Image

അതാ, പന്തു വലയില്‍... ഗോള്‍! (വിജയ് സി. എച്ച്)

Published on 29 August, 2019
അതാ, പന്തു വലയില്‍... ഗോള്‍! (വിജയ് സി. എച്ച്)
കര്‍ശനമായ രണ്ടു മൂന്നു സെക്യൂരിറ്റി കടമ്പകള്‍ കടന്നു ഞാന്‍ രാമവര്‍മ്മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ പ്രവേശിച്ചത്, ഇ-കമ്പനിയുടെ ഓഫീസര്‍ കമാന്റിംങിനെ അന്വേഷിച്ചായിരുന്നില്ല, മറിച്ച് തന്റെ വീടിനടുത്ത തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി അരങ്ങേറുമ്പോള്‍, ഗാലറിയില്‍ പത്തു പൈസക്കു സോഡ വിറ്റു നടന്നിരുന്ന ആ പന്ത്രണ്ടു വയസ്സുകാരനെ ഒന്നു നേരിട്ടു കാണാനായിരുന്നു!

ഗ്രൗണ്ടിനു വെളിയില്‍ തെറിച്ചു വീഴുന്ന പന്ത് എടുത്തു കൊണ്ടുവന്നു കൊടുക്കുന്ന ജോലിയും ആ സോഡാക്കാരനായിരുന്നു. എന്നാല്‍, കാല്‍പന്തുമായി ഉണ്ടാകാന്‍ പോകുന്ന ഉദാത്തവും പരംവൈഭവമാര്‍ന്നതുമായൊരു ബന്ധത്തിന്റെ ആരംഭമാണിതെന്ന്, 1982-ല്‍ സന്തോഷ് ട്രോഫിക്കുവേണ്ടി കളിച്ചവരോ ഗാലറിയില്‍ ഇരുന്നു ആ കളി ആവേശപൂര്‍വ്വം കണ്ടവരോ കരുതിക്കാണില്ല!

തന്റെ ഭര്‍ത്താവ് ഐനിവളപ്പില്‍ മണി ബസ്സ് അപകടത്തില്‍ മരിച്ചതിനു ശേഷം, കോലോത്തും പാടത്തെ ഓലക്കുടിലിലെ കൊച്ചമ്മു, പാടത്തും പറമ്പിലും ഏറെ കഠിനമായ കൂലിപ്പണിയെടുത്താണ് തന്റെ മകനെ പോറ്റിയത്. ആ കഷ്ടപ്പാടു കണ്ടാണ് അമ്മയെ സഹായിക്കാന്‍ മനസ്സു വെളുത്ത മകന്‍ സ്റ്റേഡിയത്തില്‍ സോഡ വില്‍ക്കാന്‍ പോയതും, പന്തിനെ പ്രണയിച്ചതും, തുടര്‍ന്നു പന്ത്രണ്ടു സെക്കന്റില്‍ ഗോളടിച്ചു, ലോക ചരിത്രത്തിലെ ഏറ്റവും വേഗത കൂടിയ മൂന്നാമത്തെ പന്തുകളിക്കാരനായി മാറിയതും!

ഐ. എം. വിജയ
ന്‍  'കറുത്ത' മുത്തല്ല, കേരള കടല്‍തീരത്തു മാത്രം അപൂര്‍വ്വമായി കണ്ടുവരുന്ന ചിപ്പിക്കുള്ളില്‍ ജന്മം കൊള്ളുന്ന വിലയേറിയ 'വെളുത്ത' മുത്താണ്! ഈ മുത്തിന്റെ കൈപതിയാത്ത കപ്പുകളുണ്ടോ ഫുട്ബോളില്‍! നിര്‍ണ്ണീതമായ ആക്രമണവീര്യവും അടങ്ങാത്ത വിജയതൃഷ്ണയും വിജയനെ പോര്‍ക്കളത്തിലെ അര്‍ജുനനാക്കി, കാല്‍പന്തിന് അര്‍ജുന അവാര്‍ഡ് നേടിയ ഏക മലയാളിയാക്കി! ഇതു കായിക താരങ്ങള്‍ക്കു ലഭിക്കാവുന്ന പരമോന്നത ബഹുമതി!

മറുപടിയില്ലാത്ത നാലു ഗോളുകളാല്‍   എഫ്‌സിയെ നമ്മുടെ ഗോകുലം തകര്‍ത്തു പ്രതീക്ഷാവഹമായ തുടക്കം കുറിച്ചുകൊണ്ട്, ഏഷ്യയിലെ ഏറ്റവും പ്രാചീനവും പ്രിസ്റ്റീജിയസുമായ ഡ്യുറാന്‍ഡ് ടൂര്‍ണ്ണമെന്‍റിന്റെ നൂറ്റിഇരുപത്തിഒമ്പതാമതു മത്സരം കൊല്‍ക്കത്തയില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍, ഈ കപ്പില്‍ ഇതുവരെ മുത്തമിട്ട ഏക കേരള ടീമായ FC Kochin-നെ 1997-ല്‍ നയിച്ച 'വെളുത്ത മുത്ത്' അല്‍പ്പം ആവേശത്തിലാണ്!

കേരളത്തിന്റെ ഡ്യുറാന്‍ഡ് വിജയം
----------------------------------------------------------
പത്തുനൂറു വര്‍ഷം മുന്നെ തുടങ്ങിയ മത്സരമായിരുന്നുവെങ്കിലും, കേരളം ഒരിക്കല്‍ പോലും ഈ ടൂര്‍ണ്ണമെന്‍റില്‍ അതുവരെ ജയിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് 1997-ല്‍ ഞങ്ങള്‍ ഈ കപ്പു നേടുമെന്ന പ്രതീക്ഷ പൊതുവെ ആര്‍ക്കും ഇല്ലായിരുന്നു. പക്ഷെ, ഞങ്ങള്‍ കളിക്കാര്‍ക്ക് ശുഭപ്രതീക്ഷയുണ്ടായിരുന്നു!

കളി തുടങ്ങി, FC Kochin ഫൈനലില്‍ എത്തിയപ്പോള്‍ കേരളത്തിലെ ഫൂട്ബാള്‍ പ്രേമികള്‍ക്ക് ആവേശം വര്‍ദ്ധിച്ചു. പക്ഷെ, മറുവശത്ത് മോഹന്‍ ബഗാന്‍ അത്ലറ്റിക് ക്ലബ്ബ് ആയിരുന്നു. സ്വാതന്ത്ര്യ ഇന്ത്യയില്‍തന്നെ പത്തുപതിനാറു തവണ വമ്പന്‍ വിജയം നേടുകയും, ഏകദേശം അത്രയും തവണ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുള്ളവര്‍!

അതിനാല്‍, ഫൂട്ബാള്‍ പ്രേമികളുടെ മനസ്സുകളിലും, ഗ്രൗണ്ടിലും നടന്നത് വാശിയേറിയ മത്സരമായിരുന്നു! മോഹന്‍ ബഗാന്റെ ദീപേന്ദു ബിശ്വാസ്, രോഷന്‍ പരേര, ചീമ ഒക്കേരി, തുടങ്ങിയവര്‍ രാജ്യത്താകെ വിശ്രുത താരങ്ങളായി നിറഞ്ഞു നിന്നിരുന്ന ഒരു കാലമായിരുന്നു അത്! മലയാളി പ്രേക്ഷകര്‍ ശരിക്കും മുള്‍മുനയിലായിരുന്നു!

അവസാനം, ഗാലറിയെ ത്രസിപ്പിച്ചു, 3-1 ന് വമ്പന്‍മാരെ വീഴ്ത്തി ഞങ്ങള്‍ ഡ്യുറാന്‍ഡ് നേടിയപ്പോള്‍, ഫൂട്ബാളില്‍ അതൊരു വന്‍ വിജയ ചരിത്രമായി മാറി! ഞാനും, രാമന്‍ വിജയനും, ഫ്രൈഡെ ഇലാഹിയുമാണ് ആ മൂന്നു ഗോളുകള്‍ അടിച്ചത്. എട്ടു ഗോളുകളടിച്ചു ഞാനായിരുന്നു ടൂര്‍ണ്ണമെന്‍റിലെ ഓവറാള്‍ ഹൈയ്യസ്റ്റ് സ്‌കോറര്‍!

ഡ്യുറാന്‍ഡ് കപ്പിന്റെ ചരിത്രം
--------------------------------------------------
ലോകത്തെ ഏറ്റവും പഴക്കംചെന്ന മൂന്നാമത്തെ ടൂര്‍ണ്ണമെ9റാണിത്! ബ്രിട്ടീഷ് ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറി സര്‍ ഹെന്റി മോര്‍ട്ടിമര്‍ ഡ്യുറാന്‍ഡാണ് ഇതു തുടങ്ങിയത്.1888-ല്‍, സമ്മര്‍ കേപിറ്റല്‍ ആയിരുന്ന സിംലയില്‍. ബ്രിട്ടീഷ് പട്ടാളക്കാരുടെ വിനോദമായിരുന്നു അന്നത്തെ ഉദ്ദേശം.

1940-ല്‍ സിംലയില്‍ നിന്ന് കളിസ്ഥലം ഡെല്‍ഹിയിലേക്ക് മാറ്റി.

കൊല്‍ക്കത്തയില്‍ ഈ ടൂര്‍ണ്ണമെ
ന്‍റ് അധികം കാലം നടന്നിട്ടില്ല. എന്നാല്‍, സ്വാതന്ത്ര്യത്തിനു ശേഷം ബംഗാള്‍ ക്ലബ്ബുകളായിരുന്നു ഇതിന്റെ സ്ഥിരം ജേതാക്കള്‍ -- മോഹന്‍ ബഗാനും, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബും.

തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയ ഹൈദരബാദ് ടീം പിന്നീടു പിന്നിലായി. പഞ്ചാബിലുള്ള ജെ.സി.ടി-യും ഇടക്കു മുന്നോട്ടു വന്നു. FC Kochin-നു ശേഷം, മുംബൈയിലെ മഹീന്ദ്ര യുണൈറ്റഡ് 1998-ലും 2002-ലും ഈ കപ്പു നേടി. ഗോവ 1999-ലും 2003-ലും വിജയിച്ചു.

നമ്മുടേത് മഹത്തായ ഫൂട്ബാള്‍ പാരമ്പര്യം
-----------------------------------------------------------------------
കേരളം പന്തുകളിക്കാരുടെ നാടാണ്. ഈ മണ്ണില്‍ വേരോടിയ ഗൈമാണിത്. ശെരിക്കും പറഞ്ഞാല്‍ ബംഗാളിനേക്കാളും ഗോവയേക്കാളും പന്തുകളി തഴച്ചു വളര്‍ന്ന സംസ്ഥാനമാണ് കേരളം. നമ്മുടെ FC Kochin ആണ് ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫൂട്ബാള്‍ ക്ലബ്ബ് തന്നെ!

ഫൂട്ബാളിന്റെ സുവര്‍ണ്ണ കാലത്ത് നമ്മള്‍ ഇന്ത്യക്ക് അഞ്ച് ഒളിമ്പിയന്മാരെ സമ്മാനിച്ചു -- സാലെ, ചന്ദ്രശേഖരന്‍, റഹ്മാന്‍, നാരായണന്‍, തിരുവല്ല പപ്പന്‍! ഇന്ത്യന്‍ ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍തന്നെ വിദേശികള്‍പോലും ഓര്‍ക്കുന്ന പേരുകള്‍!

സി. വി. പാപ്പച്ചന്‍, വി. പി സത്യന്‍, യു. ഷറഫലി, ജോ പോള്‍ അഞ്ചേരി, കുരികേഷ് മാത്യു മുതലായവരൊക്കെ നമ്മുടെ സോക്കര്‍ ചരിത്രത്തിലെ ഇതിഹാസ താരങ്ങളാണ്. കെ. ടി. ചാക്കോ ഇന്ത്യയിലെത്തന്നെ മുന്‍നിര ഗോളി ആയിരുന്നു!

പുതിയ കളിക്കാരില്‍ വിശ്വാസമുണ്ട്
------------------------------------------------------------
കിരീടം പ്രതീക്ഷിക്കുന്നു! എല്ലാവരും ഒന്നാം തരം കളിക്കാരാണ്. മിക്കവരുംഇന്ത്യന്‍ ഫുട്‌ബോളിന്റെ തന്നെ കലാപ്രതിഭകള്‍. FC Kochin കുറിച്ചതിനു സമാനമായൊരു ചരിത്രം ഗോകുലത്തിനും കുറിക്കാനാവട്ടെ!

പല തവണ കേരള ഐ-ലീഗ് കളിക്കാരെ വെള്ളം കുടിപ്പിച്ചവരാണ് ഗോകുലം പിള്ളേര്‍! കപ്പുമായി കൊല്‍ക്കത്തയില്‍ നിന്നു വരുമെന്നുതന്നെയാണ് പ്രതീക്ഷ!

പന്ത്രണ്ടു വര്‍ഷത്തിനു ശേഷമാണ് കേരളത്തില്‍നിന്ന് ഒരു ടീം ഡ്യുറാന്‍ഡിനു പോകുന്നതുതന്നെ. ഇതിനു മുന്നെ, 2007-ല്‍, കൊച്ചിയിലെ വിവാ കേരള ഫുട്‌ബോള്‍ ക്ലബ്ബാണ് പോയത്. ഇപ്പോഴത്തെ ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള. കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് അവരുടെ വാസസ്ഥലം, പക്ഷെ കപ്പ് നേടാനായില്ല. വിവാ പോയത് ഞങ്ങള്‍ കപ്പുമായി വന്നതിനു പത്തു വര്‍ഷത്തിനു ശേഷം.

നഷ്ടവസന്തം തിരിച്ചു കൊണ്ടു വരണം!
--------------------------------------------------------------
പുതിയ പ്രതീക്ഷകള്‍ നാമ്പിടുന്നു... ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ബംഗാള്‍പ്പടയുടെ കനത്ത തിരിച്ചടിയെ ചെറുത്തു തോല്‍പ്പിച്ച് സന്തോഷ് ട്രോഫിയില്‍ നമ്മുടെ പുലിക്കുട്ടികള്‍ കഴിഞ്ഞ വര്‍ഷം മുത്തമിട്ടത്! ഇത് നല്ലൊരു തുടക്കമാണ്, ഇനി ഫുട്‌ബോള്‍ മുന്നോട്ടുതന്നെ!

പുതിയ കളിക്കാരും പുതിയ ക്ലബ്ബുകളും പുതിയ ടൂര്‍ണ്ണമെന്‍റുകളും ഇനിയും ഇവിടെ ഉണ്ടാവണം. ഫുട്‌ബോളിന്റെ നഷ്ടവസന്തം തിരിച്ചു കൊണ്ടു വരണം. സ്റ്റേഡിയങ്ങളില്‍ ആരവം ഇനിയും ഉയരണം!

മീഡിയയുടെ പങ്ക്
------------------------------
അറിഞ്ഞോ അറിയാതേയോ കാല്‍പന്തിന്റെ പതനത്തില്‍ മീഡിയ ഒരു പങ്കുവഹിച്ചിട്ടുണ്ട്. ക്രിക്കറ്റിനെ വാനോളം ഉയര്‍ത്താന്‍ മീഡിയ കാണിച്ചത് അരോചകമായ ഉത്സാഹമാണ്. പ്രേക്ഷകരുടെ അഭിരുചിയേക്കാല്‍ അതിനു പിന്നില്‍ മീഡിയയുടെ താല്‍പര്യമായിരുന്നു. കാല്‍പന്തിനോട് അവര്‍ കാണിച്ച നീതികേടാണത്. ഫുട്‌ബോളിനെ നെഞ്ചിലേറ്റിയവരോടും മീഡിയ ചെയ്തത് അനീതിയാണ്.

സ്വാഭാവികമായ കാരണങ്ങളാല്‍ കാല്‍പന്ത് ഇപ്പോള്‍ തിരിച്ചു വരവിന്റെ സൂചനകള്‍ കാണിക്കുന്നു. മീഡിയ ഈ വിവരം മനസ്സിലാക്കി കാല്‍പന്തിന് അത് അര്‍ഹിക്കുന്ന പ്രാധാന്യം വാര്‍ത്തകളില്‍ കൊടുക്കുമെന്ന് പ്രത്യാശിക്കുന്നു. അവര്‍ക്കിത് പ്രായശ്ചിത്തം ചെയ്യാനുള്ള സമയം!

വിജയന്‍ എവിടെ അവിടെ വിജയം
-------------------------------------------------------
കേരളാ പൊലീസ് എന്നെ പതിനെട്ടാം വയസില്‍ അവരുടെ ടീമില്‍ എടുത്തു. മുന്നേറ്റ നിരയിലും മിഡ്ഫീല്‍ഡറായും കളിച്ചു. സ്‌ട്രൈക്കറാണ് ഞാന്‍! എന്റെ ലോങ്ങ് റെയിഞ്ച് ഗൊളുകളെയായിരുന്നു ശത്രുക്കള്‍ക്കു ഭയം! എതിര്‍ ടീമിലെ കേമന്‍മാരുടെ തലക്കുമീതെ പറന്ന് പന്ത് അവരുടെ വലയില്‍ ചെല്ലും!

അഖിലേന്ത്യാ പങ്കാളിത്തമുള്ള ഫെഡറേഷന്‍ കപ്പ് അടക്കം പല ടൂര്‍ണ്ണമെന്റുകളിലും വിജയം നേടി കേരള പോലീസ് വന്‍ ശക്തിയായി മാറി.

കേരള പോലീസും എഫ്‌സി കൊച്ചിനും കൂടാതെ, രാജ്യത്തെ മറ്റു പല പ്രശസ്ത ഫുട്‌ബോള്‍ ക്ലബുകളിലും ഞാനുണ്ടായിരുന്നു. മോഹന്‍ ബഗാനിലും, ഈസ്റ്റ് ബംഗാളിലും, ജെ.സി.ടി. മില്‍സിലും, ചര്‍ച്ചില്‍ ബ്രദേഴ്‌സിലും പന്തു തട്ടി.

1992-ല്‍ ഇന്ത്യന്‍ നേഷനല്‍ ടീമില്‍ ചേര്‍ന്നു, നൂറോളം രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. അത്രത്തോളം മത്സരങ്ങളില്‍ ഇന്ത്യയുടെ കേപ്റ്റനുമായിരുന്നു. നാല്‍പ്പതോളം ഇന്റര്‍നാഷണല്‍ ഗോളുകള്‍ അടിച്ചു! Best Indian Footballer ടൈറ്റില്‍ മൂന്നു തവണ (1993, 97, 99) നേടുന്ന പ്രഥമ കളിക്കാരനുമാണ്!

കോഴിക്കോട്ടെ സിസ്സര്‍ കട്ട്
---------------------------------------------
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍, സിസ്സേര്‍സ് കപ്പിനു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തില്‍, മലേഷ്യയുടെ പെരില്‍സ് ക്ലബിനെതിരെ ഞാന്‍ സിസ്സര്‍ കട്ടിലൂടെ ഗോളടിച്ചു
ടൂര്‍ണ്ണമെന്റ് ജയിച്ചു! സ്‌കോര്‍ 1-0 ആയിരുന്നു!

ഞാന്‍ ബേക്ക് സിസ്സര്‍ ചെയ്യുന്നതു കണ്ട് മലേഷ്യന്‍ പ്ലെയേര്‍സ് അന്തംവിട്ടു നിന്നു! പന്തിനെ തട്ടി പുറകോട്ടു മറിച്ച്, വായുവില്‍ അതിന്റെ കൂടെ ഞാനും തല കീഴായി ചുരുണ്ടു സഞ്ചരിച്ച്, പന്തിന്റെ ഗതി കാലുകൊണ്ടു നിയന്ത്രിച്ചു!

അതാ, പന്തു വലയില്‍... ഗോള്‍!

എല്ലാം ഞൊടിയിടക്കുള്ളില്‍ സംഭവിച്ചു. സര്‍വ്വരേയും വിസ്മയിപ്പിച്ച ആ സിസ്സര്‍ കട്ടിന്റെ ശരിയായ ഒരു ഫോട്ടോ പോലും ഇന്ന് അവൈലബ്ള്‍ അല്ല. വളരെ പെട്ടെന്നായതിനാല്‍ ഫോട്ടോഗ്രാഫേര്‍സിന് സീന്‍ മിസ്സായി... തൊട്ടടുത്തുണ്ടായിരുന്ന മലേഷ്യന്‍ പ്ലെയേര്‍സിനു പോലും സ്തംഭിച്ചു നില്‍ക്കാനെ കഴിഞ്ഞുള്ളൂ!

ബേക്ക് സിസ്സര്‍ പലരും ചെയ്യുന്നതാണ്, പക്ഷെ ഇവിടെ അതിലൂടെയാണ് ഗോളടിച്ചു കപ്പു നേടിയത്... ടൂര്‍ണ്ണമെന്റ് അവസാനിച്ചത്! അതാണു പ്രത്യേകത.

കൂടാതെ, പറയുമ്പോള്‍ രസമുള്ളൊരു വാര്‍ത്തയും, മീഡിയയിലെ എഴുത്തും -- സിസ്സേര്‍സ് കപ്പ് ഉറപ്പാക്കിയ സിസ്സര്‍ കട്ട്! കപ്പിന്റെ പേരും അതായിരുന്നല്ലൊ! അതുകൊണ്ടാണ് ഈ സിസ്സര്‍ കട്ട് ഇത്രയും ഫൈമസ് ആയത്!

1995 നവംബറില്‍, ജെ.സി.ടി-ക്കു വേണ്ടിയാണ് ഞാന്‍ കോഴിക്കോട് കളിച്ചത്.

പാക്കിസ്ഥാനെതിരെ ഹാട്രിക്ക്
--------------------------------------------------
നമ്മുടെ സേവിയര്‍ പയസ് ശ്രീലങ്കക്കെതിരെ ഹാട്രിക്ക് നേടിയിട്ട് അന്ന് പത്തിരുപത് കൊല്ലം കഴിഞ്ഞിരുന്നു. 1980-ല്‍ നേടിയ അതായിരുന്നു ഇന്ത്യയുടെ അന്നത്തെ ഹാട്രിക്ക് ചരിത്രം.

1999-ല്‍, നേപ്പാളില്‍ വെച്ചു നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍, ഗ്രൂപ്പു കളിയുടെ ആരംഭത്തില്‍തന്നെ ഞാന്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു. വരിവരിയായി മൂന്നു ഗോളുകള്‍!

ഓരോ ഗോള്‍ ഞാനടിച്ചപ്പോഴും അവര്‍ എനിക്കെതിരെ പുതിയ പ്രതിരോധ മതിലുകള്‍ തീര്‍ത്തു. പക്ഷെ, പന്തുമായി ഞാന്‍ തുളച്ചു കയറി! ആല്‍ബ്രട്ടോയും, സബീര്‍ പാഷയും ഇടത്തും വലത്തുമുണ്ടായിരുന്നു.

52 ആം മിനുട്ടിലും, 61 ആം മിനുട്ടിലും, 73 ആം മിനുട്ടിലും അതു സംഭവിച്ചു! പാക്കിസ്ഥാന്റെ പ്രതിരോധം തകര്‍ന്നു തരിപ്പണമായി! ഇന്ത്യ ഒട്ടാകെ ആര്‍ത്ത് അട്ടഹസിച്ചു! പാക്കിസ്ഥാനെതിരെ വിജയന്റെ സംഹാര താണ്ഡവമെന്ന് സകല പത്രങ്ങളുമെഴുതി!

ലോക റെക്കോര്‍ഡ്
-------------------------------
1999-ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ തന്നെയാണ് അതും സംഭവിച്ചത്. ഭൂട്ടാന്റെ പ്രതിരോധം പിളര്‍ത്തിക്കൊണ്ട് ഞാന്‍ ഗോള്‍ അടിച്ചപ്പോള്‍ കളി തുടങ്ങി 12 സെക്കന്റ്‌സ് മാത്രമേ പിന്നിട്ടിട്ടുണ്ടായിരുന്നുള്ളു! അത് ലോക റെക്കോര്‍ഡ് -- ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഇന്റര്‍നേഷണല്‍ ഗോള്‍!

ചലചിത്ര താരം
-----------------------------
ചെറിയാന്‍ ജോസഫ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം 'കാല ഹിരണ്‍' എന്റെ ജീവിതവുമായി ബന്ധമുള്ളതാണ്. സിനിമയുമായുള്ള ബന്ധം അതിലൂടെയാണ് തുടങ്ങുന്നത്.

പിന്നീട്, ജയരാജ് സംവിധാനം ചെയ്ത 'ശാന്തം', വി. എം വിനുവിന്റെ 'ആകാശത്തിലെ പറവകള്‍', വിനോദ് വിജയന്റെ 'ക്വട്ടേഷന്‍'...

തമിഴില്‍, 'തിമിര്', 'കൊമ്പന്‍', 'ഗണേശാ, മീണ്ടും സന്തോഷിപ്പോം' മുതലായവ.

ഇതുവരെ പത്തിരുപത്തഞ്ച് പടങ്ങളില്‍ അഭിനയച്ചു.
അതാ, പന്തു വലയില്‍... ഗോള്‍! (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക