Image

പ്രളയവും ഗാഡ്ഗിലും, നാമെന്തു പഠിച്ചു? (പകല്‍ക്കിനാവ് 162: ജോര്‍ജ് തുമ്പയില്‍)

Published on 21 August, 2019
പ്രളയവും ഗാഡ്ഗിലും, നാമെന്തു പഠിച്ചു? (പകല്‍ക്കിനാവ് 162: ജോര്‍ജ് തുമ്പയില്‍)
പ്രളയത്തെ ചുറ്റിപ്പറ്റി എത്രയെത്ര വാര്‍ത്തകള്‍, വിശകലനങ്ങള്‍, വിദഗ്ധ അഭിപ്രായങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. എന്നാല്‍, നാം എന്തെങ്കിലും പാഠം പഠിച്ചു കഴിഞ്ഞുവോ? എന്തു കൊണ്ടാണ് അതീവപരിസ്ഥിതി ലോല പ്രദേശങ്ങളിലെ കുടിയേറ്റം വന്‍ പാരിസ്ഥിതിക ദുരന്തപ്രശ്‌നമായി മാറുന്നതെന്ന് ഇപ്പോഴും നമുക്കു മനസ്സിലാവാതെ പോകുന്നു?. എന്തു കൊണ്ട് ഇപ്പോഴും നാം അതിനെ പഠിക്കാന്‍ തയ്യാറാവുന്നില്ല?. ഇത്തരത്തില്‍ ചിന്തിച്ചാല്‍, ഒരു കാര്യം മനസിലാവും. നാം പ്രകൃതിബോധത്തില്‍ വെറും ശിശുക്കളാണ്. ബുദ്ധിയുറയ്ക്കാത്ത വെറും പിഞ്ചു കുഞ്ഞുങ്ങള്‍. പൂര്‍വസൂരികള്‍ ചെയ്തതു പോലെ പരിസ്ഥിതി ബോധം അതുമല്ലെങ്കില്‍ കുറഞ്ഞപക്ഷം പരിസ്ഥിതി സാക്ഷരത എങ്കിലും നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇനി അടുത്ത ദുരന്തത്തില്‍ ചിന്തിക്കാമെന്നാണ് വയ്‌പെങ്കില്‍ അതിനു നാം ഉണ്ടായെന്നു വരില്ല, ഈ പോക്കു തുടര്‍ന്നാല്‍.

കഴിഞ്ഞ ദിവസങ്ങളില്‍ വാട്‌സ് ആപ്പില്‍ കറങ്ങി നടന്ന ഒരു സന്ദേശമിങ്ങനെ. മാതൃഭൂമി ചാനലില്‍ വന്‍ ചര്‍ച്ച നടക്കുകയാണ്, പ്രളയദുരന്തങ്ങള്‍ക്ക് കാരണം കുടിയേറ്റമോ എന്നതായിരുന്നു വിഷയം. ശേഷം ഒരാള്‍ മാതൃഭൂമിയിലേക്ക് വിളിക്കുന്നു. ഫോണ്‍ എടുത്ത ആളിനോട് ചോദിക്കുന്നു, ഇടുക്കി അണക്കെട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടും മനുഷ്യനിര്‍മ്മിതിയായി നില കൊള്ളുന്നത് അതീവപരിസ്ഥിത ലോല പ്രദേശങ്ങളിലല്ലേ, പിന്നെ തൂമ്പയെടുത്തു കിളച്ചു പത്തു മൂടു കപ്പ ഇടുന്ന ഞങ്ങള്‍ മാത്രമെങ്ങനെ പരിസ്ഥിതി പ്രതികളാവും? ചോദ്യത്തിലെ നിഷ്കളങ്കതയാണ് മലയാളിയുടെ പ്രശ്‌നം. ഇയാളുടെ ചോദ്യത്തില്‍ നിന്നു തന്നെ വ്യക്തം. ഇവരാരും തന്നെ പരിസ്ഥിതിയെക്കുറിച്ചും പ്രകൃതിയേക്കുറിച്ചും പഠിക്കുന്നില്ല, അല്ലെങ്കില്‍ അറിവ് പങ്കുവെക്കുന്നില്ല. കുടിയേറ്റക്കാര്‍ക്കുള്ളത് പത്തു സെന്റ് സ്ഥലമല്ല, അവരുടേതെല്ലാം തന്നെ ഏക്കറുകളാണ്. അവര്‍ അവിടെ ജൈവകൃഷി ചെയ്യുന്നു. അതിന് എന്തു വേണം?     സ്വാഭാവികമായും കാടും പടലുമൊക്കെ വെട്ടിത്തെളിക്കേണ്ടി വരുന്നു. വീണ്ടും കാടു വരാതിരിക്കാന്‍ അവ തീയിട്ടു നശിപ്പിക്കുന്നു. അവിടെ തുടങ്ങുന്നു, ആദ്യത്തെ പ്രകൃതിചൂഷണം. ഇത്തരത്തിലുള്ള കാടുകള്‍ ഉള്ളതു കൊണ്ടു മാത്രമാണ് പശ്ചിമഘട്ട മലനിരകളിലെ മണ്ണുകള്‍ക്ക് ഇതുവരെ യാതൊന്നും സംഭവിക്കാതിരുന്നത്. കുടിയേറിയ ഒരാള്‍ക്കു പിന്നാലെ പത്തും പതിനഞ്ചും പിന്നെ ഒരു സമൂഹവുമെത്തുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. ഇവരൊക്കെയും ഇരിക്കുന്ന കമ്പ് മുറിക്കുകയായിരുന്നുവെന്ന് അറിഞ്ഞതേയില്ല. ഇവരൊന്നും തന്നെ അന്നത്തെ അന്നത്തിനു വേണ്ടി പണിയെടുത്തവരല്ല. അടുത്ത പത്തു തലമുറയ്ക്ക് വേണ്ടി പണിയെടുക്കുന്നവരായിരുന്നു. അതാണ് പ്രശ്‌നമായത്. അവര്‍ മലയുടെ മുകളില്‍ നിന്നല്ല വെട്ടിയിറങ്ങിയത്. മറിച്ച് മലയുടെ ചുവട്ടില്‍ തന്നെ കത്തിയും തൂമ്പയും വെയ്ക്കുകയായിരുന്നു. ഈ പരിസ്ഥിതി പ്രശ്‌നങ്ങള്‍ നാം കാണുന്നത് ഇതു പോലെ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് എത്തിപ്പെടുമ്പോള്‍ ആദ്യം ഉയരുന്നത്, തങ്ങള്‍ പാവങ്ങളാണല്ലോ, ഞങ്ങള്‍ക്ക് എസിയില്ല, സ്മാര്‍ട്ട് ടിവിയില്ല, കാറില്ല. ഉള്ളത് കൊതുകു കടിയും കഞ്ഞിവെള്ളവും മാത്രം എന്ന പരിദേവനങ്ങളാണ്.

ഇവരെങ്ങനെ പാവങ്ങളായി എന്നത് ഇവര്‍ ചിന്തിക്കുന്നില്ല. ഇവരെ ഈ അവസ്ഥയിലേക്ക് ആരും തള്ളിവിടുന്നതല്ല. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ തേടിയുള്ള മനുഷ്യന്റെ യാത്രയുടെ ഭാഗം തന്നെയാണ് ഇതും. എന്നാല്‍ ഇവരുടെ സാമ്പത്തിക ശാസ്ത്രം പ്രകൃതിചൂഷണത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നുവെന്നും ധനികര്‍ അത്തരത്തിലുള്ള ചൂഷണങ്ങള്‍ക്കായി പ്രകൃതിയേയല്ല, മനുഷ്യരെ തന്നെയാണ് ഉപയോഗപ്പെടുത്തിയതെന്നും ഇവര്‍ തിരിച്ചറിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതാണ് പരിസ്ഥിതി- മാനുഷിക അജ്ഞതയുടെ പ്രശ്‌നം. പത്ത് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചാലും അവിടേക്കെങ്ങും മനുഷ്യന്റെ ഇടപെടലുകള്‍ പിന്നീടുണ്ടാവുന്നില്ല. എന്നാല്‍, ഒരു കിലോമീറ്ററില്‍ മനുഷ്യന്‍ ഒന്നു കയറി കൃഷിയിറക്കി തുടങ്ങട്ടെ, അവിടെ നശിക്കുന്നത് ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്ഥിതി ചെയ്തിരുന്ന ആവാസ വ്യവസ്ഥിതിയാണ്. ഇതിനെ ഇല്ലായ്മ ചെയ്താല്‍ സംഭവിക്കുന്നത്, മാനവകുലം മുടിയലാണ്. ഇതിനെതിരേയാണ് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ എത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ പാരിസ്ഥിതിക അറിവുകളെ വെട്ടിനുറുക്കി അപമാനിച്ച് അടിച്ചോടിക്കുകയായിരുന്നു കേരളത്തിലെ സാമാന്യ/ പുരോഗമന മലയാളികള്‍ ചെയ്തത്. എന്നിട്ടിപ്പോള്‍, ദുരന്തത്തിന് കാതോര്‍ത്തിരിക്കുകയും ചെയ്യുന്നു. ഓര്‍ത്തു നോക്കൂ, കഴിഞ്ഞ വര്‍ഷം സംഭവിച്ച അതേ വിപത്ത്, തീയതി പോലും തെറ്റാതെ ആവര്‍ത്തിച്ചെങ്കില്‍ പഠിക്കാത്തത് മനുഷ്യന്‍ മാത്രമാണ്.

സാമ്പത്തികമായ ഉന്നതിക്കുപരി മാനുഷികമായ മേന്മ ആഗ്രഹിച്ച മാധവ് ഗാഡ്ഗിലിന്റെ വിദഗ്ധമായ അറിവുകളെ നാം പുച്ഛിച്ചു തള്ളിയത്, അദ്ദേഹത്തെ മനസ്സിലാക്കാന്‍ ഒരു മിനിട്ട്‌പോലും മാറ്റിവെക്കാന്‍ സമയമില്ലാത്തതു കൊണ്ടായിരുന്നു. ഇപ്പോള്‍ പിന്നെയും സാമൂഹിക മാധ്യമങ്ങളില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറന്നു നടക്കുന്നുണ്ട്. എന്നാല്‍, ഈ ഗാഡ്ഗില്‍ ആരാണെന്നു പോലും സാമാന്യമലയാളിയോടു ചോദിച്ചാല്‍ ഉത്തരം മുട്ടും. പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം ഗണിതപരിസ്ഥിതിശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റ് ചെയ്ത വ്യക്തിയാണ് അദ്ദേഹം. ഹാര്‍വാഡില്‍ അദ്ദേഹം ഒരു ഐബിഎം ഫെലോ ആയിരുന്നതു കൂടാതെ അപ്ലൈഡ് മാതമാറ്റിക്‌സില്‍ റിസേര്‍ച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നുവെന്ന് ഓര്‍ക്കണം.

1973 മുതല്‍ 2004 വരെ ബംഗഌരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തില്‍ ഒരു വിഭാഗം ആരംഭിക്കുകയുണ്ടായി. ഗാഡ്ഗില്‍ സ്റ്റാന്‍ഫോഡിലും ബെര്‍ക്‌ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും സന്ദര്‍ശക പ്രഫസര്‍ ആയിരുന്നിട്ടുണ്ട്. അവിടൊക്കെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി മനുഷ്യര്‍ കാതോര്‍ത്തിരുന്നു.

ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യപരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയില്‍ താത്പര്യമുള്ള അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. സ്ഥിരമായി ആനുകാലികങ്ങളില്‍ ഇംഗ്ലീഷിലും പ്രാദേശികഭാഷകളിലും അദ്ദേഹം എഴുതാറുണ്ട്. ഭാരതത്തിലങ്ങോളം ഗവേഷകരുമായും അദ്ധ്യാപകരുമായും നിയമജ്ഞരുമായും സര്‍ക്കാരിതര സംഘടനകളുമായും കര്‍ഷകരുമായുമെല്ലാം അദ്ദേഹം നിരന്തരം ബന്ധപ്പെട്ടു വരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളും കലാശാലാ അദ്ധ്യാപകരുമായും എല്ലാം ജൈവവൈവിധ്യം നിരീഷണങ്ങളിലും അദ്ദേഹം ഏര്‍പ്പെടുന്നുണ്ട്. 2002ലെ ഇന്ത്യ ബയോഡൈവേഴ്‌സിറ്റി ആക്ട് ഉണ്ടാക്കിയ സമിതിയില്‍ ഡോ. ഗാഡ്ഗില്‍ അംഗമായിരുന്നു. അങ്ങനെയുള്ള മനുഷ്യനെയാണ് ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് മൂരാച്ചിയെന്നും വിദേശഫണ്ട് അടിച്ചുമാറ്റുന്ന ചാരന്‍ എന്നുമൊക്കെ വിശേഷിപ്പിച്ചു കളഞ്ഞത്.

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായി ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ശൃംഖലയിലും ഗാഡ്ഗില്‍ സജീവമാണ്. തദ്ദേശവാസികളുടെ അറിവുകള്‍ ആധുനികമായ അറിവുകളുമായി കോര്‍ത്തിണക്കി പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാട്ടുജൈവവൈവിധ്യത്തിന്റെ പട്ടിക ഉണ്ടാക്കാനുള്ള ദേശവ്യാപകമായുള്ള പദ്ധതിയിലും ഡോ. ഗാഡ്ഗില്‍ സജീവമായി ഇടപെടുന്നുണ്ട്. സ്കൂളുകളിലെ പാരിസ്ഥിതിക വിദ്യാഭ്യാസം പരിഷ്കരിക്കാനുള്ള സമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം ഇപ്പോള്‍.

പശ്ചിമഘട്ട ജൈവ വിദഗ്ദസമിതിയുടെ തലവനാണ് ഡോ. ഗാഡ്ഗില്‍. അങ്ങനെയുള്ള പാരിസ്ഥിത മുഖത്തിനു നേര്‍ക്ക് കാര്‍ക്കിച്ചു തുപ്പിയ രാഷ്ട്രീയ/ പുരോഗമന നേതൃത്വങ്ങള്‍ ഇന്ന് അദ്ദേഹത്തിന്റെ പശ്ചിമഘട്ട റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിച്ചു വായിക്കുകയാണ്. തൂമ്പയെടുത്തതു മാത്രമാണ് പ്രശ്‌നമെന്നു മനസ്സിലായപ്പോള്‍ തങ്ങള്‍ ഇനി എവിടെ പോകുമെന്നാണ് കുടിയേറ്റക്കാര്‍ ചോദിക്കുന്നത്? ഈ ചോദ്യത്തിന്റെ പ്രസക്തിയിലേക്കാണ് വയനാട്ടിലെയും ഇടുക്കിയിലെയും ഉരുള്‍ പൊട്ടല്‍ വിരല്‍ചൂണ്ടുന്നത്. എത്ര കൊണ്ടാലും നാമെന്താണ് ഇനിയും പഠിക്കാത്തത്. നമുക്ക് പ്രകൃതി അമ്മയായിരുന്നു. ചുറ്റുപാടുമുള്ള മരങ്ങള്‍ ദേവീദേവ സങ്കല്‍പ്പമായിരുന്നു. പ്രകൃതിയെ ചൂഷണം ചെയ്തു കുടിപ്പക തീര്‍ക്കുമ്പോഴും ഇത്രകാലം ക്ഷമിച്ചു നില്‍ക്കുകയായിരുന്നു അത്. എന്നിട്ടിപ്പോള്‍ പിടഞ്ഞു വീഴുന്നത് അതിന്റെ നെഞ്ചിന്‍കൂട് തകര്‍ത്തതു കൊണ്ടു മാത്രമാണ്. അതിനു വേണ്ടി എന്തു ന്യായവാദങ്ങള്‍ നിരത്തിയാലും ഉറപ്പിച്ചു തന്നെ പറയാം, അതു തന്നെയാണ് സത്യം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക