Image

ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ സഹോദരങ്ങളായ കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഫീസിളവ് പൂര്‍ണ്ണമായും പിന്‍വലിച്ച മാനേജ്‌മെന്റ് നടപടി പ്രതിഷേധാര്‍ഹം: നവയുഗം

Published on 05 July, 2019
ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ സഹോദരങ്ങളായ കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഫീസിളവ് പൂര്‍ണ്ണമായും പിന്‍വലിച്ച മാനേജ്‌മെന്റ് നടപടി പ്രതിഷേധാര്‍ഹം: നവയുഗം
ദമ്മാം: ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ പ്രഖ്യാപിച്ച പുതിയ ഫീസ് ഘടന പ്രകാരം, ഒരേ കുടുംബത്തിലെ എല്ലാ കുട്ടികള്‍ക്കും ഒരേ ഫീസ് ഏര്‍പ്പെടുത്തിയ മാനേജ്‌മെന്റ് നടപടിയില്‍, നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രതിഷേധിച്ചു. 

ഇന്ത്യന്‍ സ്‌ക്കൂളില്‍ പഠിയ്ക്കുന്ന, ഒരു കുടുംബത്തില്‍ നിന്നുള്ള  രണ്ടാമത്തെയും, മൂന്നാമത്തെയും, അതിനു താഴെയുമുള്ള  കുട്ടികള്‍ക്ക്, ആദ്യകുട്ടിയേക്കാള്‍ കുറഞ്ഞ ഫീസ് കൊടുത്താല്‍ മതി എന്ന സമ്പ്രദായമാണ്  ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഏറെക്കാലം പിന്തുടര്‍ന്ന് പോന്നത്. കഴിഞ്ഞ വര്‍ഷം സാമ്പത്തിക പ്രതിസന്ധികള്‍ പറഞ്ഞ് രണ്ടാമത്തെ കുട്ടിയ്ക്കുള്ള ഫീസിളവ് പിന്‍വലിച്ച സ്‌ക്കൂള്‍ മാനേജ്‌മെന്റ്, ഇനിയുള്ള അധ്യയനവര്‍ഷം ഒരു കുട്ടിയ്ക്കും ഫീസിളവ് നല്‍കേണ്ട എന്നാണ് തീരുമാനിച്ചിരിയ്ക്കുന്നത്. മൂന്നും അതിലധികവും കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വയ്ക്കാന്‍ പോകുന്നത്.

ഇന്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിയ്‌ക്കേണ്ട സ്‌ക്കൂള്‍ മാനേജ്‌മെന്റ്, വെറും കച്ചവട മനഃസ്ഥിതിക്കാരായി മാറുന്ന കാഴ്ച വേദനാജനകമാണ്. ഫാമിലി ലെവിയും, വാറ്റ് നികുതിയും, മറ്റു ചാര്‍ജ്ജ് വര്ധനവുകളും കാരണം കുടുംബബജറ്റ് തന്നെ തെറ്റി നില്‍ക്കുന്ന പ്രവാസി കുടുംബങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് തള്ളി വിടുന്നതാണ് ഈ തീരുമാനം.

ഈ തീരുമാനം പുനഃപരിശോധിയ്ക്കണമെന്നും, തിരുത്തണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജിയും, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക