Image

ഡല്‍ഹിയില്‍ കേജ്രിവാള്‍ മല മറിക്കുന്നുണ്ടോ? (വെള്ളാശേരി ജോസഫ്)

Published on 10 October, 2019
ഡല്‍ഹിയില്‍ കേജ്രിവാള്‍ മല മറിക്കുന്നുണ്ടോ? (വെള്ളാശേരി ജോസഫ്)
സവോളക്ക് പിന്നാലെ തക്കാളിക്കും ഡല്‍ഹിയില്‍ വില കൂടുന്നു. തക്കാളിക്ക് ഇപ്പോള്‍ പല സ്ഥലങ്ങളിലും കിലോക്ക് 80 രൂപ വരെ ആയി എന്നാണ് പറയപ്പെടുന്നത്. നവരാത്രി വ്രതം കഴിഞ്ഞാല്‍ സവോളക്കും വെളുത്തുള്ളിക്കും വീണ്ടും വില വര്‍ധിക്കും എന്നാണ് പറയപ്പെടുന്നത്. കാരണം പല യാഥാസ്ഥിതിക ഹിന്ദു കുടുംബങ്ങളും നവരാത്രി വ്രതത്തിന്റ്റെ ഭാഗമായി സവോളയും വെളുത്തുള്ളിയും അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറില്ല. സവോളയുടേയും തക്കാളിടേയും വില വര്‍ധനവാണ് ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകളില്‍ ഗതി നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകം. ഉത്തരേന്ത്യന്‍ ഭക്ഷണ രീതിയുടെ അവിഭാജ്യ ഘടകങ്ങളായ ഇവ രണ്ടിന്റ്റേയും വില വര്‍ധിക്കുന്നത് ഭരണ കര്‍ത്താക്കളുടെ പേടി സ്വപ്നമാണ്; കാരണം ജനരോഷം അതിനെതിരേ ഉയരും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റ്റെ റേഷന്‍ കടകളില്‍ കൂടിയുള്ള സവോള വിതരണ പദ്ധതി അത്ര വിജയകരമായിട്ടുണ്ടെന്ന് കരുതാന്‍ വയ്യാ.

പക്ഷെ ഡല്‍ഹിയില്‍ മിക്കവാറും അരവിന്ദ് കേജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ജയിച്ചു കയറുന്ന എല്ലാ ലക്ഷണങ്ങളുമുണ്ട്. കേജ്രിവാള്‍ എന്തൊക്കെയോ ചെയ്തു കൂട്ടുണ്ടെന്നുള്ള പൊതുജനത്തിന്റ്റെ ധാരണയായിരിക്കും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ അതിന്റ്റെ പിന്നിലുള്ള കാരണം. ഈയിടെ ഏതാണ്ട് എല്ലാ ദിവസങ്ങളിലും അത് ചെയ്തു; ഇതു ചെയ്തു എന്നൊക്കെ പറഞ്ഞുകൊണ്ട് കേജ്രിവാളിന്റ്റെ ഫോട്ടോയോട് കൂടിയ പരസ്യങ്ങള്‍ പത്രങ്ങളില്‍ കാണാം. സത്യത്തില്‍ പൊതുജനത്തിന്റ്റെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള പരസ്യങ്ങള്‍ തന്നെ ജനാധിപത്യ വിരുദ്ധമാണ് - എല്ലാ പാര്‍ട്ടിക്കാരും ഭരണത്തിലിരിക്കുമ്പോള്‍ അത് ചെയ്യുമെങ്കിലും. മഹത്ത്വം പരസ്യപ്പെടുത്തേണ്ട ഒന്നല്ല എന്ന തത്ത്വം അംഗീകരിക്കുകയാണെങ്കില്‍ കേജ്രിവാള്‍ ഇങ്ങനെ പരസ്യം ചെയ്യുന്നതിനെ എങ്ങനെ ന്യായികരിക്കുവാന്‍ സാധിക്കും?

സത്യത്തില്‍ പലരും വിചാരിക്കുന്നത് പോലെ ഡല്‍ഹിയില്‍ കേജ്രിവാള്‍ മല മറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നുണ്ടോ? കേജ്രിവാളിന്റ്റെ പരസ്യങ്ങളില്‍ പറയുന്നത് പോലെ പല കാര്യങ്ങളിലും അത് ചെയ്തു, ഇതു ചെയ്തു എന്നൊക്കെയുള്ളത് വെറും അവകാശ വാദങ്ങള്‍ മാത്രമാണ്. ഇതെഴുതുന്നയാള്‍ 26 വര്‍ഷമായി ഡല്‍ഹിയില്‍ താമസിക്കുന്ന ആളാണ്. ഇവിടെ ഇപ്പോള്‍ മാലിന്യ കൂമ്പാരങ്ങളും, കൊതുകിന്റ്റെ പേട്ടയും ആണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനോട് ചോദിച്ചാല്‍ ബി.ജെ.പി. ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനെ അതിന് പുള്ളി കുറ്റം പറയും. ബി.ജെ.പി. -യുടെ നെത്ര്വത്ത്വത്തിലുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണമാണ് എല്ലാ മാലിന്യ പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് സ്ഥാപിക്കാനായിരിക്കും കേജ്രിവാളിന് താല്‍പര്യം. മാലിന്യ നിര്‍മാര്‍ജനം പോലെ തന്നെ ഗുരുതരമായ പ്രശ്‌നമാണ് പൊട്ടിപൊളിഞ്ഞ റോഡുകള്‍. നടുവ് വേദനക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഡല്‍ഹിയിലെ പല പൊട്ടിപൊളിഞ്ഞ ഇട റോഡുകളില്‍ കൂടിയും സഞ്ചരിക്കാന്‍ നിവൃത്തിയില്ലാതായിട്ട് കാലം കുറെയായി. ആരാണ് ഇതിനൊക്കെ കാരണക്കാര്‍ എന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. സംഭവം ഒന്നും നടക്കുന്നില്ല എന്ന് മാത്രം ഡല്‍ഹിയിലെ ജനങ്ങള്‍ക്കറിയാം.

ഇതൊക്കെ കൊണ്ടാണ് പല മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്നില്‍ മൂന്നാമതെത്തിയത്. ഷീലാ ദീക്ഷിത് 15 വര്‍ഷം ഡല്‍ഹി ഭരിച്ച കരുത്തുറ്റ ഭരണാധികാരിയായിരുന്നു. ഫ്‌ളൈ ഓവറുകള്‍, അണ്ടര്‍ പാസുകള്‍, മെട്രോ - അങ്ങനെ നിരവധി വികസന സംരഭങ്ങള്‍ നടത്തി. ഡല്‍ഹിയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല 'ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം' ഷീലാ ദീക്ഷിത് കൊണ്ടുവന്നു. കേജ്രിവാളിന് അങ്ങനെയുള്ള വികസന പദ്ധതികളൊന്നും അവകാശപ്പെടാനാവില്ല. ഷീലാ ദീക്ഷിത് കുറച്ചു നാള്‍ മുമ്പ് ഹൃദയസ്തംഭനം മൂലം മരിച്ചപ്പോള്‍ ഇ. ശ്രീധരന്‍ മെട്രോ നിര്‍മാണത്തില്‍ തനിക്ക് ഉറച്ച പിന്തുണയുമായി നിന്ന ഷീലാ ദീക്ഷിത്തിനെ അനുസ്മരിച്ചു. ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയില്‍ മെട്രോ നിര്‍മാണം പോലുള്ള ഒരു ബ്രിഹത് പദ്ധതി വിജയിക്കണമെങ്കില്‍ അനേകം സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം സാധ്യമാവണം. അത്തരത്തിലുള്ള ഏകോപനം സാധ്യമാക്കിയത് മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതാണ്. കര്‍മയോഗിയായ ഇ. ശ്രീധരന്‍ പറഞ്ഞാലെങ്കിലും ആളുകള്‍ ഷീലാ ദീക്ഷിതിന്റ്റെ സംഭാവനകള്‍ അംഗീകരിക്കുമോ? സാധ്യതയില്ല. കാരണം ഷീലാ ദീക്ഷിത് അത്രമേല്‍ മോശക്കാരിയായി. കോണ്‍ഗ്രസിനേയും ഷീലാ ദീക്ഷിത്തിനേയും തീര്‍ത്തും മോശക്കാരാക്കി ബി.ജെ.പി. - ക്ക് വഴിയൊരുക്കിയതില്‍ കേജ്രിവാളിന് വലിയ പങ്കുണ്ട്.

സത്യത്തില്‍ മാധ്യമങ്ങള്‍ വളരെയേറെ 'ഹൈപ്പ്ഡ്' ആക്കിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ അങ്ങനെ തികഞ്ഞ ആം ആദ്മി നിലപാടൊന്നും ജനങ്ങള്‍ക്കില്ല. വൈദ്യുതിയുടേയും വെള്ളത്തിന്റ്റേയും ബില്ലൊക്കെ കുറയണമെന്നു ജനങ്ങള്‍ക്ക് മോഹമുണ്ടായിരുന്നു. കേജ്രിവാള്‍ ജനങ്ങളുടെ ആ മോഹം കുറേയൊക്കെ സാധിച്ചു തന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേജ്രിവാള്‍ കുറച്ചു നല്ല പ്രവര്‍ത്തനങ്ങളൊക്ക നടത്തി. പക്ഷെ 20-30 വര്‍ഷമായി ഡെല്‍ഹിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ലതെന്ന് പറയാവുന്ന ഒരു കാര്യം ഡല്‍ഹി മെട്രോ ആണ്. കേജ്രിവാളും കേന്ദ്രവും തമ്മില്‍ അടിയായത് കൊണ്ട് മെട്രോയുടെ നാലാം ഘട്ട വികസനം രണ്ടു വര്‍ഷമായി മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോള്‍ മെട്രോയുടെ നാലാം ഘട്ട വികസനത്തിന് അപ്പ്രൂവല്‍ കിട്ടിയപ്പോള്‍ പോലും പല സ്ഥലങ്ങളും മെട്രോ വരുന്നതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനൊക്കെ ആരെ പഴിക്കണം? ഭരണത്തിന്റ്റെ ഉന്നതങ്ങളില്‍ നടക്കുന്ന കാര്യങ്ങളായതുകൊണ്ട് നിജസ്ഥിതി ആര്‍ക്കും അറിയില്ല. ഒന്നുമാത്രം അറിയാം - കാര്യങ്ങളൊന്നും നടക്കുന്നില്ല എന്നൊന്നുള്ളത്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക