Image

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയും ഭൂമി വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 04 July, 2019
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയും ഭൂമി വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)
എറണാകുളം അതിരൂപതയിലെ ഭൂമിവിവാദത്തിന്റെ സത്യം എന്തെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്' ആലഞ്ചേരിയും ഏതാനും പുരോഹിതരുമൊഴികെ അല്മായലോകത്തിനോ മറ്റു പുരോഹിത ലോകത്തിനോ അറിയില്ല. ഒരു വശത്ത് മാര്‍ ആലഞ്ചേരിയും അദ്ദേഹത്തെ പിന്താങ്ങുന്നവരും മറുവശത്ത് എറണാകുളം അതിരൂപതയിലെ മെത്രാന്മാരും പുരോഹിതരും പരസ്പ്പര ചേരികളായി അണിനിരന്നുകൊണ്ട് ആക്ഷേപങ്ങളുയര്‍ത്തുന്ന വാര്‍ത്തകള്‍ നിത്യം നാം വായിക്കുന്നു.

ഭൂമിവിവാദത്തെപ്പറ്റിയും അതിന്റെ ഉത്ഭവത്തെപ്പറ്റിയും ഒരു പരിശോധനയാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. മാദ്ധ്യമങ്ങള്‍ പൊതുവേ മാര്‍ ആലഞ്ചേരിയെ ന്യായികരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു. അത് അവരുടെ ബിസിനസ് നയമാകാം! എതിര്‍ഭാഗത്തുള്ള പുരോഹിതരുടെ വാദങ്ങളും അവരുടെ ശരിയും തെറ്റും വിലയിരുത്തേണ്ടത് നിഷ്പക്ഷചിന്തകള്‍ക്കാവശ്യമാണ്. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ അതിരൂപത എടുത്ത തീരുമാനങ്ങളുടെയും ആലോചനസമിതികളുടെ ചര്‍ച്ചാവിഷയങ്ങളായ സാമ്പത്തിക കാര്യങ്ങളുടെയും ഒരു റിപ്പോര്‍ട്ട് വായിക്കാനിടയായി. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വസ്തുതകളെ ആധാരമാക്കിയുള്ള കുറിപ്പുകളും വില്‍പ്പന-വാങ്ങല്‍ സംബന്ധിച്ച ദുരൂഹതകളും ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിരൂപതയില്‍ അധാര്‍മ്മികമായ സാമ്പത്തിക തിരിമറികള്‍ നടന്നിട്ടുണ്ടെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രമക്കേടുകളെ മറച്ചുവെച്ചുകൊണ്ട് സഭയുടെ അസ്തിത്വം തന്നെ ഇളകുന്ന വിധത്തിലാണ് ഇന്നുള്ള കര്‍ദ്ദിനാള്‍, പുരോഹിത കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളില്‍നിന്നും മനസിലാക്കുന്നത്. സഭയുടെ വ്യക്തിത്വം തന്നെ ചവറ്റുകൊട്ടയിലേക്കെറിയുന്ന പ്രവര്‍ത്തനങ്ങളാണ് സഭാനേതൃത്വത്തില്‍നിന്നും സമീപകാലങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഭൂമി വിവാദ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ വന്ന വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്ററിന്റെ കാലാവധി അവസാനിച്ചിരുന്നു. അതിരൂപതയുടെ ചുമതല പോലീസ് അകമ്പടിയോടെ മാര്‍ ആലഞ്ചേരിയുടെ നേതൃത്വം രാത്രിയില്‍ കയ്യേറിയ സംഭവം എതിര്‍വിഭാഗം വൈദികരെ പ്രകോപിപ്പിച്ചിരുന്നു. പ്രശ്‌നങ്ങള്‍ വീണ്ടും വഷളായതുകാരണം ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വിമര്‍ശനങ്ങളും തുടങ്ങി. മുന്നൂറോളം പുരോഹിതര്‍ സമ്മേളിച്ച് പ്രതിക്ഷേധ റാലികള്‍ സംഘടിപ്പിച്ചതും മാര്‍ ആലഞ്ചേരിയുടെ ധാര്‍മ്മികത്വത്തെ ചോദ്യം ചെയ്യലായിരുന്നു. വ്യാജരേഖയെന്നത് വ്യാജമോ വിവാദമോയെന്നതും തര്‍ക്കവിഷയമാണ്.

എറണാകുളം ജില്ലയിലെ അഞ്ചു സ്ഥലങ്ങളില്‍ സഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി വില്‍പ്പന നടത്തിയതുമുതലാണ് വിവാദങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിക്കപ്പെടാന്‍ ആരംഭിച്ചത്. ഭൂമി വില്പ്പന നടന്നപ്പോള്‍ പതിമൂന്നു കോടി രൂപയാണ് ആധാരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആധാരത്തിലെ വിലയും വിറ്റ അസല്‍ വിലയും പൊരുത്തപ്പെടാതെ വന്നപ്പോള്‍ കൂടുതല്‍ ദുരൂഹതകള്‍ സൃഷ്ടിക്കുന്നതിന് കാരണമായി. 27 കോടി രൂപായ്ക്കാണ് വസ്തുക്കള്‍ മൊത്തമായി വിറ്റത്. അതില്‍ ഒമ്പതു കോടി രൂപ അതിരൂപതയുടെ ബാങ്കില്‍ പണമായി വന്നു. ബാക്കിയുള്ള പതിനെട്ടു കോടി രൂപയുടെ കണക്കിലാണ് അഭിപ്രായവ്യത്യാസങ്ങള്‍ പൊട്ടിമുളച്ചത്. വസ്തു വില്‍പ്പന-വാങ്ങല്‍ നടത്തുന്ന ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ 'സാജു വര്‍ഗീസി'നാണ് വസ്തുക്കള്‍ വിറ്റത്. പണം രൊക്കം നല്കാനില്ലാത്തതിനാല്‍ ബാക്കി തരാനുണ്ടായിരുന്ന പതിനെട്ടു കോടി രൂപായ്ക്ക് പകരമായി രണ്ടിടത്തായി ഭൂമി തീറായി ഇടനിലക്കാരന്‍ തന്നു. തരാനുള്ള തുകയ്ക്കു തുല്യമായ വിലയുള്ള ഭൂമി സീറോ മലബാര്‍ സഭയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തു. ഇതാണ് ഭൂമിയിടപാടിനെ സംബന്ധിച്ചുള്ള സീറോ മലബാര്‍ സഭയുടെ സാമ്പത്തിക ശാസ്ത്രവും അതുമൂലം സംഭവിച്ചുപോയ പാളീച്ചകളും.

എന്തുകൊണ്ട് ഭൂമിവില്പനയുടെ ആധാര രേഖയില്‍ പതിമൂന്നു കോടി രൂപ വെച്ചുവെന്നും ചോദ്യങ്ങളുയര്‍ന്നിരുന്നു. ഒരു വ്യക്തിയും ആധാരസമയം വസ്തുക്കളുടെ മുഴുവന്‍ വില വെക്കാറില്ല. നികുതിയിനത്തില്‍ ലാഭിക്കാനുള്ള പഴുതുകളായി വസ്തുവിന്റെ വിലയേക്കാളും കുറച്ചുള്ള പൊന്നിന്‍ വില കാണിക്കുന്നു. ഒരു സെന്റിന് ഭൂമിക്ക് 50000 രൂപ സര്‍ക്കാര്‍ നിശ്ചയിക്കുന്നത് ഒരുപക്ഷെ നാം അഞ്ചു ലക്ഷത്തിനും അമ്പതു ലക്ഷത്തിനുമൊക്കെ വിറ്റെന്നിരിക്കും. പക്ഷെ ആധാരത്തില്‍ കാണിക്കുന്ന തുക സര്‍ക്കാര്‍ നിശ്ചയിച്ച പൊന്നിന്‍ വില മാത്രം. കേരളത്തില്‍ നാം നടത്തുന്ന ഭൂമിയിടപാടുകളുടെ പച്ചപരമാര്‍ത്ഥമല്ലേയിത്? അങ്ങനെയുള്ളവര്‍ക്ക് മാര്‍ ആലഞ്ചേരിയുടെ ധര്‍മ്മത്തെപ്പറ്റിയും നീതിയെപ്പറ്റിയും വിമര്‍ശിക്കാന്‍ അവകാശമുണ്ടോ? ഈ പ്രശ്‌നത്തില്‍ മാര്‍ ആലഞ്ചേരിയെ മാത്രം ക്രൂശിക്കണോ? സീറോ മലബാര്‍ സഭയുടെ കൂട്ടുത്തരവാദിത്വത്തില്‍ എടുത്ത തീരുമാനമല്ലേയിത്? അതോ മാര്‍ ആലഞ്ചേരി ഒറ്റയ്ക്ക് സീറോ മലബാര്‍ സഭയുടെ ഭൂമി കച്ചവടം ചെയ്‌തോ? മാര്‍ ആലഞ്ചേരിയുടെ 'ഒപ്പ്' ഒരു വ്യക്തിയെന്ന നിലയിലല്ല. സീറോ മലബാര്‍ സഭയെ പ്രതിനിധികരിച്ചാണ് അദ്ദേഹം ഒപ്പിട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ മാര്‍ ആലഞ്ചേരിയെ ജയിലില്‍ അടക്കണമെന്ന മുറവിളികള്‍ ആവശ്യമുണ്ടോ? ഭൂമിയിടപാടുകളില്‍ ആരാണ് തെറ്റുകാരെന്നും പാളീച്ചകള്‍ എവിടെയെല്ലാമെന്നുള്ള സമഗ്രമായ ഒരു പരിശോധനയും ആവശ്യമാണ്.

ഭൂമിവിവാദത്തില്‍ക്കൂടി സഭയ്ക്ക് ധാര്‍മ്മികമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു കരുതുന്നതിലും തെറ്റില്ല. സഭയിലെ ചില കള്ളക്കളികള്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ച എറണാകുളം അതിരൂപതയിലെ പുരോഹിതരെയും രണ്ടു മെത്രാന്മാരെയും പ്രതിക്കൂട്ടിലാക്കികൊണ്ടുള്ള സംഭവവികാസങ്ങളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. മാദ്ധ്യമങ്ങള്‍ കൂടുതലും അധികാരവും പണവുമുള്ള പക്ഷത്തെ ന്യായീകരിക്കുന്നതും പതിവാണ്. മാദ്ധ്യമങ്ങളുടെ വരുമാനമായ പരസ്യവിപണികളാണ് അവരുടെ ലക്ഷ്യവും. ശക്തമായ പോലീസകമ്പടി അധികാരക്കസേര കയ്യാളുന്നവരുടെ അധീനതയിലുണ്ട്. സത്യത്തെ മറച്ചുവെച്ചുകൊണ്ടുള്ള ക്രിമിനല്‍ മനസുള്ള നിരവധി വൈദ്യകരുടെയും അവരുടെ കൂട്ടാളികളുടെയും പ്രചരണ തന്ത്രങ്ങളും ശക്തമാണ്. സത്യം അറിയാവുന്നവര്‍ സഭയുടെ അച്ചടക്കത്തെ ഭയന്ന് നിശബ്ദരായി കളികള്‍ കണ്ടുകൊണ്ടിരിക്കുന്നു.

ചരിത്ര വസ്തുതകളിലേക്ക് തിരിഞ്ഞാല്‍ എറണാകുളം അതിരൂപതയുടെ പ്രശ്‌നങ്ങള്‍ വാസ്തവത്തില്‍ തുടക്കമിടുന്നത് കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിന്റെ കാലംമുതലാണെന്ന് കാണാം. അതിരൂപത വകയായി എറണാകുളത്ത് ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്ന കാര്യം ചര്‍ച്ച വന്നപ്പോള്‍ 'കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍' ആ ഉദ്യമം വേണ്ടെന്നു വെക്കുകയാണുണ്ടായത്. എന്നാല്‍ 2013 ഏപ്രില്‍ മാസത്തില്‍ നടന്ന വൈദികരുടെ സാമ്പത്തികാലോചന യോഗത്തില്‍ എറണാകുളത്ത് ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്ന വിഷയം വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. അന്നു നടന്ന സാമ്പത്തിക ചര്‍ച്ച സമ്മേളനത്തില്‍ ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനായും മെഡിക്കല്‍ കോളേജിന് സ്ഥലം വാങ്ങുന്നതിനായും 125 കോടി രൂപ ബാങ്കില്‍ നിന്നും കടമെടുക്കാന്‍ തീരുമാനിക്കുന്നു.

2013 ആഗസ്റ്റ് രണ്ടാം തിയതി കേരളസര്‍ക്കാരില്‍നിന്നും കോളേജ് തുടങ്ങാന്‍ അനുവാദം ലഭിച്ചതായും അതിനായി 20 ഏക്കര്‍ സ്ഥലം വാങ്ങുന്നതിന് തീരുമാനിച്ചതായും അന്നത്തെ പ്രൊക്കുറേറ്ററായ ഫാദര്‍ മാത്യു മണവാളന്‍ അറിയിക്കുന്നു. 2014 ഏപ്രില്‍ ഏഴാം തിയതി കര്‍ദ്ദിനാളിന്റെ നേതൃത്വത്തില്‍ വീണ്ടും ആലോചന സമിതി യോഗം കൂടി കോളേജിന് ഭൂമി വാങ്ങുന്ന കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തുകയും ചെയ്തു. 2015 ഡിസംബര്‍ രണ്ടാം തിയതി കൂടിയ അതിരൂപതയുടെ സാമ്പത്തികാലോചന യോഗത്തില്‍ 'മറ്റൂരെന്ന സ്ഥലത്ത് 23.3 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളേജിനായി വാങ്ങിയെന്നും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയെന്നും ഫാദര്‍ ജോഷി അറിയിച്ചു. വസ്തു വാങ്ങിയതില്‍ മൊത്തം വന്ന ചെലവ് 59 കോടി രൂപായെന്നും അതിനായി രൂപതവക നാലഞ്ച് സ്ഥലങ്ങള്‍ വില്‍ക്കാനുള്ള തീരുമാനങ്ങളും അറിയിച്ചു. വരാന്തരപ്പള്ളി, പൂക്കാട് പള്ളി, കളമശേരി എന്നീ പ്രദേശങ്ങളിലുള്ള സ്ഥലങ്ങള്‍ വില്‍ക്കാനാണ് തീരുമാനിച്ചത്. ഫാദര്‍ ജോഷിയെ വസ്തുവില്‍പ്പനയ്ക്ക് സഹായിക്കാന്‍ മിസ്റ്റര്‍ ജേക്കബ് മാപ്പിളശേരിയെയും പി.പി. സണ്ണിയെയും ചുമതലപ്പെടുത്തി. പിന്നീട് കണ്ടന്നൂര്‍, മരട്, തൃക്കാക്കര എന്നിവിടങ്ങളിലുള്ള സ്ഥലങ്ങള്‍ കൂടി വില്‍ക്കാന്‍ തീരുമാനിച്ചു.

2016 ജൂലൈയില്‍ കൂടിയ സാമ്പത്തിക സമ്മേളനത്തില്‍ അതിരൂപതക്ക് 68 കോടി രൂപ ബാധ്യതയുണ്ടെന്നും അതിനായി മറ്റു അഞ്ചു സ്ഥലങ്ങളും കൂടി വില്‍ക്കാന്‍ തീരുമാനിക്കുന്നുവെന്നും അറിയിച്ചു. ഭാരത മാതാ എതിര്‍വശത്തുള്ള സ്ഥലം, എയര്‍ പോര്‍ട്ടിന് സമീപമുള്ള സ്ഥലങ്ങള്‍ ഉള്‍പ്പടെ 'സാജു വര്‍ഗീസ്' എന്നയാള്‍ക്ക് സെന്റിന് 9 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഈ തീരുമാനത്തിന് ഒരു മാസം മുമ്പ് 2016 ജൂണ്‍ മാസത്തില്‍ കൂടിയ സാമ്പത്തിക പൊതുയോഗത്തില്‍ 'ഫാദര്‍ ജോഷിയെ' പ്രസ്തുത സ്ഥലങ്ങള്‍ 9.5 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ മാര്‍ ഇടയന്ത്രത്ത് ചുമതലപ്പെടുത്തിയിരുന്നു. ഫാദര്‍ ജോഷി ഈ വസ്തു വില്‍ക്കാനായി വി.കെ.ഏജന്‍സീസ് എന്ന റീയല്‍ എസ്റ്റേറ്റുകാരെ ചുമതലപ്പെടുത്തിയിരുന്നു. ഈ തീരുമാനങ്ങളെ മറികടന്നാണ് അതിനേക്കാളൂം കുറഞ്ഞ വിലയ്ക്ക് സാജു വര്‍ഗീസിന് വസ്തു വില്‍ക്കാന്‍ തീരുമാനിച്ചത്. കച്ചവടങ്ങളുടെ വിവരങ്ങള്‍ സാമ്പത്തിക സമിതികളെ അറിയിക്കാതെ രഹസ്യമായി നടത്തിക്കൊണ്ടിരുന്നു. ഈ സ്ഥലവില്‍പ്പനയാണ് അതിരൂപതയ്ക്ക് ഭീമമായ നഷ്ടം വരുത്തിയത്. അതുമൂലം മെത്രാപ്പോലീത്തായും അതിരൂപതയും ഇന്ന് കള്ളപ്പണ കൈമാറ്റമെന്ന സംശയത്തിന്റെ നിഴലില്‍ വസ്തുതകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

2017 മാര്‍ച്ച് 9-നു അതിരൂപതയുടെ സാമ്പത്തിക നഷ്ടങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും സാമ്പത്തിക യോഗം കൂടി. പെരുമാണൂര്‍, കണ്ടന്നൂര്‍ എന്നിവടങ്ങളിലുള്ള സ്ഥലം കോട്ടപ്പടിയിലുള്ള 70 ഏക്കര്‍ സ്ഥലവുമായി വെച്ചുമാറുകയെന്നതായിരുന്നു നിര്‍ദ്ദേശം. അതിനുശേഷം 70 ഏക്കര്‍ സ്ഥലം സെന്റിന് 1.5 ലക്ഷം രൂപയ്ക്ക് മറിച്ചു വില്‍ക്കാനായിരുന്നു പദ്ധതിയിട്ടത്. സാജു വര്‍ഗീസ് സ്ഥലം വാങ്ങാനായി തയ്യാറുമായിരുന്നു. 70 ഏക്കര്‍ സ്ഥലത്തെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമാണെന്ന് സമിതി യോഗം ആവശ്യപ്പെട്ടു. എന്നാല്‍ ഈ 70 ഏക്കര്‍ വില്‍ക്കുന്നതിന് മറ്റു പല ടെക്ക്‌നിക്കല്‍ തടസങ്ങളുണ്ടെന്ന് പ്രൊക്കുറേറ്റര്‍ അറിയിക്കുകയും ചെയ്തു. അതുകൊണ്ട് സ്ഥല ക്രയവിക്രയങ്ങള്‍ നടന്നില്ല. സ്ഥലത്തിന് അഡ്വാന്‍സ് കൊടുത്തുവോ ഇല്ലയോ നഷ്ടപ്പെട്ടോയെന്നു നിശ്ചയമില്ല.

ഇവിടെ ഗുരുതരമായ വീഴ്ച വരുത്തിയ മറ്റൊരു കാര്യവും ചിന്തനീയമാണ്. 2017 ഫെബ്രുവരി 22 ന് ദേവികുളത്ത് 17 ഏക്കര്‍ സ്ഥലം വാങ്ങിക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വിവരം ആരെയും സാമ്പത്തിക ഉപദേശ സമിതിയെയും അറിയിച്ചിട്ടില്ല. അതുപോലെ കോട്ടപ്പടിയില്‍ 2017 ഏപ്രില്‍ മാസം 25 ഏക്കര്‍ സ്ഥലവും രജിസ്റ്റര്‍ ചെയ്ത വിവരങ്ങളും ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. 2017 ഏപ്രില്‍ മാസത്തില്‍ നടന്ന സാമ്പത്തിക സമ്മേളനത്തില്‍ അതിരൂപത എവിടെയെങ്കിലും സ്ഥലം വാങ്ങുവാന്‍ ഉദ്ദേശമുണ്ടോയെന്ന ചോദ്യത്തിന്! ഇല്ലായെന്നുള്ള മറുപടിയായിരുന്നു മെത്രാപ്പോലീത്തായില്‍ നിന്നും പ്രൊക്കുറേറ്ററില്‍ നിന്നും ലഭിച്ചത്. ആ യോഗത്തിന് മൂന്നു ദിവസത്തിനുശേഷമാണ്, ആരോടും ആലോചിക്കാതെ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയില്‍ 25 ഏക്കര്‍ സ്ഥലം വാങ്ങിയത്. വാസ്തവത്തില്‍ ഈ കച്ചവടം സാമ്പത്തിക ഉപദേശസമിതിയോട് ചെയ്ത വഞ്ചനയും കാനോന്‍ നിയമങ്ങള്‍ ലംഘിക്കുകയുമായിരുന്നു. പിന്നീടാണ് ആ വസ്തുവിന്മേല്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥലമെന്ന ബോര്‍ഡ് തൂക്കുന്നത്. അതിനെപ്പറ്റി വൈദികര്‍ ചോദ്യം ചെയ്തപ്പോള്‍ മെത്രാപ്പോലീത്താ മാര്‍ ആലഞ്ചേരി വ്യക്തമായി മറുപടി പറയാതെ ഒഴിഞ്ഞു പോവുകയും പ്രൊക്കുറേറ്ററോട് ചോദിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രൊക്കുറേറ്ററോട് വൈദിക സമിതി ചോദിച്ചപ്പോള്‍ രൂക്ഷമായ പ്രതികരണം ലഭിക്കുകയാണുണ്ടായത്. ഈ കച്ചവടത്തിനു പിന്നില്‍ നിഗൂഢത ഉണ്ടെന്ന് ചോദ്യം ചെയ്ത പുരോഹിതര്‍ മനസിലാക്കുകയും ചെയ്തു. അതിനുശേഷമാണ് അങ്കമാലി രൂപതയിലെ ഏതാനും വൈദികര്‍ വസ്തുതകള്‍ തേടിയുള്ള, സത്യം പുറത്തുവരാനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ആ അന്വേഷണത്തില്‍ സ്ഥലം വാങ്ങിയതും വിറ്റതുമെല്ലാം അനധികൃതമായ ക്രയവിക്രയത്തില്‍ക്കൂടിയെന്നു മനസിലാക്കുകയും ചെയ്തു.

2017 സെപ്റ്റമ്പറില്‍ കൂടിയ സാമ്പത്തിക പൊതുയോഗത്തില്‍ അഞ്ചു സ്ഥലങ്ങള്‍ സെന്റിന് 9.5 ലക്ഷം രൂപക്ക് വിറ്റ കാര്യം സാമ്പത്തിക സമ്മേളനത്തില്‍ പ്രൊക്യൂറേറ്റര്‍ അറിയിക്കുന്നു. അതുവഴി 27 കോടി രൂപ ലഭിച്ചുവെന്നും അറിയിച്ചു. വാങ്ങിയവര്‍ 9 കോടി അക്കൗണ്ടില്‍ ഇടുകയും ബാക്കി 18 കോടി പിന്നീട് തരാമെന്നും സമ്മതിക്കുകയും ചെയ്യുന്നു. എന്നാല്‍ സെന്റിന് 4.47 ലക്ഷം രൂപയ്ക്ക് വിറ്റതെന്ന് വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. രേഖകള്‍ പ്രകാരം വസ്തു വിറ്റത് 13,31,44,000 രൂപയെന്നും രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ബാക്കി പണം കള്ളപ്പണമോ, ലഭിച്ചോ, എവിടെ പോയിയെന്നോ ആര്‍ക്കും നിശ്ചയമില്ലായിരുന്നു.

എറണാകുളം അതിരൂപതയില്‍ തുടര്‍ച്ചയായി നടന്ന വസ്തു ക്രയവിക്രയങ്ങളില്‍ നിരവധി സംശയങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. അതിരൂപത കടങ്ങള്‍കൊണ്ടു വലയുമ്പോള്‍ വീണ്ടും വസ്തുക്കള്‍ മേടിച്ചുകൂട്ടിയത് എന്തിനായിരുന്നു? കോട്ടപ്പടിയില്‍ 25 ഏക്കര്‍ സ്ഥലം മേടിച്ച വിവരം അറിയാവുന്നവര്‍ കര്‍ദ്ദിനാളിനും ഒപ്പം അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നുരണ്ടു പുരോഹിതര്‍ക്കും മാത്രമായിരുന്നു. ഈ സാഹചര്യങ്ങളിലാണ് അനധികൃത വില്‍പ്പന-വാങ്ങല്‍ നടത്തുന്ന രൂപതയുടെ കള്ളക്കളികള്‍ അറിയിച്ചുകൊണ്ടുള്ള വിവരങ്ങള്‍ പുറത്താക്കാന്‍ വൈദികര്‍ തയ്യാറായത്. വസ്തു ക്രയവിക്രയ കാര്യങ്ങള്‍ വൈദികര്‍ എല്ലാ ഫൊറോനാ വികാരികളെയും അറിയിക്കുകയുമുണ്ടായി. കര്‍ദ്ദിനാള്‍ ഉള്‍പ്പടെയുള്ള സംഘത്തിന്റെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പുറത്തു വരാനും തുടങ്ങി.

കര്‍ദ്ദിനാള്‍ ആലഞ്ചേരിയുമായി ഭൂമിയിടപാടുകളെപ്പറ്റി സംസാരിക്കാന്‍ 22 വൈദികരെ തിരഞ്ഞെടുത്തിരുന്നു. 2017 നവംബര്‍ ആറിന് ആലഞ്ചേരിയുമായി പുരോഹിതര്‍ ഒരു കൂടിക്കാഴ്ച നടത്തി. അതിനു മുമ്പ് രഹസ്യമായി ദേവികുളത്തു മേടിച്ച സ്ഥലങ്ങളുടെ റെക്കോര്‍ഡും ഇവരുടെ കൈവശമുണ്ടായിരുന്നു. ഈ വിവരം കര്‍ദ്ദിനാളും ഫാദര്‍ ജോഷിയും, മോണ്‍ ഫാദര്‍ വടക്കുംപാടനും ഒഴികെ മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല. സാമ്പത്തിക ബാധ്യതകള്‍ നവംബര്‍ മുപ്പത്തിനകം പരിഹരിക്കുമെന്ന് കര്‍ദ്ദിനാള്‍ അന്നു പുരോഹിതര്‍ക്ക് വാക്കു കൊടുക്കുകയും ചെയ്തു. വസ്തുവില്‍പ്പനയിലുള്ള ബാക്കി തുക 'സാജു വര്‍ഗീസ്' നല്‍കുമെന്നും അറിയിച്ചു. എന്നാല്‍ സാജു വര്‍ഗീസ് ചതിയനെന്ന് പുരോഹിതര്‍ അറിയിച്ചിട്ടും മാര്‍ ആലഞ്ചേരി സാജു വര്‍ഗീസിനെ വെള്ളപൂശാനാണ് ശ്രമിച്ചത്. സാജു വിശ്വസ്തനെന്നു പറഞ്ഞു ന്യായികരിക്കുകയും ചെയ്തു.

വൈദികരും മാര്‍ ആലഞ്ചേരിയുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം പ്രൊക്കുറേറ്റര്‍ സാമ്പത്തികാലോചന യോഗത്തില്‍ കോട്ടപ്പടിയില്‍ 25 ഏക്കറും ദേവികുളത്ത് പതിനേഴ് ഏക്കറും വാങ്ങിയെന്ന് ഔദ്യോഗികമായി സഭയെ അറിയിക്കുന്നു. ഇടയന്ത്രത്തിനെ അറിയിക്കാതെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും നിലവിലുള്ള കടം കൂടാതെ 10 കോടി രൂപകൂടി കടമെടുത്ത വിവരങ്ങളും അറിയിക്കുന്നു. സ്ഥലങ്ങള്‍ മേടിച്ചതും കടമെടുത്തതും ആലോചന സമിതിയോട് ആലോചിച്ചില്ലായെന്നുള്ള കുറ്റസമ്മതവും നടത്തുന്നുണ്ട്.

2017 നവംബര്‍ ഒമ്പതാം തിയതി നടന്ന ആലോചന യോഗത്തില്‍ സ്ഥലങ്ങളെല്ലാം സാജു വര്‍ഗീസിന് വിറ്റെന്നും അയാള്‍ നല്‍കാനുള്ള 27 കോടിയില്‍ 8.97 കോടി രൂപ നല്‍കിയെന്നും ബാക്കി 18 കോടി രൂപയ്ക്കുള്ള സ്ഥലം ദേവികുളത്ത് 17 ഏക്കര്‍ സ്ഥലം തീറു തന്നിട്ടുണ്ടെന്നും പ്രൊക്യൂറേറ്റര്‍ അറിയിക്കുന്നു. സ്ഥലം താല്‍ക്കാലികമായി അതിരൂപതക്ക് എഴുതി തന്നെന്നും പറഞ്ഞു. തരാനുള്ള തുക തന്നു കഴിയുമ്പോള്‍ ഈ സ്ഥലം തിരിച്ചെഴുതി കൊടുക്കുമെന്നും പ്രൊക്യൂറേറ്റര്‍ അറിയിച്ചു.

ഇത്രമാത്രം വിവാദപരമായ ഭൂമി ഇടപാടുകള്‍ ഉണ്ടെന്നിരിക്കവേ ശ്രീ സി.എം. ജോസഫ്, ശ്രീ സി.വി. അലക്സാണ്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മറ്റിയെ മാര്‍ ആലഞ്ചേരി നിയമിക്കുന്നു. 2017 നവംബര്‍ 27-നു ശ്രീ സി.എം. ജോസഫ് സാമ്പത്തിക കാര്യസമിതിയില്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. അതിരൂപതയില്‍ സാമ്പത്തിക അച്ചടക്ക ലംഘനവും സാമ്പത്തിക തിരിമറികളും നടന്നിട്ടുണ്ടെന്നു കണ്ടെത്തി. റിപ്പോര്‍ട്ട് അനുകൂലമല്ലാത്തതിനാല്‍ കര്‍ദ്ദിനാള്‍ മൂന്നു വൈദികരെയും മൂന്ന് അല്‍മായരെയും ഉള്‍പ്പെടുത്തി ആറംഗ കമ്മീഷനെ തിരഞ്ഞെടുത്തു.

2017-ഡിസംബറില്‍ കര്‍ദ്ദിനാള്‍ ചീകത്സക്കായി ഹോസ്പിറ്റലില്‍ ആയിരിക്കവേ മാര്‍ ഇടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ സാമ്പത്തിക കാര്യങ്ങളെ പരിഗണിക്കാന്‍ യോഗം കൂടി. അന്ന് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ കാനോന്‍ നിയമങ്ങള്‍ ലംഘിച്ചതായും അതിരൂപതയില്‍ കണ്ണായ സ്ഥലങ്ങള്‍ നഷ്ടപ്പെട്ടതായും അതി രൂപതയിലെ സാമ്പത്തിക ബാധ്യത വര്‍ദ്ധിച്ചതായും കണ്ടെത്തി. ശരിയായുള്ള സത്യാവസ്ഥകള്‍ മറച്ചു വെച്ചതായും മനസിലാക്കി. പിന്നീട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്ഷുപിതരായ കര്‍ദ്ദിനാളിന്റെ പക്ഷക്കാര്‍ എതിര്‍വിഭാഗത്തിനെതിരെ ആരോപണങ്ങള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനിടെ കര്‍ദ്ദിനാളിനെ വധിക്കാന്‍ ശ്രമിച്ചുവെന്നും കിംവദന്തികള്‍ പരത്താനാരംഭിച്ചു. എറണാകുളം രൂപതയിലെ വൈദികരെ അധിക്ഷേപിച്ചുകൊണ്ടും പ്രചരണങ്ങള്‍ തുടങ്ങി. ഇത്തരണം ദുഷ്പ്രചരണങ്ങളില്‍ കര്‍ദ്ദിനാളും നിശ്ശബ്ദനായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സത്യം എന്തെന്നു അറിയിക്കുകയെന്നത് അതിരൂപതയിലെ വൈദികരുടെ ബാധ്യതയുമായി. നിരന്തരം കേരള സമൂഹമൊന്നാകെ, സോഷ്യല്‍ മീഡിയാകളിലും, ചാനല്‍ ചര്‍ച്ചകളിലും വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. 2018 ജനുവരിയില്‍ മാര്‍ ആലഞ്ചേരി നിയമിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ വൈദിക സമിതി യോഗം വിളിച്ചു കൂട്ടിയിരുന്നു. റിപ്പോര്‍ട്ടില്‍ പല സത്യങ്ങളും പുറത്തു വരുന്നതുകൊണ്ട് ആലഞ്ചേരി സമ്മേളനത്തില്‍ സന്നിഹിതനായില്ല. സമ്മേളനത്തില്‍ വരാതിരിക്കാന്‍ അദ്ദേഹത്തെ മൂന്നുനാലു അല്മായര്‍ തടഞ്ഞുവെച്ചുവെന്ന് ഒരു വ്യാജനാടകവും നടത്തി.

മാര്‍ ആലഞ്ചേരിയെ തടഞ്ഞു വെച്ചുവെന്നുള്ള വാര്‍ത്ത യാഥാര്‍ത്യത്തില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള ഒരു നാടകം കളിയായിരുന്നു. അന്ന് വൈദിക സമ്മേളന യോഗം നടന്നില്ല. പിറ്റേദിവസം കമ്മറ്റി അംഗങ്ങള്‍ റിപ്പോര്‍ട്ട് കര്‍ദ്ദിനാളിനെ നേരിട്ടേല്‍പ്പിച്ചു. വീണ്ടും ജനുവരി മുപ്പതിന് വൈദിക സമ്മേളനം വിളിച്ചുകൂട്ടി. അന്നും താന്‍ റിപ്പോര്‍ട്ട് പഠിച്ചില്ലെന്നു പറഞ്ഞുകൊണ്ട് കര്‍ദ്ദിനാള്‍ യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി. പിന്നീട് വിഷയം സംബന്ധിച്ച് വൈദിക സമിതികളും സാമ്പത്തിക സമിതികളും പലതവണകള്‍ യോഗം കൂടിയെങ്കിലും കമ്മറ്റി റിപ്പോര്‍ട്ടിനെപ്പറ്റി ചര്‍ച്ചചെയ്യാതെ ഒഴിവു കഴിവുകള്‍ പറഞ്ഞു കര്‍ദ്ദിനാള്‍ നിശ്ശബ്ദനാവുകയായിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ഒരിക്കലും തയ്യാറല്ലായിരുന്നു. മെത്രാന്‍ സിനഡും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം സകലതും മൂടിവെക്കാനാണ് ശ്രമിച്ചത്.

അതിരൂപതയില്‍ സംഘര്‍ഷം മൂക്കുകയും കേസ് സിവില്‍ കോടതിയില്‍ വരുകയും ചെയ്തു. പിന്നീട് കോടതി ' മാര്‍ ആലഞ്ചേരി'ക്കെതിരെ ക്രിമിനല്‍ക്കേസുകളും ഫയല്‍ ചെയ്തു. നിരവധി മദ്ധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് കേസ് കോടതിയില്‍ പോയത്. ഇതിനിടെ മലങ്കര ആര്‍ച്ച് ബിഷപ്പ് ബസേലിയോസും ലത്തീന്‍ ആര്‍ച്ചു ബിഷപ്പ് സൂസായ്പാക്യവും ഭാരത മെത്രാന്‍ സമിതിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തലുകള്‍ പുറത്താക്കാതെ ചില പിഴവുകള്‍ സംഭവിച്ചതായി ആലഞ്ചേരി കുറ്റം സമ്മതിക്കുകയും ചെയ്യുന്നുണ്ട്. ഭൂമി വിവാദമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഇന്നും ദുരൂഹതയില്‍ തന്നെ തുടരുന്നു.

കര്‍ദ്ദിനാള്‍ ആലഞ്ചേരിയ്ക്കും ഫിനാന്‍സ് ഡയറക്ടര്‍ ഫാദര്‍ ജോഷിക്കും ഇടനിലക്കാരന്‍ സാജു വര്‍ഗീസീനുമെതിരെ ഒന്നും രണ്ടും മൂന്നും പ്രതികളായി സിവില്‍ക്കേസുകളും ക്രിമിനല്‍ കേസ്സുകളുമുണ്ട്. പണാപഹരണം, ഗൂഢാലോചന, കളവുപറയല്‍ എന്നിവക്ക് ഐപിസി 406,423,120B വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ മാര്‍ ആലഞ്ചേരിയെ ഒന്നാംപ്രതിയായി ചേര്‍ത്തിരിക്കുന്നു. ഭൂമി കച്ചവടത്തില്‍ സാമ്പത്തിക സമിതിയുടെ അനുവാദമില്ലാതെ ആധാരങ്ങളില്‍ ഒപ്പിട്ടതുകൊണ്ട് കച്ചവടത്തിലെ ക്രമക്കേടുകളില്‍ വ്യക്തിപരമായും പങ്കുണ്ടെന്നാണ് നിഗമനം. സഭയുടെ വിറ്റ ഭൂമിയെല്ലാം ഇടനിലക്കാരന്‍ സാജു അഞ്ചിരട്ടി വിലക്കായിരുന്നു മറിച്ചു വിറ്റുകൊണ്ടിരുന്നത്. കാക്കനാട്ടുള്ള 60 സെന്റ് സ്ഥലം 4 കോടി രൂപയ്ക്ക് വിറ്റ വകയില്‍ പണം സാജുവര്‍ഗീസില്‍ നിന്നും കൈപ്പറ്റിയതായി ആധാരത്തില്‍ കര്‍ദ്ദിനാള്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ സഭയുടെ അക്കൗണ്ടില്‍ ആ പണം എത്തിയില്ലാഞ്ഞതും സാമ്പത്തിക ക്രമക്കേടുകളിലൊന്നാണ്.

മാര്‍ ആലഞ്ചേരി വരുത്തിവെച്ച വിനമൂലം സഭയുടെ ധാര്‍മ്മിക നിലവാരം താണുപോയതിനാലും സഭയ്ക്ക് സംഭവിച്ചിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയില്‍നിന്നു കരകയറാനും ഭൂമി വിവാദത്തെപ്പറ്റി പഠിച്ച് പരിഹാരം കാണാനുമായി സ്വതന്ത്രാധികാരമുള്ള ഒരു കമ്മറ്റിയെ നിയമിക്കണമെന്നും അതുവരെ മാര്‍ ആലഞ്ചേരി അധികാരസ്ഥാനത്തുനിന്ന് മാറി നില്‍ക്കണമെന്നും കാണിച്ച് എറണാകുളം അങ്കമാലിയിലെ വൈദികസമിതി റോമിലേക്ക് കത്തുകള്‍ എഴുതിയിരുന്നു. അതിന്റെ ഫലമായി അങ്കമാലി രൂപതയിലെ പ്രശ്‌നങ്ങളെ വിലയിരുത്താനും ഭൂമി വിവാദത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കാനും വത്തിക്കാനില്‍നിന്ന് ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്വതന്ത്ര ഏജന്‍സിയെ വെച്ച് അന്വേഷണം പൂര്‍ത്തിയാക്കുകയും റിപ്പോര്‍ട്ട് റോമിലേക്ക് അയക്കുകയും ചെയ്തു. അതിലെ റിപ്പോര്‍ട്ട് അനുകൂലമല്ലെന്ന് വന്നപ്പോള്‍ വ്യാജരേഖ എന്ന പുകമറ സൃഷ്ടിക്കുകയും റിപ്പോര്‍ട്ടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ബാങ്കിന്റെയും മറ്റു ഉന്നതസ്ഥാപനങ്ങളുടെയും പേരില്‍ വ്യാജ രേഖയുണ്ടാക്കിയെങ്കില്‍ എന്തുകൊണ്ട് ഈ സ്ഥാപനങ്ങള്‍ ഒരു പരാതിയും പോലീസില്‍ കൊടുത്തില്ലെന്നുള്ളതും ശ്രദ്ധേയമാണ്. വ്യാജരേഖകള്‍ പൊതുജനങ്ങളുടെ മുമ്പില്‍ പരസ്യപ്പെടുത്തിയതും ആലഞ്ചേരി തന്നെ. അതിനുശേഷം തന്നെ അപമാനിച്ചുവെന്നു പറഞ്ഞു മുതലക്കണ്ണുനീര്‍ പൊഴിക്കുന്നതും വിചിത്രം തന്നെ. സത്യമെന്തെന്ന് മനസ്സിലാക്കിയിട്ടും കേരളത്തിലെ മെത്രാന്‍മാര്‍ മുഴുവന്‍ മൗനത്തിലാണെന്നുള്ളതാണ് മറ്റൊരു സംഗതി. ചോദ്യങ്ങള്‍ക്ക് മുഴുവന്‍ മറുപടി പറയാതെ മാര്‍ ആലഞ്ചേരി എന്നും ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചിട്ടുള്ളത്. ഭൂമിവിവാദമായി അഴിമതിയില്ലെന്ന് തെളിയിക്കാന്‍ കെസിബിസി പരമാവധി ശ്രമിക്കുന്നുണ്ട്. നീതി ബോധമുള്ളവരും വിവരമുള്ളവരും മെത്രാന്‍ സമിതികളുടെ തൊടുത്തുവിടുന്ന നുണകള്‍ ഇനിമേല്‍ വിശ്വസിക്കാന്‍ തയ്യാറാവുകയില്ല.

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയും ഭൂമി വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയും ഭൂമി വിവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക