Image

ഈ പി.ജെ. ജോസഫിന്റെ ഓരോരോ തമാശകള്‍ (ശ്രീനി)

Published on 03 September, 2019
ഈ പി.ജെ. ജോസഫിന്റെ ഓരോരോ തമാശകള്‍ (ശ്രീനി)
പാലായിലെ 'ചിഹ്നംവിളി'യില്‍ കുതിര കുതിച്ചുപോയ വഴിയേ രണ്ടിലയും...

പാലായിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയായിരുന്നു കേരളാ കോണ്‍ഗ്രസ് എമ്മിലെ ഇതുവരെയുള്ള പ്രശ്‌നമെങ്കില്‍ ഇപ്പോഴത് ചിഹ്നത്തില്‍ ചെന്നെത്തി നില്‍ക്കുന്നു. ഒരു രാഷ്ട്രീയ കക്ഷിയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ചിഹ്നം എന്നത് അവരുടെ വ്യക്തിത്വത്തിന്റെ സൂചകം കൂടിയാണ്. രണ്ടില ചിഹ്നം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആത്മാവ് തന്നെയാണ്. അതിപ്പോള്‍ മാണി വിഭാഗത്തിന് എത്തിപ്പിടിക്കാന്‍ പറ്റാത്ത അകലത്തിലേയ്ക്ക് ജോസഫ് വിഭാഗം കൊണ്ടുപോയിരിക്കുന്നു. തിരഞ്ഞെടുപ്പ് ചിഹ്നം നല്‍കുന്നത് സംബന്ധിച്ച് അവസാന തീരുമാനം എടുക്കുന്നത് റിട്ടേണിങ് ഓഫീസറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചതോടെ കാര്യങ്ങള്‍ക്ക് സസ്‌പെന്‍സുണ്ട്.

ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് രണ്ടില ചിഹ്നം നല്‍കുന്ന കാര്യത്തില്‍ പി.ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള തര്‍ക്കത്തിന് അയവ് വന്നിട്ടില്ല താനും. ജോസ് ടോമിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്നതിന് ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ ഇടയില്ലെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. അല്ലെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

ജോസ് ടോമിന് രണ്ടില ലഭിക്കണമെങ്കില്‍ നിലവിലെ വര്‍ക്കിംഗ് ചെയര്‍മാനായ ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കണമെന്നതാണ് സ്ഥിതിയെന്നും കേള്‍ക്കുന്നു. പാര്‍ട്ടി ഭരണഘടന അപ്രകാരമാണ് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ചിഹ്നം അനുവദിക്കാന്‍ അറിയിച്ച് ജോസഫ് കത്ത് നല്‍കിയാലും ദിവസങ്ങള്‍ കുറവായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാകാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് പാലായിലെ ചിഹ്നം കെ.എം മാണിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പറയേണ്ടി വന്നത്. ഇതില്‍ നിന്നും മനസിലാക്കേണ്ടത് രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നഷ്ടപ്പെടുമെന്നാണ്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ജോസ് ടോമിനെ അച്ചടക്ക ലംഘനത്തന് ജോസഫ് നേരത്തെ പുറത്താക്കിയിരുന്നു. അതിനാല്‍ അച്ചടക്കനടപടി നേരിട്ട ഒരു വ്യക്തി പാര്‍ട്ടി സ്ഥാനാര്‍ഥിയാകണമെങ്കില്‍ ചെയര്‍മാനോ ചുമതല വഹിക്കുന്ന വ്യക്തിക്കോ കത്ത് നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ ചെയര്‍മാന് ഇക്കാര്യത്തില്‍ ഒറ്റയ്ക്ക് തുടര്‍നടപടികള്‍ എടുക്കാന്‍ സാധിക്കില്ല. സ്റ്റിയറിങ് കമ്മിറ്റി ചേരണം. മൂന്നുദിവസം ഇടവേള നല്‍കി നോട്ടീസ് കൊടുക്കണം. ഇതിനുള്ള സമയം നിലവില്‍ ഇല്ല എന്നാണ് വിവരം. അതേസമയം ചിഹ്നം വേണ്ടെന്ന് സ്ഥാനാര്‍ഥി പറഞ്ഞതും ജോസഫിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഏതായാലും ചിഹ്നപ്പോരില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്...മാണി വിഭാഗത്തിന്റെ അടിയറവിന്റെ ചരിത്രം. പണ്ട് കുതിര ചിഹ്നം കൈവിട്ടുപോയി. ഇപ്പോഴിതാ രണ്ടിലയും വഴുതിപ്പോകുന്നു. കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോന്നവര്‍ കെ.എം ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസിന് രൂപം നല്‍കിയത് 1964ല്‍ ആണ്. 1979ല്‍ കേരള കോണ്‍ഗ്രസ് പിളര്‍ന്ന് മാണി വിഭാഗം പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. അതാണല്ലോ കേരളാ കോണ്‍ഗ്രസ് (എം). കെ.എം മാണി പാലായില്‍ ആദ്യമായി മല്‍സരിച്ച 1965 മുതല്‍ 1987ലെ പിളര്‍പ്പ് വരെ ആദ്ദേഹത്തിന്റെ ചിഹ്നം കുതിരയായിരുന്നു. കുതിരവേഗത്തിലായിരുന്നു മാണിസാറിന്റെ വളര്‍ച്ച. പാര്‍ട്ടിയുടെ പടയോട്ടത്തിന്റെ പ്രതീകമായിരുന്നു കുതിര. ആ അശ്വമേധം 1984 വരെ തുടര്‍ന്നു.

ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്ന് 1984ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ മാണി ഗ്രൂപ്പിലെ സ്‌കറിയാ തോമസ് കുതിര ചിഹ്നത്തിലാണ് മല്‍സരിച്ചത്. പക്ഷേ സി.പി.എമ്മിലെ സുരേഷ് കുറുപ്പിനോട് തോറ്റു. ജോസഫ് ഗ്രൂപ്പ് മുവാറ്റുപുഴയിലും മുകുന്ദപുരത്തും മല്‍സരിച്ചത് ആന ചിഹ്നത്തിലായിരുന്നു. രണ്ട് മണ്ഡലത്തിലും അവര്‍ ജയിച്ചു. പിന്നീട് മാണിയും ജോസഫും ലയിച്ചെങ്കിലും ആ ഒരുമ അധികകാലം നീണ്ടുനിന്നില്ല. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പിളര്‍ന്നു. ടി.എം ജേക്കബ് മാണിയുടെ ക്യാമ്പിലും ആര്‍ ബാലകൃഷ്ണപിള്ള ജോസഫിനൊപ്പവും കൂടി. പിളര്‍പ്പ് പൂര്‍ത്തിയായതോടെ ചിഹ്നത്തില്‍ തര്‍ക്കമായി. തിരഞ്ഞെടുപ്പ് അടുത്തതോടെ കുതിര ചിഹ്നത്തിനുവേണ്ടി മാണിയും ജോസഫും അവകാശവാദം ഉന്നയിച്ചു.

എന്നാല്‍ രണ്ട് എം.പിമാരുള്ള ജോസഫിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുതിരയെ കൊടുത്തു. അതുവരെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മേല്‍വിലാസമായിരുന്ന കുതിര കടിഞ്ഞാണില്ലാതെ മാണിയില്‍നിന്ന് കുതിച്ച്പാഞ്ഞുപോയി. തുര്‍ന്ന് അനുവദിച്ച് കിട്ടിയ രണ്ടിലയായിരുന്നു അവരുടെ ബാലറ്റ് അടയാളം. ഏറ്റവുമവസാനം ജോസഫ് ഗ്രൂപ്പ് മാണി വിഭാഗത്തില്‍ ലയിച്ചപ്പോഴും അവരുടെ ചിഹ്നം രണ്ടിലയായി തുടര്‍ന്നു. അതായിരുന്നു മാണി ഗ്രൂപ്പിന്റെ അസ്തിത്വം. പണ്ട് കുതിരയെ ഇല്ലാതാക്കിയ ജോസഫ് തന്നെ ഇപ്പോള്‍ രണ്ടിലയേയും കൊണ്ടുപോകുന്ന മട്ടാണ്. മാണി പോയി മകന്‍ വന്നപ്പോള്‍ ചിഹ്നവും വേറെ കണ്ടത്തേണ്ടിവരുമോ എന്ന പുറത്ത് പ്രകടിപ്പിക്കാത്ത ആശങ്കയും ജോസ് ഗ്രൂപ്പുകാര്‍ക്ക് കലശലായുണ്ട്.

കോട്ടയം തിരുനക്കര മൈതാനിയില്‍ വെച്ച് എന്‍.എസ്.എസ് നേതാവ് മന്നത്ത് പത്മനാഭന്‍ തിരികൊളുത്തി ആശീര്‍വദിപ്പേള്‍ ഉണ്ടായ പാര്‍ട്ടി, മാണിയുടെ വിയോഗത്തിന് ശേഷം ജോസ്-ജോസഫ് എന്ന രണ്ട് ധ്രുവത്തില്‍ നില്‍ക്കുന്നു. ജോസഫ് ആണ് ഔദ്യോഗിക മാണി വിഭാഗത്തെ നയിക്കുന്നതെങ്കിലും പിളര്‍പ്പ് എന്ന ജനിതക സ്വഭാവം അവരില്‍ രൂഢമൂലമാണ്. ചില നിര്‍ണായക അവസരം വരുമ്പോള്‍ അത് പ്രകടമാവും. ഇപ്പോള്‍ കാണുന്നതും ഫലത്തില്‍ പിളര്‍പ്പിന്റെ രോഗ ലക്ഷണങ്ങള്‍ തന്നെ. 
ഈ പി.ജെ. ജോസഫിന്റെ ഓരോരോ തമാശകള്‍ (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക