Image

ഒരു സാക്ഷരതക്കാലത്തിന്റെ ഓര്‍മ്മയ്ക്ക് (ജിനു സെബാസ്റ്റ്യന്‍)

Published on 05 July, 2019
ഒരു സാക്ഷരതക്കാലത്തിന്റെ ഓര്‍മ്മയ്ക്ക് (ജിനു സെബാസ്റ്റ്യന്‍)
പത്താം തരം തോറ്റതോടെ പഠനം ഉപേക്ഷിച്ച് ഞാന്‍ പലതരം ജോലികള്‍ക്കു പോയി തുടങ്ങി. വീണ്ടും പഠിക്കണമെന്ന ചിന്ത ഉണ്ടായെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകളോര്‍ത്ത് അതിന് ശ്രമിച്ചില്ല. സമപ്രായക്കാരായ സുഹൃത്തുക്കള്‍ പഠന സംബന്ധമായ വിശേഷങ്ങള്‍ പങ്കു വെയ്ക്കുമ്പോള്‍ എന്നോ നഷ്ടപ്പെട്ടു പോയ ആ വിദ്യാര്‍ത്ഥി ജീവിതം ഒരു നഷ്ടബോധമായി എന്നില്‍ അലയടിച്ചിരുന്നു. കരയെ പുണരാന്‍ വെമ്പുന്ന തിരമാലകളെ പോലെ .

ജോലി ചെയ്തിരുന്ന ഓരോ സ്ഥാപനത്തിലും എന്നെ പോലെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച നിരവധി സുഹൃത്തുക്കളെ ഞാന്‍ കണ്ടിരുന്നു. പലര്‍ക്കും പഠനം നിര്‍ത്തിയതില്‍ അതീവ ദുഃഖവുമുണ്ടായിരുന്നു .തുടര്‍വിദ്യാഭ്യാസം കിട്ടാക്കനിയായ് അവശേഷിച്ചിരുന്നതിനാല്‍ തൊഴിലിടത്തിലെ ഇടവേളകള്‍ വളരെയേറെ സംഭവബഹുലമാക്കി നഷ്ടപ്പെട്ട വിദ്യാര്‍ത്ഥി ജീവിതം ഞങ്ങള്‍ അവിടെ ആഘോഷിച്ചു . വിദ്യാഭ്യാസം എന്നത് കലാലയങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്ന തിരിച്ചറിവ് എനിക്കുണ്ടായത് വായനശാലയിലെ പുസ്തകങ്ങളിലൂടെയായിരുന്നു. എം.ടിയും, ബഷീറും ,മാധവിക്കുട്ടിയുമൊക്കെ ഞങ്ങളുടെ അടുക്കലേക്ക് വരൂ എന്ന് എന്നോട് രഹസ്യമായി പറഞ്ഞുക്കൊണ്ടിരുന്നു .

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താംതരം തോല്‍വി മാത്രമായതു ക്കൊണ്ട് പല തൊഴിലിടങ്ങളിലും ഞാന്‍ ഏറ്റവും താഴെ തട്ടിലുള്ള ജോലിയാണ് ചെയ്തു പോന്നിരുന്നത്. പ്രശസ്തമായ പല സ്ഥാപനങ്ങളിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും കൂടെയുള്ളവര്‍ പലരും എനിക്ക് നല്ല വിദ്യാഭ്യാസം ഉണ്ടെന്ന് ധരിച്ചിരുന്നു. അഭിമാനക്കുറവ് മൂലം പന്ത്രണ്ടാം തരം വരെ പഠിച്ചു ജയിച്ചു എന്നാണ് ഞാന്‍ അവരില്‍ പലരോടും പറഞ്ഞിരുന്നത്.

മുഖ പുസ്തക മാധ്യമത്തിലൂടെ പരിചയത്തിലായ ഒരു സുഹൃത്ത് വിദ്യാഭ്യാസ യോഗ്യതക്കുറവ് ചൂണ്ടി കാട്ടി എന്നെ അധിക്ഷേപിച്ചപ്പോളാണ് വീണ്ടും പഠിക്കണം എന്ന ചിന്ത എനിക്കുണ്ടായത്. അക്കാലത്ത് കണ്ട അമല പോളിന്റെ 'അമ്മ കണക്ക് ' എന്ന ഒരു തമിഴ് ചിത്രം എന്നെ ഏറെ ആകര്‍ഷിച്ചു . [ പിന്നീട് ഈ ചിത്രം ഉദാഹരണം സുജാത എന്ന പേരില്‍ മലയാളത്തില്‍ ഇറങ്ങിയിരുന്നു ] പ്രായമേറെയായിട്ടും വിദ്യാഭ്യാസം നേടി വിജയിച്ച അതിലെ നായിക പ്രായം ഒരു തടസ്സമല്ല പഠനത്തിന് എന്ന സന്ദേശം ആ ചിത്രത്തിലൂടെ അവതരിപ്പിച്ചതോടെ എനിക്ക് ആത്മവിശ്വാസം ഇരട്ടിച്ചു .ഈ ആശയം സുഹൃത്തുക്കളുമായി ഞാന്‍ പങ്ക് വെച്ചു.

'വിവാഹം കഴിക്കാറായ ഈ പ്രായത്തില്‍ പഠിക്കാന്‍ പോകുന്നോ?

അപ്പോ നീ പത്ത് ജയിച്ചിട്ടില്ലെ?

വേറെ പണിയില്ലെ?

തുടങ്ങിയ പിന്തിരിപ്പന്‍ ചോദ്യങ്ങളുമായി എന്നെ നേരിട്ടു.

'നിനക്കതു സാധിക്കും, നീ മിടുക്കനല്ലെ ,എത്രയോ പുസ്തകങ്ങള്‍ വായിക്കുന്നവനാ തീര്‍ച്ചയായും വിജയിക്കും'

വിരലിലെണ്ണാവുന്ന ചില അഭ്യൂദയകാംക്ഷി സുഹൃത്തുകള്‍ മാത്രം എനിക്ക് ആത്മവിശ്വാസം പകര്‍ന്ന് മുഴുവന്‍ പിന്തുണയുമായി കൂടെ നിന്നു.
സഹപ്രവര്‍ത്തകരായ രണ്ടു സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരം കേരള സാക്ഷരതയുടെ കീഴില്‍ പത്താം തരം തുല്യത പഠനത്തിന് ചേരാന്‍ ഞാന്‍ തീരുമാനി ച്ചു.
പരിചയക്കാര്‍ അറിയുമോ ?
കൂടെ പഠിക്കാന്‍ വരുന്നതില്‍ നാട്ടുകാര്‍ ഉണ്ടാകുമോ?
എന്നൊക്കെയുള്ള ദുരഭിമാന ചിന്തയാല്‍ കാക്കനാട് നിന്ന് കുറച്ച് മാത്രം അകലെയുള്ള പുത്തന്‍ കുരിശ് ശാഖയിലാണ് തുടര്‍വിദ്യാഭ്യാസത്തിനായി ഞാന്‍ അപേക്ഷ വെച്ചത്.
ഞായറാഴ്ചകളില്‍ മാത്രമേ പഠനം ഉള്ളൂ എന്ന ആ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഞാന്‍ ആകൃഷ്ടനായി .സുഹൃത്തുക്കളില്‍ നിന്ന് ഇതിനകം സാക്ഷരതാ പഠന രീതികള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ അവധി ലഭിക്കില്ല എന്ന കാരണത്താല്‍ ജോലി ഉപേക്ഷിച്ച് വരെ പഠിക്കാന്‍ ഞാന്‍ തയ്യാറായി.

പറഞ്ഞിരുന്നതിനേക്കാള്‍ ഒരു മാസം വൈകി ആണ് ആ വര്‍ഷത്തെ സാക്ഷരതാ പഠനം ആരംഭിച്ചത്. പത്താംതരം തോറ്റ സുഹൃത്തുക്കള്‍ ആരും ഇല്ലാതിരുന്നതു കൊണ്ടും, നിലവില്‍ എല്ലാ കുട്ടികളും കുറഞ്ഞത് പന്ത്രണ്ടാം തരമെങ്കിലും പൂര്‍ത്തീകരിച്ചതു കണ്ടുള്ള ഒരു ഓര്‍മ്മയില്‍ അധികം പഠിതാക്കള്‍ അവിടെ ഉണ്ടാകില്ല എന്ന വിശ്വാസത്തിലാണ് ഞാന്‍ അവിടെയെത്തിയത്. പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്ന വലിയ ഒരു കൂട്ടം പഠിതാക്കള്‍ അവിടെ ഉണ്ടായിരുന്നു. (ഇത്ര മാത്രം പത്ത് തോറ്റ ആള്‍ക്കാരോ!) എന്ന ചിന്തയില്‍ ഞാന്‍ ഇരിപ്പിടം ലക്ഷ്യമാക്കി നടന്നു. എന്നെ കണ്ടതും 'അദ്ധ്യാപകന്‍' എന്ന് തെറ്റിദ്ധരിച്ച് ചിലര്‍ എഴുന്നേറ്റ് നിന്നു.

'ഞാനും നിങ്ങളെ പോലെ പഠിക്കാന്‍ വന്നതാണ് '
എന്നു പറഞ്ഞതോടെ അവിടം പൊട്ടിച്ചിരികളാല്‍ ശബ്ദമുഖരിതമായി.
പ്രധാനദ്ധ്യാപിക വന്ന് പേര് വിവരങ്ങള്‍ കുറിച്ചെടുത്ത് ഹാജര്‍ വിളിച്ച് ഈശ്വര പ്രാര്‍ത്ഥനയോടെ പഠനം ആരംഭിച്ചു. പ്രാര്‍ത്ഥനയുടെ അന്ത്യത്തോടെ കാഴ്ചയില്‍ മധ്യവയസ്‌ക്കനും ,കൃശഗാത്രനുമൊക്കെയായ ഒരു വ്യക്തി ഞങ്ങള്‍ക്കരികിലേക്കെത്തി.

'ഇദ്ദേഹമാണ് സഞ്ജീവന്‍ മാഷ് .നിങ്ങളെ ഗണിതവും രസതന്ത്രവും പഠിപ്പിക്കുന്നത് മാഷാണ്.'

പ്രധാനദ്ധ്യാപിക പറഞ്ഞതു കേട്ട മാത്രയില്‍ ഞാന്‍ മാഷിനെ ഒരിക്കല്‍ കൂടി നോക്കി. പഠനക്കാലത്ത് ഏറ്റവും വെറുക്കപ്പെട്ട വിഷയങ്ങളായിരുന്നു അവ രണ്ടും .മാഷിന്റെ നിര്‍ദ്ദേശ പ്രകാരം ഓരോരുത്തരും സഭാ കമ്പം ഒഴിവാക്കാനായി എഴുന്നേറ്റ് മാഷിനരികിലെത്തി സ്വയം പരിചയപ്പെടുത്തല്‍ ആരംഭിച്ചു. വിവാഹിതരും, അവിവാഹിതരും, വീട്ടമ്മമാരും ,വ്യത്യസ്ത ജോലികള്‍ ചെയ്യുന്നവരും ഉള്‍പ്പെട്ടതായിരുന്നു ഞങ്ങളുടെ കൊച്ചു വിദ്യാര്‍ത്ഥി സമൂഹം. പത്താം തരം പൂര്‍ത്തീകരിക്കുക എല്ലാവര്‍ക്കും ആവശ്യമായ ഒന്നാണ്.

[ചിലര്‍ക്ക് നിലവില്‍ ഉള്ള ജോലിയില്‍ നിന്ന് ഉയര്‍ന്ന തസ്തികയിലേക്ക് കയറാന്‍ , ചിലര്‍ക്ക് ഇനിയും പഠിക്കാന്‍, മറ്റു ചിലര്‍ക്ക് പുതിയ തിരിച്ചറിയല്‍ രേഖകളുണ്ടാക്കാന്‍ ]

മാഷ് അദ്ധ്യാപനമാരംഭിച്ചതോടെ ഞങ്ങള്‍ ശ്രദ്ധാലുക്കളായി .തീരെ ഇഷ്ട്ടമില്ലാത്ത വിഷയമായിട്ടും അതൃപ്തി കാണിക്കാതെ ഞാന്‍ ഇരുന്നു. കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ തിരിച്ചറിഞ്ഞു മാഷിന്റെ പഠിപ്പിക്കല്‍ രീതി ഇതുവരെ പരിചയിച്ച രീതിയിലല്ലെന്ന് .എന്തോ ഒരു ആകര്‍ഷണീയത അതിലുണ്ടായിരുന്നു. ഒട്ടും മുഷിപ്പിക്കാതെ രസകരമായ തമാശകള്‍ പറഞ്ഞും ,ഞങ്ങളെ ചിരിപ്പിച്ചും ,ചിന്തിപ്പിച്ചും മാഷ് മണിക്കൂറുകളോളം പഠനം തുടര്‍ന്നു. പിന്നീട് പല അദ്ധ്യാപകരും ഞങ്ങളെ ഓരോ വിഷയങ്ങള്‍ പഠിപ്പിച്ചു. വൈകുന്നേരമായതോടെ ഞങ്ങള്‍ പഠനം അവസാനിപ്പിച്ച് മടങ്ങി.

വീട്ടില്‍ തിരിച്ചെത്തിയിട്ടും പള്ളിക്കൂടവും,സഹപാഠികളും ,പിന്നെ മാഷും ഓര്‍മ്മയില്‍ നിന്നും മായുന്നേയില്ല . അന്യമായിരുന്ന വിദ്യാഭ്യാസം വീണ്ടും ലഭിച്ചതില്‍ ഞാന്‍ ഏറെ സന്തോഷിച്ചു .പിന്നെ ഒരാഴ്ചയാവാനുള്ള കാത്തിരിപ്പായിരുന്നു .

പതുക്കെ പതുക്കെ ഓരോ സഹപാഠികളേയും, അദ്ധ്യാപകരേയും ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. മുഖപുസ്തകത്തില്‍ കുറെ പരതി മാഷിനെ ഞാന്‍ കണ്ടു പിടിച്ചു. സൗഹൃദത്തിനപേക്ഷ വെച്ചു. ഞങ്ങള്‍ മുഖപുസ്തക സുഹൃത്തുക്കളായി. ആയിടയ്ക്കാണ് ഒരു ചെറുകഥാമത്സരത്തില്‍ എനിക്ക് ഒന്നാം സമ്മാനം ലഭിക്കുന്നത്. അന്ന് ഒരു പാട് ആശംസകള്‍ എനിക്ക് സുഹൃത്തുക്കളില്‍ നിന്നു കിട്ടിയ കൂട്ടത്തില്‍ മാഷും എന്നെ അഭിനന്ദിച്ചിരുന്നു. പഠനം രസകരമാക്കാന്‍ പാഠ്യ വിഷയങ്ങളോളം തന്നെ മറ്റു പല വിഷയങ്ങളും മാഷ് പറഞ്ഞിരുന്നു.

'നമുക്ക് എല്ലാവര്‍ക്കും ഓരോരോ കഴിവുകളുണ്ട് .നാമതു മനസ്സിലാക്കി ആ കഴിവുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിക്കണം .ചിലര്‍ക്ക് ചിത്രം വരയ്ക്കാന്‍ കഴിയുന്നു. മറ്റ് ചിലര്‍ക്ക് പാടാന്‍ കഴിയുന്നു. ചിലര്‍ നന്നായി എഴുതുന്നു. നമ്മുടെ കൂട്ടത്തില്‍ വളരെ നന്നായി എഴുതാന്‍ കഴിവുള്ള ഒരാളുണ്ട് .ആ വ്യക്തി കഴിഞ്ഞ ദിവസം ഒരു മത്സരത്തില്‍ പങ്കെടുത്ത് മനോഹരമായി എഴുതുകയും ഒന്നാം സമ്മാനം നേടുകയും ചെയ്തു' .

എല്ലാവരും പരസ്പരം നോക്കുന്ന വേളയില്‍ ഞാന്‍ ഒന്നു പരുങ്ങി. പക്ഷെ മാഷ് എന്നെ വെറുതെ വിടാന്‍ ഒരുക്കമല്ലായിരുന്നു. എന്നെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി .എല്ലാവരും പ്രോത്സാഹ്ന സൂചകമായി കൈയ്യടിച്ചു.

പിന്നീട് മാഷും ഞാനും സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. ഞാന്‍ എഴുതുന്ന ഓര്‍മ്മക്കുറിപ്പുകളും ,ലേഖനങ്ങളും മാഷ് കൃത്യമായി വായിക്കാന്‍ തുടങ്ങി. മാഷിന്റെ അഭിനന്ദനങ്ങള്‍ മറ്റേതൊരു അഭിനന്ദനത്തേക്കാള്‍ ഞാന്‍ വിലമതിച്ചു തുടങ്ങി. പുസ്തകങ്ങളെ ക്കുറിച്ചും ,സാഹിത്യങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിക്കുക പതിവായി. മാഷിന്റെ പരന്ന വായനാശീലം എന്നെ പലപ്പോഴും അത്ഭുത പ്പെടുത്തി. ഞാനെഴുതുന്ന കഥാസന്ദര്‍ഭങ്ങളിലെ ആശയങ്ങള്‍ കൂട്ടി കലര്‍ത്തി മാഷ് എന്നെ നോക്കി ചെറുപുഞ്ചിരിയോടെ പാഠ്യഭാഗങ്ങള്‍ എടുക്കുക പതിവാക്കി. ഒരിക്കലും പിടി തരാത്ത ഗണിതവും , രസതന്ത്രവുമൊക്കെ എന്റെ കൈ എത്തും ദൂരത്ത് വരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. എല്ലാ ശനിയാഴ്ചയും പിറ്റേ ദിവസത്തെ വിഷയങ്ങളുടെ പട്ടിക വരുമ്പോള്‍ അതില്‍ മാഷിന്റെ വിഷയങ്ങളില്ലെങ്കില്‍ എനിക്ക് വല്ലാത്ത ദുഃഖം തോന്നിയിരുന്നു. ഒരു വ്യാഴവട്ടക്കാലത്തിനിപ്പുറം ഒരു വിദ്യാര്‍ത്ഥിയുടെ മാനസീകാവസ്ഥ ഇതിനകം എനിക്ക് കൈവന്നിരിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി.

സ്വാഭാവീകമായി കൂടുതലടുത്തത് കൊണ്ട് മാഷിനോട് ഞാന്‍ മറ്റുള്ളവരേക്കാള്‍ സ്വാതന്ത്രം കാണിച്ചിരുന്നു. എന്റെ അസ്വാഭാവീക പെരുമാറ്റങ്ങളൊക്കെ മാഷ് ക്ഷമയോടെ സഹിച്ചിരുന്നു.

' കലാകാരന്‍മാര്‍ എല്ലാരും പൊതുവേ അരവട്ടന്‍മാര്‍ ആയിരിക്കും. എഴുത്തുകാര്‍ പ്രത്യേകിച്ചും അതു കൊണ്ട് ജിനൂട്ടനെ എനിക്ക് മനസ്സിലാകും'

എന്ന് മാഷ് ആവര്‍ത്തിച്ച് കൊണ്ടിരുന്നു.

പരീക്ഷയുടെ സമയമടുത്തപ്പോള്‍ മാഷിന് കുട്ടികളേക്കാള്‍ ഉത്കണ്ഠയായിരുന്നു. സമയം ഉണ്ടാക്കി പാഠഭാഗങ്ങള്‍ മാഷ് വീണ്ടും വീണ്ടും പഠിപ്പിച്ചു.മാഷിന് എല്ലാ കുട്ടികളും ഒരു പോലെയായിരുന്നു .എങ്കിലും പരീക്ഷ സമയത്ത് ഞാന്‍ മുഖ പുസ്തകത്തില്‍ ഉണ്ട് എന്നറിഞ്ഞാല്‍ മാഷ് എന്നെ ശാസിക്കും .

'പോയി പഠിക്കൂ ഇതൊക്കെ പിന്നെ നോക്കാം. ഇപ്പോ പ്രാധാന്യം പഠനത്തിനാണ് '

ഓരോ പരീക്ഷയും കഴിയുമ്പോള്‍ മാഷ് വിളിക്കും .ഞാന്‍ നന്നായി എഴുതി എന്നറിയുമ്പോള്‍ സന്തോഷിക്കും. അവസാന പരീക്ഷയുടെ അന്ന് മാഷ് ഞങ്ങളെ കാണാന്‍ വന്നു.

ഒരദ്ധ്യാപകന്‍ എന്ന നിലയില്‍ അല്ലാതെ ഒരു സുഹൃത്ത് ,ഒരു ജ്യേഷ്ഠന്‍, പിതാവ് അങ്ങിനെ പല രീതിയില്‍ മാഷിനെ കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നു. മാനസീകമായി തകര്‍ന്ന് നില്‍ക്കുന്ന പല സന്ദര്‍ഭങ്ങളിലും മാഷിന്റെ സന്ദേശം എന്നെ തേടിയെത്തും . ഒരായിരം കരങ്ങള്‍ ചേര്‍ത്തു നിര്‍ത്തുന്ന സുരക്ഷിതത്വമുണ്ട് ആ സന്ദേശങ്ങള്‍ക്ക്.

' പഠനം തീരുമ്പോള്‍ ഈ അരവട്ടന്‍ ശിഷ്യനെ മറക്കുമോ' ?

എന്ന എന്റെ ചോദ്യത്തിന് മാഷിന്റെ ഉത്തരം ഇതായിരുന്നു.

' ഒരു വര്‍ഷം ഒരുപാട് കുട്ടികളെ പഠിപ്പിക്കും .ചിലരെ മറക്കും .കുറച്ച് പേര്‍ മാത്രം നമ്മുടെ മനസ്സില്‍ പൂത്തു നില്‍ക്കും.പക്ഷെ ജിനൂട്ടനെ മറക്കില്ല.എന്നും മനസ്സിലുണ്ടാകും' .

അതൊരു ഭംഗിവാക്കല്ല ഒരു വിളിപ്പാടകലെ എപ്പോഴും , എന്നും കൂടെ ഉണ്ടാകും എന്ന സത്യമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു മാഷേ . ഇനി ജീവിതത്തില്‍ ഒരു പാട് അദ്ധ്യാപകരെ ഞാന്‍ കണ്ടു മുട്ടിയേക്കാം. എന്നാലും അദ്ധ്യാപകന്‍ എന്നു പറഞ്ഞാല്‍ മനസ്സില്‍ തെളിയുന്നത് ഈ മുഖമായിരിക്കും.

ഇതു വരെ ജീവിച്ചത് ഇരുട്ടിലായിരുന്നു എന്ന് തിരിച്ചറിയുന്നുമാഷെ. വിദ്യയായും, ജീവിതാനുഭവമായും ഒരുവെളിച്ചം കാണിച്ചു തന്നത് അങ്ങാണ് .ഇരുട്ടില്‍ തട്ടി വീഴാതെ ,പ്രതിബന്ധങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോകാന്‍ ആ വെളിച്ചം എന്നെ സഹായിക്കും .ആ ഒരു വെളിച്ചത്തിലാണ് മാഷേ ഇന്ന് ഞാന്‍ ജീവിക്കുന്നത് ....
ഒരു സാക്ഷരതക്കാലത്തിന്റെ ഓര്‍മ്മയ്ക്ക് (ജിനു സെബാസ്റ്റ്യന്‍)
Join WhatsApp News
വിദ്യാധരൻ 2019-07-05 18:33:55
"മോഹം രുണദ്ധീ, വിമലീ കുരുതേ ച ബുദ്ധിം 
സുതേച സംസ്കൃതപദ വ്യവഹാര  ശക്തിം
ശാസ്ത്രാന്തരാഭ്യസനയോഗ്യതയായുനക്തി 
തർക്കശ്രമോ നതനുതേ കിമിഹോപകാരം" 

മോഹം (ഇവിടെ പഠിക്കാനുള്ള മോഹം ) അജ്ഞാനത്തെ നശിപ്പിക്കുന്നു. ബുദ്ധിയെ ശുദ്ധീകരിക്കുന്നു . നന്നായി സംസാരിക്കാൻ കഴിവുണ്ടാക്കുന്നു . മറ്റു ശാസ്ത്രങ്ങൾ അഭ്യസിക്കുന്നതിനുള്ള യോഗ്യത ഇണക്കുന്നു .  എന്തിനേറെ താങ്കൾക്ക് പഠിക്കാൻ മോഹം ഉണ്ടായപ്പോൾ അതെന്തെല്ലാം ഉപകാരങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത് 
 
സർവ്വ മംഗളങ്ങളും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക