Image

രമ്യാ ഹരിദാസ് പരിഹസിക്കപ്പെടുമ്പോൾ വ്യക്തമാകുന്നത് നവോത്ഥാന കേരളത്തിന്റെ സവർണ്ണമനസ്

കലാകൃഷ്ണൻ Published on 21 July, 2019
രമ്യാ ഹരിദാസ് പരിഹസിക്കപ്പെടുമ്പോൾ വ്യക്തമാകുന്നത് നവോത്ഥാന കേരളത്തിന്റെ സവർണ്ണമനസ്

ആലത്തൂർ എം.പി രമ്യാ ഹരിദാസിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒരു കാർ വാങ്ങി നൽകുന്നു. അതിനായി അവർ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പിരിവെടുക്കുന്നു. 14 ലക്ഷം രൂപയുടെ കാറാണ് വാങ്ങി നൽകുന്നത്. പിരിവ് നൽകുന്നതിനായി കൂപ്പണും തയാറാക്കി. ഇതോടെ കമ്മ്യൂണിസ്റ്റുകളുടെയും നവലിബറൽ ബുദ്ധിജീവികളുടെയും പരിഹാസവും പുശ്ചവും പൊട്ടിയൊലിച്ചു. കാറ് വാങ്ങാൻ പിരിവെടുക്കുന്ന യൂത്ത് കോൺഗ്രസ് ഇനി രമ്യാഹരിദാസിന് കുടവാങ്ങാനും സാരി വാങ്ങാനും പിരിവെടുക്കുമെന്ന് പരിഹാസം ഉയർന്നു. ദീപാ നിശാന്ത് മുതൽ സൈബർ സഖാക്കൾ വരെ രമ്യയെ ട്രോളാനും കളിയാക്കാനും മുമ്പിൽ നിൽക്കുന്നു.
സത്യത്തിൽ രമ്യക്കെതിരെ നടക്കുന്ന തികഞ്ഞ ജാതീയ അധിക്ഷേപവും വർണ്ണവെറിയുമാണ്. എന്തുകൊണ്ട് രമ്യാ ഹരിദാസിന് ഒരു കാറ് വാങ്ങിക്കൂടാ. തീർച്ചയായും അവർക്കത് വാങ്ങാം. അപ്പോൾ പറയും പിരിവെടുത്ത് വാങ്ങുന്നതാണ് കുറ്റമെന്ന്. 
എന്തുകൊണ്ട് പിരിവെടുത്ത് വാങ്ങിക്കൂടാ എന്നതാണ് ചോദ്യം. 
ഒന്നാമതായി രമ്യ ഒരു നിർധനയായ ദളിത് യുവതിയാണ്. പഞ്ചായത്ത് പ്രസിഡന്റായപ്പോൾ പോലും അഞ്ചിന്റെ പൈസ സമ്പാദിച്ചിട്ടില്ല എന്ന് നാട്ടുകാർക്കെല്ലാം അറിയാം. ര്ണ്ടാമതായി രമ്യക്ക് ബാങ്കിൽ നിന്നും ലോണെടുത്ത തുക പോലും തിരിച്ചടക്കാൻ കഴിയാത്തതിന്റെ പേരിൽ റവന്യു റിക്കവറി നേരിട്ടിരുന്നു. അന്നും യൂത്ത് കോൺഗ്രസുകാർ പിരിവിട്ടാണ് അവരെ സഹായിച്ചത്. റവന്യു റിക്കവറി നേരിട്ടിരുന്ന ആളെന്ന നിലയിൽ അവർക്ക് കാർ ലോൺ കിട്ടാൻ ബുദ്ധിമുട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് യൂത്ത് കോൺഗ്രസ് രമ്യക്ക് കാർ വാങ്ങി നൽകാൻ തീരുമാനിച്ചത് എന്നാണ് അനിൽ അക്കര എം.എൽ.എ പറയുന്നത്. 
ഒരു ജനപ്രതിനിധിക്ക് ഈ വന്ന കാലത്ത് അവശ്യം വേണ്ട കാര്യമാണ് അത്യാവശ്യം ഭേദപ്പെട്ട വാഹനം. കാരണം മണ്ഡലത്തിലെമ്പാടുമായി അവർ സഞ്ചരിക്കേണ്ടി വരുന്ന സമയവും ദൂരവും നല്ലൊരു വാഹനം ആവശ്യപ്പെടുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കായി വേണ്ടി വരുന്ന ദൂരയാത്രകളും ഇതിൽപെടും. സർക്കാർ പെട്രോൾ അലവൻസ് നൽകുമെങ്കിലും അതിലേറെ ചിലവായെന്ന് വരും. അപ്പോൾ സ്വന്തമായി ഒരു കാർ ഉണ്ടാവേണ്ടത് ആത്യാവശ്യം തന്നെ. കാറില്ലാതെ ലാളിത്യം കാണിച്ച് ആളാവൻ ഇന്നത്തെ കാലത്ത് ഒരു ജനപ്രതിനിധി നിന്നുകൊടുത്താൽ അയാളുടെ ഔദ്യോഗിക ജോലികളെ തന്നെയാവും അത് സാങ്കേതികമായി ബാധിക്കുക. അത്രയും കോമൺ സെൻസെങ്കിലും രമ്യയെ പരിഹസിക്കുന്നവർ കാണേണ്ടതുണ്ട്. 
ഒരു എം.പിക്ക് പ്രവര്ത്തിക്കാൻ വേണ്ട സൗകര്യമെന്ത് എന്ന് തീരുമാനിക്കുന്നത് ആ എം.പിയും അയാളെ നിയോഗിച്ച പാർട്ടിയുമാണ്. ആലത്തൂർ എം.പിക്ക് കാർ വേണമെന്ന് അവർക്കും അവരുടെ സംഘടനയായ യൂത്ത് കോൺഗ്രസിനും തോന്നിയാൽ തീർച്ചയായും മേടിച്ച് നൽകാം. അതിനായി പിരിവെടുക്കുകയോ പാർട്ടി ഫണ്ട് ഉപയോഗിക്കുകയോ ഒക്കെ യുക്തം പോലെ ചെയ്യാം. ആർക്കും ചോദിക്കേണ്ട കാര്യമില്ല. 
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മിക്ക നേതാക്കൾക്കും ജില്ലാ സെക്രട്ടറിമാർക്കും ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പി.ജയരാജന് പോലും പാർട്ടി വക ഇന്നോവ കാർ ഉണ്ട്. ആരും അതൊരു ആടംബരമായി കാണുന്നില്ല. പാർട്ടി പിരിച്ചെടുത്ത തുക കൊണ്ടല്ലേ ഈ കണ്ട കാറുകളൊക്കെ വാങ്ങിക്കുന്നത്. അതിനില്ലാത്ത കുഴപ്പം എന്താണ് രമ്യാ ഹരിദാസ് എന്ന ജനപ്രതിനിധിക്ക് ഒരു കാർ മേടിച്ചു കൊടുക്കുമ്പോൾ ഉണ്ടാവുന്നത്. 
ഇവിടെ പരിഹസിക്കപ്പെടുന്നത് രമ്യ ഹരിദാസിന്റെ ദളിതത്വം തന്നെയാണ്. ആലത്തൂരിൽ രമ്യ സ്ഥാനാർഥിയായപ്പോൾ മുതൽ തുടങ്ങിയതാണ് ഈ പരിഹാസം. സൈബർ ബുദ്ധിജീവി ദീപാ നിശാന്ത് മുതൽ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ വരെ രമ്യയെ ഏറ്റവും മോശമായി പരിഹസിച്ചു. രമ്യ പാട്ടുപാടി വോട്ടുപിടിക്കുന്നു എന്നതായിരുന്നു ആദ്യ കുറ്റം. ഇലക്ഷൻ വോട്ട് ചോദിച്ചുമ്പോൾ രാഷ്ട്രീയം പറഞ്ഞോളം എന്നായിരുന്നു ദീപാ നിശാന്തിന്റെ തിട്ടൂരം. ജയിച്ചു കഴിഞ്ഞപ്പോൾ പോലും രമ്യ പലവിധത്തിൽ ആക്ഷേപിക്കപ്പെട്ടു. ഇപ്പോഴും അവർ ആക്ഷേപിക്കപ്പെടുന്നത് തുടരുന്നു. ഇതിനോടെല്ലാം എത്രയും സഹിഷ്ണുതയോടെയാണ് അവർ പ്രതികരിക്കുന്നത് എന്നുകൂടെ കാണണം. പാട്ട് പാടുന്നത് കുറ്റമാണെന്ന് പറഞ്ഞപ്പോൾ പാട്ട് ഒരു ജനകീയ സവാദ മാധ്യമം മാത്രമാണെന്നായിരുന്നു രമ്യയുടെ മറുപടി. ഇപ്പോഴത്തെ കാർ വിവാദം വന്നപ്പോൾ യൂത്ത് കോൺഗ്രസ് അങ്ങനെയൊരു കാര്യം ചെയ്യുന്നുവെങ്കിൽ അവരുടെ സമ്മാനം സ്വീകരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നായിരുന്നു രമ്യ പറഞ്ഞത്. അങ്ങനെ തല ഉയർത്തി തന്റേടത്തോടെ പറയാൻ ഒരു ദളിത് യുവതിക്ക് കഴിയുന്നുണ്ടെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ രാഷ്ട്രീയം. 
എന്നാൽ തികച്ചും ആലത്തൂരിലെ യൂത്ത് കോൺഗ്രസ് ഘടകത്തിന്റെ മാത്രം കാര്യമായിരുന്ന വിഷയത്തെ വിവാദമാക്കിയതോടെ കെ.പി.സി.സി പ്രസിഡന്റ് പോലും ഇതിനെ വിമർശിക്കുന്ന ഘട്ടമെത്തി. അവസാനം അവർക്ക് തന്റെ പ്രവർത്തകരുടെ സമ്മാനം നിരസിക്കേണ്ടി വന്നു. താൻ കാർ നിരസിക്കുന്നുവെന്ന് രമ്യാ ഹരിസാദ് ഫേസ്ബുക്ക് വഴി ജനങ്ങളോടും പ്രവർത്തകരോടും പറഞ്ഞു. എന്തൊരു വികൃതമായ മനോനിലയാണ് രമ്യയെ പരിഹസിച്ചവരുടേതെന്ന് ഇതിൽ നിന്നെങ്കിലും നാം മനസിലാക്കേണ്ടതുണ്ട്. കൊലക്കേസ് പ്രതികളുടെ കേസ് നടത്താൻ സിപിഎം പിരിവ് നടത്തുന്നതിൽ യാതൊരു കുറ്റവുമില്ല. എന്നാൽ യൂത്ത് കോൺഗ്രസ് ഒരു കാറ് വാങ്ങാൻ പിരിവ് നടത്തിയത് കുറ്റമായിപ്പോയി. അവർ കാർ നിരസിച്ചു കഴിഞ്ഞിട്ടും ഇവിടുത്തെ എലൈറ്റ് ക്ലാസ് ബുദ്ധിജീവികൾ അവരെ വെറുതെ വിടാൻ തയാറായില്ല. 
രമ്യാഹരിദാസ് തന്റെ ദളിതത്വം കൂപ്പണടിച്ച് വിൽക്കുന്നുവെന്നാണ് ദീപാ നിശാന്ത് എന്ന സവർണ്ണ കപട ബുദ്ധീജീവി ഫേസ്ബുക്കിൽ എഴുതി വിട്ടിരിക്കുന്നത്. ഒരാളെ ഇങ്ങനെ അപമാനിക്കുന്നതിൽ നിന്ന് ഈ സവർണ്ണ മാടമ്പിമാർക്ക് എന്ത് സുഖമാണ് ലഭിക്കുന്നത് എന്ന് ഇനിയും മനസിലാകുന്നില്ല.  
ബ്രാഹ്മണിക്കൽ എലൈറ്റിസം ഇന്നും പേറുന്ന മലയാളിയാണ് സത്യത്തിൽ രമ്യയോടുള്ള ഓരോ പരിഹാസത്തിലും പുറത്ത് ചാടുന്നത്. കമ്മ്യൂണിസ്റ്റ് നേതാക്കളും കോളജ് അധ്യാപകരും സൈബർ ബുദ്ധിജീവികളുമൊന്നും അതിൽ നിന്ന് വ്യത്യസ്തരാവുന്നില്ല എന്നിടത്താണ് വനിതാ മതിലും പുരോഗമന വായ്ത്താരിയും വെറുതെയായി പോകുന്നത്. 
ഈ സാഹചര്യത്തിലാണ് ജാതി സംവരത്തിനെതിരെ സംസാരിച്ച ഹൈക്കോടതി ജസ്റ്റിസ് വി.ചിദംബരേഷിന്റെ നിലപാടും നമ്മൾ ചർച്ച ചെയ്യേണ്ടത്. ജാതി സംവരണം അവസാനിപ്പച്ച് സാമ്പത്തിക സംവരണം കൊണ്ടു വരണമെന്ന് ഭരണഘടനാ പദവയിൽ ഇരിക്കുന്ന ഒരു ഹൈക്കോടതി ജസ്റ്റിസ് തന്നെ പറയുമ്പോൾ ഭരണഘടന എത്രത്തോളം അപകടത്തിലാണ് എന്ന് മനസിലാക്കണം. ബ്രാഹ്മണ പൊതു സമ്മേളന സദസിലാണ് തമിഴ് ബ്രാഹ്മണ സമൂദായത്തിൽ നിന്നുള്ള ജസ്റ്റിസിന്റെ അപകടകരമായ പ്രസ്താവന. ഇപ്പോഴും ദളിതനെ മഴയത്ത് നിർത്തുന്നതാണ് നവോത്ഥാന കേരളത്തിന്റെയും ഉള്ളിലോടുന്ന പൊളിറ്റിക്‌സ് എന്നതാണ് യഥാർഥ്യം. അപ്പോൾ ദളത് സ്ത്രീയാണെങ്കിലോ, അവൾക്ക വിധിച്ചിട്ടുള്ളത് പരിഹാസം മാത്രമാണ്. ആ പരിഹാസമാണ് രമ്യാ ഹരിദാസിന് നേരിടേണ്ടി വരുന്നത്. 
രമ്യാ ഹരിദാസ് ഈ പരിഹാസങ്ങളെ ധീരമായി നേരിടുന്നത് കാണുമ്പോൾ അഭിമാനിക്കേണ്ടതുണ്ട്. കാരണം മഴയത്ത് നിർത്താൻ ശ്രമിക്കുമ്പോഴും അവർ ഒറ്റയ്ക്ക് പൊരുതുകയാണ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക