Image

എബിന്‍ ജോ എബ്രഹാമിന്റെ സംസ്‌കാരം ഓഗസ്റ്റ് മൂന്നിന്

Published on 02 August, 2019
എബിന്‍ ജോ എബ്രഹാമിന്റെ സംസ്‌കാരം ഓഗസ്റ്റ് മൂന്നിന്


ബര്‍ലിന്‍: ജര്‍മനിയിലെ ഹാംബുര്‍ഗ് നഗരത്തിനടുത്തുള്ള ടാറ്റന്‍ബര്‍ഗ് തടാകത്തില്‍ നീന്തുന്നതിനിടയില്‍ മുങ്ങിമരിച്ച മലയാളി വിദ്യാര്‍ഥി എബിന്‍ ജോ എബ്രഹാമിന്റെ(26) സംസ്‌കാരം ഓഗസ്റ്റ് മൂന്നിന് (ശനി) ഉച്ചകഴിഞ്ഞ് 2.30 ന് തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ ദേവാലയത്തില്‍ നടക്കും.

ജര്‍മനിയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹി വഴി നെടുന്പാശേരിയിലെത്തുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ സ്വദേശമായ തൊടുപുഴ, മുതലക്കോടത്തെ സ്വവസതിയിലെത്തിക്കും. 

തൊടുപഴ മാര്‍ക്കറ്റ് റോഡില്‍ വൈക്കം ബ്രദേഴ്‌സ് ഉടമ മുതലക്കോടം കുന്നം തട്ടയില്‍ ടി.ജെ. ഏബ്രഹാമിന്റെയും മുഹമ്മ വള്ളാപ്പാട്ടില്‍ കുടുംബാംഗം ബീനയുടെയും മകനാണ് എബിന്‍. സഹോദരന്‍ അലക്‌സ് ജോ എബ്രഹാം ( ഇന്‍ഫോ പാര്‍ക്ക് ചെന്നൈ).

വാഴക്കുളം വിശ്വജ്യോതി കോളജില്‍ നിന്നും ബി ടെക് പഠനത്തിനു ശേഷം ജര്‍മനിയിലെത്തി കന്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കിയ എബിന്റെ ഗ്രാജുവേഷന്‍ സെറിമണി നടക്കാനിരിക്കെയാണ് മരണം തട്ടിയെടുത്തത്. രണ്ടര വര്‍ഷം മുന്‍പാണ് എബിന്‍ ജര്‍മനിയിലെത്തിയത്. 

ഫ്രാങ്ക്ഫര്‍ട്ട് ജനറല്‍ കോണ്‍സുലേറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും അധികം വൈകാതെന്നെ എബിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാനും കഴിഞ്ഞത്.

എബിന്റെ മുങ്ങി മരണം അജ്ഞാതമായ കാരണമെന്നാണ് പോലീസ് ഭാഷ്യം. സൈക്കിള്‍ ട്രക്കിംഗ് പ്രേമിയായ എബിന്‍, അപരിചിതരായ മുപ്പതോളം പേരടങ്ങുന്ന ഒരു ഗ്രൂപ്പിനൊപ്പമാണ് ടാറ്റന്‍ബെര്‍ഗ് ഡോവ് എല്‍ബെ തടാകത്തില്‍ ജൂലൈ 28 ന് നീന്തലിനിറങ്ങിയത്. ഉച്ചയ്ക്ക് ഏതാണ്ട് 12 മണിയോടെയാണ് മലയാളികളെ നടുക്കിയ ദുരന്തം ഉണ്ടായത്. തടാകത്തിലിറങ്ങിയ എബിന്‍ അധികം താമസിയാതെ തന്നെ മരണക്കയത്തിന്റെ പിടിയിലമര്‍ന്നിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ തെരച്ചില്‍ നടത്തിയെങ്കിലും എബിനെ രക്ഷിക്കാനായില്ല.

സംഭവം അറിഞ്ഞെത്തിയ 25 ഓളം അഗ്‌നിശമന സേനയും മുങ്ങല്‍ വിദഗ്ധരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് 40 മിനറ്റ് നേരം തെരച്ചില്‍ നടത്തിയാണ് എബിന്റെ മൃതദേഹം വെള്ളത്തിനടിയില്‍ നിന്നും കരയ്‌ക്കെത്തിച്ചത്.ഉടന്‍ തന്നെ എകെ സെന്റ് ജോര്‍ജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ആംബുലന്‍സും ഹെലികോപ്റ്ററില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു.

സംഭവത്തെ തുടര്‍ന്നു ഫ്രാങ്ക്ഫര്‍ട്ട് ജനറല്‍ കോണ്‍സല്‍ പതിഭ പാര്‍ക്കര്‍ തടാകങ്ങളില്‍ കൂടെക്കൂടെ ഉണ്ടാകുന്ന അപകട മരണങ്ങളെപ്പറ്റി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക