ഏറ്റവും പുതിയ ചിത്രമായ ഷൈലോക്കിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചിത്രം നിര്‍മ്മിക്കുന്നത് ജോബി ജോര്‍ജ്ജാണ്. ചിത്രത്തെ സംബന്ധിച്ചുള്ള ആരാധകന്റെ കമന്റും അതിന് നിര്‍മ്മാതാവ് നല്കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ചിത്രത്തില്‍ വളരെ പിശുക്കനായ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. ഷൈലോക്ക് വലിയ വിജയമാകുമെന്ന് ഒരു ആരാധകന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. എന്നാല്‍ പരുന്ത് എന്നൊരു സിനിമയില്‍ മമ്മൂട്ടി പലിശക്കാരനായാണ് എത്തിയതെന്നും ആ ചിത്രം ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിച്ചില്ലെന്നും മറ്റൊരു പ്രേക്ഷകന് കമന്റ് ചെയ്തു.
ഈ കമന്റിനാണ് മറുപടിയുമായി ജോബി ജോര്‍ജ് എത്തിയത്. ഷൈലോക്ക്, പരുന്ത് സിനിമയേക്കാള്‍ മികച്ച വിജയം കൈവരിച്ചില്ലെങ്കില്‍ ഈ പണി തന്നെ നിര്‍ത്തുമെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. മമ്മൂട്ടിയെ നായകനാക്കി കസബ, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള ആളാണ് ജോബി ജോര്‍ജ്. തമിഴ് നടന് രാജ് കിരണ്‍, നടി മീന, ബിബിന്‍ ജോര്‍ജ് ഉള്‍പ്പെടെ വലിയ താരനിര ആണ് ചിത്രത്തില്‍ അണിനിരക്കുന്നത്.