Image

വാല്മീകി രാമായണം ഇരുപത്തിരണ്ടാം ദിനം (ദുര്‍ഗ മനോജ്)

Published on 07 August, 2019
വാല്മീകി രാമായണം ഇരുപത്തിരണ്ടാം ദിനം (ദുര്‍ഗ മനോജ്)
യുദ്ധകാണ്ഡം 
അമ്പത്തിഒന്നാം സര്‍ഗ്ഗം മുതല്‍ എഴുപത്തി ഒന്ന് വരെ

രാമനും ലക്ഷ്മണന്നും പോരിനു തയ്യാറായി. ആര്‍ത്തിരമ്പുന്ന വാനരപ്പട ചുറ്റും. അതുകണ്ട് രാവണന്‍ പോരിനയച്ച ധൂമ്രാക്ഷനെന്ന രാഷസന്‍ വാനരസേനക്ക് കാര്യമായ കേടുപാട് ഉണ്ടാക്കി. ഭീമ വിക്രമനായ ധൂമ്രാക്ഷന്‍ വന്നതു കണ്ട് വാനരര്‍ ഘോരവൃക്ഷങ്ങള്‍ കൊണ്ടും ശൂല മുദ്ഗരങ്ങള്‍ കൊണ്ടും ഭയങ്കരമായി യുദ്ധം ചെയ്തു. കലികയറിയ രാക്ഷസര്‍ ശരങ്ങള്‍ കൊണ്ടും പെരുത്ത ഗദകള്‍ കൊണ്ടും യുദ്ധം തുടര്‍ന്നു. എന്നാല്‍ ധൂമ്രാക്ഷന്റെ താഡനം സഹിക്കാതെ വാനരര്‍ ഓടി ഒളിക്കുന്നത് കണ്ട് മാരുതി രംഗപ്രവേശം ചെയ്തു ഒരു വന്‍ ശിലയുമായി എത്തി. അത് തന്റെ നേര്‍ക്ക് പാഞ്ഞ് വരുന്നത് കണ്ട രാക്ഷസന്‍ തേര്‍ത്തട്ടില്‍ നിന്നും ചാടി താഴെയിറങ്ങി. എന്നാല്‍ ചക്രം, നുകത്തണ്ട്, കുതിര, കൊടി, വില്ല് എന്നിവയൊക്കെ തകര്‍ത്തു കൊണ്ട് ശില നിലം പതിച്ചു. വീണ്ടും കമ്പും കല്ലും ഒക്കെ കൊണ്ട് രാക്ഷസരെ ആക്രമിച്ച മാരുതി ഒടുവില്‍ അവനെ നിഗ്രഹിച്ചു. 

അതുകഴിഞ്ഞ് വജ്രദംഷ്ട്രനെത്തി. ആനകള്‍, ഒട്ടകങ്ങള്‍, കുതിരകള്‍, കഴുതകള്‍ എന്നിവയോടും, പല കൊടികള്‍ കൊണ്ട് അലംകൃതമായ തേരുകളുമായി സവിശേഷ അലങ്കാരത്തോടെ അവന്‍ പുറപ്പെട്ടു വന്നു. എങ്കിലും മാര്‍ഗ്ഗത്തിലെമ്പാടും ദുര്‍ന്നിമിത്തങ്ങള്‍ മാത്രം കണ്ടു. അതില്‍, അശേഷം കുലുങ്ങാതെ അവന്‍ മര്‍ക്കട സേനയെ ചിതറിച്ചു. അത് കണ്ട് ബാലീ പുത്രനായ അംഗദന്‍ പോരിനിറങ്ങി. അവന്റെ തല്ലേറ്റ് രാക്ഷസന്മാര്‍ തല തകര്‍ന്നുവീണു. രണഭൂമി പിണവും നിണവും കൊണ്ട് മൂടപ്പെട്ടു. എന്നിട്ടുണ്ടായ യുദ്ധത്തില്‍ അംഗദന്‍ വജ്രദംഷ്ട്രനെ വധിച്ചു.

യുദ്ധം തുടര്‍ന്നു കൊണ്ടേയിരുന്നു. പിന്നാലെ വന്ന അകമ്പന്‍ മാരുതിയുടെ കൈകൊണ്ട് കാലപുരി പൂകി. നീലന്‍ പ്രഹസ്തനെ കല്ലുകൊണ്ട് എറിഞ്ഞു കൊന്നു. ഇത്രയുമായപ്പോള്‍ രാവണന്‍, തീ പോലെ തിളങ്ങുന്നതും ഉത്തമാശ്വങ്ങളെ പൂട്ടിയതും, മിന്നുന്ന മെയ്യാര്‍ന്ന തേരില്‍ നേരിട്ടിറങ്ങി വാനരസേനക്ക് കടുത്ത നാശം വിതച്ചു. അവന്റെ സേനയില്‍ അതികായനും, മഹാകായനും, കുംഭനും, നികുഭനും, നരാന്തകനും ഒക്കെ ഉള്‍പ്പെട്ടു. പോരില്‍ രാവണന്‍ സുഗ്രീവനു നേരെ പെരുമ്പാമ്പിനൊത്തതും അഗ്‌നി സമമായതു മായ അസ്ത്രം പ്രയോഗിച്ചു. സുഗ്രീവന്‍ നിലത്തു പതിച്ചു.

ഈ സമയം ഹനുമാന്‍ രാവണനുമായി യുദ്ധം തുടങ്ങി. അവന്‍ ഹനുമാന്റെ നേര്‍ക്ക് ശക്തിയുള്ള ബാണം പ്രയോഗിച്ചതോടെ മാരുതി മണ്ണില്‍ മുട്ട് കുത്തിപ്പോയി. എന്നാല്‍ തുടര്‍ന്ന് വന്ന ലക്ഷ്മണനുമായി ഘോര യുദ്ധം തന്നെ തുടര്‍ന്നു. തുടര്‍ന്ന് രാമനും രംഗത്ത് എത്തി. രാമബാണങ്ങള്‍ നേരിടാന്‍ അവനു കഴിയാതെയായി. അവന്റെ തേരും കുടയും വില്ലും നഷ്ടമായി. അടുത്ത ബാണത്തില്‍ അവന്റെ കിരീടവും നഷ്ടമായി. എന്നാല്‍ നിരായുധനായ രാവണനെ രാമന്‍ കൊന്നില്ല.

നിരാശനായി മടങ്ങിയ രാവണന്‍ ഒരു മനുഷ്യനാല്‍ പരാജയപ്പെട്ട സങ്കടത്തില്‍ നടുങ്ങി. ഒടുവില്‍ കുംഭകര്‍ണ്ണനെ അയക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ അവന്‍ ആറു മാസം നീണ്ടുനില്‍ക്കുന്ന ഉറക്കത്തിലേക്ക് പ്രവേശിച്ചിരുന്നു. മെയ്യാകെ ഉയര്‍ന്ന രോമമുള്ളവനും പാമ്പിനെപ്പോലെ ചീറ്റുന്നവനും, കൂര്‍ക്കം കൊണ്ട് നടുക്കുന്നവനും പാതാളം പോലെ വായുള്ളവനുമായ അവനെ ഉണര്‍ത്തുവാനായി ആയിരം ആനകളെ അവന്റെ ദേഹത്തു കൂടി ഓടിച്ചു. ഒരായിരം ഭേരികള്‍ ചുറ്റും നിന്ന് ഒരേ സമയത്ത് പ്രയോഗിച്ചു. ചിലര്‍ അവന്റെ പുറത്ത് കയറി നിന്ന് ചവിട്ടും കുത്തും നടത്തി. അനേകം അസുരന്മാര്‍ പല തരത്തിലുള്ള ഉപായങ്ങള്‍ പ്രയോഗിച്ച് കുംഭകര്‍ണനെ ഒരു വിധത്തില്‍ ഉണര്‍ത്തിയെടുത്തു. 

ഉണര്‍ന്ന പാടെ അവന്‍ രണ്ടായിരം കുടം മദ്യവും പലതരം ഭോജ്യങ്ങളും കഴിച്ച് തെല്ലൊരു ഗര്‍വ്വോടെ രാവണ സമക്ഷത്ത് എത്തി. അവനോട് വാനരസൈന്യത്തെ മുച്ചൂടും നശിപ്പിക്കാന്‍ രാവണന്‍ ആവശ്യപ്പെട്ടു. കുംഭകര്‍ണ്ണന്‍ അപ്പോഴും രാവണനോട് സീതാപഹരണം തെറ്റായ കാര്യമായിപ്പോയി എന്ന് പറഞ്ഞു. അത് കേട്ട് രാവണന്‍ ക്രുദ്ധനായി.

ഈ സമയം വിഭീഷണന്‍, കുംഭകര്‍ണ്ണനെക്കുറിച്ച് രാമനോട് പറഞ്ഞു കൊടുത്തു. പോരില്‍ വൈവസ്വതനേയും, വാസവനേയും പരാജയപ്പെടുത്തിയവനും വിശ്രവസ്സിന്റെ പുത്രനുമായ കുംഭകര്‍ണ്ണനോളം വലുപ്പമുള്ള മറ്റ് രാക്ഷസരില്ല. ഇവന്‍ പോരില്‍ ദാനവരേയും, യക്ഷന്മാരേയും, നാഗങ്ങളേയും, ഗന്ധര്‍വ്വ കിന്നരന്മാരേയും ഒരായിരം തവണ തോല്‍പ്പിച്ചിട്ടുണ്ട്. ഇവന്‍ പ്രകൃത്യാ തന്നെ തേജസ്വിയാണ്. ജനിച്ച പാടെ ആ പെരുത്ത ബാലന്‍ അനേകം ജന്തുക്കളെ പിടിച്ച് തിന്നിട്ടുണ്ട്. ഇവന്‍ വലുതാകെ, പൊറുതിമുട്ടിയ ഇന്ദ്രന്‍ അവനെ നേരിടാനെത്തി പരാജിതനായി. അവന്റെ അക്രമം വര്‍ദ്ധിച്ചു വന്നു. അങ്ങനെ ബ്രഹ്മാവ് അവനെ കണ്ടു. അവന്റെ ആകാരം കണ്ട് നടുങ്ങിയ അദ്ദേഹം നീ ഇപ്പോള്‍ മുതല്‍ മൃതമായിക്കിടക്ക് എന്ന് ശപിച്ചു. അത് കണ്ട് രാവണന്‍ ബ്രഹ്മാവിനോട് അത്രക്ക് ശാപം പാടില്ല എന്നും ഉറങ്ങാനും ഉണരാനും സമയം നിശ്ചയിക്കാനും അപേക്ഷിച്ചു. അതിന്‍ പടി ബ്രഹ്മാവ്, അവന്‍ ആറു മാസം തുടര്‍ച്ചയായി ഉറങ്ങുമെന്നും ഒരു ദിവസം ഉണര്‍ന്നിരിക്കും എന്നും, ആ ഒരു നാള്‍ അവന്‍ തീ പോലെ ലോകത്തെ വിഴുങ്ങും എന്നും അറിയിച്ചു. അങ്ങനെയുള്ള കുംഭകര്‍ണ്ണന്‍ പോരിനിറങ്ങി.

അവന്‍ വാനരരെ പിടിച്ചു തിന്നുകൊണ്ട് വാനരസേനയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു തുടങ്ങി. ഒടുവില്‍ രാമന്‍ നേരിട്ടെത്തി രാമബാണത്താല്‍ കുംഭകര്‍ണനെ കാലപുരിക്കയച്ചു. പിന്നീട് നടന്ന യുദ്ധത്തില്‍ നരാന്തകനും ദേവാന്തകനും അതികായനും കൊല്ലപ്പെട്ടു.

എഴുപത്തി ഒന്ന് സര്‍ഗങ്ങളില്‍ ശ്രദ്ധയമാകുന്നത് കുംഭകര്‍ണ്ണനീതി വാക്യം എന്ന അറുപത്തിമൂന്നാം സര്‍ഗമാണ്. ഏറ്റവും ബീഭത്സനായ രാക്ഷസനാണ് കുംഭകര്‍ണ്ണന്‍, മുപ്പാരിടത്തിനും ഭീതി ജനിപ്പിക്കുന്നവന്‍. പക്ഷേ അവന്‍ ഒരു കാര്യത്തില്‍ രാവണനും മുകളിലാണ്. അവന്‍ കാമത്തിന് വശപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ സീതയെ അപഹരിച്ച് ആപത്ത് വിളിച്ചു വരുത്തുന്ന രാവണനെ അവസാന ഘട്ടത്തിലും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒപ്പം, ഒരു ദിവസത്തെ ഉണര്‍വിന് ശേഷം ഉറങ്ങിത്തുടങ്ങിയ തന്നെ വിളിച്ചുണര്‍ത്തി രണഭൂമിയിലേക്ക് പറഞ്ഞയക്കുമ്പോള്‍ തന്റെ മൃത്യു കുറിക്കപ്പെട്ടു എന്നവന്‍ അറിഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക