Image

പി.എം. ജാബിറിന് മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

Published on 05 October, 2019
പി.എം. ജാബിറിന് മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

മസ്‌കറ്റ്: ഗള്‍ഫിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള കൈരളി ചാനലിന്റെ എക്‌സലന്‍സ് അവാര്‍ഡ് പി.എം. ജാബിറിന് സമ്മാനിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡ് സമ്മാനിച്ചത്.

കൈരളി ചാനലിന്റെ ചെയര്‍മാന്‍ കൂടിയായ നടന്‍ മമ്മൂട്ടി ജാബിറിന് പ്രശസ്തി പത്രം സമ്മാനിച്ചു.
ബിസിനസ് രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള കൈരളി ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകളും ഇരുവറും ചടങ്ങില്‍ കൈമാറി.

ഫാല്‍ക്കണ്‍ പ്രിന്റേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ സുരേന്ദ്രന്‍, ഷാഹി സ്‌പൈസസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷറഫ്, മക്ക ഹൈപര്‍ മാര്‍ക്കറ്റ് മാനേജിംഗ്ഡയറക്ടര്‍ മമ്മൂട്ടി എന്നിവരാണ് ഒമാനില്‍ നിന്നും ബിസിനസ് എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹരായത്.

പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ചെയര്‍മാനുമായ രവി പിള്ള, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷറഫ് അലി, ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റര്‍ ഐസക് പട്ടാണിപറമ്പില്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൈരളി ടിവി എംഡി.ജോണ്‍ ബ്രിട്ടാസ്, നോര്‍കാ റൂട്‌സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കൈരളി ഡയറക്ടര്‍ വി.കെ.മുഹമ്മദ് അഷറഫ് സ്വാഗതവും മിഡില്‍ ഈസ്റ്റ് ന്യൂസ് & പ്രോഗ്രാംസ് ഡയറക്ടര്‍ ഇ.എം.അഷറഫ് നന്ദിയും പറഞ്ഞു. ഗള്‍ഫിലെ സാമൂഹ്യ വ്യാവസായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ പകരം വയ്ക്കാനാവാത്ത നാമമാണ് പി.എം. ജാബിറിന്റേത്. പ്രവാസത്തിന്റെ ചൂടില്‍ ഉരുകുന്നവര്‍ക്ക് ആശ്വാസത്തിന്റെ കുളിരേകിയുള്ള ജാബിറിന്റെ സേവന പ്രവര്‍ത്തനത്തിന് പ്രായം മൂന്നര പതിറ്റാണ്ട്. ഒമാന്‍ കേന്ദ്രമാക്കിയുള്ള ജാബിറിന്റെ പോരാട്ടം തുടങ്ങിയത് 1982ല്‍. ജാബിര്‍ വിരിച്ച തണല്‍ വിവിധ രാജ്യങ്ങളിലെ ആയിരങ്ങള്‍ക്ക് ഇതോടകം ആശ്വാസമേകി.

ഒമാനില്‍ മരണമടഞ്ഞ നാലായിരത്തോളം ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് സഹായം നല്‍കിയ ഇദ്ദേഹം, ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വഴികാട്ടിയായി മുന്നില്‍ നിന്നു. സ്‌പോണ്‍സര്‍മാരുടെ പീഡനത്തില്‍ നിന്നും മനുഷ്യക്കടത്തുകാരുടെ കെണിയില്‍ നിന്നും നുറു കണക്കിന് യുവതികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുന്നതിനു മുന്‍കൈ എടുത്ത ജാബിറിന് പലപ്പോഴും അതിന്റെ പേരില്‍ വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ട്. രേഖകളില്ലാതെ ഒമാനില്‍ കഴിഞ്ഞ കുടിയേറ്റ തൊഴിലാളികള്‍ക്ക് പിഴയൊടുക്കാതെ നാട്ടില്‍ തിരിച്ചു പോവുന്നതിന് പൊതുമാപ്പ് പ്രഖ്യാപിപ്പിക്കുന്നതിന് ഇട നല്‍കിയത് ഇദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു. രോഗം മൂലവും അപകടം മൂലവും ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന നിസഹായരായ മനുഷ്യരുടെ ആശുപത്രി ചെലവുകളും അവരെ നാട്ടിലെത്തിക്കുന്നതിനുള്ള മാര്‍ഗങ്ങളും കണ്ടെത്തുക, മാസങ്ങളും വര്‍ഷങ്ങളും ജയിലില്‍ കഴിയേണ്ടി വരുന്ന ഹതഭാഗ്യരുടെ മോചനം സാദ്ധ്യമാക്കുക തുടങ്ങി പ്രവാസികളുടെ സകല പ്രയാസങ്ങളിലും ആശ്രയമായി അവര്‍ക്ക് ഒരു അത്താണിയായി നില കൊള്ളുന്നതുകൊണ്ടാവാം വി.കെ.ശ്രീരാമന്‍ ജാബിറിനെ ഒരു ജിന്നെന്നു വിശേഷിപ്പിച്ചത്. ജാബിറിന്റെ സഹായം ലഭിച്ചവരില്‍ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രിലങ്ക , എത്യോപ്യ തുടങ്ങിയ രാജ്യക്കാരുമുണ്ട്.

ഗള്‍ഫിലെ പ്രമുഖ സംഘടനയായ കൈരളിയുടെടെ ജനറല്‍ സെക്രട്ടറി സ്ഥാനം പത്തു വര്‍ഷം വഹിച്ചിരുന്ന ജാബിര്‍ നിലവില്‍ ഒമാനിലെ ഇന്ത്യാക്കാരുടെ പൊതുവേദിയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയാണ്. കേരള പ്രവാസി ക്ഷേമനിധിയുടെ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്ന ജാബിര്‍ ഇപ്പോള്‍ ഡയറക്ടറാണ്. കേരളാ പ്‌ളാനിംഗ് കമ്മീഷന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് മെമ്പര്‍ എന്നതിനു പുറമേ ലോക കേരള സഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം കൂടെയാണദ്ദേഹം.

പ്രവാസലോകത്തിന് നല്‍കിയ കിടയറ്റ പ്രവര്‍ത്തനത്തിന് നിരവധി അംഗീകാരങ്ങള്‍ ഇതിനകം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വിദേശത്ത് സന്നദ്ധ സേവനം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരമായി കണക്കാക്കപ്പെടുന്ന ഠശാല െചീം/കഇകഇകയുടെ 2016ലെ ചഞക ീള വേല ്യലമൃ ജാബിറായിരുന്നു. ഇതിനു പുറമേ പ്രിയദര്‍ശിനി അവാര്‍ഡ്, ഷിഫ അല്‍ ജസീറ അവാര്‍ഡ്, മീഡിയ വണ്ണിന്റെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്, കുവൈത്ത് കേന്ദ്രമായുള്ള കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്റെ രമേശ് സ്മാരക അവാര്‍ഡ്, ഒമാനിലെ തെലുഗു കമ്യൂണിറ്റി അവാര്‍ഡ്, ഗോവന്‍ കമ്മ്യൂണിറ്റി ആദരം, ചെറുതുരുത്തി ബി.പി.മണി ട്രസ്റ്റ് അവാര്‍ഡ്.

പ്രവാസ ലോകത്തെ ജാബിറിന്റെ തീക്ഷ്ണമായ അനുഭവത്തെ മുന്‍ നിര്‍ത്തി പ്രമുഖ എഴുത്തുകാരനായ ഹാറൂണ്‍ റഷീദ് തയാറാക്കിയ 'ആമുഖമില്ലാത്ത അനുഭവങ്ങള്‍' എന്ന പുസ്തകം ലോക കേരള സഭയുടെ പ്രഥമ പൊതു സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെ.ടി.ജലീലിന് നല്‍കി പ്രകാശനം ചെയ്തു.

കാസര്‍ഗോട്ടെ കുന്നില്‍ തറവാട്ടില്‍ അബ്ദുള്ള കുഞ്ഞിയുടെയും തലശേരിയിലെ പ്രശസ്തമായ മാളിയക്കല്‍ തറവാട്ടിലെ നഫീസയുടെയും ഏറ്റവും ഇളയ മകനാണ് ജാബിര്‍ക്ക എന്നു വിളിക്കുന്ന പി.എം ജാബിര്‍. ഭാര്യ ഷഹനാസ്. മക്കള്‍: വൈലാന, ജൂലിയാന.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക