Image

ബജറ്റ് കമ്മി ഒരു ട്രില്യന്‍ ഡോളര്‍ കടക്കും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 24 August, 2019
ബജറ്റ് കമ്മി ഒരു ട്രില്യന്‍ ഡോളര്‍ കടക്കും (ഏബ്രഹാം തോമസ്)
ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി ഒരു ട്രില്യന്‍ ഡോളറില്‍ അധികമായിരിക്കും എന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും കോണ്‍ഗ്രസും ധാരണയില്‍ എത്തിയതായി കോണ്‍ഗ്രഷ്‌നല്‍ ബജറ്റ് ഓഫീസ് അറിയിച്ചു. സെപ്തംബര്‍ 30ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കമ്മി 960 ബില്യണ്‍ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിബിഒ പറഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ താന്‍ ബജറ്റ് ബാലന്‍സ് ചെയ്യുക മാത്രമല്ല ദേശീയകടം മുഴുവന്‍ അടച്ചു തീര്‍ക്കുകയും ചെയ്യും എന്ന് ഡോണള്‍ഡ് ട്രമ്പ് പറഞ്ഞിരുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വാഗ്ദാനങ്ങളും മുന്നോട്ടു വയ്ക്കുന്ന പദ്ധതികളും നടപ്പിലായാല്‍ ബജറ്റ് കമ്മി എത്ര ഉയരുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ എന്നും നിരീക്ഷകര്‍ പറയുന്നു.

ഈ വര്‍ഷത്തെ കമ്മി 63 ബില്യണ്‍ ഡോളര്‍ ഉയര്‍ത്തി കണക്കുകള്‍ സിബിഓ പുതുക്കി പ്രസിദ്ധീകരിച്ചു. പലിശ നിരക്കുകള്‍ അടുത്ത ദശകത്തില്‍ കുറഞ്ഞേക്കുമെന്ന് പറഞ്ഞുവെങ്കിലും കമ്മി 809 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്ന് പറഞ്ഞു. പലിശ നിരക്ക് കുറയുമ്പോള്‍ കടത്തിന്റെ ചെലവ് കുറയുകയും സാമ്പത്തിക വളര്‍ച്ച വര്‍ധിക്കുകയും സംഭവിക്കേണ്ടതാണ്.
സിബിഓയുടെ റിപ്പോര്‍ട്ടില്‍ യു.എസ്. 1.9 ട്രില്യന്‍ ഡോളറിന്റെ ചെലവ് വര്‍ധന അടുത്ത ദശകത്തില്‍ ഉണ്ടാകുമെന്ന് വ്യ്ക്തമാക്കി. ഇത് ഇരുകക്ഷികളുടെയും സമ്മതത്തോടെ ഉണ്ടാക്കിയ ബജറ്റ് ഡീലും യു.എസ്. മെക്‌സിക്കോ അതിര്‍ത്തിയിലെ നിര്‍ണ്ണായകാവസ്ഥയിലെ ചെലവിന് വേണ്ടി വരുന്ന വര്‍ധനയുമാണ്. ബജറ്റിലെ വര്‍ധന പലിശനിരക്കില്‍ പ്രതീക്ഷിക്കുന്ന കുറവ് കുറെയൊക്കെ നികത്തും.
സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 2.3% ആയിരുന്നു. എന്നാല്‍ സിബിഓ പ്രതീക്ഷിക്കുന്നത് അടുത്ത നാല് വര്‍ഷം ഈ വളര്‍ച്ച മന്ദഗതിയില്‍(പ്രതിവര്‍ഷം 1.8%) ആയിരിക്കും എന്നാണ്. ഉപഭോക്താക്കള്‍ കുറച്ചേ ചെലവഴിക്കൂ, ഗവണ്‍മെന്റും ചെലവിടല്‍ കുറയ്ക്കും. നിയമനിര്‍മ്മാതാക്കള്‍ നികുതി വര്‍ധിപ്പിക്കും. 2020 അവസാനം വരെ തൊഴിലില്ലായ്മ 3.7% ആയി തുടരും. അതിന് ശേഷം 4.6 ആകും. സിബിഓയുടെ എസ്റ്റിമേറ്റാണ് ആദ്യമായി പുറത്തുവന്ന ബജറ്റ് ഡീലിനെകുറിച്ചുള്ള വിവരങ്ങള്‍.

പുതിയ ബജറ്റ് എസ്റ്റിമേറ്റുകള്‍ യു.എസ്. നയതന്ത്ര വിദഗ്ദ്ധര്‍ സാമ്പത്തികാവസ്ഥയെ രക്ഷിക്കുവാന്‍ പര്യാപ്തമായ ഉപകരണങ്ങള്‍ കണ്ടെത്താനാവാതെ വിഷമിക്കുകയാണെന്ന യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവന്നു. ചെലവഴിക്കലിനോ നികുതി നിരക്ക് കുറയ്ക്കുന്നതിനോ ഫെഡറല്‍ റിസര്‍വിന് മുന്നില്‍ പുതിയ മാര്‍ഗങ്ങളില്ല. രാജ്യത്ത് സാമ്പത്തികമാന്ദ്യം ഇല്ല. എന്നാല്‍ വളര്‍ച്ച മന്ദഗതിയിലാണ്. വ്യവസായരംഗത്ത് പഴയത്‌പോലെ നിക്ഷേപങ്ങള്‍ ഇല്ല. നിര്‍മ്മാണ മേഖല വലിയ ഞെരുക്കത്തിലാണ്. വ്യവസായ നയത്തിലെ അനിശ്ചിതത്വമാണ് വളര്‍ച്ചയ്ക്ക് തടസമെന്ന് സിബിഒ വിലയിരുത്തുന്നു.

ഗ്രാന്‍ഡ് ഓള്‍ഡ്(റിപ്പബ്ലിക്കന്‍) പാര്‍ട്ടി ഒരു വലിയ നികുതി ഇളവ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടി ജിഒപിയുമായി ചേര്‍ന്ന് ഒരു സാമ്പത്തിക ഉത്തേജനശ്രമം നടത്തുമെന്ന് കരുതുക വയ്യ.

കഴിഞ്ഞ മാന്ദ്യത്തില്‍ സഭാസ്പീക്കര്‍ ഡെമോക്രാറ്റ് നാന്‍സി പെലോസി മുന്‍ സെനറ്റ് ഭൂരിപക്ഷ കക്ഷി നേതാവ് ഹാരി റീഡുമായി സഹകരിച്ച് പ്രസിഡന്റ് ജോര്‍ജ് ഡബഌയൂ ബുഷ് ഭരണകൂടാതെ നിര്‍ബന്ധിച്ച് ഒരു നികുതി ഇളവ് സാമ്പത്തികാവസ്ഥയെ ഉത്തേജിപ്പിക്കുവാന്‍ നടത്തിയിരുന്നു.
ഇപ്പോള്‍ ഡെമോക്രാറ്റിക് നേതൃത്വം പ്രസിഡന്റ് ട്രമ്പുമായി യോജിച്ച് ഒരു തീരുമാനം എടുക്കുകയോ ഒന്നിച്ച് പ്രവര്‍ത്തിക്കുകോ അസാദ്ധ്യമാണ്. രണ്ടു പാര്‍ട്ടികളും അവരുടെ നേതാക്കളും എന്ത് നടപടികള്‍, പ്രത്യേകിച്ച് 2020 തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.

ബജറ്റ് കമ്മി ഒരു ട്രില്യന്‍ ഡോളര്‍ കടക്കും (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക