Image

ട്രമ്പിന്റെ കാശ്മീര്‍ ബോംബ് (ദല്‍ഹികത്ത്: പി.വി.തോമസ് )

പി.വി.തോമസ് Published on 26 July, 2019
ട്രമ്പിന്റെ കാശ്മീര്‍ ബോംബ് (ദല്‍ഹികത്ത്: പി.വി.തോമസ് )
അമേരിക്കയുടെ രാഷ്ട്രപതി ഡൊണാള്‍ഡ് ട്രമ്പ് വൈറ്റ് ഹൗസിന്റെ ഓവല്‍ ഓഫീസില്‍ വച്ച് ഈയിടെ ഒരു ബോംബ് പൊ്ട്ടിച്ചു- കാശ്മീര്‍ ബോംബ്. മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു അത്. സന്ദര്‍ഭം ആകട്ടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സന്ദര്‍ശനവും. അത് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും പാര്‍ലിമെന്റിനെയും ദേശീയ രാ്ഷ്ട്രീയത്തെയും കുലുക്കിയിരിക്കുകയാണ്.
ട്രമ്പ് അവകാശപ്പെട്ടത് അനുസരിച്ച് മോഡി അദ്ദേഹത്തോട് കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുവാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. ഇത് സംഭവിക്കുന്നത് ഒസാക്ക ഉന്നതകോടിയില്‍ ആണ്. ഇത് ഇന്‍ഡ്യയില്‍ ഒരു കൊടുങ്കാറ്റ് അഴിച്ചുവിട്ടിരിക്കുകയാണ്. പാര്‍ലിമെന്റിലും പുറത്തും. കാരണം കാലാകാലങ്ങളായിട്ടുള്ള ഇന്‍ഡ്യയുടെ പ്രഖ്യാപിത നയം ആണ് കാശ്മീര്‍ പ്രശ്‌നത്തില്‍ വേറൊരു രാഷ്ട്രത്തെയും ഉള്‍പ്പെടുത്തുകയില്ല എന്നത്. കാരണം അത് ഇന്‍ഡ്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയം ആണ്. അതില്‍ മൂന്നാമതൊരു കക്ഷിയുടെ പ്രവേശനമേ ഇല്ല. ട്രമ്പിന്റെ വൈറ്റ് ഹൗസ് ഓവല്‍ ഓഫീസ് പ്രസ്താവനയെ തുടര്‍ന്ന്, ഇംമ്രാന്‍ഖാനെയും മാധ്യമങ്ങളെയും മുന്‍നിറുത്തി, വര്‍ഷകാല പാര്‍ലിമെന്റ് സെഷന്‍ തിളച്ചു. പ്രതിവര്‍ഷം അത് ഒരു അവസരം ആക്കി. സ്വാഭാവികമായും.

ഗവണ്‍മെന്റ് ട്രമ്പിന്റെ പ്രസ്താവനയെ നിരാകരിച്ചു. മോഡി ഒരിക്കലും ട്രമ്പിന്റെ ഇടപെടലിനായി അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രിയും ഗൃഹമന്ത്രിയും പാര്‍ലിമെന്റില്‍ വാദിച്ചു. പക്ഷേ, പ്രതിപക്ഷം പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഒരു പ്രസ്താവനക്കായി നിര്‍ബന്ധം പിടിച്ചു. പ്രതിപക്ഷം മോഡി അങ്ങനെ ഒരു അഭ്യര്‍ത്ഥന ട്രമ്പ് അവകാശപ്പെട്ടതുമാതിരി നടത്തിയിട്ടുണ്ടെങ്കില്‍ അത് ഇന്‍ഡ്യയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധം ആണെന്ന് അടിവരയിട്ട് വാദിച്ചു. അവര്‍ അവരുടെ വാദത്തില്‍ ശരിയും ആണ് താനും. അമേരിക്കക്ക് ഇതിന് വ്യക്തമായ ഒരു മറുപടി നല്‍കുവാന്‍ സാധിച്ചിട്ടില്ല. ട്രമ്പ് അങ്ങനെ വെറുതെ ഒന്നും ഉണ്ടാക്കി പറയുകയില്ലെന്ന് തുടങ്ങി അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലെന്നുവരെയാണ് അമേരിക്കയുടെ പ്രതികരണം. പക്ഷേ, ടെലിവിഷന്‍ വീഡിയോ ക്ലിപ്പുകള്‍ കൃത്യം ആണ്.

ഇമ്രാന്‍ഖാനും ട്രമ്പും ഇരിക്കുന്ന മാധ്യമ സമ്മേളനം ആണ് അവസരം. ഓവല്‍ ഓഫീസ്. ഖാന്‍ ട്രമ്പിനോട് കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാമോ എന്ന് ചോദിക്കുന്നു. ലോകത്തില്‍ ഇത് പരിഹരിക്കാവുന്ന ഒരേ ഒരു വ്യക്തി ശക്തമായ അമേരിക്കയുടെ അതിശക്തനായ രാഷ്ട്രപതി ആണെന്നും ഇമ്രാന്‍ പറഞ്ഞു. ്ട്രമ്പ് മറുപടി ആയി പറഞ്ഞു. ഞാന്‍ പ്രധാനമന്ത്രി മോഡിയുമായി രണ്ടാഴ്ച മുമ്പ് ഒപ്പം ഉണ്ടായിരുന്നു. ഞങ്ങള്‍ ഈ വിഷയം സംസാരിക്കുകയും ചെയ്തിരുന്നു. മോഡി ചോദിച്ചു 'കാശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥനും വഹിക്കാമോ' ട്രമ്പ് ചോദിച്ചു 'എന്ത്?' മോഡി പറഞ്ഞു 'കാരണം ഇത് വര്‍ഷങ്ങള്‍ ആയി തുടരുകയാണ്.'

ഇതാണ് ഇപ്പോഴത്തെ ഈ കൊടുങ്കാറ്റിന്റെ ഉത്ഭവം. ഇവിടെ ഗവണ്‍മെന്റും പ്രതിപക്ഷവും ഇതിനെ ചോദ്യം ചെയ്യുന്നതിന്റെ കാരണം ഇന്‍ഡ്യ ഒരു മൂന്നാം കക്ഷിയെ കാശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ആണ്. ഗവണ്‍മെന്റ് ്ട്രമ്പിന്റെ അവകാശത്തെ നിരാകരിക്കുന്നു. പ്രതിപക്ഷം അതിന്റെ സത്യം മോഡിയുടെ വായില്‍ നിന്നും തന്നെ അറിയുവാന്‍ ശാഠ്യം പിടിക്കുന്നു. പ്രതിപക്ഷത്തെ തെറ്റായി പറഞ്ഞിട്ട് കാര്യം ഇല്ല. കാരണം ഇത് ജനാധിപത്യം ആണ്. പാര്‍ലിമെന്റിനും ജനങ്ങള്‍ക്കും പ്രധാനമന്ത്രിയില്‍ നിന്നും സത്യാവസ്ഥ അറിയണം.
ഗവണ്‍മെന്റ് ട്രമ്പിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞെങ്കിലും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്‌തെങ്കിലും കാശ്മീരിലെ രാഷ്ട്രീയ കക്ഷികളായ, പി.ഡി.പി.യും നാഷ്ണല്‍ കോണ്‍ഫ്രന്‍സും വിഘടനവാദികളും ട്രമ്പിന്റെ ഇടപെടലിനെ സ്വാഗതം ചെയ്തു. പാക്കിസ്ഥാന്‍ മാധ്യമങ്ങളും ഒന്നടങ്കം അതിനെ സ്വാഗതം ചെയ്തു.

ഇവിടെ വിഷയം ട്രമ്പിന്റെ പ്രസ്താവന സത്യം ആണോ എന്നതാണ്. അതോ ഇന്‍ഡ്യന്‍ ഗവണ്‍മെന്റിനെ നിരാകരണം ആണോ സത്യം? എന്തിന് ട്രമ്പ് ഇങ്ങനെ ഒരു നുണ പറയണം? എന്തിന് ഇന്‍ഡ്യന്‍ ഗവണ്‍മെന്റ് ഇങ്ങനെ ഒരു നിരാകരണം നടത്തണം? സത്യം അറിയുവാനുള്ള പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും അവകാശം എന്തുകൊണ്ട് തള്ളിക്കളയണം? ഇനി മറ്റൊന്ന് ഒരു മൂന്നാംകക്ഷി, അത് അമേരിക്ക എങ്കില്‍ അമേരിക്ക, ഇടപെട്ടാല്‍ എന്താണ് തെറ്റ് ?
ഇതിന്റെ എല്ലാം ഉത്തരം രാഷ്ട്രീയം ആണ്. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുവാന്‍ ആര്‍ക്കും താല്‍പര്യം ഇല്ല. കാരണം ആര്‍ക്കും അത് സാധിക്കുകയില്ല. അത് അത്ര സങ്കീര്‍ണ്ണം ആണ്. അതില്‍ മതവും രാ്ഷ്ട്രീയവും ഭൂശാസ്ത്രവും ഉണ്ട്. കാശ്മീര്‍ ഇന്‍ഡ്യയുടെ അവിഭാജ്യഘടകം ആണെന്ന് പറയുക രസകരം ആണ്. പക്ഷേ, ചരിത്രപരമായി അങ്ങനെ അല്ലാതായിരിക്കുന്നു.

അഥവാ ഇനി ട്രമ്പും അമേരിക്കയും ഇടപെട്ടാല്‍ ഈ കാശ്മീരില്‍ പ്രശനം പരിഹരിക്കപ്പെടുമോ? എനിക്ക് സംശയം ഉണ്ട്. കാരണം അമേരിക്കയുടെ  ഉദ്ദേശം അതില്‍ ഒന്ന്. ഇനി അമേരിക്കയുടെ ഉദ്ദേശം ശരിയാണെങ്കില്‍ തന്നെയും പ്രശ്‌നം പരിഹരിക്കപ്പെടുമോ? ബുദ്ധിമുട്ടാണ്. കാരണം പാക്കിസ്ഥാന്റെ ഭരണം പട്ടാളവും ചാരസംഘടനയായ ഐ.എസ്.ഐ.യും അവര്‍ പോറ്റി വളര്‍ത്തുന്ന ഭീകരരും ആണ് നടത്തുന്നത്. അത് അങ്ങനെ തുടരുന്നിടത്തോളം കാലം അമേരിക്കക്ക് അല്ല ആര്‍ക്കും തന്നെ ഇവിടെ ഒരു സമാധാന-സന്ധി ഏര്‍പ്പെടുത്തുവാന്‍ സാധിക്കുകയില്ല.
ഇതെല്ലാം ഇങ്ങനെ ഇരുന്നാലും ഒരു മൂന്നാം കക്ഷിയുടെ ഇടപെടലില്‍ എന്താണ് തെറ്റ് എന്ന് ചിന്തിക്കുന്നവരും ഉണ്ട്. പ്രശ്‌നം തീരുമെങ്കില്‍ അതും സ്വീകാര്യം ആകാവുന്നത് ആണ്. പ്രത്യേകിച്ചും അമേരിക്ക ഇടപെട്ട ഒരു കേസില്‍ പിന്നെ പാക്കിസ്ഥാന്‍ കള്ളക്കള കളിക്കുമോ? അതോ അമേരിക്കന്‍ ഇടപെടലിലൂടെ ഇന്‍ഡ്യയും പാക്കിസ്ഥാനും ആ രാജ്യത്തിന്റെ പിടിയില്‍ ആകുമോ?  അതും സൂക്ഷിക്കേണ്ടതാണ്. മൂന്നാം പാര്‍ട്ടിയുടെ ഇടപെടലിനെതിരായി കടുംപിടുത്തം പിടിക്കുമ്പോള്‍ ഇതെല്ലാം വാസ്തവങ്ങള്‍ ആണ്. പക്ഷേ, ഇന്‍ഡ്യ ഇന്ന് ഈ വക കൈകടത്തലുകളെ ചെറുത്തു നില്‍ക്കുവാന്‍ പര്യാപ്തം അല്ലേ? അതുകൊണ്ട് ഒരു മാദ്ധ്യസ്ഥത്തിലൂടെ സമാധാനം ഉറപ്പുവരുത്തുവാന്‍ സാധിക്കുമെങ്കില്‍ അതിനും ഒരു അവസരം നല്‍കികൂടെ എന്ന ചോദ്യവും ഉണ്ട്.
പക്ഷെ, എന്താണ് പാക്കിസ്ഥാന് വേണ്ടത്? പാക്കിസ്ഥാന് വേണ്ടത് സ്വതന്ത്ര കാശ്മീര്‍ ആണ്, അത് ഇന്‍ഡ്യയുടെ നിലപാടിന് വിരുദ്ധം ആണ്. അല്ലെങ്കില്‍ ആദ്യപടി ആയി പാക്കിസ്ഥാന് വേണ്ടത് ഒരു ഹിതപരിശോധന ആണ്. അതിന് ഉപോല്‍ബലകമായി പാക്കിസ്ഥാന്‍ മൂന്നുകക്ഷി ചര്‍ച്ചയില്‍ ഐക്യ രാഷ്ട്ര സംഘടനയുടെ പ്രമേയവും ഉദ്ധരിച്ചേക്കാം. അത് ഇന്‍ഡ്യക്ക് ചരിത്രപരമായും രാഷ്ട്രീയമായും ഭൂമശാസ്ത്രപരമായും ഒരിക്കലും അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. ഒരു സ്വതന്ത്രകാശ്മീര്‍ തീര്‍്ച്ചയായും പാക്കിസ്ഥാന്റെ അധീനതയില്‍ ആയിരിക്കും. അത് എങ്ങനെ ഇന്‍ഡ്യക്ക് അംഗീകരിക്കുവാനാവും? പിന്നെ എന്ത് മദ്ധ്യസ്ഥത?

കാശ്മീര്‍ പ്രശ്‌നത്തിന്റെ പരിഹാരം ദുരൂഹം ആണ്. സങ്കീര്‍ണ്ണം ആണ്. ഒരു പക്ഷേ അപ്രാപ്യവും. ട്രമ്പിന്റെയും ഇമ്രാന്‍ഖാന്റെയും സമീപനം വെറും രാഷ്ട്രീയം ആണ്. ട്രമ്പിന് കാശ്മീരിന്റെ രാ്ഷ്ട്രീയവും ചരിത്രവും അറിയാമോ എന്ന് സംശയം ആണ്. പ്രധാനമന്ത്രി മോഡി ഇക്കാര്യത്തില്‍ ട്രമ്പിന്റെ സഹായം തേടിയെങ്കില്‍ അദ്ദേഹം വഴിതെറ്റിയുള്ള ഒരു സമീപനം ആണ് സ്വീകരിച്ചത്. അത് കണക്ക് കൂട്ടിയുള്ള ഒരു ചതുരംഗകളി ആണോ? വരുംദിനങ്ങളില്‍, ആണോ? വരുംദിനങ്ങളില്‍, വരുംകാലങ്ങളില്‍ അത് തെളിയും.

Join WhatsApp News
ഞങ്ങളുടെ മശിഹയുടെ നേട്ടങ്ങള്‍ 2019-07-27 06:47:26
 our best people 
- Jeffrey Epstein: jail - George Nader: jail - Roger Stone: indicted - Michael Cohen: prison - Michael Flynn: plea deal - Papadopoulos: prison - William Barr: contempt - Rick Gates: prison - Paul Manafort: prison - Rudy Giuliani: has rabies
soon to follow- ivanka, kushner, junior, russian mitch
and like Jesus our hero will be in Jail
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക