Image

ഇന്ത്യാ സ്‌നേഹം ബിയെര്‍ ഗ്രില്‍സിനെ 'ഷൂട്ടിങ്ങ് മോദി'യിലെത്തിച്ചു, പിന്നാലെ വിവാദവും (ശ്രീനി)

Published on 30 July, 2019
ഇന്ത്യാ സ്‌നേഹം ബിയെര്‍ ഗ്രില്‍സിനെ 'ഷൂട്ടിങ്ങ് മോദി'യിലെത്തിച്ചു, പിന്നാലെ വിവാദവും (ശ്രീനി)
അപ്രതീക്ഷിതമായാണ് ജനം ആ പ്രൊമോഷന്‍ വീഡിയോ കണ്ട് ആശ്ചര്യപ്പെട്ടത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ അവതാരകന്‍ ബിയെര്‍ ഗ്രില്‍സും കാട്ടിലൂടെ നടക്കുന്നു. മോദിയെന്തിന് കാടുകയറിയെന്ന് ചോദിച്ചാല്‍, ഡിസ്‌കവറി ചാനലിന് വേണ്ടിയാണെന്ന് ഉത്തരം. ചാനലിലെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയുടെ ട്രെയ്‌ലറാണ് ബിയെര്‍ ഗ്രില്‍സ് പുറത്തുവിട്ടത്. ബംഗാള്‍ കടുവകളുടെ പ്രധാന ആവാസ കേന്ദ്രങ്ങളിലൊന്നായ ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായ ഷൂട്ടിങ്ങ്. ലോക ശ്രദ്ധയാകര്‍ഷിച്ച 'മാന്‍ വേഴ്‌സസ് വൈല്‍ഡ് വിത്ത് ബിയെര്‍ ഗ്രില്‍സ് ആന്റ് പി.എം മോദി' എന്ന ഈ എപ്പിസോഡ് ഓഗസ്റ്റ് 12ന് ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മണിക്ക് ഡിസ്‌കവറി ഇന്ത്യ ചാനല്‍ സംപ്രേഷണം ചെയ്യും. അതുവരെ കട്ട സസ്‌പെന്‍സ്. എന്നാല്‍ അതിനുമുമ്പേ തന്നെ രാഷ്ട്രീയ വിവാദം റിലീസ് ചെയ്തിരുന്നു.

ലോക പ്രശസ്ത പരിസ്ഥിതി പരിപാടിയാണ് മാന്‍ വേഴ്‌സസ് വൈല്‍ഡ്. അതിന്റെ സൂപ്പര്‍ അവതാരകന്‍ ബിയെര്‍ ഗ്രില്‍സാണ് ട്വിറ്ററിലൂടെ പരിപാടിയുടെ ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നത്. ബിയെര്‍ ഗ്രില്‍സിനൊപ്പം ചങ്ങാടത്തിലൂടെയും വനാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന മോദിയെയും ബിയറിനെ ഇന്ത്യയിലേക്ക് മോദി സ്വാഗതം ചെയ്യുന്നതും നാല്‍പ്പത്തഞ്ചു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ കാണാം. മൃഗസംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി വ്യതിയാനത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കാടുകളിലേക്ക് നടത്തുന്ന ധീരപരിശ്രമത്തിലൂടെ 180 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിയപ്പെടാത്ത വശം കാണാനാകുമെന്ന് ബിയെര്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ വനത്തില്‍ അതിജീവിക്കാന്‍ മോദിയെ ബിയെര്‍ ഗ്രില്‍സ് പ്രാപ്തനാക്കുന്നതാണ് എപ്പിസോഡിന്റെ ഉള്ളടക്കം. ഈ പരിപാടിയുടെ ഫോര്‍മാറ്റും ഇത് തന്നെയാണ്. കാട്ടില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക, ആയുധങ്ങള്‍ ഉണ്ടാക്കുക, നദിയില്‍ യാത്ര ചെയ്യുക എന്നിങ്ങനെ സര്‍വൈവല്‍ തന്ത്രങ്ങള്‍ ഗ്രില്‍സ് മോദിയെ പരിശീലിപ്പിക്കുന്നു. ''താങ്കള്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. താങ്കളുടെ ജീവന്‍ നിലനിര്‍ത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണ്...'' വീഡിയോയില്‍ ഗ്രില്‍സ് മോദിയോട് ഇങ്ങനെ പറയുന്നുണ്ട്.

''വര്‍ഷങ്ങളായി പര്‍വ്വതങ്ങളിലും വനങ്ങളിലുമായി ഞാന്‍ പ്രകൃതിയോട് ഇണങ്ങിയാണ് ജീവിക്കുന്നത്. ആ സമയം എന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് അപ്പുറം ജീവിതത്തില്‍ കേന്ദ്രീകരിക്കുന്ന ഒരു പരിപാടിയുടെ ഭാഗമാകാന്‍ ക്ഷണിച്ചപ്പോള്‍ വളരെ താല്‍പര്യം തോന്നി. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പരിസ്ഥിതി പാരമ്പര്യം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാകും ഈ എപ്പിസോഡ്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന്റെയും ആവശ്യകതയും പരിപാടിയിലൂടെ അറിയാനാകും...'' മോദി പറഞ്ഞു. അന്താരാഷ്ട്ര കടുവ സംരക്ഷണ ദിനമായ ജൂലൈ 29നാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഇന്ത്യയില്‍ മൊത്തം 2967 കടുവകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് 3000 അടുത്ത് കടുവകള്‍ ഉണ്ടെന്നതും നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കടുവ സംരക്ഷണ മേഖലയാണെന്നും മോദി പറഞ്ഞു.

ആഗോള പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രസംസ നേടിയ മാന്‍ വേഴ്‌സസ് വൈല്‍ഡ്, ഡിസ്‌കവറി ചാനലില്‍ ആരംഭിച്ചത് 2006 ലാണ്. പരിസ്ഥിതി സംരക്ഷണം മുഖ്യ പ്രമേയമാക്കിയുള്ള പരിപാടിയില്‍ ഒരാള്‍ ഒറ്റയ്ക്ക് പ്രകൃതിയെ അറിയാന്‍ നടത്തുന്ന അവിശ്വസനീയമായ യാത്രകളാണ് കാണിക്കുന്നത്. ആസ്വാദകര്‍ ശ്വാസമടക്കിപ്പിടിച്ചാണ് ഇതിന്റെ ഓരോ എപ്പിസോഡും കാണുന്നത്. ഒരു മനുഷ്യന് എത്രത്തോളം സാഹസികമാകാന്‍ കഴിയുമെന്ന് ബിയെര്‍ ഗ്രില്‍സ് ഒട്ടും അതിശയോക്തിയില്ലാതെ കാട്ടിത്തരുന്നു.

ബിയെര്‍ ഗ്രില്‍സിനെപ്പറ്റി കൂടുതല്‍ അറിഞ്ഞിട്ട് മോദി എപ്പിസോഡിന്റെ വിവാദത്തിലേയ്ക്ക് കടക്കാം. സാഹസികതയുടെ അവസാന വാക്കായി ബിയെര്‍ ഗ്രില്‍സിനെ വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. ബ്രിട്ടീഷ് ആര്‍മിയുടെ സ്‌പെഷല്‍ ഫോഴ്‌സ് യൂണിറ്റ് സേവകനായിരുന്ന എഡ്വേര്‍ഡ് മൈക്കിള്‍ ഗ്രില്‍സ് എന്ന ബിയെര്‍ ഗ്രില്‍സ്, സര്‍ മൈക്കിള്‍ ഗ്രില്‍സിന്റെയും സാറാ ഫോര്‍ഡിന്റെയും മകനായി 1974 ജൂണ്‍ ഏഴിനാണ് ലണ്ടനില്‍ ജനിച്ചത്. ഇദ്ദേഹത്തിന് ഓണററി ലഫ്റ്റനന്റ് കേണല്‍ പദവി പിന്നീട് ലഭിച്ചു. ഇന്ത്യയെ വല്ലാതെ സ്‌നേഹിക്കുന്ന ബിയെര്‍ ഗ്രില്‍സ് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും വിദേശിയായതിനാല്‍ ആ മോഹം പൂവണിഞ്ഞില്ല. ഇന്ന് ലോകത്തിനു മുന്നില്‍ എഴുത്തുകാരനും അതിഹാഹസികനും മോട്ടിവേഷന്‍ സ്പീക്കറും വ്യത്യസ്തനായ ടെലിവിഷന്‍ അവതാകരനുമാണ് ഗ്രില്‍സ്.

ആയോധന കനയില്‍ അതീവ തല്‍പരനായ ഗ്രില്‍സ് ഇന്ത്യയിലെത്തി കരാട്ടെ പഠിച്ചു. തന്റെ സാഹസിക ദൗത്യങ്ങളില്‍ കരാട്ടെ പഠിച്ചത് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പലപ്പോഴും ഇന്ത്യയിലും മറ്റും പര്‍വതാരോഹണം നടത്തി. ബിയെര്‍ ഗ്രില്‍സിലെ സാഹസികനെയും കരുത്തനെയും നിശ്ചയദാര്‍ഢ്യമുള്ള പേരാളിയെയും ലോകം തിരിച്ചറിഞ്ഞത് 1998 മെയ് 16-ാം തീയതിയാണ്. ഏവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന ഗ്രില്‍സിന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് അന്നാണ്. ടെന്‍സിങ്ങിനും ഹിലാരിക്കും ശേഷം നിരവധി പേര്‍ ഏവറസ്റ്റ് കീഴടക്കിയിട്ടുണ്ടെങ്കിലും ബിയെറിന്റെ നേട്ടത്തിന് പൊന്‍തിളക്കമുണ്ടായിരുന്നു. 1996ല്‍ സാംബിയയില്‍ വച്ച് സ്‌കൈ ഡൈവിങ്ങില്‍ 16000 അടി താഴ്ചയിലേയ്ക്ക് ചാടിയപ്പോള്‍ പിഴവുപറ്റി വീണ ഗ്രില്‍സിന്റെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. എന്നാല്‍ ഒന്നരവര്‍ഷത്തെ ഒരേ കിടപ്പിന് ശേഷം ഏവറസ്റ്റ് കീഴടക്കലിലൂടെ ഇദ്ദേഹം ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അപ്പോള്‍ ഗ്രില്‍സിന് 23 വയസ്.

ഹിമാലയന്‍ പര്‍വത നിരകളിലെ മലയാണ് അമ ദാബ്ലം. ലോകത്തെ ഏറ്റവും കുത്തനെയുള്ള മലയാണിത്. ഏവറസ്റ്റ് ആരോഹണത്തിനുള്ള പരിശീലനത്തിനിടയില്‍ സാക്ഷാല്‍ ഏഡ്മണ്ട് ഹിലാരി പറഞ്ഞത് ഈ മല അളക്കാന്‍ പോലും പറ്റില്ലെന്നാണ്. എന്നാല്‍ തന്റെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ബിയര്‍ 6,812 മീറ്റര്‍ ഉയരമുള്ള അമ ദാബ്ലം കീഴടക്കിയെന്നുള്ളതാണ് അദ്ദേഹത്തിന്റെ അത്ഭുതകരമായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാന്‍ വേഴ്‌സസ് വൈല്‍ഡിനുവേണ്ടി ഏവറസ്‌റിറിന്റെ 9000 അടി മുകളിലൂടെ പറക്കുകയുണ്ടായി. ഏവറസ്റ്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ലക്ഷ്യം. 60 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് മുകളില്‍. ഓക്‌സിജന്റെ ലഭ്യതയും നന്നേ കുറവ്. അപകടം നിറഞ്ഞ ആ ഉദ്യമം വിജയിച്ചു. എന്നാല്‍ ചൈനയുടെ എയര്‍ സ്‌പേസ് കടക്കുമെന്നതിനാല്‍ എവറസ്റ്റ് മറികടന്ന് പറക്കാനുള്ള പരിപാടി വേണ്ടെന്നുവച്ചു. ഗ്രില്‍സ് ഇന്നും തന്റെ അവര്‍ണനീയമായ സാഹസികതയിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടരിക്കുന്നു.

അതേസമയം, 'മാന്‍ വേഴ്‌സസ് വൈല്‍ഡ് വിത്ത് ബിയെര്‍ ഗ്രില്‍സ് ആന്റ് പി.എം മോദി'യുടെ പ്രൊമോഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതോടെ മറ്റൊരു വിവാദം കൂടി പുകഞ്ഞുതുടങ്ങി. ഡിസ്‌കവറി ചാനലിന് വേണ്ടി ഗ്രില്‍സിന്റെ ചിത്രീകരണം നടന്ന ദിവസമാണ് കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായത്. അന്ന് ഭീകരാക്രമണ വാര്‍ത്ത അറിഞ്ഞിട്ടും ഷൂട്ടിങ് നിര്‍ത്താതെ മോദി അഭിനയം തുടര്‍ന്നു എന്ന് കോണ്‍ഗ്രസ് ആരോപിക്കുകയുണ്ടായി. ജിം കോര്‍ബറ്റ് ദേശീയ പാര്‍ക്കില്‍ മോദി ഫോട്ടോയെടുക്കുന്ന ചിത്രവും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് പുല്‍വാമ ആക്രമണത്തിന് മണിക്കൂറുകള്‍ മുന്‍പ് എടുത്ത ഫോട്ടോയാണെന്നും പ്രധാനമന്ത്രി കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശം പാലിച്ചാണ് പ്രവര്‍ത്തിച്ചതെന്നുമാണ് അന്ന് ബി.ജെ.പി പ്രതികരിച്ചത്.

മോദിക്കെതിരെ ആരോപണം ഉയര്‍ത്തുന്നത് അപമാനകരം എന്നാണ് അന്ന് ബി.ജെ.പി ഇതേക്കുറിച്ച് പ്രതികരിച്ചത്. കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മോദി എന്നാണ് മന്ത്രി രവിശങ്കര്‍ പ്രസാദ് അന്ന് മാധ്യമങ്ങളോട് വിശദീകരിച്ചത്. മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ ട്രെയിലര്‍ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം ശരിയാണെന്ന് വന്നിരിക്കുകയാണെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസ് വീണ്ടും മോദിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് വിവരം ലഭിച്ച ശേഷവും മോദി ചിരിച്ച് കൊണ്ട് ഷൂട്ട് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ സമയത്താണ് ഗ്രില്‍സ് ഇന്ത്യ സന്ദര്‍ച്ചതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഷോ ചെയ്യാന്‍ വരുന്നതിനെ കുറിച്ചും വളരെ സ്‌പെഷ്യലായ ഒരു ഷോയാണ് ചെയ്യാന്‍ പോകുന്നത് എന്നും അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലേക്കുളള യാത്രയുടെ വിമാനത്തിലെ ചിത്രം സഹിതമായിരുന്നു ട്വീറ്റ്. പിന്നീട് ഈ ട്വീറ്റുകള്‍ നീക്കം ചെയ്യപ്പെട്ടു. പുല്‍വാമ ആക്രമണം നടന്ന ദിവസം ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലുണ്ടായിരുന്നതായി ഗ്രില്‍സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നുണ്ടത്രേ.

ഫെബ്രുവരി 14 നാണ് ഇന്ത്യയെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം ഉണ്ടായത്. പാരമിലിട്ടറി വിഭാഗമായ സി.ആര്‍.പി.എഫിന്‍ന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ജെയ്ഷ് ഇ മുഹമ്മദ് ഭീകരവാദികളാണ് ആക്രമണം നടത്തിയത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച എസ്.യു.വി സി.ആര്‍.പി.എഫ് ബസ്സിലേക്ക് ഇടിച്ച് കയറ്റിയ അപകടത്തില്‍ 40 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് പുല്‍വാമ ആക്രമണം തള്ളിവിട്ടു. പുല്‍വാമയ്ക്ക് തിരിച്ചടിയായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പാകിസ്ഥാനിലെ ബാലാകോട്ടില്‍ ആക്രമണം നടത്തിയിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് പ്രത്യാക്രമണം ചെറുക്കുന്നതിനിടെ ഇന്ത്യന്‍ വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് അധീന കശ്മീരില്‍ വീണ് പാകിസ്ഥാന്റെ തടവിലായിരുന്നു.

നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്കും ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പുകള്‍ക്കും ശേഷം യുദ്ധം ഒഴിവാക്കാന്‍ സമാധാന സന്ദേശം എന്ന നിലയില്‍ അഭിനന്ദനെ വിട്ടു നല്‍കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ഫെബ്രുവരി 14ന് മോദി, ഡിസ്‌കവറിക്ക് വേണ്ടിയുള്ള ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഏകദേശം ജനുവരി അവസാനത്തോടെയാണ് ഈ ഷെഡ്യൂള്‍ ഡിസ്‌കവറി തുടങ്ങിയതെന്ന് ബിയെര്‍ ഗ്രില്‍സിന്റെ മുന്‍ ട്വീറ്റുകള്‍ വ്യക്തമാക്കുന്നുണ്ട്. ഏതായാലും ഓഗസ്റ്റ് 12ന് ഡിസ്‌കവറി ചാനലില്‍ മോദി എപ്പിസോഡ് എയര്‍ ചെയ്യപ്പെടുമ്പോള്‍ പുല്‍വാമയിലെ ആക്രമണവും തീപ്പൊരി ചര്‍ച്ചയാകും എന്നത് തീര്‍ച്ചയാണ്. 
ഇന്ത്യാ സ്‌നേഹം ബിയെര്‍ ഗ്രില്‍സിനെ 'ഷൂട്ടിങ്ങ് മോദി'യിലെത്തിച്ചു, പിന്നാലെ വിവാദവും (ശ്രീനി)ഇന്ത്യാ സ്‌നേഹം ബിയെര്‍ ഗ്രില്‍സിനെ 'ഷൂട്ടിങ്ങ് മോദി'യിലെത്തിച്ചു, പിന്നാലെ വിവാദവും (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക