Image

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വന്‍ വിജയം

Published on 14 August, 2019
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വന്‍ വിജയം
ഡാളസ്: ഡാളസ് സ്കൂള്‍ ഓഫ് തിയോളജിയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന് അനുഗ്രഹ സമാപ്തി. ആഗസ്റ്റ് 11ന് ഗാര്‍ലെന്റിലുള്ള പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡില്‍ വച്ചു നടന്ന സംഗമത്തിന് കോര്‍ഡിനേറ്റര്‍ മാത്യൂ ശാമുവല്‍ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ പാസ്റ്റര്‍ ടി വി ജോര്‍ജ്ജ് , ബൈബിള്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ പാസ്റ്റര്‍ എബ്രഹാം തോമസ് എന്നിവര്‍ ലഘു സന്ദേശങ്ങള്‍ നല്‍കി. മറ്റൊരാളുടെ പ്രവൃത്തിയുമായി താരതമ്യം ചെയ്തു സമയം നഷ്ടമാക്കാതെ തങ്ങളെ  ശ്രേഷ്ഠമേറിയ വേലയ്ക്ക് വിളിച്ച ഉടയവനായ ദൈവത്തെ പ്രസാദിപ്പിക്കണമെന്ന ചിന്ത ഓരോ ക്രിസ്ത്യാനിയിലും ഉണ്ടാകണമെന്ന് പാസ്റ്റര്‍ടി വി ജോര്‍ജ്ജ് ഉദ്‌ബോദിപ്പിച്ചു. ക്രിസ്തീയ ശുശ്രൂഷയില്‍ മാതൃകാ ജീവിതത്തിന്‍റെ പ്രാധാന്യം പാസ്റ്റര്‍ എബ്രഹാം തോമസ് എടുത്തു പറഞ്ഞു.

ആത്മീയ മേഖലയില്‍ ഭാഗികമായോ പൂര്‍ണ്ണമായോ വ്യാപൃതരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ തങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളെയും അവിടെ ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങളെയും പറ്റി പ്രസ്താവിച്ചത് സദസ്സിന് ആവേശം നല്‍കുന്നതായിരുന്നു. പഠനം പൂര്‍ത്തിയാക്കിയ  ബൈബിള്‍ സ്കൂള്‍ വിദ്യാര്‍ഥികളില്‍   കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ ബിസിനസ് മെഡിക്കല്‍ പ്രൊഫഷണല്‍ രംഗത്തുള്ളവര്‍ വരെയുള്‍പ്പെടുന്നു. ആത്മീയ രംഗത്തും സെക്കുലര്‍ രംഗത്തും അവര്‍ ചെയ്യുന്ന പ്രശംസനീയമായ ക്രിസ്തീയ സേവനങ്ങള്‍ തദവസരത്തില്‍ വിവരിക്കുകയുണ്ടായി.

(അക്കാദമിക്ക് ഡീന്‍) തോമസ് മുല്ലയ്ക്കല്‍ കൃതജ്ഞത പ്രകാശിപ്പിച്ചു , ഡോ. ജോസഫ് ഡാനിയേല്‍ (പ്രസിഡന്‍റ്), കെ കെ മാത്യു(രജിസ്ട്രാര്‍) എന്നിവര്‍ അനുഗ്രഹ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. അടുത്ത വര്‍ഷത്തെ ഡാളസ് സ്കൂള്‍ ഓഫ് തിയോളജി അലുമിനാ അസോസിയേഷന്‍റെ പ്രസിഡന്‍റായി പാസ്ടര്‍ മാത്യൂ ശാമുവലിനെയും ട്രഷററായി ബ്രദര്‍ സ്റ്റാന്‍ലിയെയും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുത്തു.

മറുനാട്ടിലെ മലയാളികള്‍ക്ക് ഒരു വേദ പഠനകേന്ദ്രം എന്ന ലക്ഷ്യവുമായി 2007ല്‍ ഡാളസില്‍ ആരംഭിച്ച ഡാളസ് സ്കൂള്‍ ഓഫ് തിയോളജി അതിന്‍റെ വിജയകരമായ 12 വര്‍ഷത്തിലേക്ക് കടക്കുകയാണ്. ബൈബിളിന്‍റെ  ചരിത്രം, വ്യാഖ്യാനം, ദൈവ ശാസ്ത്രം, വിവിധ മതങ്ങള്‍ എന്നിങ്ങനെ 36ഓളം വിഷയങ്ങളാണ് ഇവിടെ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് പഠിപ്പിക്കുന്നത്. പാസ്റ്റര്‍മാരായ എബ്രഹാം തോമസ് (പ്രിന്‍സിപ്പാള്‍), ഡോ. ജോസഫ് ഡാനിയേല്‍ (പ്രസിഡന്‍റ്), തോമസ് മുല്ലയ്ക്കല്‍(അക്കാദമിക്ക് ഡീന്‍), കെ കെ മാത്യു(രജിസ്ട്രാര്‍) എന്നിവര്‍ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നു. ഗാര്‍ലെന്റിലുള്ള പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡിലും ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള ഹെബ്രോന്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പിലുമായി രണ്ടു സ്ഥലങ്ങളിലാണ് ബൈബിള്‍ സ്കൂള്‍ ഇപ്പോള്‍ നടന്നു വരുന്നത്. എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈകുന്നേരം 6മണി മുതല്‍ 9മണി വരെയാണ് പഠന സമയം.

അടുത്ത അദ്ധ്യയനവര്‍ഷത്തെ ക്ലാസ്സുകള്‍ ആഗസ്റ്റ് 19ന് ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.469 682 5031/ 214 223 1194

വാര്‍ത്ത അയച്ചത് : രാജു തരകന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക