Image

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഈസ്റ്റര്‍, വിഷു ആഘോഷം വര്‍ണാഭമായി

Published on 13 May, 2019
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഈസ്റ്റര്‍, വിഷു ആഘോഷം വര്‍ണാഭമായി

 
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു ആഘോഷം മേയ് 4 ശനിയാഴ്ച വൈകുന്നേരം നാലര മുതല്‍ ഫ്രാങ്ക്ഫര്‍ട്ടിലെ സാല്‍ബൗ നിഡ ഹാളില്‍ വിവിധ കലാപരിപാടികളോടെ അരങ്ങേറി. 

ആഘോഷത്തില്‍ വിശിഷ്ടാതിഥികളായ ഫാ. സേവ്യര്‍ മാണിക്കത്താന്‍, കെ.കെ. നാരായണസ്വാമി, മനോഹരന്‍ ചങ്ങനാത്ത് എന്നിവരോടൊപ്പം സമാജം പ്രസിഡന്റ് ഡോ. അജാക്‌സ് മുഹമ്മദ്, സെക്രട്ടറി അബി മാങ്കുളം എന്നിവര്‍ ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

പ്രാര്‍ഥനാ ഗാനാലാപനത്തിനു ശേഷം ഡോ. അജാക്‌സ് മുഹമ്മദ് സ്വാഗതവും ഫാ. സേവ്യര്‍ മാണിക്കത്താന്‍, മനോഹരന്‍ ചങ്ങനാത്ത് എന്നിവര്‍ ആശംസകളും നേര്‍ന്നു.

കേരള സമാജം മലയാളം സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ് ഡ്രാമാ, ബോളിവുഡ് ഡാന്‍സുകള്‍, അര്‍ദ്ധശാസ്ത്രീയ നൃത്തങ്ങള്‍, ഭാരതനാട്യം, ഗാനാലാപനം തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയവും ആഘോഷത്തെ കൊഴുപ്പുള്ളതുമാക്കി. 

ഇടവേളയില്‍ സമാജം ഒരുക്കിയ വിഭവസമൃദ്ധമായ സ്വാദിഷ്ടമായ സദ്യയ്ക്കു ശേഷം അവതരിപ്പിച്ച ലഘുനാടകം സദസിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. പരിപാടികള്‍ അവതരിപ്പിച്ച കൊച്ചുകലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും മെഡലുകള്‍ നല്‍കി സമാജത്തിന്റെ ആദരവു പ്രകടിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും, പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും, മറ്റെല്ലാ സഹായങ്ങള്‍ ചെയ്തു തന്നവര്‍ക്കും സമാജം സെക്രട്ടറി അബി മാങ്കുളം കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്നു നടന്ന തംബോല നറുക്കെടുപ്പിനുശേഷം ദേശീയഗാനത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു. എല്‍സ ബാസ്റ്റിന്‍, ബാസ്റ്റിന്‍ സേവ്യര്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക