. അവിടെ ഉള്ളവര്‍ എന്നെ കാണാതിരിക്കാന്‍ വേണ്ടി ആണ് ഞാന്‍ ഇത്ര ദൂരെ വന്നു ഇത് ചെയ്യന്നത്"

"വേറെ ജോലി ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് ഇവിടെ വരുന്നത്? " എന്റെ ആകാംക്ഷ എനിക്ക് അടക്കാന്‍ ആയില്ല.

"എന്റെ ഭര്‍ത്താവിന് കോളണ്‍ കാന്‍സര്‍ ആണ്, ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും പതിനഞ്ചു ശതമാനം ചിലവ് ഞങ്ങള്‍ കയില്‍ നിന്ന് കൊടുക്കണം, ഭര്‍ത്താവു ട്രക്ക് െ്രെഡവര്‍ ആയിരുന്നു, അത് കൊണ്ട് എന്റെ ഇന്‍ഷുറന്‍സില്‍ ആണ്. വലിയ തുക ആണ്. രണ്ടോ മൂന്നോ മാസം വീടിന്റെ ലോണ്‍ തവണ അടവ് മുടങ്ങിയപ്പോള്‍ ആണ് എന്റെ കൂട്ടുകാരി ഈ ജോലിയെ കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ സ്ഥിരം കസ്റ്റമേഴ്‌സ് ഉണ്ട്, കുഴപ്പം ഇല്ലാതെ പോകുന്നു. കുട്ടികളെ നോക്കാന്‍ ചിലപ്പോള്‍ സമയം കിട്ടില്ല എന്ന സങ്കടം മാത്രം. ഭര്‍ത്താവു വീട്ടില്‍ ഉള്ളപ്പോള്‍ അദ്ദേഹം നോക്കും"

അമേരിക്കയില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കുറിച്ച് അറിയാവുന്ന എനിക്ക് അവര്‍ പറയുന്നതില്‍ വലിയ അത്ഭുതം ഒന്നും തോന്നിയില്ല. പിന്നീട് അവിടെ പോകുന്‌പോഴെല്ലാം ഞാന്‍ കാത്തിയെ തിരഞ്ഞു പിടിച്ചു സംസാരിക്കുമായിരുന്നു. ഭര്‍ത്താവിന്റെ മരണം വരെ അവര്‍ അവിടെ വന്നു കൊണ്ടിരിന്നു. ഈ കഥ അറിഞ്ഞതില്‍ പിന്നെ ഞാന്‍ ഒരിക്കലും ലാപ് ഡാന്‍സ് എടുത്തിട്ടില്ല. പക്ഷെ എപ്പോള്‍ പോയാലും എല്ലാവരും ആയി ഞാന്‍ സംസാരിച്ചിരിക്കും, പലരുടെയും പല കഥകള്‍. ചില സിനിമകളില്‍ കാണുന്നതിനേക്കാള്‍ അത്ഭുതപെടുത്തുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍.

ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്‌പോള്‍, കിഴക്കേകോട്ടയിലേക്ക് പോകാന്‍ ബസില്‍ കയറിയപ്പോഴാണ് ഞാന്‍ ആ സ്ത്രീയെ കണ്ടത്. അധികം തിരക്കില്ലെങ്കിലും ഇരിക്കാന്‍ സീറ്റ് ഇല്ലാതെ നിന്ന എന്നോട് , കയ്യിലുള്ള ബാഗ് പിടിക്കണോ എന്ന ഒരു സ്ത്രീയുടെ ചോദ്യം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. പതിവില്ലാത്ത ഒരു ചോദ്യം ആണല്ലോ എന്ന് മനസ്സില്‍ തോന്നിയെങ്കിലും വേണ്ട ഞാന്‍ പിടിച്ചോളാം എന്ന് മറുപടി പറഞ്ഞ എന്നോട് എവിടെ പോകുന്നു എന്ന് കൂടി ചോദിച്ചപ്പോള്‍ എനിക്ക് ആളെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മെലിഞ്ഞു കറുത്ത ഒരു സ്ത്രീ. നരച്ച അധികം വിലയില്ലാത്ത ഒരു സാരി, ഒരു വശപ്പിശക് നോട്ടം.അന്നാണ് ഞാന്‍ ആദ്യമായി ഒരു "വേശ്യ" യെ കാണുന്നത്. യൗവനം തീക്ഷണവും പ്രേമസുരഭിലവും എന്ന് ബഷീര്‍ പറഞ്ഞ അവസ്ഥയില്‍ ആയിരുന്നു അന്നെന്റെ ജീവിതം. ബസിറങ്ങിയാല്‍ ഒരു സിനിമയ്ക്ക് പോകാം എന്ന് അവള്‍ പറഞ്ഞു,പക്ഷെ അതിനു മുന്‍പ് ഭക്ഷണം കഴിക്കണം.

"നിങ്ങളുടെ പേരെന്താണ്?" ബസിറങ്ങി ഭക്ഷണം കഴിക്കാന്‍ വേണ്ടി ഒരു ഹോട്ടല്‍ തിരഞ്ഞു നടക്കുന്‌പോള്‍ ഞാന്‍ ചോദിച്ചു.

"അത് അറിഞ്ഞിട്ടെന്തിനാണ് , നിനക്ക് എന്ത് പേര് വേണമെങ്കിലും വിളിക്കാം"

ഒരു കടയില്‍ കയറി സാധാരണയില്‍ കവിഞ്ഞ വേഗതയില്‍ അവര്‍ ഊണ് കഴിക്കുന്‌പോള്‍ ആണ് ഞാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചത്. അവരുടെ തോളെല്ലുകള്‍ പൊങ്ങിയിരുന്നു. ബ്ലൗസ് നരച്ച് പിഞ്ഞി തുടങ്ങിയിരുന്നു. സാധാരണ സിനിമയില്‍ എല്ലാം ഞാന്‍ കണ്ടു പരിചയിച്ച ഒരു കഥാപാത്രമേ ആയിരുന്നില്ല അത്. ഊണിനു പൈസ കൊടുത്തു കഴിഞ്ഞാണ് ഞാന്‍ ആ സത്യം മനസിലാക്കിയത്, സിനിമയ്ക്ക് പോകാന്‍ എന്റെ കയ്യില്‍ പൈസ ഇല്ല.

"നിന്നെ പോലൊരു തെണ്ടിയെ ആണല്ലോടാ എനിക്ക് ഇന്ന് കിട്ടിയത്.." അവര്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

മ്യൂസിയം വരെ ഞങ്ങള്‍ ഒരുമിച്ചു നടന്നു. അതിനിടയില്‍ ആണ് അവര്‍ മനസ് തുറന്നതു. ഭര്‍ത്താന് ബോട്ടില്‍ പോയി മീന്‍ പിടിക്കുന്ന പണി ആണ്, കിട്ടുന്നതെല്ലാം വൈകുന്നേരം ആകുന്‌പോഴേക്കും കുടിച്ചു തീര്‍ക്കും. ഇപ്പൊ ട്രോളിങ് നിരോധനം ആയതു കൊണ്ട് മുഴു പട്ടിണി ആണ്. സിറ്റിയില്‍ ഒരു കടയില്‍ ജോലി ചെയ്യുന്നു എന്ന വ്യാജേന ആണ് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തും. ചിലപ്പോള്‍ പോലീസിന്റെ കയ്യില്‍ നിന്നോ കസ്റ്റമാരുടെ കയ്യില്‍ നിന്നോ അടി കിട്ടും.

തിരുവനന്തപുരത്തു ഞാന്‍ അന്ന് പോയ കാര്യം നടത്തി തിരിച്ചു പോരുന്ന വരെ എന്റെ കൂടെ അവര്‍ ഉണ്ടായിരുന്നു. തിരിച്ചു പോകാന്‍ ബസ് കയറുന്‌പോള്‍ അവര്‍ പറഞ്ഞു..

"എന്റെ പേര് സന്ധ്യ എന്നാണ്. സന്ധ്യക്കെന്തിനു സിന്ദൂരം എന്ന പേര് കേള്‍ക്കുന്‌പോള്‍ എല്ലാം നീ എന്നെ ഓര്‍ക്കണം, പ്രേം നസീര്‍ എന്ന് കേള്‍ക്കുന്‌പോള്‍ ഞാന്‍ നിന്നെയും ഓര്‍ക്കും..."

രണ്ടോ മൂന്നോ മണിക്കൂര്‍ പരിചയം ഉള്ള അവര്‍ എന്നെ എന്തിന് ഓര്‍ക്കണം എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഒരു പക്ഷെ അവരോട് ഇത്രയും തുറന്നു സംസാരിക്കുന്നവര്‍ വിരളം ആയിരിക്കാം.

നാട്ടില്‍ അംഗീകൃത വേശ്യാലയങ്ങള്‍ വേണം എന്നെല്ലാം ചില പോസ്റ്റുകള്‍ കാണുന്‌പോള്‍ എനിക്ക് സന്ധ്യയെയും കാത്തിയെയും ഓര്‍മ വരും. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന ഇവര്‍ക്ക് ദേവാലയങ്ങള്‍ ആണ് പണിയേണ്ടത്..



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക