Image

ചിരിപ്പിച്ചു കൊല്ലും ഈ സച്ചിന്‍

Published on 22 July, 2019
ചിരിപ്പിച്ചു കൊല്ലും ഈ സച്ചിന്‍
ക്രിക്കറ്റും പ്രണയവും തമ്മില്‍ ചേരുമ്പോള്‍ നല്ലൊരു കെമിസ്ട്രി രൂപപ്പെടാറുണ്ട്. യഥാര്‍ത്ഥ ക്രിക്കറ്റിലാണ് അത് കൂടുതലായി കണ്ടിട്ടുള്ളത്. ക്രിക്കറ്റ് പ്രധാനപ്പെട്ട ഒരു ഘടകമായി നിലനില്‍ക്കുകയും മറ്റുള്ളവ അതിനോട് ചേര്‍ന്നു നിന്നു കൊണ്ടുള്ള സാധാരണക്കാരുടെ ജീവിതകഥ പറഞ്ഞ 1983 എന്ന എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തിനു ശേഷം ക്രിക്കറ്റ് ഒരു പ്രധാന പ്രമേയമായി സ്വീകരിച്ചു കൊണ്ട് മലയാളത്തില്‍ വന്ന ചിത്രമാണ് സച്ചിന്‍. ക്രിക്കറ്റ് മുഖ്യപ്രമേയമാക്കിയ ഒരു ചിത്രത്തിന് ഒരു പക്ഷേ ഇതിലും നല്ലൊരു പേര് നല്‍കാന്‍ കഴിയില്ല.

തൊണ്ണൂറുകളില്‍ ക്രിക്കറ്റ് സാധാരണക്കാരുടെ കായിക സ്വപ്നങ്ങളിലേക്കു കൂടി കുടിയേറിയകാലമായിരുന്നു. അപ്പോഴാണല്ലോ നാട്ടിന്‍പുറങ്ങളില്‍ പോലും ടെലിവിഷന്‍ വ്യാപകമായത്. അടുക്കളയില്‍ കരിയും പുകയും കൊണ്ടു നിന്ന വീട്ടമ്മമാര്‍ക്കു വരെ സച്ചിന്‍ എന്ന പേര് പരിചിതമായത് അങ്ങനെയാണ്. 1983 നു ശേഷം വീണ്ടും ക്രിക്കറ്റ് കഥയുമായി ഒരു ചിത്രമെത്തുമ്പോള്‍ അതിന് കുറേ കൂടി രസം പകരാന്‍ പ്രണയവും തമാശയും ഇഷ്ടം പോലെയുണ്ട്.

വിശ്വനാഥന്‍ വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസം തന്റെ കരിയറില്‍ ഒരു മികച്ച സെഞ്ച്വറി കൈവരിച്ച അന്നാണ് വിശ്വനാഥന് ഒരാണ്‍കുഞ്ഞ് ജനിക്കുന്നത്. സച്ചിനോടുള്ള ആരാധന മൂത്ത് അയാള്‍ തന്റെ മകനും അതേ പേരിട്ടു. സച്ചിന്‍. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണാറുള്ള ക്രിക്കറ്റ് കളിയും ആണ്‍കുട്ടികളുടെ ബഹളങ്ങളുമെല്ലാം വളരെ സ്വാഭാവികമായി ഇതില്‍ പകര്‍ത്തിയിട്ടുണ്ട്.

ജെറീസ് ഇലവന്‍ എന്ന ക്രിക്കറ്റ് ക്‌ളബ്ബിലെ അംഗമാണ് സച്ചിന്‍. പക്ഷേ നാട്ടിലെ എല്ലാ ടീമുകളോടും തോറ്റു തുന്നം പാടുന്നവരാണ് സച്ചിനും കൂട്ടരും. യഥാര്‍ത്ഥ സച്ചിന് തന്നെക്കാള്‍ പ്രായക്കൂടുതലുള്ള അഞ്ജലിയെ കണ്ടുമുട്ടി ജീവിതസഖിയാക്കിയതു പോലെ ഈ കഥയിലെ സച്ചിനും തന്റെ പ്രണയിനിയെ കണ്ടു മുട്ടുന്നു. തന്നെക്കാള്‍ പ്രായമുള്ള അഞ്ജലി. പക്ഷേ അവളെ സ്വന്തമാക്കുക ഒട്ടും എളുപ്പമായിരുന്നില്ല. കാരണം ജെറീസ് ഇലവന്റെ ആജന്‍മശത്രുക്കളായ ബ്രദേഴ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ ഷൈന്റെ സഹോദരിയാണ് അഞ്ജലി. പ്രണയം ആകെ പ്രശ്‌നത്തിലാകുന്നു. വെറുതെ ഒരു രസത്തിന് കളിച്ചിരുന്ന ക്രിക്കറ്റ് സച്ചിന്റെ ഭാവിയും സ്വപ്നവും നിര്‍ണയിക്കുന്ന ഒരു നിര്‍ണ്ണായക സന്ധിയിലേക്ക് വളരുന്നു. ഇതോടെ ഇരുവീട്ടുകാരുടെയും എതിര്‍പ്പിനെ മറികടന്ന് തന്റെ കാമുകിയെ സ്വന്തമാക്കാന്‍ സച്ചിന്‍ നടത്തുന്ന പരിശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ധ്യാന്‍ ശ്രീനിവാസനാണ് സച്ചിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അലസനായ, ഉത്തരവാദിത്വങ്ങളില്ലാതെ ക്രിക്കറ്റ് കളിച്ചും കൂട്ടുകാരുമൊത്ത് തമാശകളൊപ്പിച്ചും നടക്കുന്ന നാട്ടിന്‍പുറത്തെ പതിവു പയ്യന്റെ വേഷം ധ്യാന്‍ ഭംഗിയാക്കിയിട്ടുണ്ട്. അന്ന രേഷ്മ രാജനാണ് അഞ്ജലിയായി എത്തുന്നത്.സച്ചിന്റെ സുഹൃത്തുക്കളായി അജുവര്‍ഗീസും ഹരീഷ് കണാരനും ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്നു. സാന്ദര്‍ഭികമായ തമാശകളാണ് സിനിമയുടെ രസച്ചരട്. അഞ്ജലിയുടെ സഹോദരനായി എത്തുന്ന രമേഷ് പിഷാരടിയും അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നു. കളിയല്ല ജീവിതം എന്ന് നായകന്‍ തിരിച്ചറിയുന്നിടത്ത് ശുഭസൂചകമായി ചിത്രം പര്യവസാനിക്കുന്നു.
മണിയന്‍പിള്ള രാജു, രണ്‍ജി പണിക്കര്‍, മാലാ പാര്‍വതി, അപ്പാനി ശരത്, രശ്മി ബോബന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മനസു തുറന്ന് ചിരിക്കാന്‍ വേണ്ടി മാത്രമാണെങ്കില്‍ ഈ ചിത്രത്തിന് ധൈര്യമയി ടിക്കറ്റെടുക്കാം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക