Image

ഉരുള്‍പൊട്ടിയിടത്തെ രക്ഷാപ്രവര്‍ത്തനം (മുരളി തുമ്മാരുകുടി)

Published on 11 August, 2019
ഉരുള്‍പൊട്ടിയിടത്തെ രക്ഷാപ്രവര്‍ത്തനം (മുരളി തുമ്മാരുകുടി)
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തമ്മില്‍ സാങ്കേതികമായ ചില മാറ്റങ്ങള്‍ ഉണ്ട്. പ്രായോഗികമായി രണ്ടിലും സംഭവിക്കുന്നതു മണ്ണും കല്ലും വെള്ളവും ഒക്കെക്കൂടി താഴേക്ക് ഊര്‍ന്ന് വരികയോ ഒഴുകി വരികയോ ആണ്. അതിന്റെ രീതിയിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രതിരോധത്തിലും ഉള്ള സാമ്യം കാരണം തല്‍ക്കാലം ഈ വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ഉരുള്‍പൊട്ടല്‍ എന്നു പറയാം. ഈ വര്‍ഷം കൂടുതല്‍ മരണം സംഭവിച്ചത് ഉരുള്‍പൊട്ടലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതു മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ നോക്കുമ്പോള്‍ സമാനമാണ്. ഉരുള്‍പൊട്ടലിന്റെയോ മണ്ണിടിച്ചിലിന്റെയോ പാതയില്‍പെട്ടാല്‍ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണു കാരണം;

1. പ്രളയം പോലെ പതുക്കെയല്ല, ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്. വൃഷ്ടിപ്രദേശത്തു മഴ പെയ്താല്‍ ഓരോ തവണയും പുഴയില്‍ വെള്ളം ഉയരുമെന്നതു കൃത്യമായ ശാസ്ത്രം ആകുമ്പോള്‍ കുന്നിന്‍ മുകളില്‍ മഴ പെയ്താല്‍ കുന്നിടിഞ്ഞു വരുമെന്നത് അത്ര സ്വാഭാവികമല്ല. അതുകൊണ്ടു തന്നെ മുന്നറിയിപ്പുകള്‍ നല്‍കുക എളുപ്പമല്ല. ഇതാണ് ഉരുള്‍പൊട്ടലില്‍ ഏറെ ആളുകള്‍ മരിക്കാന്‍ കാരണം. തലമുറകളായി ഒരേ കുന്നിന്റെ താഴെ താമസിക്കുന്നവരായിരിക്കും, വര്‍ഷങ്ങളോളം മഴക്കാലത്ത് ഒരു കുഴപ്പവും ഇല്ലാതിരുന്ന മലയും ആയിരിക്കും. അതുകൊണ്ട് ഓരോ മഴക്കാലത്തും അവര്‍ അവിടെ നിന്നും മാറി താമസിക്കില്ല. പക്ഷെ ചില വര്‍ഷങ്ങളില്‍ ഒന്നില്‍ കൂടുതല്‍ സാഹചര്യങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ കുന്നിടിഞ്ഞു താഴേക്കു വരും, ആളുകള്‍ അടിപ്പെടുകയും ചെയ്യും.

നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു; അബുദാബി വിമാനം ഇറങ്ങി
TOP NEWS
നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു; അബുദാബി വിമാനം ഇറങ്ങി
2. സാധാരണഗതിയില്‍ ഉരുള്‍ പൊട്ടലിന്റെ വിഡിയോ ചിത്രങ്ങള്‍ ലഭ്യമാകാറില്ല, പക്ഷെ ലഭ്യമായ അപൂര്‍വം വീഡിയോകള്‍ കണ്ടാല്‍ അറിയാം എത്ര ഭീതിതമായ വേഗത്തിലാണ് അതു സംഭവിക്കുന്നതെന്ന്. അതില്‍ നിന്നും ഓടി രക്ഷപ്പെടുക എളുപ്പമല്ല. രാത്രിയിലാണെങ്കില്‍ നമ്മള്‍ അറിയുക കൂടി ഇല്ലല്ലോ.

4. മണ്ണും വെള്ളവും ചിലപ്പോള്‍ കല്ലും കൂടിയാണു കുത്തിയൊഴുകി വരുന്നത്. അതിനകത്തു പെട്ടാല്‍ നമ്മള്‍ മരിക്കുന്നതിനു മുന്‍പ് തന്നെ നമുക്കു നന്നായി പരുക്കു പറ്റും. വെള്ളത്തില്‍ പെടുന്നവര്‍ക്കു നീന്തി രക്ഷപെടാനുള്ള ഒരു സാധ്യത എങ്കിലും ഉണ്ട്. മണ്ണൊലിപ്പില്‍ പെടുന്നവര്‍ക്ക് അതിനുള്ള ആരോഗ്യമോ ബോധമോ പലപ്പോഴും ഉണ്ടാകില്ല.

5. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെടുന്ന ഭൂരിഭാഗം പേരും വേഗം തന്നെ മരിച്ചിരിക്കും, ഇനി അഥവാ ഏതെങ്കിലും പാറയുടെയോ ഭിത്തിയുടെയോ മറവില്‍ ജീവനോടെ ഉണ്ടെങ്കിലും ബോധം മറഞ്ഞിരിക്കാനാണു കൂടുതല്‍ സാധ്യത. ഇത്തരം സാഹചര്യങ്ങള്‍ അപൂര്‍വമാണ്.

ഈ പറഞ്ഞ കാര്യങ്ങളാല്‍ ഉരുള്‍ പൊട്ടലിന്റെയും മണ്ണൊലിപ്പിന്റെയും സാഹചര്യത്തില്‍ നമുക്ക് ചെയ്യാന്‍ പറ്റുന്നതു രക്ഷാപ്രവര്‍ത്തനത്തില്‍ (റെസ്‌ക്യൂ) ഉപരി വീണ്ടെടുക്കല്‍ (റിക്കവറി) ആണ്. ഇതു മനസ്സിലാക്കി വേണം ഉരുള്‍ പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും സാഹചര്യത്തില്‍ നമ്മള്‍ ഇടപെടാന്‍. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെ പറയുന്നു.

1. ഉരുള്‍ പൊട്ടിയ പ്രദേശത്ത് ആളുകള്‍ ജീവനോടെ ബാക്കി ഉണ്ടാകാനുള്ള സാധ്യത ഏറ്റവും കുറവാണെന്നു പറഞ്ഞല്ലോ. അതുകൊണ്ടു തന്നെ ഏറ്റവും വേഗത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങുക എന്നതല്ല, ഏറ്റവും സുരക്ഷിതമായി പ്ലാന്‍ ചെയ്തു പ്രവര്‍ത്തനം നടത്തുകയെന്നതാണു ശരിയായ കാര്യം. ഇക്കാര്യം നാട്ടുകാരെയും ബന്ധുക്കളേയും പറഞ്ഞു മനസിലാക്കുക എളുപ്പമല്ലെങ്കിലും ശ്രമിക്കേണ്ടതാണ്.

2. മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും ഉണ്ടായ പ്രദേശം ഏറെ അസ്ഥിരമായിരിക്കുമെന്നതിനാല്‍ അവിടെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ കാര്യം മനസ്സിലാക്കി വേണം വീണ്ടെടുക്കല്‍ പ്രവര്‍ത്തനം തുടങ്ങാന്‍. രാത്രിയിലോ കനത്ത മഴ പെയ്തുകൊണ്ടിരിക്കുമ്പോഴോ വീണ്ടെടുക്കല്‍ പ്രവര്‍ത്തനം നടത്തുന്നത് എല്ലാവരുടെയും അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. ആളുകളുടെ സമ്മര്‍ദം ഉണ്ടാകുമെങ്കിലും അതു ചെയ്യാതിരിക്കുന്നതാണു ശരിയായ രീതി.

3. മണ്ണടിച്ചിലും ഉരുള്‍ പൊട്ടലും നടന്ന സ്ഥലം അസ്ഥിരമായതിനാല്‍ ഏറെ വാഹനങ്ങളും, പ്രത്യേകിച്ച് ജെസിബിയും ഹെവി വാഹനങ്ങളും എത്തിക്കുന്നത് അപകട സാധ്യത കൂട്ടുകയാണ്. ആളുകള്‍ മണ്ണില്‍ പുതഞ്ഞു ജീവനോടെ കിടക്കുന്നുണ്ടോയെന്നു കണ്ടുപിടിക്കലാണ് ഏറ്റവും ആദ്യമായി ചെയ്യേണ്ടത്. അതിന് ഹെവി വാഹനങ്ങളല്ല, ശാസ്ത്രീയമായ ഉപകരണങ്ങളാണു വേണ്ടത്.

4. ഏറ്റവും കുറച്ചാളുകള്‍, അതും പരിശീലനം ലഭിച്ചവര്‍ മാത്രമേ ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാവൂ. മണ്ണിനടിയില്‍ ആളുകള്‍ ഉണ്ടോയെന്നറിയാനുള്ള ചെറിയ റഡാര്‍ ഉപകരണങ്ങള്‍, മണ്ണിനടിയില്‍ കിടക്കുന്ന ആള്‍ ജീവനോടെയാണോയെന്നു പരിശോധിക്കാന്‍ കഴിയുന്ന ഇന്‍ഫ്രാ റെഡ് ഉപകരണങ്ങള്‍, ചെറിയ ഒച്ച പോലും പിടിച്ചെടുക്കാന്‍ കഴിയുന്ന പ്രോബ് മൈക്രോഫോണ്‍, ദുരന്തമുള്ള പ്രദേശത്തേക്കു പോകാതെ സുരക്ഷിതമായി നിന്ന് ആകാശ വീക്ഷണം നടത്താന്‍ പറ്റിയ ഡ്രോണുകള്‍ എന്നിങ്ങനെ അനവധി ആധുനിക സംവിധാനങ്ങള്‍ രക്ഷാ സംവിധാനത്തില്‍ ഉണ്ടാകണം.

5. ഫയര്‍ഫോഴ്സും നാട്ടുകാരും വീട്ടുകാരും ഒക്കെക്കൂടി ജെസിബിയും മറ്റു വാഹനങ്ങളുമായി കൂട്ടമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കണം. ദുരന്ത പ്രദേശത്ത് ആളുകള്‍ കൂടുന്നത് അവരുടെ ദുരന്ത സാധ്യത കൂട്ടുന്നുവെന്നത് കൂടാതെ അസ്ഥിരമായ പ്രദേശം കൂടുതല്‍ അസ്ഥിരമാക്കി കൂടുതല്‍ അപകടം വിളിച്ചു വരുത്താനുള്ള സാധ്യത കൂടിയുണ്ട്.

6. രക്ഷാപ്രവര്‍ത്തനത്തിനോ റിക്കവറി പ്രവര്‍ത്തനത്തിനോ ആയിരം കാഴ്ചക്കാരുടെ ഒരാവശ്യവും ഇല്ലെന്നു പ്രത്യേകം പറയേണ്ടല്ലോ. മാധ്യമങ്ങളും ഏറ്റവും സുരക്ഷിതമായ സ്ഥലത്തു നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതാണു ശരി.

7. രക്ഷാ പ്രവര്‍ത്തനത്തിന്റെ സംയോജനവും പ്രഥമ ചികില്‍സയും രക്ഷാപ്രവര്‍ത്തകര്‍ക്കു ഭക്ഷണവും മറ്റു പ്രാഥമിക സൗകര്യങ്ങളുമെല്ലാം ദുരന്ത പ്രദേശത്തു നിന്നും മാറി സുരക്ഷിതമായ ഒരു സ്ഥലത്ത് മാത്രമേ സെറ്റ് ചെയ്യാവൂ (ഓണ്‍ സൈറ്റ് കമാന്‍ഡ് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍). അവിടെ നിന്നും ദുരന്ത പ്രദേശത്തേക്കു പോകുന്നതു പരിശീലനം ലഭിച്ച രക്ഷാപ്രവര്‍ത്തകര്‍ മാത്രം ആകണം. അവരുടെ കൃത്യമായ എണ്ണം വേണം, ഒരു ബഡി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുകയും വേണം (എപ്പോഴും രണ്ടു പേര്‍ ഒരു ടീം ആയി).

8. മണ്ണിടിച്ചില്‍ രക്ഷാ പ്രവര്‍ത്തനം നടക്കുന്നിടത്തേക്ക് വിഐപികള്‍ വരുന്ന സാഹചര്യം ഉണ്ടാകരുത്. അവര്‍ വന്നാല്‍ തന്നെ ദൂരെയുള്ള ഓണ്‍ സൈറ്റ് കമാന്‍ഡ് സെന്ററില്‍ നിന്നു കാര്യങ്ങള്‍ അറിയാമല്ലോ.

9. ദുരന്തത്തില്‍ അകപ്പെട്ടവരുടെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ദുരന്തമുഖത്തു നിന്നും മാറ്റുന്നതാണ് അവരുടെ മാനസിക ആരോഗ്യത്തിനും രക്ഷാപ്രവര്‍ത്തനത്തിന് പ്രഫഷനലിസത്തിനും നല്ലത്. അല്ലെങ്കില്‍ ഇരു കൂട്ടരും മാനസിക സമ്മര്‍ദത്തില്‍ ആകും, അക്രമം വരെ ഉണ്ടാകാം.

10. ദുരന്തത്തില്‍ എത്ര പേര്‍ പെട്ടിട്ടുണ്ട് എന്നതിനെ പറ്റി ആദ്യമേ കിട്ടുന്ന വിവരങ്ങള്‍ പൊതുവെ തെറ്റും പെരുപ്പിച്ചതും ആയിരിക്കും. ഈ വിവരങ്ങള്‍ ഏറ്റവും കൃത്യമായി ശേഖരിക്കാന്‍ ആ നാട്ടിലെ പഞ്ചായത്ത് മെമ്പറും പൊലീസും ഉള്‍പ്പെട്ട ഒരു ചെറിയ ഗ്രൂപ്പ് വേണം. അപകടത്തില്‍പെടാത്ത ആളുകളെ തിരഞ്ഞു സമയം കളയുകയും ദുരന്ത സാധ്യത കൂട്ടുകയും ചെയ്യരുതല്ലോ.

11. രക്ഷാ പ്രവര്‍ത്തനത്തിനിടയ്ക്കു മഴ കനക്കുകയോ അപകട സാധ്യത കൂടുകയോ ചെയ്യുന്നതായി തോന്നിയാല്‍ രക്ഷാ- റിക്കവറി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ തീരുമാനിക്കണം. ഈ തീരുമാനം മറ്റുള്ളവര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പടെ, അംഗീകരിക്കുകയും വേണം.

12. ആദ്യമേ പറഞ്ഞതു പോലെ മണ്ണിടിച്ചിലിന്റെ സാഹചര്യത്തില്‍ ആളുകള്‍ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണ്. പലപ്പോഴും മരിച്ച ആളുടെ മൃതശരീരം പോലും ലഭ്യമായില്ലെന്നു വരാം. ഇക്കാര്യം എല്ലാവരും മനസ്സിലാക്കണം, നാട്ടുകാരേയും ബന്ധുക്കളേയും പറഞ്ഞു മനസ്സിലാക്കുകയും വേണം.

ഒരു വര്‍ഷത്തെ പ്രളയവും അടുത്ത വര്‍ഷത്തെ പ്രളയവും തമ്മില്‍ പരസ്പര ബന്ധമില്ല. പക്ഷെ മണ്ണിടിച്ചിലിന്റെ കാര്യം അങ്ങനെയല്ല. ഒരു വര്‍ഷം മണ്ണിടിഞ്ഞ് അസ്ഥിരമായ സ്ഥലത്ത് അടുത്ത വര്‍ഷവും മണ്ണിടിയാനുള്ള സാധ്യതയുണ്ട്, പലപ്പോഴും കൂടുതലുമാണ്. കഴിഞ്ഞ വര്‍ഷത്തെ പെരുമഴ ഈ വര്‍ഷം മണ്ണിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും സാധ്യത വളരെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ചെറിയ മഴയില്‍ പോലും ഇനിയും വലിയ മണ്ണിടിച്ചില്‍ ഉണ്ടാകാം, വരും വര്‍ഷങ്ങളില്‍ ഇതു തുടരും. മുന്‍കരുതലുകള്‍ എടുക്കുകയെന്നതു പ്രധാനമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക