Image

അവയവദാന ദിനത്തില്‍ ദീപ്തമാകുന്ന രേഖാ നായരുടെ മാതൃക (ശ്രീനി)

Published on 13 August, 2019
അവയവദാന ദിനത്തില്‍ ദീപ്തമാകുന്ന രേഖാ നായരുടെ മാതൃക (ശ്രീനി)
ഓഗസ്റ്റ് 13...ലോകമെങ്ങും ആചരിക്കുന്ന അവയവദാന ദിനം. ആഗോള വ്യാപകമായി അവയവദാനത്തെക്കുറിച്ച് വളരെ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്ന കാലഘട്ടമാണിത്. ഒരാള്‍ മരിക്കുമ്പോള്‍ മണ്ണോട് മണ്ണടിയുന്ന മനുഷ്യ അവയവങ്ങള്‍ക്ക് മറ്റൊരാളുടെ മരണമൊഴിവാക്കാന്‍ കഴിയുമെന്ന മഹത് സന്ദേശം കൂടുതല്‍ ജീവസുറ്റതാകുന്ന ഈ ദിനത്തില്‍ അവയവദാനം പ്രോല്‍സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയായിത്തന്നെ കരുതേണ്ടതുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ കിഡ്‌നിയും കരളിന്റെ പാതിയും നല്‍കി മറ്റുള്ളവരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന നിരവധി പേര്‍ നമുക്കു ചുറ്റുമുണ്ട്.

ഈ അവയവദാന ദിനത്തില്‍ അമേരിക്കന്‍ മലയാളിയും ഫോമായുടെ സജീവ പ്രവര്‍ത്തകയുമായ രേഖാ നായര്‍ കാട്ടിയ മാതൃക സ്മരണീയവും മറ്റുള്ളവര്‍ക്ക് പ്രോല്‍സാഹനവുമാണ്.

അവയവ ദാനം ചൈതന്യവത്താക്കുന്ന ലോകത്തെ സുമനസുകള്‍ക്കെല്ലാം മഹത്തായ മാതൃകയും ജീവസ്സുറ്റ പ്രതീകവുമായി മാറുകയായിരുന്നു രേഖ. താന്‍ ജീവിക്കുന്ന കര്‍മഭൂമിയിലെ ഒരു സഹോദരിയുടെ ജീവന് തുടിപ്പേകാന്‍ രേഖ സ്വന്തം വൃക്ക നല്‍കി മാനവികതയ്ക്ക് സാഹോദര്യത്തിന്റെയും സമഭാവനയുടെയും മറ്റൊരര്‍ത്ഥം കല്‍പ്പിക്കുകയുണ്ടായി. അവയവദാന വാര്‍ത്തകള്‍ വലിയ പബ്ലിസിറ്റി നേടുന്ന ഇക്കാലത്ത് തന്റെ മനംനിറഞ്ഞ ദാനത്തിന്റെ ഉറച്ച തീരുമാനവും തുടര്‍ന്നുള്ള ശസ്ത്രക്രിയയുമെല്ലാം രേഖയും കുടുംബവും രഹസ്യമാക്കി വയ്ക്കുകയാണുണ്ടായത്. എന്നാല്‍ പിന്നീടത് ഒരു 'പോസിറ്റീവ് സ്റ്റോറി' ആയി മാധ്യമങ്ങള്‍ കവര്‍ ചെയ്തു.

ന്യൂജേഴ്‌സിയിലെ ലിവിങ്സ്റ്റണിലുള്ള സെന്റ് ബര്‍ണബാസ് ആശുപത്രിയില്‍ 2017 ജൂലൈ 11-ാം തീയതിയായിരുന്നു, സഹജീവി സ്‌നേഹ ചരിത്രത്തില്‍ ഇടം പിടിച്ച ആ ശസ്ത്രക്രിയ നടന്നത്.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ ഡാറ്റാ അനലിസ്റ്റായിരിക്കെയാണ് രേഖയുടെ ഈ ജീവകാരുണ്യ പ്രവര്‍ത്തി.

വൃക്ക ദാനം ചെയ്തതിനെുറിച്ച് രേഖാ നായര്‍ അന്ന് പറഞ്ഞതിങ്ങനെ...''നമ്മളെ പോലെ എല്ലാവര്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടല്ലോ. എന്റെ പ്രായമുള്ള ഒരാള്‍, അവര്‍ക്കും എന്നെ പോലെ തന്നെ ജീവിക്കുവാനുള്ള ആഗ്രഹമുണ്ടാകുമല്ലോ. ഇങ്ങനെയൊരു അസുഖം വന്നു പോയതുകൊണ്ട് അവര്‍ എന്തു തെറ്റാണ് ചെയ്തത്. കിഡ്‌നിയും ഹാര്‍ട്ടും ലിവറുമൊക്കെ നമുക്ക് ദൈവം തരുന്നതാണ്. അവയൊന്നും കടയില്‍ പോയി കാശ് കൊടുത്ത് വാങ്ങാന്‍ പറ്റുകയില്ല. ദൈവം സൃഷ്ടിച്ച നമ്മള്‍, അവ മറ്റൊരാള്‍ക്ക് ദാനം ചെയ്യുമ്പോള്‍ അവരും ജീവിക്കുകയല്ലേ...നമ്മള്‍ അവരെ ജീവിക്കുവാന്‍ സഹായിക്കുകയല്ലേ...ഇത് വലിയൊരു തുടര്‍ച്ചയാണ്. എല്ലാവരും അതിനോട് യോജിക്കണമെന്നില്ല. ഇത്തരം കാര്യങ്ങളില്‍ ഞാന്‍ ആരോടും നോ പറയുകയില്ല. എന്റെ മാത്രം ഇഷ്ടപ്രകാരമാണ് ഞാനിത് ചെയ്തത്. അവയവ ദാനം മഹത്തായ ഒരു കര്‍മ്മമാണ്. എന്നാല്‍ ഇതിന് വ്യക്തമായ ബോധവത്ക്കരണം നമ്മുടെ സമൂഹത്തില്‍ കാലാകാലങ്ങളില്‍ ഉണ്ടാവേണ്ടതുണ്ട്...''”

തൊടുപുഴ സ്വദേശി രാമചന്ദ്രന്‍, കോട്ടയം സ്വദേശിനി ദേവകി എന്നിവരുടെ മകളാണ് രേഖാ നായര്‍. വൃക്ക ദാനം ചെയ്യാനുള്ള തീരുമാനം രേഖയുടേത് മാത്രമായിരുന്നു. എന്നാല്‍ ഈ തീരുമാനം കേട്ടപ്പോള്‍ മാതാപിതാക്കള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ രേഖയുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ അവര്‍ മൗനസമ്മതം നല്‍കുകയായിരുന്നു. രേഖയുടെ ഭര്‍ത്താവ് നിഷാന്ത് നായര്‍ ഈ തീരുമാനത്തെ എതിര്‍ത്തില്ലെങ്കിലും അദ്ദേഹത്തിന് അല്പം ഭയമുണ്ടായിരുന്നു. എന്നാല്‍ നിഷാന്തിന്റെ സഹോദരി ഡോ. നിഷ പിള്ളയുടെ അളവറ്റ പ്രോത്സാഹനവും ഓപ്പറേഷന് മുമ്പ് ആശുപത്രി അധികൃതര്‍ നല്‍കിയ ക്ലാസ്സുകളുമൊക്കെ തങ്ങളുടെയെല്ലാം ഭയം മാറ്റിയെന്ന് നിഷാന്തിനെ സാക്ഷ്യപ്പെടുത്തി രേഖാ നായര്‍ പറഞ്ഞു.

രേഖാനായര്‍ പറഞ്ഞതനുസരിച്ച് ഇക്കാര്യത്തില്‍ വ്യാപകമായ ബോധവല്‍ക്കരണം ഉണ്ടാവേണ്ടതുണ്ട്. ജീവിച്ചിരിക്കുമ്പോഴോ, മരണ ശേഷമോ, മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയതിനു ശേഷമോ അവയവം ദാനം ചെയ്യാം. പ്രായം, ലിംഗം എന്നിവ കണക്കിലെടുക്കാതെ ആര്‍ക്കും അവയവങ്ങളോ കോശങ്ങളോ ദാനം ചെയ്യാം. മനുഷ്യശരീരത്തില്‍ എട്ടു പേര്‍ക്ക് എങ്കിലും ജീവന്‍ നിലനിര്‍ത്താനുള്ള പ്രധാന അവയവങ്ങളുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന മുപ്പതിലേറെ ശരീര ഭാഗങ്ങള്‍ വേറെയും. സര്‍ക്കാര്‍ തലത്തില്‍ അവയവ ബാങ്ക് സംവിധാനമുള്ള രാജ്യങ്ങളുമുണ്ട്.

അവയവദാനതിനു സന്നദ്ധരായവരുടെ സമ്മത പത്രം ശേഖരിക്കുകയാണ് ആദ്യ ഘട്ടം. 18 വയസില്‍ താഴെ പ്രായമുള്ളവരാണെങ്കില്‍ മാതാപിതാക്കളുടെയോ രക്ഷാകര്‍ത്താവിന്റെയോ അനുമതി നിര്‍ബന്ധമാണ്.

ഒരു പ്രധാന അവയവത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം വര്‍ഷം തോറും ഇന്ത്യയില്‍ അഞ്ച് ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. കണ്ണുകള്‍ (കോര്‍ണിയ), വൃക്കകള്‍, കരള്‍, ഹൃദയം, മദ്ധ്യകര്‍ണത്തിലെ ഓസിക്കിളുകള്‍ എന്ന അസ്ഥികള്‍, മജ്ജ, ശ്വാസകോശം, പാന്‍ക്രിയാസ്, മുഖവും കൈകാലുകളും ലിംഗവും പോലെയുള്ള ശരീരഭാഗങ്ങള്‍, ത്വക്ക്, ചെറുകുടല്‍, ഗര്‍ഭപാത്രം, കൈപ്പത്തി, രക്തക്കുഴലുകള്‍ തുടങ്ങി മാറ്റിവയ്ക്കാവുന്ന അവയവങ്ങളും കലകളും നമ്മുടെ ശരീരത്തിലുണ്ട്. ബോസ്റ്റണിലെ ബ്രിഹാം ഹോസ്പിറ്റലില്‍ 1954 ഡിസംബര്‍ 23നാണ് ലോകത്തില്‍ ആദ്യമായി വിജയകരമായ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്.

എന്നാല്‍ ആദ്യ കാലങ്ങളില്‍ അവയവദാന ശസ്ത്രക്രിയകള്‍ക്ക് നേരിടേണ്ടി പ്രധാന പ്രതിസന്ധി റിജക്ഷന്‍ ആയിരുന്നു. ദാതാവില്‍ നിന്നും സ്വീകരിച്ച അവയവം, സ്വീകര്‍ത്താവിന്റെ ശരീരം തിരസ്‌ക്കരിക്കുന്ന അവസ്ഥയാണിത്. റിജക്ഷന്‍ തടയാന്‍ ഉപയോഗിക്കുന്ന സൈക്ലോസ്‌പോറിന്‍ മരുന്നിന്റെ കണ്ടുപിടിത്തമാണ് അവയവദാന ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയത്. ഇന്ത്യയിലെ ആദ്യ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 1965ല്‍ മുംബെ കെ.ഇ.എം ഹോസ്പിറ്റലില്‍ നടന്നു. 1994 ല്‍ ഇന്ത്യയില്‍ മനുഷ്യ അവയവമാറ്റ നിയമം പാസായി. ഇന്ത്യന്‍ നിയമപ്രകാരം അവയവദാനത്തിന് ഏതു രീതിയിലുള്ള പ്രതിഫലം പറ്റുന്നതും നിരോധിച്ചിട്ടുള്ളതും, ശിക്ഷാര്‍ഹവുമാണ്.

കേരള സര്‍ക്കാരിന്റെ സംരംഭമായ 'മൃതസഞ്ജീവനി' എന്ന പദ്ധതി 2012ല്‍ നിലവില്‍ വന്നു. അവയവദാനത്തെപ്പറ്റി ബോധവാനായ ഒരാള്‍ സമ്മതപത്രം പൂരിപ്പിച്ച് കൈവശം വയ്ക്കുന്നത് അഭികാമ്യമാണ്. അവയവദാനത്തിന് നിയമപരമായി ഏറ്റവും അനിവാര്യം ബന്ധുക്കളുടെ സമ്മതമാണ്. ജീവിച്ചിരിക്കുമ്പോള്‍ നമുക്കു ചെയ്യാന്‍ കഴിയുന്നത് ഈ പ്രവൃത്തിയെപ്പറ്റി ബോധമുള്ളവരായിരിക്കുക എന്നുള്ളതാണ്. മാറ്റിവയ്ക്കാന്‍ അവയവം കിട്ടാത്തതിന്റെ പേരില്‍ ലോകത്ത് ഒരാള്‍ പോലും മരണമടയരുതെന്നാണ് അവയവദാന ദിനത്തില്‍ നാമോരോരുത്തരും ഉറപ്പാക്കേണ്ടത്.

ഇക്കൊല്ലം കേരളത്തില്‍ ആദ്യ മരണാനന്തര അവയവ ദാതാവായി മാറിയത് അടൂര്‍ ഏനാത്ത് രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായിരുന്ന അമല്‍ എന്ന ഇരുപത്തൊന്ന് വയസുകാരനാണ്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ അമല്‍ അച്ഛനോടൊപ്പം വീട്ടിലേക്ക് വരുന്ന വഴി ഉണ്ടായ അപകടത്തില്‍പെട്ട് മരണപ്പെടുകയായിരുന്നു. ഷാര്‍ജ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥനായ അമലിന്റെ അച്ഛന്‍ രാജന്‍ പിള്ള (58) ജോലിയില്‍നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങി വരവേ 2019 ജനുവരിയില്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരുന്നതിനായാണ് അമല്‍ എയര്‍പോര്‍ട്ടിലെത്തിയത്. വരുന്ന വഴി ഇവര്‍ സഞ്ചരിച്ച കാര്‍ ഭരണിക്കാവില്‍ വച്ച് ബസുമായി കൂട്ടിമുട്ടുകയായിരുന്നു.

അപകടത്തില്‍ തലക്ക് ക്ഷതമേറ്റ രാജന്‍ പിള്ള സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അമലിനെ തിരുവനന്തപുരത്ത് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മസ്തിഷ്‌കമരണം സംഭവിച്ച അമലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഭര്‍ത്താവിനേയും ഏക മകനേയും നഷ്ടപ്പെട്ടിട്ടും മസ്തിഷ്‌ക മരണം സംഭവിച്ച മകന്റെ ആന്തരികാവയങ്ങള്‍ ദാനം ചെയ്യാന്‍ അമ്മ വിജയശ്രീ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മൃതസഞ്ജീവനിയുടെ പ്രവര്‍ത്തകര്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. അമലിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള രോഗിക്കും മറ്റൊരു വൃക്കയും കരളും കിംസില്‍ തന്നെ ചികില്‍സയില്‍ കഴിയുന്ന രണ്ടു രോഗികള്‍ക്കും കോര്‍ണിയ തിരുവനന്തപുരത്ത് കണ്ണാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കും നല്‍കാന്‍ അമ്മ സമ്മതിക്കുകയായിരുന്നു. ഇങ്ങനെ മരിച്ചിട്ടും അമലിന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ തുടിക്കുന്നു. അതാണ്, അതുതന്നെയാണ് അവയവദാനത്തിന്റെ മഹത്വം. 
അവയവദാന ദിനത്തില്‍ ദീപ്തമാകുന്ന രേഖാ നായരുടെ മാതൃക (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക