Image

വനിതകള്‍ക്ക് ഇനി വിദേശ യാത്രയ്ക്ക് രക്ഷകര്‍ത്താവിന്റെ അനുമതി ആവശ്യമില്ല.

Published on 04 August, 2019
വനിതകള്‍ക്ക് ഇനി വിദേശ യാത്രയ്ക്ക് രക്ഷകര്‍ത്താവിന്റെ അനുമതി ആവശ്യമില്ല.


ദമാം: വനിതകള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും പാസ്‌പോര്‍ട്ട് അപേക്ഷിക്കുന്നതിനും ഇനി പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി ആവശ്യമില്ല. വനിതാ ശാക്തീകരണത്തിന് ശക്തിപകരുന്ന ഉത്തരവ് ഭരണാധികാരി സല്‍മാന്‍ രാജാവാണ് പുറത്തിറക്കിയത്.

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പാസ്സ്‌പോര്‍ട്ട് ലഭിക്കുന്നതിന് രക്ഷകര്‍ത്താവിന്റെ അനുമതി വേണമെന്നും രാജ കല്‍പ്പനയില്‍ വ്യക്തമാക്കുന്നു. നേരത്തെ പാസ്‌പോര്‍ട്ടിനു അപേക്ഷിക്കാന്‍ വനിതകള്‍ക്ക് ഭര്‍ത്താവിന്റെയോ പിതാവിന്റെയോ അനുമതി ആവശ്യമായിരുന്നു.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ സ്വതന്ത്രമായി പാസ്‌പോര്‍ട്ടിനു അപേക്ഷിക്കാനും യാത്രചെയ്യാനുമാകും. രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക പരിഷ്‌ക്കരണ പദ്ധതിയായ വിഷന്‍ 2030 ന്റെ പ്രഖ്യാപനത്തിനു ശേഷം നിരവധി പരിഷ്‌ക്കാരങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയതും, കായിക മത്സരങ്ങള്‍ കാണാന്‍ പൊതു സ്‌റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിച്ചതും വിഷന്‍ 2030 ന്റെ പ്രഖ്യാപനത്തിനു ശേഷമാണ്.സൗദിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അംബാസഡറെ അമേരിക്കയില്‍ നിയമിച്ചത് ഉള്‍പ്പെടെ ഭരണതലത്തിലും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങളാണ് നല്‍കുന്നത്. പുതിയ പരിഷ്‌ക്കാരങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് സ്വാഗതം ചെയ്തത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക