Image

നിങ്ങളുടെ കുട്ടി അനുസരിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കൂടി പ്രശ്‌നമാണ്'

By. Dr. Robin K Mathew/social media Published on 21 July, 2019
നിങ്ങളുടെ കുട്ടി അനുസരിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കൂടി പ്രശ്‌നമാണ്'
ദുബായില്‍ നിന്ന് ടോറോന്റോയിലേക്കുള്ള എയര്‍ കാനഡ വിമാനത്തില്‍ ഞാന്‍ സ്വസ്ഥമായി ഇരിപ്പുറപ്പിച്ചു. എന്റെ അടുത്തു ഒരു മലയാളി സ്ത്രീ ഇരിപ്പുണ്ട് .അവരുടെ കയ്യില്‍ ഒരു കുട്ടി .അവരുടെ മറ്റേ കുട്ടി അടുത്ത റോയില്‍ ഇരിക്കുന്ന അവരുടെ ബന്ധുവിന്റെ കൂടെ ഉണ്ട്. കുട്ടികള്‍ നല്ല വികൃതിയാണ്. അപ്പുറത്തെ ബന്ധുവിന്റെ കൂടെ ഉള്ള കുട്ടി നിലത്തു ഇഴയുകയാണ് .

എയര്‍ഹോസ്റ്റസ് വന്നു.എയര്‍ കാനഡ എയര്‍ ഹോസ്റ്റസുമാരോട് വല്ലാത്ത ബഹുമാനം തോന്നാറുണ്ട്. കാരണം വൈകിയ പ്രായത്തിലും അവര്‍ ഈ കടുപ്പമുള്ള ജോലി ചെയ്യുന്നുണ്ടല്ലോ.എയര്‍ ക്യാനഡയില്‍ ജോലിക്ക് കയറുന്നവര്‍ ആദ്യം ചെയ്യുന്ന ഒരു ആചാരമുണ്ട്. മര്യാദ ,സൗമ്യത ,വിനയം തുടങ്ങിയ വാക്കുകള്‍ അടങ്ങിയ ഡിക്ഷണറി എടുത്തു അവര്‍ നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഏറിയും.പുല്ല് പോകട്ടെ.

നമ്മുടെ ഈ രണ്ടു കുട്ടികളുടെ പരാക്രമം കണ്ടു എയര്‍ ഹോസ്റ്റസ് പറഞ്ഞു.'കുട്ടികളെ സീറ്റില്‍ ഇരുത്തി ബെല്‍റ്റ് ഇടണം. '

പെണ്‍കുട്ടി പറഞ്ഞു ' അവര്‍ എന്റെ അടുത്തു മാത്രേമേ ഇരിക്കൂ മാഡം .അവര്‍ വല്ല്യ വാശിക്കാരാണ്. ഞാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല.'

അപ്പോള്‍ എയര്‍ഹോസ്റ്റസ് പറഞ്ഞ ഒരു മറുപടിയുണ്ട്. ' നിങ്ങളുടെ കുട്ടി പറഞ്ഞാല്‍ കേള്‍ക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കൂടി പ്രശ്‌നമാണ്.അത് ബാക്കിയുള്ള യാത്രക്കാര്‍ക്ക് മുഴുവന്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. മാത്രമല്ല ഈ അവസ്ഥയില്‍ കുട്ടികളെ ആക്കി ഫ്‌ലൈറ്റ് ടേക്ക് ഓഫ് ചെയ്യില്ല .നിങ്ങള്‍ യാത്ര വേണ്ട എന്ന് വയ്ക്കുന്നതായിരിക്കും ഉചിതം.'

ഞാന്‍ എന്റെ തൊട്ട് അടുത്തിരുന്ന അപ്പൂപ്പനോട് യാചിച്ചു ,അയാളെ മുന്‍പ് പറഞ്ഞ ആ ബന്ധുവിന്റെ സീറ്റില്‍ ഇരുത്തി ,ഞാന്‍ പുറകിലുള്ള ഒരു ഒഴിഞ്ഞ സീറ്റിലേക്ക് മാറി ഇരുന്നു,.അങ്ങനെ ഈ പട മുഴുവന്‍ ഒരു റോയില്‍ ഇരുന്നു. സ്വന്തം സീറ്റില്‍ നിന്ന് തന്നെ ഇറക്കിയ എന്റെ പിതാവിനെ ആ വെള്ളക്കാരന്‍ അപ്പൂപ്പന്‍ ആ ഫ്‌ലൈറ്റിലേയ്ക്ക് ആവാഹിച്ചു വരുത്തിയിട്ടുണ്ടാവും.പക്ഷെ ഇറങ്ങുന്ന സമയത്ത് ഒരു നന്ദി വാക്ക് പോയിട്ട് ഒരു നോട്ടം കൊണ്ട് പോലും യാത്ര പറയുവാന്‍ ഈ പെണ്‍കുട്ടിയോ ബന്ധുവോ മിനക്കെട്ടില്ല.

പക്ഷെ ആ എയര്‍ ഹോസ്റ്റസ് പറഞ്ഞ ആ വാക്ക്യം എന്റെ മനസ്സില്‍ തങ്ങി നിന്നു ' നിങ്ങളുടെ കുട്ടി അനുസരിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കൂടി പ്രശ്‌നമാണ്'

ടോറോന്റോയില്‍ താമസിക്കുന്ന ഒരു റിട്ടയേര്‍ഡ് പ്രൊഫെസ്സര്‍ ഒരിക്കല്‍ പറഞ്ഞു. ഒരു മലയാളി സ്ത്രീ ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ വന്നു.കൂടെ രണ്ടു കുട്ടികളുണ്ട്.അതില്‍ ഒരു കുട്ടി അദ്ദേഹത്തിന്റെ ടിവി റിമോട്ട് കണ്ട്രോള്‍ എടുത്തു ടീപ്പോയില്‍ ഇട്ട് അടിക്കുവാന്‍ തുടങ്ങി. അപ്പോള്‍ മറ്റേ കുട്ടിക്കും ആ റിമോട്ട് വേണം . വിശാല ഹൃദയായ ആ മാതാവ് ഇദ്ദേഹത്തിന്റെ വിഡിയോ റിമോട്ട് എടുത്തു മറ്റേ കുട്ടിക്ക് കൊടുത്തു.അവര്‍ മത്സരിച്ചു തകര്‍ക്കുകയാണ്.

റിമോട്ടുകള്‍ നശിക്കുന്നത് കണ്ടിട്ടും അമ്മക്ക് ഒരു കുലുക്കവുമില്ല.അവസാനം സഹികെട്ട് ആ പ്രഫസര്‍ പറഞ്ഞു. 'ജാന്‍സി കുട്ടികള്‍ എന്റെ റിമോട്ട് നശിപ്പിക്കുകയാണ്.ഇത് പഴയ മോഡലാണ് ,വേറെ വാങ്ങാന്‍ കൂടി സാധിക്കില്ല. നീ എന്താണ് ഒന്നും മിണ്ടാത്തത് ?.

അയാള്‍ കുട്ടികളോട് മോശമായി പെരുമാറി എന്ന് പറഞ്ഞു അവര്‍ ഇറങ്ങി പോയി അത്രേ.

പാശ്ചാത്യ രാജ്യത്തു പൊതുഇടങ്ങളില്‍ ചെന്നാല്‍ നമ്മള്‍ കാണുന്ന ഒരു പ്രത്യേകതയുണ്ട് . അവിടെ കുട്ടികള്‍ വളരെ നിശ്ശബ്ദരും ,അച്ചടക്കമുള്ളവരും ആയിരിക്കും.ആവശ്യമില്ലാതെ കരയുകയോ,ബാക്കിയുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുകയോ ഒന്നും ചെയ്യില്ല .മറ്റു വീടുകളില്‍ ചെന്നാല്‍ അവര്‍ക്ക് ശല്ല്യമില്ലാതെ ഒരിടത്തു ഇരിക്കും.കടയില്‍ കയറിയാല്‍ സാധനങ്ങള്‍ വാരി എടുക്കില്ല.

പക്ഷെ നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ നമ്മളെ പോലെ ആകുന്നതും ഈ പരിശീലനത്തിന്റെയും അച്ചടക്കരാഹിത്യത്തിന്റെയും പ്രശ്‌നം മൂലമാണ്.
.
ഏതാണ്ട് 70 വര്‍ഷം മുന്‍പ് ക്യാനഡയിലോ അമേരിക്കയിലോ അവര്‍ നടപ്പാക്കി,അവര്‍ വളരെ കൃത്യമായിട്ട് പാലിക്കുന്ന ട്രാഫിക്ക് നിയമങ്ങളില്‍ ചിലത് ഈ വൈകിയ വേളയില്‍ എങ്കിലും നടപ്പാക്കുന്നതിനെ പറ്റി നമ്മുടെ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടല്ലോ .നല്ലത്.

കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി ദീര്‍ഘ ദൂരയാത്ര പോകുന്നവരോട് ഞാന്‍ എനിക്ക് അറിയാവുന്ന രീതിയിലൊക്കെ പറയാറുണ്ട്.'ഇത് അപകടമാണ്.പുറകില്‍ ഒരു കാര്‍ സീറ്റ് വാങ്ങി അതില്‍ കുട്ടികളെ ഇരുത്തൂ .' അപ്പോള്‍ ലഭിക്കുന്ന മറുപടികള്‍ :

'അവന്‍ വല്ലാത്ത കുറുമ്പനാണ്.അവന്‍ അതിലൊന്നും ഇരിക്കില്ല മിച്ചര്‍ '

'എന്റെ കുട്ടിയല്ലേ ,ഞാന്‍ മുറുകെ പിടിച്ചിട്ടുണ്ട് '

'ദൈവം തുണയുള്ളപ്പോള്‍ എന്ത് പേടിക്കാന്‍'

നിങ്ങളുടെ കുട്ടികള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രതേയ്കത.?പുറത്തുള്ള രാജ്യത്തു ജീവിക്കുന്ന സകല വംശജരുടേയും കുട്ടികള്‍ക്ക് അച്ചടക്കം പാലിച്ചു കാറില്‍ ഇരിക്കാമെങ്കില്‍ ,പൊതു സ്ഥലത്തു നന്നായി പെരുമാറാന്‍ സാധിക്കുമെങ്കില്‍ ഇവിടെ നിങ്ങളുടെ കുഞ്ഞിനും അത് സാധിക്കും.അതിന് ആദ്യം മാറേണ്ടത് നിങ്ങളുടെ മനോഭാവമാണ്.

നമ്മള്‍ അച്ചടക്കം പാലിക്കുന്ന സ്ഥലങ്ങള്‍ ഇല്ല എന്നല്ല .തീര്‍ച്ചയായും ഉണ്ട്.

-ബീവറേജ്‌സ് ഔട്ട് ലെറ്റിന്റെ മുന്‍പില്‍ മദ്യം വാങ്ങുവാന്‍.

-അനുഗ്രം ഇരന്നു വാങ്ങുവാന്‍ ആരാധനലയങ്ങളില്‍

-സിനിമയിലെ സ്റ്റന്‍ഡ് സീനില്‍ നായകന്റെ അടി കൊള്ളാന്‍ വേണ്ടി കാത്തു നില്‍ക്കുന്ന വില്ലന്മാര്‍

നമ്മുടെ പ്രൈമറി സ്‌കൂള്‍ മുതല്‍ കുറെയധികം മണ്ടത്തരങ്ങളും , ആവശ്യമില്ലാത്ത കുറെ കവിതകളും കഥകളും ഒക്കെ പഠിപ്പിക്കുന്നതിന് മുന്‍പ് നമ്മുക്ക് കുട്ടികളെ കൃത്യമായി തന്നെ പഠിപ്പിക്കേണ്ട ചിലതുണ്ട് :
അച്ചടക്കം ,സഹിഷ്ണുത , ശരിയായ ആശയവിനിമയം, നീന്തല്‍, പ്രഥമ ശുശ്രൂഷ തുടങ്ങിയവ.

By. Dr. Robin K Mathew
Join WhatsApp News
ചോദ്യം 2019-07-22 16:53:28
 അങ്ങനെ ആരേയും അനുസരിക്കാതെ വളരുന്ന ഒരു കുട്ടി വയിറ്റ് ഹൗസിൽ വന്നാൽ അതിന് നാടിനും നാട്ടാർക്കും ദ്രോഹം ചെയ്യും .  ആരെ കുറ്റം പറയും ? ഇനി എന്തു ചെയ്യും അടിച്ചു പുറത്താക്കണോ < അതും അദ്ദേഹം ക്രിസ്ത്യാനികളുടെ പുന്യാളൻ ആണെകിലോ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക