Image

മരണമില്ലാത്ത ഓര്‍മ്മകളില്‍ ജീവിക്കുന്ന ഞങ്ങളുടെ അമ്മച്ചി (ജോര്‍ജ് നെടുവേലില്‍ -- ഫ്‌ലോറിഡ)

Published on 12 May, 2019
മരണമില്ലാത്ത ഓര്‍മ്മകളില്‍ ജീവിക്കുന്ന ഞങ്ങളുടെ അമ്മച്ചി (ജോര്‍ജ് നെടുവേലില്‍ -- ഫ്‌ലോറിഡ)

ചെറിയാന്‍ വൈദ്യനും, മറിയാമ്മ ചെറിയാനും. 

ചങ്ങനാശ്ശേരി പട്ടണത്തിന്റ്റെ പ്രാന്തപ്രദേശത്തുള്ള ഒരു കുഗ്രാമമായിരുന്നു ളായിക്കാട്. ഞങ്ങള്‍ പന്ത്രണ്ടു പേരുടെ അമ്മച്ചി - വീട്ടുകാരുടെയും, നാട്ടുകാരുടെയും മറിയക്കൊച്ചു - ജനിച്ചത് അവിടെയാണ്. സാമ്പത്തികമായി, ഒരു ഇടത്തരം കുടുംബം. അടുത്ത ഗ്രാമമായ എഴിഞ്ഞില്ലത്തെ പള്ളിക്കൂടത്തില്‍ നാലാംക്ലാസുവരെ പഠിച്ചു. കുരങ്ങുകളുടെ ശല്യംകൊണ്ടു വലഞ്ഞിരുന്ന ആ പള്ളിക്കൂടം കുരങ്ങന്‍ പള്ളിക്കൂടം എന്ന് കുപ്രസിദ്ധി നേടിയിരുന്നു. 

പ്രായം പതിനാലു കടക്കുന്നതിനുമുമ്പ്, ആലപ്പുഴക്കടുത്തുള്ള കരുവറ്റായില്‍നിന്നും നല്ലൊരു ആലോചനവന്നു. വെളുത്തു സുമുഖനായ പയ്യന്‍. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍നിന്നും വൈദ്യകലാനിധിപ്പരീക്ഷ പഠിച്ചിറങ്ങിയതേയുള്ളു. ഇരുണ്ടനിറമാണെങ്കിലും, മുഖതേജസ്സുള്ള മറിയക്കൊച്ചിനെ, ചെറിയാന് ബോധിച്ചു. താമസിയാതെ അവര്‍ വിവാഹിതരായി. ആ നവദമ്പതികള്‍ കുട്ടനാട്ടിലെ പുളിങ്കുന്നില്‍ താമസമാക്കി. 

ചെറിയാന്‍ അവിടെ വൈദ്യവൃത്തിക്കു തുടക്കമിട്ടു. സ്ഥലത്തെ ഒരു മാന്യ ഗുണകാംഷി വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തു. ആശ്രമദേവാലത്തിനടുത്തുള്ള തൃപ്പടിക്കല്‍ കെട്ടിടത്തില്‍, സെയിന്റ്റ് മേരീസ് ആയുര്‍വേദ ചികിത്സാലയം, വൈദ്യന്‍:-ജെ.ചെറിയാന്‍ (വൈദ്യകലാനിധി) എന്നാലേഖനം ചെയ്ത ഒരു ബോര്‍ഡും സ്ഥാപിച്ചു. ചെറിയാന്‍ നാട്ടുകാരുടെ ചെറിയാന്‍ വൈദ്യനായി, മറിയക്കൊച്ചു നാട്ടുകാരുടെ മറിയാമ്മയായി.

ഏഴുപതിറ്റാണ്ടിലധികം ദീര്‍ഘിച്ച ധന്യവും, ഫലദായകവും, മാതൃകാപരവുമായ അവരുടെ ദാമ്പത്യ ജീവിതത്തിന്റ്റെ എളിയ തുടക്കം കുറിക്കപ്പെട്ടു. മറിയക്കൊച്ചും ചെറിയാനും ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു പുളിങ്കുന്ന്. പണക്കാരും, പഠിത്തക്കാരും, പരിഷ്‌ക്കാരികളുമായ കര്‍ഷകപ്രമാണിമാര്‍ ഏറെയുണ്ടായിരുന്നു. രണ്ടു ഹൈസ്‌കൂളുകളും, രണ്ടു പ്രൈമറി സ്‌കൂളുകളും, കര്‍മ്മലീത്താശ്രമവും, മഠവും രണ്ടു പള്ളികളും അടുത്തടുത്തുണ്ടായിരുന്നു. രണ്ടു ബാങ്കുകള്‍, സിനിമാ കൊട്ടക, പോലീസ് സ്റ്റേഷന്‍, പോസ്റ്റോഫീസ് എന്നീ സ്ഥാപനങ്ങള്‍ ജനജീവിതത്തെ സുകരമാക്കി. ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും മദ്ധ്യത്തിലുള്ള പ്രധാന ബോട്ട് ജെട്ടിയായിരുന്നു പുളിങ്കുന്ന്. അനേകം ബോട്ടുടമകളുടെ സങ്കേതവുമായിരുന്നു.

ചെറിയാന്‍ വൈദ്യന്റ്റെയും മറിയാമ്മയുടെയും സംരംഭം പച്ച പിടിക്കുവാന്‍ പുളിങ്കുന്നിന്റ്റെ സമ്പദ് വ്യവസ്ഥ സഹായിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ചെറിയാന്‍ വൈദ്യന്‍ കൈപ്പുണ്യമുള്ള വൈദ്യനാണെന്ന് അംഗീകരിക്കപ്പെട്ടു. കൃഷിയിറക്കും, വെള്ളപ്പൊക്കവും, മടവീഴ്ചയും, വീണ്ടുകൃഷിയുമായി കുട്ടനാടന്‍ ജീവിതം മുന്നോട്ട് ഗമിച്ചുകൊണ്ടിരുന്നു. മറിയാമ്മ, അമ്മയായി. ഒന്നിന് പിന്നാലെ പന്ത്രണ്ടു മക്കളുടെ അമ്മ.

ആദ്യത്തെ കണ്‍മണിയെ കണ്‍മുന്നില്‍ കാണുന്നതുവരെ അച്ചായനെ വിളിക്കാന്‍ അമ്മച്ചിക്ക് പേരൊന്നുമില്ലാതെ കഷ്ട്ടത്തിലായിരുന്നു. 'ദേ', 'പുള്ളിക്കാരന്‍' എന്നിങ്ങനെയുള്ള സര്‍വ്വനാമങ്ങളായിരുന്നു ആശ്രയം. ജോസിന്റ്റെ വരവോടെ കഷ്ട്ടത മാറിക്കിട്ടി. ജോസിന്റ്റെ അച്ചായനെന്നു വിളിക്കാനും പറയാനും ലൈസന്‍സ് കിട്ടി. രണ്ടു വര്‍ഷത്തിനകം ബേബിച്ചന്‍ വന്നു. രണ്ടര പതിറ്റാണ്ടിനുള്ളില്‍ പിള്ളേര് പന്ത്രണ്ടായി. എന്നിട്ടും, അമ്മച്ചിക്കു, അച്ചായന്‍, ജോസിന്റ്റെ അച്ചായനായിരുന്നു. 

കാലക്രമത്തില്‍, ജോസിന്റ്റെ അച്ചായന്‍ എന്ന വിളിയില്‍ അനുരാഗത്തിന്റ്റെ അതിപ്രസ്സരം മാത്രമേയുള്ളു എന്ന് അമ്മച്ചിക്ക് തോന്നിയിട്ടുണ്ടാവണം! വൈദ്യരെ എന്ന പൂജക ബഹുവചനത്തില്‍, നാട്ടുകാര്‍ അച്ചായനെ സംബോധന ചെയ്യുന്നത് അമ്മച്ചിയെ പുളകമണിയിച്ചിട്ടുണ്ടാവണം! ഇതിനിടയില്‍, ജോസ്, ജോലികിട്ടി വീടുവിട്ടിരുന്നു. അമ്മച്ചിയും ഒരു മാറ്റത്തിന് തയ്യാറായി. അച്ചായന്‍ വീട്ടുകാരുടെ അച്ചായാനായി. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അച്ചായനെ വൈദ്യരായി ഉയര്‍ത്തിക്കാണിച്ചു.

അച്ചായന്റ്റെയും അമ്മച്ചിയുടേയും കലവറയില്ലാത്ത പരസ്പ്പര പ്രേമത്തിറ്റെയും, വണക്കത്തിന്റ്റെയും അംഗീകാരത്തിന്റ്റെയും അന്തരീക്ഷ0 ആസ്വദിച്ചും ആവാഹിച്ചുമാണ് ഞങ്ങള്‍ പന്ത്രണ്ടു സഹോദരരും പറക്ക പറ്റിയത്.

Children learn what they live- എത്ര യുക്തമായ ഒരു ഒക്തി!

ഒരു കഠിനാദ്ധ്വാനി ആയിരുന്നു അമ്മച്ചി. പന്തണ്ട് മക്കളുടെയും അച്ചായന്റ്റെയും ക്ഷേമത്തിനു പുറമെ നൂറുകൂട്ടം കാര്യങ്ങളായിരുന്നു അമ്മച്ചിയെ കാത്തിരുന്നത്. വൈദ്യശാലയോടു ബന്ധപ്പെട്ട പിടിപ്പതു കാര്യങ്ങള്‍ വീട്ടില്‍ ചെയ്യേണ്ടിയിരുന്നു. വിവിധതരത്തിലുള്ള മരുന്നുകള്‍ തയ്യാറാക്കുന്നതിന് ധാരാളം പാല്‍ വേണ്ടിയിരുന്നു. തൈരും വെള്ളം വേണ്ടിയിരുന്നു. പയറുവര്‍ഗ്ഗങ്ങള്‍ വെന്ത രസം വേണമായിരുന്നു. മൂന്നു നാലു കറവപ്പശുക്കളെ പോറ്റിയിരുന്നു. മായം കലരാത്ത വെരുകിന്‍പുഴു ലഭ്യമാക്കുന്നതിനായി രണ്ടു വെരുകുകളെ സംരക്ഷിച്ചിരുന്നു. ആ മിണ്ടാപ്രാണികള്‍ക്കു സമയത്തു തീറ്റ കൊടുക്കണം. പശുക്കള്‍ക്ക് തീറ്റയും കഞ്ഞിയും വെള്ളവും യഥാസമയം കൊടുക്കണം. തൊഴുത്തു വൃത്തിയാക്കണം, മാറ്റിക്കെട്ടണം കുളിപ്പിക്കണം. രാവിലെയെത്തുന്ന കറവക്കാരനു വേണ്ട പാത്രങ്ങള്‍ തയാറാക്കി വയ്ക്കണം. എണ്ണ കുഴമ്പുകളും, അരിഷ്ട ലേഹ്യങ്ങളും പാകപ്പെടുത്തുന്നതിനു ഏറെ വിറകു വേണ്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം അമ്മച്ചി ശ്രദ്ധയോടെ നോക്കിക്കണ്ടു ചെയ്തിരുന്നു. ഇവക്കെല്ലാം പുറമെ അമ്മച്ചിയുടെ സ്വന്തമായി പച്ചമരുന്നുകളുടെയും, പൂച്ചെടികളുടെയുംഒരു ചെറിയതോട്ടവും, ഒരു അടുക്കളത്തോട്ടവും ഉണ്ടായിരുന്നു. 

അമ്മച്ചിയുടെ ജാഗ്രതയും, കാര്യപ്പിടിപ്പും, കരങ്ങളും, എണ്ണയിട്ട യന്ത്രംപോലെ എല്ലാ കാര്യങ്ങളെയും പ്രവര്‍ത്തിപ്പിച്ചു.

പുന്നാരപ്പുത്രിയായി വളര്‍ന്ന്, കുട്ടിക്കളിമാറാത്ത കൗമാരത്തില്‍ കുടുംബിനിയായ മറിയക്കൊച്ചിന്റ്റെ വൈഭവം അമ്മച്ചിയുടെയും അച്ചായന്റ്റെയും കുടുംബക്കാരെ അതിശയിപ്പിച്ചു. ബഹുകാര്യ വ്യഗ്രതക്കിടയിലും അല്ലറചില്ലറ ബിസിനസിന് അമ്മച്ചി സമയം കണ്ടെത്തിയിരുന്നു. മിച്ചംവരുന്ന പാല്‍, തൈര്, ചെറിയ വിറകുചീളുകള്‍ എന്നിവയായിരുന്നു പ്രധാന ഉല്‍പ്പന്നങ്ങള്‍. ചൂടപ്പംപോലെ വിറ്റുപോയിരുന്ന മറ്റൊരുല്‍പ്പന്നമായിരുന്നു എള്ളിന്‍പിണ്ണാക്ക്. വൈദ്യശാലയിലെ ആവശ്യത്തിനുള്ള നല്ലെണ്ണക്കായി ആഴ്ചതോറും ഓരോ ചാക്ക് എള്ള് ആട്ടിച്ചിരുന്നു. അതിന്റ്റെ പിണ്ണാക്ക് അമ്മച്ചിയുടെ അവകാശമായിരുന്നു. 

അമ്മച്ചിയുടെ സ്വകാര്യസമ്പാദ്യം സൂക്ഷിച്ചിരുന്നത് ഒരു ഈട്ടിപ്പെ ട്ടിയിലായിരുന്നു.. മിക്കവാറും എല്ലാ ചന്തദിവസങ്ങളിലും അങ്ങാടി/പച്ചമരുന്നുകള്‍ എടുക്കാന്‍ അച്ചായന്‍ ചങ്ങനാശ്ശേരിക്ക് പോകേണ്ടിയിരുന്നു. കാശ് കമ്മിയാണെങ്കില്‍ കടം വാങ്ങിയിരുന്നത് അമ്മച്ചിയില്‍ നിന്നുമായിരുന്നു. പലിശയും പറ്റിക്കലുമില്ലായിരുന്ന ഈ ഹ്രസ്വകാല വായ്പ്പയുടെ ഏകവ്യവസ്ഥ, എത്രയുംവേഗം തിരിച്ചു കൊടുക്കണമെന്നുള്ളതായിരുന്നു. ഈ കടംകൊടുക്കലും, കൊള്ളലും, തിരിച്ചുകൊടുക്കലും അച്ചായന്റ്റെയും അമ്മച്ചിയുടെയും പരസ്പര വിശ്വാസവിളക്കിന്റ്റെ ഒരു കിരണം മാത്രമായിരുന്നു. 

പരസ്പരപ്രേമത്തിന്റ്റെയും, ബഹുമാനത്തിന്റ്റെയും, ത്യാഗത്തിന്റ്റെയും ദീപങ്ങള്‍ ഇരുവരും ഏഴുദശാബ്ദക്കാലത്തെ ദാമ്പത്യത്തില്‍ ജ്വലിപ്പിച്ചുനിറുത്തി. ആ ദീപങ്ങളില്‍നിന്നും സ്പുരിച്ച കിരണങ്ങള്‍ സന്തതികള്‍ക്ക് സന്തതം പ്രകാശം പകര്‍ന്നെന്നു പറയാതെ വയ്യ. ഇമ്പമേറിയ ദാമ്പത്യത്തെക്കാള്‍ വമ്പിച്ച സുഖമരുളുന്നതൊന്നുതന്നെ ഇഹത്തിലെല്ലെന്നു അമ്മച്ചിയുടെയും അച്ചായന്റ്റെയും ധന്യമായ ദാമ്പത്യം ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നു.

അമ്മച്ചി ഒരു സംഗീതപ്രേമിയായിരുന്നു, സിനിമാപ്രേമിയായിരുന്നു. അതെങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങള്‍ അതിശയിച്ചിട്ടുണ്ട്. പാട്ടുപെട്ടിയും പാട്ടുപാടുന്നവരും അമ്മച്ചിയുടെ വീട്ടിലുണ്ടായിരുന്നില്ല. സിനിമ കാണണമെങ്കില്‍ ചങ്ങനാശ്ശേരിക്ക് പോകണം. അന്ന്, ചങ്ങനാശ്ശേരി, 'ഓട്ടോശ്ശേരി' ആയിരുന്നില്ല. വഴിവിളക്കുകള്‍ വല്ലയിടത്തും മാത്രം. സിനിമയും പാട്ടും അച്ചായന് ഒട്ടും പിടിച്ചിരുന്നില്ല. പുളിങ്കുന്നില്‍, വീടിനു വളരെയടുത്തു 'കുന്‍കോ' തീയേറ്റര്‍ വന്നത് അമ്മച്ചിയെ സന്തോഷിപ്പിച്ചു. കുന്‍കോ എന്ന പേരുകേട്ട് ആരും നെറ്റി ചുളിക്കേണ്ട! പുളിങ്കുന്നുകാരനായ കുന്‍ചാക്കോയുടെ(കുഞ്ചാക്കോ) പേരിന്റ്റെ ആദ്യത്തെ രണ്ടക്ഷരങ്ങളായ 'കുന്‍' എന്നതിനോട്, ഭാര്യവീടായ കൊച്ചുപാലത്തുങ്കല്‍ (പുളിങ്കുന്ന്) എന്നതിന്റ്റെ അദ്യക്ഷരമായ 'കൊ' ചേര്‍ത്തപ്പോള്‍, ദാ പിറന്നിരിക്കുന്നു കുന്‍കോ തീയേറ്റര്‍. കുഞ്ചാക്കോ ആരാ മോന്‍!

നാലാംക്ലാസ്സ് പൂര്‍ത്തിയാക്കാത്ത അമ്മച്ചി ഒരു ഉല്‍പ്പതിഷ്ണു ആയിരുന്നു. പച്ചക്കുമ്പാളയുടെ ശോഭയും പൂച്ചക്കണ്ണുമുള്ള പെണ്‍മക്കള്‍ പ്രണയ വാര്‍ത്തയുമായി വന്നപ്പോള്‍, പെണ്‍മനസ്സറിയുന്ന അമ്മച്ചി ക്ഷോഭിച്ചില്ല. ഇടഞ്ഞ അച്ചായനെ മെരുക്കുകയും ഇണക്കുകയും ചെയ്തു. കുടുംബത്തിന്റ്റെ ശക്തികേന്ദ്രമായിരുന്നു (power house) അമ്മച്ചി. ശക്തി നേടിയിരുന്നത് അച്ചായനില്‍ നിന്നുമായിരുന്നു. മതപരമായ കാര്യങ്ങളിലും അമ്മച്ചി യാഥാസ്ഥിതികരില്‍ നിന്നും അകന്നു നിന്നു. പള്ളിയുടെ വരിഞ്ഞു കെട്ടലുകളെ കൂട്ടാക്കിയിരുന്നില്ല. പള്ളിപ്പെരുന്നാളുകളില്‍ ഭ്രമിച്ചിരുന്നില്ല. സ്വന്തക്കാരായ കന്യാസ്ത്രികള്‍ പെണ്‍മക്കളെ മഠത്തിലാക്കാന്‍ ശ്രമിക്കുന്നതിനെ വിലക്കി. അതെസമയം പ്രായവും പഠിത്തവുമായിക്കഴിഞ്ഞു എവിടെ പോകുന്നതിനും വിലങ്ങി നിന്നില്ല. പള്ളിക്കര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍, പള്ളിമേടയില്‍ ചുറ്റിപ്പറ്റി നില്‍ക്കാതെ വീട്ടിലെത്തണമെന്നത് കര്‍ക്കശമായിരുന്നു.

ആണ്മക്കള്‍ക്ക്, പെണ്മക്കളുടെ മേല്‍ പ്രത്യേക അധികാരങ്ങള്‍ അനുവദിച്ചിരുന്നില്ല. ചേട്ടന്‍, ചേച്ചി മൂപ്പു വിളികള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. സഹോദരീസഹോദരന്മാര്‍ പ്രായഭേദമെന്യേ തുല്യര്‍ എന്നതായിരുന്നു വീട്ടിലെ ചട്ടം. എല്ലാ രംഗത്തും തുല്യത പാലിച്ചിരുന്നു.

അമ്മച്ചിക്ക ്ആനന്ദവും, ഉത്തേജനവുംനല്‍കിയിരുന്ന രണ്ടു കാര്യങ്ങളായിരുന്നു മുറുക്കും, മദ്യവും. അപ്പനും, അമ്മയും മൂത്തസഹോദരനും മുറുക്കിന്റ്റെ ആശാന്മാരായിരുന്നു. മദ്യത്തെ മനസ്സില്‍ കയറ്റിയത് ഒരു ചിറ്റപ്പനായിരുന്നു. അടുത്തുതന്നെ താമസിച്ചിരുന്ന ചിറ്റപ്പന് കേള്‍വിക്കുറവുണ്ടായിരുന്നു. കുടിയുടെ കാര്യത്തില്‍ കേമനായിരുന്നു. 'പൊട്ടന്‍ ചിറ്റപ്പന്' കുട്ടികളില്ലായിരുന്നു. ചിറ്റമ്മയുടെ ചെല്ലമ്മ ആയിരുന്നു മറിയക്കൊച്ചു്. ചിറ്റപ്പന്‍ ഷാപ്പു സന്ദര്‍ശിക്കുമ്പോള്‍ മറിയക്കൊച്ചു് തോളിലുണ്ടായിരിക്കും. മുളകുപപ്പടവും രണ്ടുമൂന്നു കവിള്‍ കള്ളും ഉള്ളിലാക്കും. ചൊട്ടയിലെ ശീലങ്ങള്‍ ചുടലവരെ നീണ്ടുനിന്നു! മദ്യപാനവും, പുകവലിയും, പകലുറക്കവും പഥ്യമല്ലാതിരുന്ന അച്ചായന്‍ ദശമൂലാരിഷ്ടത്തിലും, ആമലകാസവത്തിലും, വൈദ്യലൈസന്‍സില്‍ വാറ്റിയ ചാരായം ചേര്‍ത്ത്, അത്താഴത്തിനു ശേഷം സേവിക്കുവാന്‍ അമ്മച്ചിക്ക് കൊടുത്തിരുന്നു. പ്രത്യേകം കാച്ചിയ ബലാശ്വഗന്ധാദി എണ്ണയായിരുന്ന തലയില്‍ പൊത്തിയിരുന്നത്. ആവര്‍ത്തിച്ച ധന്വന്തരം കുഴമ്പ് അഭ്യംഗം തേച്ചുള്ള കുളി ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായിരുന്നു.

പ്രസവിപ്പിക്കാന്‍ മാത്രമല്ല, മികച്ച പ്രസവാനന്തര ശുശ്രുഷ തരപ്പെടുത്താനും അച്ചായന്‍ ഉത്സാഹിച്ചിരുന്നു. ''മറിയാമ്മയെ കണ്ടാല്‍ പന്ത്രണ്ടു പെറ്റതാണെന്ന് പറയില്ല'': അയലത്തെ അമ്മമാര്‍ അമ്മച്ചിയെ പുകഴ്ത്തിയിരുന്നു. അമ്മച്ചിയെ സന്തോഷിപ്പിക്കുന്നതിലും, സംരക്ഷിക്കുന്നതിലും, ബഹുമാനിക്കുന്നതിലും മാത്രമല്ല അച്ചായന്‍ അഭിരമിച്ചിരുന്നത്. കളിയാക്കാന്‍ വീണുകിട്ടുന്ന അവസരങ്ങള്‍ പാഴാക്കിയിരുന്നില്ല. പക്ഷെ അതിനെ കളിയാക്കല്‍ എന്ന് വിളിച്ചാല്‍ ശരിയാവില്ല; പ്രണയമെന്നു പറഞ്ഞാല്‍ ശരിയായിരിക്കും.

ഒരു ദിവസം, വൈദ്യന്‍ സ്ഥലത്തില്ല. ഒരമ്മ രണ്ടു വയസുള്ള കുഞ്ഞുമായി അമ്മച്ചിയുടെ പക്കലെത്തി. കുഞ്ഞു വാവിട്ടു കരയുകയും പുളയുകയും ചെയ്യുന്നു. വയറ് അമര്‍ത്തി പിടിച്ചിരിക്കുന്നു. അരമണിക്കൂര്‍ മുന്‍പ് തുടങ്ങിയ വയറ്റു വേദനയാണെത്രെ! അമ്മച്ചിക്കത് പുത്തരിയായിരുന്നു. വിശേഷാല്‍ എന്തെങ്കിലും കുഞ്ഞു തിന്നോ എന്ന് അമ്മച്ചി അന്വേഷിച്ചു. ചക്കക്കുരു ചുട്ടത് തിന്നെന്നായിരുന്നു മറുപടി. തള്ളയും കുഞ്ഞും സോഫായില്‍ ഇരിക്കാന്‍ പറഞ്ഞിട്ട് അമ്മച്ചി അടുക്കളയിലേക്കു പോയി. നാലഞ്ചു ചേര്‍ക്കുരു എടുത്തു അടുപ്പിലിട്ടു; തീക്കനല്‍കൊണ്ടു മൂടി. ഇതിനിടയില്‍ പച്ചത്തേങ്ങയുടെ തൊണ്ടു ചൂടാക്കി, വയറ്റത്ത് ചൂട്പിടിക്കാന്‍ കൊടുത്തു. കരിയാന്‍ തുടങ്ങുന്ന പരുവത്തില്‍ ചേര്‍ക്കുരു അരകല്ലില്‍ വച്ചു പൊടിയാക്കി. ചക്കരയില്‍ കുഴച്ചു നാലഞ്ചു ഉണ്ടകളാക്കി. ഒരുണ്ട അമ്മച്ചിതന്നെ കുഞ്ഞിന്റ്റെ വായിലിട്ടുകൊടുത്തു. കുറച്ചു ജീരകവെള്ളവും കുടിപ്പിച്ചു. ശേഷിച്ച ഉണ്ടകള്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ് കുഞ്ഞിന്റ്റെ അമ്മയെ ഏല്‍പ്പിച്ചു. നാലുമണിക്കൂര്‍ ഇടവിട്ടു ഉണ്ടകള്‍ ജീരകവെള്ളത്തോടൊപ്പം സേവിക്കാന്‍ പറഞ്ഞു. കുഞ്ഞിന്റ്റെ കരച്ചില്‍ നിലച്ചു. കുഞ്ഞും അമ്മയും ചിരിച്ചു. അമ്മച്ചി ഒരു ദീര്‍ഘ ശ്വാസം വിട്ടു; ചിരിച്ചു. ഉണ്ട, സമയാസമയം കഴിക്കാന്‍ മറക്കരുതെന്നും, ധാരാളം ജീരവെള്ളം കുടിക്കണമെന്നും, വേദന തോന്നിയാല്‍ മാത്രം തൊണ്ടുചൂടു പിടിച്ചാല്‍ മതിയെന്നും പറഞ്ഞു അമ്മയേയും കുഞ്ഞിനേയും യാത്രയാക്കി. അടുത്തദിവസംതന്നെ വൈദ്യരെ കാണണമെന്നും ഓര്‍മ്മിപ്പിച്ചു.

പിറ്റെദിവസം ഉച്ചയൂണിന് അച്ചായന്‍ വന്നത് ഒരു കള്ളച്ചിരിയോടെയായിരുന്നു. ഉണ്ണുന്നതിനിടയില്‍, ആരോടെന്നില്ലാതെ അച്ചായന്‍ പറഞ്ഞു: 'ഈ വീട്ടില്‍ ഞാനല്ലാതെ മറ്റൊരു വൈദ്യന്‍ ഉണ്ടെന്നു കേള്‍ക്കുന്നു!' ആര്‍ക്കും ഒന്നും പിടികിട്ടിയില്ല. ആരും ഒന്നും മിണ്ടിയില്ല. ഒടുവില്‍, അമ്മയും കുഞ്ഞും വന്നുകണ്ടതും, തലേദിവസം മറിയാമ്മയുടെ ചികിത്സയില്‍ കുഞ്ഞിന് ആശ്വാസം കിട്ടിയെന്നു പറഞ്ഞതും അച്ചായന്‍ വിവരിച്ചു. ഏതാനും നിമിഷത്തെ നിശ്ശബ്ദതക്കുശേഷം പുഞ്ചിരിയും, ബഹുമാനവും, അനുരാഗവും സമഞ്ജസമായി ചാലിച്ചുചേര്‍ത്ത അച്ചായന്റ്റെ വാക്കുകള്‍: 'മറിയാമ്മ വൈദ്യരേ എന്റ്റെ ചകിത്സാലയത്തിന്റ്റെ അടിയന്തിരവിഭാഗം വൈദ്യരായി ഇദ്ദേഹത്തെ ഇന്നുമുതല്‍ നിയമിച്ചിരിക്കുന്നു'. സര്‍വ്വ ഭാവങ്ങളും നിഴലിച്ച ഒരു വലിയ ചിരി അമ്മച്ചിയുടെ മുഖത്ത് നിറഞ്ഞുകണ്ടു, പിന്നാലെ ആനന്ദാശ്രുക്കളും!

കുട്ടിക്കളിയും പൊട്ടിച്ചിരിയും മാറാത്ത കൗമാരപ്രായത്തില്‍ പരിണയിച്ചു്, പിടിപ്പതിലധികം പ്രാരാബ്ധങ്ങള്‍ പേറുന്നതിനിടയിലും, പന്ത്രണ്ടുപേരെ പെറ്റ്, പോറ്റിപരിപാലിച്ചു്, പറക്കപറ്റിച്ചശേഷം, പരലോകത്തിലേക്ക് പറന്നുയര്‍ന്ന ഞങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചീ, അമ്മച്ചിയുടെ മടിയിലിരിക്കാന്‍, തലോടലേക്കാന്‍, തല്ലുകൊള്ളാന്‍ ഇനിയും ഒരവസരം കൂടി തരൂ! തരുമോ അമ്മച്ചി, പറയൂ അമ്മച്ചീ! 

ലോകമെന്പാടുമുള്ള പ്രിയപ്പെട്ട അമ്മമാര്‍ക്ക് എന്റ്റെ മനസ്സിന്റ്റെ മടിത്തട്ടില്‍നിന്നും നിര്‍ഗ്ഗളിക്കുന്ന മംഗളാശംശസകള്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക