Image

ഏകീകരണത്തിന്റെ പേരില്‍ ബി.ജെ.പി. കാശ്മീരിനെ വിഭജിക്കുന്നു, പ്രതിപക്ഷത്തെയും(ദല്‍ഹികത്ത്- പി.വി.തോമസ് )

പി.വി.തോമസ് Published on 09 August, 2019
 ഏകീകരണത്തിന്റെ പേരില്‍ ബി.ജെ.പി. കാശ്മീരിനെ വിഭജിക്കുന്നു, പ്രതിപക്ഷത്തെയും(ദല്‍ഹികത്ത്-  പി.വി.തോമസ് )
 ഇന്‍ഡ്യയില്‍ ഒരു വിപ്ലവം നടക്കുകയാണ്. അതിനെ വേണമെങ്കില്‍ പ്രതിവിപ്ലവം എന്നും വിളിക്കാം. ഏതായാലും അത് ഭരണഘടനാനുസൃതം അല്ല. പാര്‍ലിമെന്റിന്റെയും പ്രതിപക്ഷത്തിന്റെയും മുന്‍ അറിവ് ഇല്ലാതെയും ആണ്.
ഇന്‍ഡ്യയെ ഒന്നാക്കുവാന്‍ ആണെന്ന പേരില്‍ ബി.ജെ.പി. കാശ്മീരിനെ രണ്ടാക്കി. ആര്‍ട്ടിക്കിള്‍ 370-നെയും 35-എ-യും ഇല്ലാതാക്കി. ഇവ രണ്ടും കാശ്മീരിന് ഭരണഘടനപ്രകാരം പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദങ്ങള്‍ ആണ്. കൂടാതെ കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞ് അതിന്റെ കേന്ദ്രഭരണ പ്രവശ്യകള്‍ ആക്കി മാറ്റി. ഇതിന്റെ  എല്ലാം ഫലമായി ഇന്‍ഡ്യയിലെ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷവും  വിഭജിക്കപ്പെടുന്നു. അത് ബി.ജെ.പി.യുടെ തെറ്റ് അല്ല.

കാശ്മീരിന് പ്രത്യേക ഭരണഘടന പരിഗണന നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370-0 35-എ.യും ഒറ്റയടിക്ക് എടുത്ത് കളയുക വഴി ബി.ജെ.പി. അതിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയായിരുന്നു. കാശ്മീരിനെ ജമ്മു-കാശ്മീരായും ലഡാക്ക് ആയും വിഭജിക്കുക വഴിയും ബി.ജെ.പി. സംഘപരിവാര്‍- ആര്‍.എസ്.എസിന്റെ ലക്ഷ്യം നടപ്പിലാക്കുക ആയിരുന്നു. കാശ്മീരിനെ സംസ്ഥാന പദവിയില്‍ നിന്നും താഴ്ത്തി കെട്ടിയത് ആ സംസ്ഥാനത്തെ ജനങ്ങളോട് ചെയ്ത വന്‍ചതിയും ആയി ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പക്ഷേ, ഇവ രാജ്യത്തിന് ഗുണം ചെയ്താല്‍ അതിനെ സ്വാഗതം ചെയ്യുവാന്‍ ഏവരും തയ്യാറും ആണ്. അവിടെ ആണ് പ്രശ്‌നം.
ഈ വക നടപടികളിലൂടെ ബി.ജെ.പി. നടപ്പിലാക്കുന്നത് ആര്‍.എസ്.എസ്.- സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട ആണോ? അതോ ഇവ കാശ്മീരില്‍ സമാധാനവും ഐക്യമത്യവും പുനര്‍സ്ഥാപിക്കുമോ? കാശ്മീരിലെ ഭീകരവാദം ഇല്ലാതാക്കുവാന്‍ ഇതിന് സാധിക്കുമോ? സംശയം ആണ് എന്ന് തുടക്കത്തിലെ തന്നെ പറയട്ടെ ഇത് സംഘപരിവാറിന്റെ രാഷ്ട്രീയമായ ഒരു നീക്കം മാത്രം ആണ്. കാശ്മീരിന് വെളിയില്‍ ഹിന്ദി-ഹിന്ദു ഹൃദയഭൂമിയിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുകൊണ്ട്.
ശരിയാണ് ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലികമായി- പത്ത് വര്‍ഷത്തേക്ക്- ഏര്‍പ്പെടുത്തിയ ഒരു വ്യവസ്ഥ ആയിരുന്നു. അതിന് ഒരു രാഷ്ട്രീയ, സാമൂഹ്യ, മത പശ്ചാത്തലം ഉണ്ടായിരുന്നു. അതുപോലെ തന്നെ ആയിരുന്നു പിന്നോക്ക വിഭാഗ സംവരണവും. പക്ഷേ, അത് പത്ത് വര്‍ഷത്തിന് ശേഷം ഇന്നും തുടരുന്നു വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍. അതിന്റെ സാമൂഹ്യപശ്ചാത്തലം ആര്‍ക്കും തള്ളികളയുവാന്‍ സാധിക്കുകയില്ല. ആര്‍ട്ടിക്കിള്‍ 370-ന്റെ പേരില്‍ മോഡിയും-ഷായും ബി.ജെ.പി.യും എടുത്തിരിക്കുന്ന ഈ നിലപാടും തികച്ചും ഭൂരിപക്ഷ മതവോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം ആണ്.
ഇനി അത് എങ്ങനെയാണ് നടപ്പിലാക്കിയത് ? ഒരിക്കലും ജനാധിപത്യ രീതിയിലോ ഭരണഘടനാനുസൃതമായോ അല്ല.

ഭരണഘടനപ്രകാരം കാശ്മീരിലെ ജനപ്രതിനിധിസഭയുടെ അനുവാദത്തോടെ, അഭ്യര്‍ത്ഥനയോടെ ചെയ്യേണ്ട ഒരു കാര്യം ആണ് ഇത്. ശരിയാണ് ഇപ്പോള്‍ കാശ്മീരില്‍ ഗവര്‍ണ്ണറുടെ ഭരണം ആണ് ഉള്ളത്. അതും ബി.ജെ.പി.-പി.ഡി.പി. രാഷ്ട്രീയ അവസരവാദി ഭരണപരീക്ഷണത്തിന്റെ പരാജയഫലം ആയിട്ട്. ബി.ജെ.പി.? ഇത് ഒരു അവസരം ആയി കണ്ടുകൊണ്ട് കാശ്മീരിനെ കൂച്ചുവിലങ്ങിടുകയായിരുന്നു. ആയതിനാല്‍ ഗവര്‍ണ്ണറും രാഷ്ട്രപതിയും ബി.ജെ.പി.യും ഉള്‍പ്പെട്ട ഒരു എക്‌സിക്യൂട്ടീവ് ഗൂഢാലോചന ആയിരുന്നു ഇത്. ഇതില്‍ ജനാധിപത്യം ഇല്ല ഭരണഘടന ഇല്ല.

ഇത് മോഡി-ഷാ കമ്പനിയുടെ ഒരു ഗൂഢപദ്ധതി ആയിരുന്നു. വേറെ ആരും ഇത് അറിഞ്ഞിരുന്നില്ല. ഭരണസംവിധാനത്തില്‍. ആയിരകണക്കിന് സേനയെ-അര്‍ദ്ധസൈനീകരെ കാശ്മീരില്‍ വിന്യസിച്ചു. അമര്‍നാഥ് യാത്ര കാപട്യപൂര്‍വ്വം വെട്ടിക്കുറച്ചു. രാജ്യത്തെ ഒന്നടങ്കം ആശങ്കയിലും സസ്‌പെന്‍സിലും ആക്കി. എന്തിനു വേണ്ടി? ഇത് ഒരു ജനാധിപത്യ രാ്ഷ്ടമോ? അതോ പട്ടാളഭരണത്തിലുള്ള ഒരു ര്ാജ്യമോ? പാര്‍ലിമെന്റ് സെഷനില്‍ ആയിരുന്നിട്ടും ജനപ്രതിനിധികള്‍ ഒന്നും അറിഞ്ഞില്ല. ഈ നിഗൂഢത-നാണയ നിര്‍വ്വീകരണം പോലെ-ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലക ആണ്. ഭരണകക്ഷിയിലെ രണ്ട് വ്യക്തികളുടെയും രാഷ്ട്രപതിയുടെയും ഗവര്‍ണ്ണറുടെയും ഇഷ്ടപ്രകാരം നടത്താവുന്ന ഒന്നാണോ ഈ വക ചരിത്രപരമായ തീരുമാനങ്ങള്‍ ഇന്ദിരഗാന്ധിയെയും ഫക്രുദീന്‍ അലി അഹമ്മദിനെയും അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിനെയും ഇന്‍ഡ്യന്‍ ജനത ഇനിയും മറന്നിട്ടില്ല. ഇതെല്ലാം അതിന്റെ മുന്നറിയിപ്പുകള്‍ ആണ്. ഇന്‍ഡ്യയുടെ ജനാധിപത്യപ്രക്രിയയും ഫെഡറല്‍ സംവിധാനത്തിനും ഉള്ള വെല്ലുവിളികള്‍ ആണ് ഇതുപോലുള്ള ഏകാധിപത്യപരമായുള്ള നീക്കങ്ങള്‍.

ആര്‍ട്ടിക്കിള്‍ 370-ന്റെ യും 35-എയുടെയും മെറിറ്റ്‌സ് ചര്‍ച്ചചെയ്യാവുന്നതാണ്. അവയുടെ ചരിത്രപരമായ പ്രസക്തിയും. പക്ഷേ, അവയുടെ ചരിത്രപരമായ പ്രസക്തിയും, പക്ഷേ, അവയെ മോഡി-ഷാ ദ്വയം എടുത്തുകളഞ്ഞരീതി ശരിയായ ജനാധിപത്യരീതിയില്‍ ആയിരുന്നില്ല. അത് സംഘപരിവാറിന്റെ വിപുലമായ ഒരു രാ്ഷ്ട്രീയ അജണ്ടയുടെ വെറും ഒരു ഭാഗം മാത്രം ആണ്. അത് ജനാധിപത്യവാദികളായ ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് അറിയാം. പക്ഷേ വലിയ ഫലമൊന്നും അതുകൊണ്ട് ഇല്ല. കാരണം ഇന്‍ഡ്യയില്‍ ഇന്ന് നീതിയുടെയും നിയമത്തിന്റെയും വ്യകരണം മാറിയിരിക്കുന്നു. മോഡിയും ഷായും അവ സ്വന്തം ഇഷ്ടപ്രകാരം മാറ്റിമറിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാള്‍ ഇന്ന് ഇന്‍ഡ്യയില്‍ ഒരു പ്രതിപക്ഷം ഇല്ല.

ആര്‍ട്ടിക്കിള്‍ 370-യിലേക്ക് വരുന്നതിന് മുമ്പ് എത്രയെത്ര ബില്ലുകള്‍ ആണ് പാര്‍ലിമെന്റില്‍ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് കാരണം പാസാക്കിയത്, അതായത് ഭരണകക്ഷി ന്യൂനപക്ഷം ആയ രാജ്യസഭയില്‍? വിവരാവകാശം നിയമഭേദഗതിയും യു.എ.പി.എ.യും(വ്യക്തികളെ ഭീകരര്‍ ആയി പ്രഖ്യാപിക്കാനുള്ള അവകാശം ഗവണ്‍മെന്റിന് നല്‍കുന്നത്)എല്ലാം ഇതില്‍ ഉള്‍പ്പെടും. ഇനി 370-ന്റെ കാര്യം പറഞ്ഞാല്‍ അത് തലക്കെട്ടില്‍ സൂചിപ്പിച്ചതുപോലെ പ്രതിപക്ഷത്തെ, കോണ്‍ഗ്രസ് ഉള്‍പ്പെടെ, ഒന്നടങ്കം പിളര്‍ത്തി. കോണ്‍ഗ്രസ് തന്നെ രണ്ടായി. രാഹുല്‍ഗാന്ധിയും ഗുലാംനബി ആസാദും മനീഷ് തിവാരിയും അതിനെ എതിര്‍ത്തപ്പോള്‍ ജ്യോതിരാധിത്യ സിന്ധ്യയും മറ്റുംമറ്റു ബില്ലിനെ അനുകൂലിച്ചും കോണ്‍ഗ്രസിന്റെ രാജ്യസഭ ചീഫ് വിപ്പ് ഭുഭനേശ്വര്‍ കലിത വിപ്പു പുറപ്പെടുവിക്കുവാന്‍ വിസമ്മതിച്ച് രാജിവച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു! എന്താണ് കോണ്‍ഗ്രസിന് സംഭവിക്കുന്നത്? അത് അടച്ചു പൂട്ടുവാന്‍ സമയം ആയില്ലേ ഇനിയും? വ്യക്തമായ ഒരു നയവും നേതൃത്വവും ഏകോപനവും ഇല്ലാതെ ഒരു അഴിഞ്ഞാട്ട കമ്പനി ആയി മാറിയിരിക്കുന്നു മഹത്തായ ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇന്ന്. കഷ്ടം!
ഇനി മതേതര സഖ്യകക്ഷികള്‍ എന്ന് പറയപ്പെടുന്ന ബി.എസ്.പി, ആപ്പ്, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സ്, റ്റി.ആര്‍.എസ്., ബി.ജെ.പി., എ.ഡി.എം.കെ. എല്ലാം മറു കണ്ടം ചാടിയില്ലേ? ഇതെല്ലാം ബി.ജെ.പിയുടെ പരിപൂര്‍ണ്ണ വിജയം ആണ്.

പക്ഷേ, ബി.ജെ.പി.യും  മോഡി-ഷാ കമ്പനിയും പുറംവാതിലിലൂടെയും (മുന്‍ വാതിലിലൂടെയും കാശ്മീര്‍ വിഷയത്തില്‍ ജയിച്ചാലും അവര്‍ക്ക് ചരിത്രത്തിനു മുമ്പില്‍ മറുപടി നല്‍കേണ്ടതായി വരും. ആര്‍ട്ടിക്കിള്‍ 370-ന്റെ ഇല്ലാതാക്കല്‍ കാശ്മീരിന്റെ വിഭജനം അതിന്റെ തരം താഴ്ത്തല്‍ എങ്ങനെ വിജയിക്കും? കാശ്മീരിനെ മറ്റൊരു അഫഘാനിസ്ഥാന്‍ ആക്കരുത് മോഡി-ഷാ കമ്പനി.

 ഏകീകരണത്തിന്റെ പേരില്‍ ബി.ജെ.പി. കാശ്മീരിനെ വിഭജിക്കുന്നു, പ്രതിപക്ഷത്തെയും(ദല്‍ഹികത്ത്-  പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക