Image

അസം പൗരത്വപ്പട്ടികയില്‍ പെടാത്തവര്‍ക്ക് തടങ്കല്‍ പാളയങ്ങളൊരുങ്ങുന്നു (ശ്രീനി)

Published on 14 September, 2019
അസം പൗരത്വപ്പട്ടികയില്‍ പെടാത്തവര്‍ക്ക് തടങ്കല്‍ പാളയങ്ങളൊരുങ്ങുന്നു (ശ്രീനി)
പൗരത്വം തെളിയിച്ചില്ലെങ്കില്‍ കൂട്ട തടങ്കലിലാവും...അസമിലെ പൗരത്വ പ്രശ്‌നത്തിന്റെ സ്‌ഫോടനാത്മകമായ വഴിത്തിരിവായിരിക്കുമിത്. പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരെ താമസിപ്പിക്കാനായി ഗോല്‍പാറയ്ക്ക് സമീപം തടങ്കല്‍ പാളയങ്ങള്‍ (ഡിറ്റന്‍ഷന്‍ ക്യാമ്പ്) ഒരുങ്ങുന്നു. ഇന്ത്യയുടെ ആദ്യത്തെ ഡിറ്റന്‍ഷന്‍ ക്യാമ്പ് ആണിത്. മെയിന്‍ ലാന്‍ഡില്‍ നിന്നകന്ന് വിദൂര ദിക്കിലുള്ള നദിക്കരികില്‍, ഏഴ് ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ക്ക്  തുല്യമായ സ്ഥലത്ത് വലിയ വനം വെട്ടിത്തെളിച്ചാണ് കൂട്ട തടങ്കല്‍ ക്യാമ്പ് നിര്‍മ്മിക്കുന്നത്. ആദിവാസികളാണ് ഇവിടുത്തെ തൊഴിലാളികള്‍. ഒരു ക്യാമ്പില്‍  കുറഞ്ഞത് 3,000 പേരെ പാര്‍പ്പിക്കാന്‍ സാധിക്കും. ഇവിടെ സ്കൂള്‍, ആശുപത്രി, വിനോദ മേഖല, സുരക്ഷാ സേനയുടെ ക്വാര്‍ട്ടേഴ്‌സ്, പൊക്കമുള്ള ചുറ്റു മതില്‍, വാച്ച് ടവറുകള്‍ എന്നിവ ഉണ്ടാകുമെന്നാണ് ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായി പുറത്തിറക്കിയ പൗരത്വ പട്ടികയില്‍ തങ്ങള്‍ ഇല്ലെന്ന് ക്യാമ്പ് പണിയുന്ന ചില തൊഴിലാളികള്‍ പറഞ്ഞു. അതിനാല്‍ അവരും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തടങ്കലില്‍ "പാര്‍പ്പിക്കപ്പെടും' എന്ന ഓമനപ്പേരില്‍ അടയ്ക്കപ്പെടും. ക്യാമ്പ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളള്‍ക്ക്  ഒരു ദിവസത്തെ കൂലി 280 രൂപമാത്രമാണ്. ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കേണ്ട 20 ലക്ഷത്തോളം ആളുകള്‍ ഉണ്ടത്രേ. അവര്‍ക്ക് തങ്ങളുടെ പൗരത്വം, കൈവശമുള്ള രേഖകള്‍ സഹിതം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍, തടങ്കല്‍പ്പാളയങ്ങളിലാക്കാന്‍ സാധ്യതയുണ്ട്.  ബംഗ്ലാദേശില്‍ നിന്ന് ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, അനധികൃത കുടിയേറ്റക്കാരായി ഇന്ത്യ പ്രഖ്യാപിച്ച ആരെയും സ്വീകരിക്കാനാവില്ലെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്.

സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന നാഷണല്‍ രജിസ്ട്രി ഒഫ് സിറ്റിസന്‍ഷിപ്പ് (എന്‍.ആര്‍.സി) അഥവാ ദേശീയ പൗരത്വ രജിസ്ട്രിയുടെ പുതുക്കല്‍ പ്രക്രിയയുടെ അന്തിമ പട്ടികയില്‍ ഇടംനേടാന്‍ അപേക്ഷ നല്‍കിയ 33 ദശലക്ഷം പേരില്‍നിന്നും 19 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു. തങ്ങള്‍ ഇന്ത്യക്കാരല്ലെന്ന് തെളിയിക്കാന്‍ കഴിയാത്ത, അസമിലേക്ക് ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി വന്നു എന്ന് സംശയിക്കുന്ന അസമിലെ താമസക്കാരാണ് ഇവര്‍. അസമിലെ പൗരന്മാരെ രേഖപ്പെടുത്താനുള്ള സുപ്രീം കോടതി ഉത്തരവിനെ അഞ്ച് വര്‍ഷം മുമ്പ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഒന്നാം മോദി സര്‍ക്കാര്‍ ശക്തമായി പിന്തുണച്ചു. പതിറ്റാണ്ടുകളായി ഇന്ത്യയില്‍ നിയമപരമായി താമസിക്കുന്ന മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് വിമര്‍ശകര്‍ പറയുന്നു. ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ നിരവധി ഹിന്ദുക്കളും പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

അസം ഒരു പ്രതിസന്ധിയുടെ വക്കിലാമെന്നും അത് വലിയൊരു ജനവിഭാഗത്തിന്റെ ദേശീയതയും സ്വാതന്ത്ര്യവും നഷ്ടപ്പെടാന്‍ മാത്രമല്ല, അവരുടെ അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കാനും ഇടയാക്കുമെന്നും  ഇത് വരും തലമുറകളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്നും ആംനസ്റ്റി അധികൃതര്‍ പറയുന്നു. പൗരത്വ പട്ടികയില്‍ ഇല്ലാത്തവരെ തടങ്കലില്‍ വയ്ക്കില്ലെന്നും നിയമപ്രകാരം ലഭ്യമായ എല്ലാ പരിഹാരങ്ങളും അവര്‍ക്ക് തേടാനാകുമെന്നും മുമ്പത്തെപ്പോലെ എല്ലാ അവകാശങ്ങളും അവര്‍ ലഭിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഗോല്‍പാറ പട്ടണത്തിന് തെക്ക് തെങ്ങുകള്‍ നിറഞ്ഞ ഇടുങ്ങിയ റോഡുമാര്‍ഗം എത്തുന്നിടത്താണ് ക്യാമ്പ് നിര്‍മ്മിക്കുന്നത്. ആടുന്ന തടി പാലത്തിലൂടെ ചെറിയ നദി കടന്നാണ് വാഹനങ്ങള്‍ വര്‍ക്ക് സൈറ്റിലേക്ക് പോകുന്നത്. റബ്ബര്‍ മരങ്ങളുടെ ഇടയിലാണ് സൈറ്റ്. തടങ്കല്‍പ്പാളയങ്ങള്‍ക്കുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍, കുറഞ്ഞത് 10 അടി ഉയരത്തില്‍ മതില്‍ പണിയുകയും അതിന് മുകളില്‍  മുള്ളുവേലി കെട്ടണമെന്നും നിഷ്കര്‍ഷിക്കുന്നു. ചുവന്ന പെയിന്റടിച്ച മതില്‍ ക്യാമ്പിന് ചുറ്റുമുണ്ട്. രണ്ട് വാച്ച് ടവറുകള്‍ക്കും സുരക്ഷാ സേനയുടെ ക്വാര്‍ട്ടേഴ്‌സിനും അപ്പുറത്ത് പച്ചപ്പാടങ്ങളും പര്‍വതങ്ങളും കാണാം. തൊഴിലാളികള്‍ക്കും കരാറുകാര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക താമസ സൗകര്യങ്ങളാണ് തയ്യാറാക്കുന്നത്.

തടവ് മുറിക്ക് 350 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. 17 വലിയ കെട്ടിടങ്ങളാണ് പണിയുന്നത്. ഓരോ കെട്ടിടത്തിലും 24 മുറികളുണ്ടാകും. സ്ത്രീകള്‍, മുലയൂട്ടുന്നവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമത്രേ. തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് അടുത്തുള്ള സ്കൂളുകളില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് പ്ലാന്‍. തടങ്കല്‍ പാളയത്തിനുള്ള അതിര്‍ത്തി മതിലുകള്‍ക്കൊപ്പം മലിനജലം ഒഴുകി പോകുന്നതിനായി  അഴുക്കുചാലുകള്‍ നിര്‍മിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെള്ളം, കിടക്കകളോടൊപ്പമുള്ള താമസ സൗകര്യം, ആവശ്യത്തിന് വെള്ളം ലഭിക്കുന്ന ടോയ്‌ലറ്റുകള്‍, ആശയവിനിമയ സൗകര്യങ്ങള്‍, അടുക്കളകള്‍ എന്നിവ നിര്‍ദ്ദിഷ്ട ക്യാമ്പുകളിലുള്‍പ്പെടുത്തി  സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, അസം ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന 900 ഓളം അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടിയാകും ക്യാമ്പിനെ ആദ്യം ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നുള്ള ഒരു സംഘം കഴിഞ്ഞ വര്‍ഷം ഇത്തരം രണ്ട് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ള കുടിയേറ്റക്കാരയവര്‍ക്ക് ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്കുള്ള അവകാശങ്ങള്‍ പോലും ലഭിക്കുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അവരുടെ മോചനത്തിനുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

പ്രധാനമായും അസമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൗരത്വ റജിസ്റ്ററാണ് ദേശീയ പൗരത്വ രജിസ്റ്റര്‍. ബംഗ്ലാദേശില്‍നിന്നു ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ എത്തുന്ന പശ്ചാത്തലത്തില്‍ 1951ലാണ് ആദ്യമായി അസമില്‍ പൗരത്വ റജിസ്റ്റര്‍ തയാറാക്കിയത്. ആ വര്‍ഷത്തെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണിത് തയ്യാറാക്കിയത്. എന്നാല്‍ അന്നുതന്നെ അത് തെറ്റുകുറ്റങ്ങള്‍ ഉള്ളതും അപൂര്‍ണ്ണവുമാണെന്ന് പരക്കേ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുള്ളതാണ്. വംശീയത അളവുകോലാക്കി ദേശീയത അളന്ന എല്ലാ നാടുകളിലും നാട്ടുകാരില്‍ ഒരു വിഭാഗം വിദേശികളായി മാറിനില്‍ക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. മ്യാന്മര്‍ റോഹിങ്ക്യകളോട് ചെയ്തുക്കൂട്ടുന്നത് തന്നെ ഏറ്റവും വലിയ ഉദാഹരണം. റോഹിങ്ക്യകള്‍ മ്യാന്മറില്‍ വേട്ടയാടപ്പെട്ടതിനു സമാനമായ അവസ്ഥയാണ് ഇപ്പോള്‍ അസമിലേതും.

ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് മ്യാന്മറിലേക്ക് കുടിയേറിയവര്‍ എന്നാണ് റോഹിങ്ക്യന്‍ വംശജരെ മ്യാന്മര്‍ ഭരണകൂടം അടയാളപ്പെടുത്തിയത്. 1948ല്‍ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായതോടെയായിരുന്നു പുതിയ ഭരണകൂടം റോഹിങ്ക്യകളെ വിദേശികളായി മുദ്രകുത്തിയത്. അന്ന് തുടങ്ങിയ വേട്ടയാടല്‍ പൂര്‍ണമായത് 2015ലാണ്. വോട്ടവകാശം പൂര്‍ണമായും എടുത്തമാറ്റപ്പെട്ട റോഹിങ്ക്യകള്‍ അഭയാര്‍ഥികള്‍ മാത്രമായി. വംശീയ ആക്രമണത്തിന്റെ അതിദാരുണ ഇരകളെന്നാണ് റൊഹിങ്ക്യകളെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. അസമും ഒരുതരത്തില്‍ ചെയ്യുന്നത് മ്യാന്മര്‍ റൊഹിങ്ക്യകളോട് ചെയ്തത് തന്നെയാണ്. വംശീയ വെറിയെ ദേശീയതയുമായി കൂട്ടിക്കെട്ടിയുള്ള ഒരുതരം ഗിമ്മിക്കാണതെന്ന് കടുത്ത ആക്ഷേപമുണ്ട്.

അസമിന്റെ ചരിത്രം പരിശോധിച്ചാല്‍ വംശീയവിദ്വേഷത്തില്‍ കെട്ടിപ്പടുത്ത, ദേശീയതയുമായി ബന്ധപ്പെട്ട സ്വയം നിര്‍ണായവകാശ സമരങ്ങള്‍ അരങ്ങേറിയ ഭൂമികയാണെന്ന് ബോധ്യമാവും. 1983ലെ നെല്ലി കൂട്ടക്കൊലയില്‍ പൊലിഞ്ഞത് ആയിരങ്ങളുടെ ജീവനാണ്. 1983 ഫെബ്രുവരി 18ന് ബംഗ്ലാദേശില്‍നിന്നു അനധികൃതമായി കുടിയേറിയവരെന്നും, വിദേശികളെന്നും കാരണം പറഞ്ഞ് 2,191 പേരുടെ കൂട്ടക്കൊലക്കിടയാക്കിയ സംഭവമാണ് നെല്ലി കൂട്ടക്കൊല എന്ന പേരില്‍ അറിയപ്പെടുന്നത്. മൂവായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. കലാപത്തില്‍, നെല്ലി ഉള്‍പ്പെടുന്ന 14 സമീപ ഗ്രാമങ്ങളിലെ മനുഷ്യരാണ് തദ്ദേശീയതയുടെ ഇരകളായി കൂട്ടക്കുരുതി ചെയ്യപ്പെട്ടത്. കുരുതിക്കിരയായ മനുഷ്യരുടെ ശരീരങ്ങള്‍ പ്രദേശത്തെ കുളങ്ങളിലും തോടുകളിലും ദിവസങ്ങളോളമാണ് ഒഴുകി നടന്നിരുന്നത്. ജീര്‍ണിച്ച മൃതദേഹങ്ങളുടെ സാന്നിധ്യം മൂലം പിന്നെ കുറേക്കാലത്തോളം അവിടുള്ളവര്‍ മത്സ്യാഹാരം കഴിച്ചിരുന്നില്ല എന്നത് ഇതിന്റെ ഭീകരത വിളിച്ചോതുന്നു.

ആ കറുത്ത വെള്ളിയാഴ്ച്ച ആംലിഗട്ടിനും ധരംപൂലിനുമിടയിലെ കൊലോങ് നദിക്കരയിലെ താമസക്കാരെ തേടി അക്രമികളെത്തിയത് വംശീയതയുടെ വെറിപൂണ്ടു തന്നെയായിരുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലീങ്ങളായിരുന്നു അന്ന് ഇരകളായത്. കടന്നുവന്നവരെ തുരത്താന്‍ വേണ്ടി നടന്ന ആക്രമണമായിരുന്നു അതെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച തിവാരി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരം സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസാണ് പിന്നീടത് വെളിച്ചത്തുകൊണ്ടുവന്നത്. അസമിലെ ദേശീയ വിമോചന പോരാട്ടങ്ങള്‍ അതിനു മുമ്പും പിന്നീടുമെല്ലാം മുസ്ലീം വംശജരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നുമുണ്ട്. 1971ന് ശേഷം അസമില്‍ എത്തിയ കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരില്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നിലുള്ളതും വംശീയ വിദ്വേഷമല്ലാതെ മറ്റൊന്നുമല്ലെന്ന് വിവിധ സഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും ആരോപിക്കുന്നു. കുടിയേറ്റക്കാരല്ല അവരുടെ സ്വത്വമാണ് വേട്ടയാടപ്പെടുന്നതെന്നതിന് തെളിവായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമത്തിലെ ഭേദഗതിയാണ്. പൗരത്വം തെളിയിച്ചില്ലെങ്കില്‍ തടങ്കലിലാകും ആശങ്കയിലാണ് ഇപ്പോള്‍ അസമിലെ ഒരുവിഭാഗം ജനങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക