Image

തൊടുപുഴ സ്വദേശി യുവാവ് ജര്‍മനിയില്‍ തടാകത്തില്‍ മുങ്ങി മരിച്ചു

Published on 31 July, 2019
തൊടുപുഴ സ്വദേശി യുവാവ് ജര്‍മനിയില്‍ തടാകത്തില്‍ മുങ്ങി മരിച്ചു

  

ബര്‍ലിന്‍ : ജര്‍മനിയിലെ ഹാംബുര്‍ഗിനടുത്തുള്ള ടാറ്റന്‍ബര്‍ഗ് തടാകത്തില്‍ കുളിയ്ക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. തൊടുപുഴ മാര്‍ക്കറ്റ് റോഡ് വൈക്കം ബ്രദേഴ്‌സ് ഉടമ മുതലക്കോടം കുന്നം തട്ടയില്‍ ടി.ജെ. ഏബ്രഹാമിന്റെ (അപ്പച്ചന്‍) മകന്‍ എബിന്‍ ജോ എബ്രഹാം (26) ആണ് ദാരുണമായി മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

മ്യൂണിക്കില്‍ മാസ്റ്റര്‍ ബരുദ വിദ്യാര്‍ത്ഥിയായിരുന്നു. കോളേജില്‍ നിന്നും സുഹൃത്തളോടൊപ്പം വിനോദ സഞ്ചാരത്തിനു പോയ എബിന്‍ തടാകത്തില്‍ കുളിയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വാഴക്കുളം വിശ്വജ്യോതി കോളേജില്‍ നിന്നും ബി ടെക് പഠനത്തിനു ശേഷം എബിന്‍ ജര്‍മനിയിലെത്തിയിട്ട് രണ്ടര വര്‍ഷമായി.

മാതാവ് ബീന മുഹമ്മ വള്ളാപ്പാട്ടില്‍ കുടുംബാംഗം.

സഹോദരന്‍: അലക്‌സ് ജോ എബ്രഹാം (ഇന്‍ഫോ പാര്‍ക്ക്, ചെന്നൈ ). സംസ്‌ക്കാരം സ്വദേശത്ത് പിന്നീട്. മൃതദേഹം നാട്ടില്‍ എത്തിയ്ക്കാനുള്ള ശ്രമം നടന്നു വരുന്നു.

ജര്‍മനിയില്‍ ചൂടുകാലം ആതുകൊണ്ട് മിക്കവരും തടാകത്തിലും, പുഴയിലും അരുവിയിലും ഒക്കെ കുളിയ്ക്കുക പതിവാണ്. എന്നാല്‍ ജര്‍മനിയില്‍ പഠനത്തിനായും ജോലിയ്ക്കായും എത്തുന്ന വിദ്യാര്‍ത്ഥികളും, യുവജനങ്ങളും ജര്‍മനിയിലെ തടാകങ്ങളിലും, പുഴയിലുമൊക്ക കുളിയ്ക്കുവാനും നീന്തുവാനും കാണിയ്ക്കുന്ന ഉല്‍സാഹം തീരെ കുറവല്ല. എന്നാല്‍ ഇവകളില്‍ ഇറങ്ങുന്നവര്‍ അതിന്റെ ആഴത്തെപ്പറ്റിയോ, അതിന്റെ അടിത്തണുപ്പിനേപ്പറ്റിയോ ശരിയായ ബോധം ഇല്ലാത്തതുകൊണ്ട് അപകട മരണങ്ങള്‍ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ഇതിനു മുമ്പും ജര്‍മനിയില്‍ പഠിയ്ക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ തടാകത്തില്‍ മുങ്ങി മരിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇനി നീന്തല്‍ അറിയാമെങ്കില്‍ക്കൂടി കേരളത്തില്‍ നടത്തുന്ന നീന്തല്‍ സാഹസികത മിക്കപ്പോഴും ജര്‍മനിയിലെ തടാകങ്ങളില്‍ കാണിച്ചാല്‍ ജീവന്‍ പോകുന്ന അവസ്ഥയാണുണ്ടാവുക. അതുകൊണ്ട് ജര്‍മനിയില്‍ പഠിയ്ക്കുന്നവരും ഇനിയും ജര്‍മനിയിലേയ്ക്ക് എത്തുന്നവരും ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ അപകടം ഒഴിവാക്കുക മാത്രമല്ല ജീവന്‍തന്നെ രക്ഷിയ്ക്കാനാവും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക