Image

മാരീചന്‍ ഓര്‍മിപ്പിക്കുന്ന തത്വം (ഡോ.എസ്. രമ)

Published on 27 July, 2019
മാരീചന്‍ ഓര്‍മിപ്പിക്കുന്ന തത്വം (ഡോ.എസ്. രമ)
രാമായണത്തിന്റെ ഇതിവൃത്തം തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ്. രാമായണകഥയില്‍ ഒരു വഴിത്തിരിവിന് ഇടയാക്കുന്ന കഥാപാത്രമാണ് രാക്ഷസനായ മാരീചന്‍.

താടകയുടെ പുത്രന്‍മാരായിരുന്നു മാരീചനും സുബാഹുവും. എല്ലാ ത്തരം യുദ്ധമുറകളും വശമുണ്ടായിരുന്ന ഇണ പിരിയാത്ത സഹോദരന്‍മാര്‍. വനപ്രദേശങ്ങളില്‍ അടങ്ങിഒതുങ്ങി താമസിക്കുന്ന മുനിമാരെ ഉപദ്രവിക്കുകയായിരുന്നു അവരുടെ ജോലി. ശല്യം അസഹനീയമായപ്പോള്‍ വിശ്വാമിത്രന്‍ അയോധ്യയില്‍ ചെന്ന് രാമലക്ഷ്മണന്‍മാരെ സഹായത്തിന് കൊണ്ട് പോന്നു. വിശ്വാമിത്രന്റെ യാഗത്തിന് തടസ്സമായി പതിവുപോലെ മാരീചനും സുബാഹുവും എത്തി. രാമബാണത്താല്‍ സുബാഹു വധിക്കപ്പെട്ടു. രാമബാണത്തിന്റെ ഭീകരധ്വനി ശ്രവിച്ച മാരീചന്‍ സമുദ്രത്തിന്റെ മറുകരയിലേക്ക് തെറിച്ചു വീണു. വീണ്ടും ദണ്ഡകാരണ്യത്തില്‍ വച്ച് താപസവേഷധാരിയായ രാമനെ മൃഗരൂപം ധരിച്ചു വധിക്കാന്‍ ശ്രമിച്ച മാരീചന്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ശ്രീരാമനിലെ ഈശ്വരാംശം തിരിച്ചറിഞ്ഞ മാരീചന്‍ സമുദ്രത്തിന്റെ അക്കരെയുള്ള മനോഹരവനത്തിലെ ഏകാന്തമായ ആശ്രമത്തില്‍ നാമജപവുമായി താപസജീവിതം കൈകൊണ്ടു.

അപ്പോഴാണ്ശൂര്‍പ്പണഖയുടെ വാക്കുകള്‍ ശ്രവിച്ച് സീതയില്‍ ഭ്രമിച്ച രാവണന്റെ ആഗമനം. പൊന്മാനിന്റെ വേഷം ധരിച്ചു സീതയെ പ്രലോഭിപ്പിക്കുകയെന്ന ആവശ്യം രാവണന്‍ ഉന്നയിക്കുമ്പോള്‍ സീതാപഹരണം എന്ന ഉദ്യമത്തില്‍ നിന്നും രാവണനെ പിന്‍തിരിപ്പിക്കാന്‍ മാരീചന്‍ തന്നാലാവും വിധം ശ്രമിക്കുന്നുണ്ട്. പക്ഷേ ആയുസ്സവസാനിച്ച് മരണത്തോടടുക്കുന്നവര്‍ സുഹൃത്തുക്കളുടെ ഹിതോപദേശം പോലും കൈക്കൊള്ളില്ല എന്നത് വാസ്തവം. രാവണന്റെ പിടിവാശിക്കു മുന്നില്‍ മാരീചന്‍ മനസില്ലാ മനസോടെ, താന്‍ വധിക്കപ്പെടുമെന്ന പൂര്‍ണബോധ്യത്തോടെ സമ്മതം മൂളുകയാണ്. രാക്ഷസനായ രാവണന്റെ കൈകള്‍ കൊണ്ട് മരിക്കുന്നതിലും നല്ലത് ഈശ്വരാംശമായ രാമന്റെ കൈകള്‍ കൊണ്ടുള്ള മരണമാണെന്ന് തിരിച്ചറിഞ്ഞ മാരീചന്‍ പൊന്മാനിന്റെ രൂപം ധരിച്ച് ആശ്രമപ്രാന്തത്തില്‍ കടന്ന് സീതയെ പ്രലോഭിപ്പിക്കുകയാണ്. രാമബാണമേറ്റ് മരണം വരിക്കുമ്പോഴും 'ഹാ.. സീതേ, ഹാ.. ലക്ഷ്മണാ 'എന്ന മുറവിളിയോടെ സീതയില്‍ തെറ്റിധാരണ സൃഷ്ടിച്ച് മരണം വരിക്കുന്നു. അങ്ങനെ അവസാനനിമിഷവും ദുഷ്ടന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനാണെങ്കിലും തന്നെ ഏല്പിച്ച ദൗത്യം പൂര്‍ത്തിയാക്കുന്നു.

ദുഷ്ടത നിറഞ്ഞ പ്രവൃത്തികളില്‍ നിന്നും പിന്‍വാങ്ങി സജ്ജനമായി ധര്‍മ്മാനുസൃതം പ്രവൃത്തിക്കാന്‍ ശ്രമിക്കുന്നവരായി ലോകത്തില്‍ ഒട്ടേറെ പേരുണ്ട്. വീണ്ടും അന്യര്‍ ചെയ്യുന്ന അപരാധം മൂലമോ, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം വീണ്ടും അപരാധത്തിനു കൂട്ട് നില്‍ക്കേണ്ടി വരുമ്പോഴോ നശിക്കേണ്ടി വരുന്നവര്‍. പാപങ്ങള്‍ ചെയ്യാത്തവരായ നല്ലവരും പാപികളുമായുള്ള സംസര്‍ഗത്തില്‍, പാമ്പുകളുള്ള ആഴക്കടലിലെ മത് സ്യങ്ങളെ പോലെ മറ്റുള്ളവരുടെ പാപങ്ങളാല്‍ വിനാശമടയുന്നു. മാരീചന്റെ കഥ നമ്മെ ഓര്‍മിപ്പിക്കുന്ന തത്വം അതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക