Image

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കല കുവൈറ്റ് പ്രതിഷേധ സംഗമം

Published on 06 August, 2019
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കല കുവൈറ്റ് പ്രതിഷേധ സംഗമം


കുവൈത്ത് സിറ്റി: ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും, ലോക പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിയ ഭീഷണിയില്‍ പ്രതിഷേധിച്ചും കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 

അബാസിയ കല സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുവൈറ്റ് പ്രവാസി സമൂഹത്തില്‍ നിന്നുമുള്ള സാമൂഹിക സാംസ്‌കാരിക മധ്യമ പ്രവര്‍ത്തകരടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഭാരതത്തിന്റെ വൈവിധ്യങ്ങളായ സംസ്‌കാരത്തെ ഇല്ലായ്മ ചെയ്ത് ഏക ശിലാരൂപ സമൂഹ നിര്‍മ്മിതിയാണ് സംഘപരിവാര്‍ ഫാസിസം ലക്ഷ്യം വയ്ക്കുന്നത്. അതിന്റെ ഭാഗമാണ് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന ഭീഷണികളും. ഇതിനെ ചെറുത്തു തോല്‍പ്പിക്കേണ്ടത് സാംസ്‌കാരിക സമൂഹത്തിന്റെ കടമയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സാം പൈനുംമൂട് പറഞ്ഞു. 

കുവൈറ്റില്‍ അന്തരിച്ച കല കുവൈറ്റ് ജലീബ് എ യൂണിറ്റ് അംഗം ആലിക്കോയക്ക് അനുശോചനം അര്‍പ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണന്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത്ത് കുമാര്‍, രാജീവ് ജോണ്‍ (കേരള അസോസിയേഷന്‍), ഷെരീഫ് താമരശേരി (ഐഎംസിസി കുവൈറ്റ്), സഫീര്‍ ഹാരിസ് (ജനത കള്‍ച്ചറല്‍ സെന്റര്‍), ജേക്കബ് ചണ്ണപ്പേട്ട (കോണ്‍ഗ്രസ്), എഴുത്തുകാരന്‍ ധര്‍മ്മരാജ് മടപ്പള്ളി, അബ്ദുള്‍ സലാം (കെകഐംഎ), ആര്‍ നാഗനാഥന്‍ (കല കുവൈറ്റ്), രഘുനാഥന്‍ നായര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി രജീഷ് സി നായര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ കല കുവൈറ്റ് അബാസിയ മേഖല ആക്ടിംഗ് പ്രസിഡന്റ് പ്രവീണ്‍ നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക