Image

ലോസാഞ്ചലസില്‍ ഉഷയും നമ്മളും കൊതിച്ച മെഡല്‍ കൈവിട്ടിട്ട് 35 വര്‍ഷം (ശ്രീനി)

Published on 08 August, 2019
ലോസാഞ്ചലസില്‍ ഉഷയും നമ്മളും കൊതിച്ച മെഡല്‍ കൈവിട്ടിട്ട് 35 വര്‍ഷം (ശ്രീനി)
ഇന്ത്യന്‍ കായിക പ്രേമികള്‍, പ്രത്യേകിച്ച് മലയാളികള്‍ എന്നും വേദനയോടെ ഒര്‍ക്കുന്ന മോഹഭംഗത്തിന്റെ ദിനമാണ് 1984 ഓഗസ്റ്റ് 8. 'പയ്യോളി എക്‌സപ്രസ്' എന്ന് കായികലോകം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ഓമനിച്ച് വിളിക്കുന്ന പി.ടി ഉഷയ്ക്ക് സെക്കന്‍ന്റിന്റെ നൂറിലൊരംശം വ്യത്യാസത്തില്‍ ഒളിമ്പിക് മെഡല്‍ നഷ്ടമായ ദിവസമായിരുന്നു അത്. ലോസാഞ്ചലസ് ഒളിംപിക്‌സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കൈപ്പിടിയിലായ വെങ്കലമെഡല്‍ ഉഷയ്ക്ക് കൈവിട്ടുപോയ അഭിശപ്ത ദിനം 35 വര്‍ഷം മുമ്പായിരുന്നു. ഇന്റര്‍നെറ്റും സെല്‍ഫോണും ഇല്ലാതിരുന്ന കാലത്ത് പെട്ടി പോലുള്ള പഴയ ടി.വിക്കും റേഡിയോയുടെ മുന്നിലും വാര്‍ത്ത കേള്‍ക്കാന്‍ ശ്വാസമടക്കി, നെഞ്ചിടിപ്പോടെ കാത്തിരുന്നവര്‍ കേട്ടത് ഞെട്ടിപ്പിക്കന്ന ആ വാര്‍ത്തയായിരുന്നു.

കാരണം പി.ടി ഉഷയും കോച്ച് ഒ.എം നമ്പ്യാരും ഇന്ത്യയും നൂറ്റൊന്നാവര്‍ത്തിച്ച് ഉറപ്പിച്ച മെഡലായിരുന്നു അത്. ''ഉഷ ഒന്ന് മുന്നോട്ട് ആഞ്ഞു വീണിരുന്നെങ്കില്‍...'' എന്നാണ് ലോസാഞ്ചലസിലെ ആ മെഡല്‍ ലോസിനെക്കുറിച്ച് പലരും പറഞ്ഞത്. ആ മെഡല്‍ ഇന്ത്യന്‍ കായികലോകത്തിന് അന്ന് അനിവാര്യമായിരുന്നു. അതുകൊണ്ടാണ് ആ മെഡല്‍ നഷ്ടത്തിന്റെ വേദന ഒത്തിരി കടുത്തതായത്. അതിനും കാരണമുണ്ട്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് പ്രത്യേകിച്ച് അത്‌ലറ്റിക്‌സ് പരിതാപകരമായ അവസ്ഥയില്‍ കൂടുതല്‍ ഉയരവും കൂടുതല്‍ വേഗവും മികച്ച സമയവും കുറിക്കാന്‍ കഷ്ടപ്പെടുന്ന കാലമായിരുന്നു അത്. അന്ന് ട്രാക്കിലേയ്ക്കും ഫീല്‍ഡിലേയ്ക്കും കോഴിക്കോട്ടെ പയ്യോളിയില്‍ നിന്ന് ഓടിയെത്തിയ പി.ടി ഉഷയിലായിരുന്നു ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മുഴുവന്‍ പ്രതീക്ഷകളും.

പയ്യോളിയെന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ കല്ലുകള്‍ നിറഞ്ഞ മൈതാനങ്ങളില്‍ ഓടിയും ചാടിയും കായികമോഹങ്ങള്‍ക്ക് ചിറകുകളേകിയ ഉഷ ഇന്ത്യന്‍ അത്‌ലറ്റിക്കിന്റെ പതാകയേന്തിയാണ് ലോസാഞ്ചലസിലെത്തിയത്. തന്റെ സുദീര്‍ഘമായ കരിയറിന്റെ തുടക്കത്തില്‍ 100, 200 മീറ്റര്‍ സ്പ്രിന്റിലാണ് ഉഷ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒളിമ്പിക്‌സ് മെഡല്‍ നേടുക എന്ന അതിരറ്റ മോഹം മനസിലിട്ട് പൊലിപ്പിച്ചാണ് ഉഷ 400 മീറ്റര്‍ ഹര്‍ഡില്‍സിലേയ്ക്ക് ട്രാക്ക് മാറ്റിയത്. അതിനായി അവിരാമം കഷ്ടപ്പെട്ടു. നമ്പ്യാരുടെ കീഴില്‍ ഇടവേളകളില്ലാത്ത കടുത്ത പരിശീലനവും നടത്തി.

ഹര്‍ഡില്‍സ് ഉഷയ്ക്ക് നന്നേ ഇണങ്ങുന്ന ഇനമായിരുന്നു. നാഷണല്‍ ഓപ്പണില്‍ പുതിയ ഏഷ്യന്‍ റെക്കോഡ് കുറിച്ച് ഉഷ ലോസാഞ്ചല്‍സ് ഒളിമ്പിക്‌സിന് യോഗ്യത നേടി. ഒളിമ്പിക്‌സിന് നാല് മാസം മുമ്പേ ഇടതടവില്ലാത്ത പരിശീലനം തുടങ്ങി. അതേസമയം മതിയായ മല്‍സര പരിചയം ലഭിക്കാതെയാണ് ഉഷ ഒളിമ്പിക്‌സിനെത്തിയത്. 35 വര്‍ഷം പിന്നോട്ട് പോകാം...ആ ഓര്‍മയിങ്ങനെ. രാവിലെയായിരുന്നു ഹീറ്റ്‌സ്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ട്രാക്കിലിറങ്ങുമ്പോഴാണ് ഉഷ തന്റെ മികച്ച സമയം കുറിക്കറുള്ളത്. രാവിലത്തെ ഹീറ്റ്‌സ് അത്ര നല്ലതല്ലായിരുന്നു. പത്താമത്തെ പര്‍ഡിലിനുമുമ്പില്‍ ഉഷയൊന്ന് നിന്നുപോയി. അതിനാല്‍ 56.8 സെക്കന്റോടെ രണ്ടാം സ്ഥാനക്കാരിയായാണ് സെമിഫൈനലിലെത്തിയത്.

എങ്കിലും ശുഭ പ്രതീക്ഷയുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം നടന്ന സെമിയില്‍ 55.54 സെക്കന്റില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. അന്നത് റെക്കോഡായിരുന്നു. ആഹ്ലാദം അലതല്ലി. ഫൈനലില്‍ മെഡല്‍ ഉറപ്പിച്ച നിമിഷങ്ങള്‍. ഉഷയുടെ ഇഷ്ടമനുസരിച്ച് ഉച്ചതിരിഞ്ഞായിരുന്നു ഫൈനല്‍ എന്നതും സന്തോഷത്തിന് കാരണമായി. ഉഷ മാത്രമല്ല ഇന്ത്യയിലെ അനേകകോടി ജനങ്ങളും പ്രാര്‍ത്ഥനയില്‍ മുഴുകി. വല്ലാത്ത സസ്‌പെന്‍സ്. ഉഷയും പ്രാര്‍ത്ഥിച്ച് ട്രാക്കില്‍ സ്ഥാനം പിടിച്ചു. പെട്ടെന്ന് വെടിയൊച്ച മുഴങ്ങി. ഫൈനലിസ്റ്റുകള്‍ പടക്കുതിരകള്‍ കണക്കെ കുതിച്ചു. പത്തുമാറ്ററോളം ഓടി. അതുവരെ ഉഷയായിരുന്നു മുന്നില്‍. അതാ ഫൗള്‍ വിസില്‍ കേള്‍ക്കുന്നു. എന്തൊരു കഷ്ടം. ഓസ്‌ട്രേലിയന്‍ താരം വീണതാണ് പ്രശ്‌നമായത്.

രണ്ടാമത്തെ സ്റ്റാര്‍ട്ട്...ആദ്യത്തേതുപോലെ ഉഷയ്ക്ക് അത്ര സ്പീഡുണ്ടായിരുന്നില്ല. ആറാമത്തെ ഹര്‍ഡില്‍ വരെ വളരെ പിന്നിലായിരുന്ന ഉഷ സര്‍വശക്തിയുമെടുത്ത് ആഞ്ഞ് കുതിച്ചു. ഒന്‍പതാമത്തെ ഹര്‍ഡിലായപ്പോള്‍ മുമ്പിലുള്ളവര്‍ക്കൊപ്പമെത്തി. ഒടുവില്‍ റുമാനിയയുടെ ക്രിസ്റ്റിനയ്‌ക്കൊപ്പം ഉഷ ഫിനിഷ് ചെയ്തു. ഉടന്‍ ഉഷയ്ക്ക് വെങ്കല മെഡല്‍ ഉണ്ടെന്ന അനൗണ്‍സ്‌മെന്റ് വന്നു. പിന്നെ ഒരു സ്റ്റാന്റ് സ്റ്റില്‍. മൈതാനത്തെ വലിയ സാക്രീനില്‍ ഫിനിഷിങ്ങിന്റെ റീപ്ലേ പലവട്ടം കാണിക്കുന്നു. അന്തിമ ഫലം വന്നപ്പോള്‍ ക്രിസ്റ്റിന വെങ്കലം കൊണ്ടുപോയി. സെക്കന്റിന്റെ നൂറിലൊരംശം വ്യത്യാസത്തിന്, ഫോട്ടോഫിനിഷില്‍ 55.42 സെക്കന്റില്‍ ഉഷ നാലാം സ്ഥാനത്തായി. പിന്നെ പൊട്ടിക്കരയുകയായിരുന്നു ഉഷ. ഇതെങ്ങനെ മറക്കാനാവും. ആദ്യത്തേത് ഫൗള്‍ സ്റ്റാര്‍ട്ടല്ലായിരുന്നുവെങ്കില്‍ മല്‍സരം ഉഷയ്ക്കനുകൂലമാകുമായിരുന്നേനേ എന്ന് സമാധാനിക്കുകയേ നിവര്‍ത്തിയുള്ളൂ.

''ഒളിമ്പിക് മെഡല്‍ നേടാനാവാതെപോയതിലുള്ള ദുഖം ഇപ്പോഴും എന്റെ കൂടെയുണ്ട്. പല രാത്രികളില്‍ ആ നിമിഷങ്ങള്‍ സ്വപ്നത്തില്‍ക്കണ്ട് ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട്. മരണംവരെ ആ വേദന എനിക്ക് കൂട്ടുണ്ടാവും. ഇനിയെന്നെങ്കിലും ഒരു ഇന്ത്യന്‍ അത്‌ലറ്റ് ഒളിമ്പിക് മെഡല്‍ നേടിയാല്‍ മാത്രമേ ആ വേദന മറക്കാനാവൂ...'' ഉഷ പറയുന്നു. മൊറോക്കോയുടെ നവാല്‍ മോട്ട്വാക്കല്‍ സ്വര്‍ണവും സ്വീഡന്റെ ആന്‍ ലൂയിസ് വെള്ളിയും നേടി.

പി.ടി ഉഷ നൂറിലധികം അന്താരാഷ്ട്ര മെഡലുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇത്രയധികം മെഡലുകള്‍ നേടിയ കായികതാരങ്ങള്‍ ലോകത്തുതന്നെ വിരളമാണ്. 1985ലെ ജക്കാര്‍ത്ത ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഉഷ ഇന്ത്യയ്ക്കുവേണ്ടി നേടിയത് അഞ്ച് സ്വര്‍ണമടക്കം ആറു മെഡലുകളായിരുന്നു. അത്‌ലറ്റിക്‌സില്‍ ഒരു റെക്കോഡാണിത്. അത്‌ലറ്റിക്‌സില്‍ ഒരു ഒളിമ്പിക് മെഡല്‍ എന്ന ഇന്ത്യന്‍ സ്വപ്നം ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. 2004ലെ ആതന്‍സ് ഒളിമ്പിക്‌സിലെ ലോങ് ജമ്പില്‍ അഞ്ജു ബി ജോര്‍ജ് നേടിയ അഞ്ചാം സ്ഥാനമാണ് ഉഷയ്ക്കുശേഷം ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മികച്ചനേട്ടം.

തനിക്ക് നഷ്ടപ്പെട്ടത് പിന്‍ തലമുറയിലൂടെ നേടിയെടുക്കാനുള്ള യജ്ഞത്തിലാണ് പി.ടി ഉഷ. അത്‌ലറ്റിക്‌സില്‍ ഭാവി വാഗ്ദാനങ്ങളെ രൂപപ്പെടുത്തിയെടുക്കാന്‍ ഉഷ കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ആരംഭിച്ചിട്ടുണ്ട്. ഇരുപതുകോടി ഇന്ത്യന്‍ രൂപ മുടക്കി സ്ഥാപിച്ച ഈ സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളുണ്ട്. കേരള സര്‍ക്കാര്‍ ഉഷയുടെ ഈ സംരംഭത്തിന് മുപ്പത് ഏക്കര്‍ സ്ഥലവും, പതിനഞ്ച് ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു. 50 കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാവുന്ന സൗകര്യങ്ങള്‍ നിലവില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ ഉണ്ട്. ടിന്റു ലൂക്കയെപ്പോലുള്ള അന്താരാഷ്ട്ര താരങ്ങള്‍ പിറവിയെടുത്തത് ഈ കായിക വിദ്യാലയത്തില്‍ നിന്നുമാണ്.

''ഓണ്‍ യുവര്‍ മാര്‍ക്ക്...ഗെറ്റ് സെറ്റ്...ഗോ..!'' 
ലോസാഞ്ചലസില്‍ ഉഷയും നമ്മളും കൊതിച്ച മെഡല്‍ കൈവിട്ടിട്ട് 35 വര്‍ഷം (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക