Image

അവരാച്ചേട്ടന്റെ കട (ചെറുകഥ: ബി. ജോണ്‍ കുന്തറ)

ബി. ജോണ്‍ കുന്തറ Published on 12 May, 2019
അവരാച്ചേട്ടന്റെ കട (ചെറുകഥ: ബി. ജോണ്‍ കുന്തറ)
അഞ്ചാംക്ലാസില്‍ പഠിക്കുന്നകാലം എന്നുകരുതുന്നു. പണാപള്ളി, ഞങ്ങളുടെ ഗ്രാമത്തില്‍ ഒരുപള്ളി, അഞ്ചാം സ്റ്റാന്‍ഡാര്‍ടു വരെയുള്ള പള്ളിസ്കൂള്‍ . കൂടാതെ പ്രധാന നടപ്പാതയിലെത്തിയാല്‍ നാലു കടകളുണ്ട് ഒന്ന് അവിരാച്ചേട്ടന്‍റ്റെ പലചരക്കുകട, രണ്ടാമത് ജോസപ്പ്‌ചേട്ടന്‍റ്റെ ചായക്കട അതിനോട് ചേര്‍ന്ന് കുഞ്ഞന്‍റ്റെ ഷവരക്കട ഒരു പതിനഞ്ചടിയോളം മാറി മോമ്മതിന്‍റ്റെ മുറുക്കാന്‍കട അവിടെ സോഡാറും മുട്ടായിയും എല്ലാമുണ്ട്  അതില്‍ കൂടുതലൊന്നും ഈ ഗ്രാമത്തില്‍ പറയപ്പെടുന്നതായി വേറൊന്നും ഇല്ലായിരുന്നു.

പണാപള്ളിയിലെ ഏറ്റവും വലിയ കെട്ടിടം പള്ളിയോടു അധികം അകലത്തിലല്ലാതെയുള്ള വെള്ളപൂശിയ  ഒരു രണ്ടുനില കെട്ടിടമാണ് ഇവിടാണ് വികാരിഅച്ഛന്‍ താമസിക്കുന്നതും കൂടാതെ പലമുറികളുമുണ്ട് രണ്ടു നിലകളിലായി അവിടെല്ലാം പലേ മീറ്റിംഗുകളും ഞായറാഴ്ച നടക്കാറുണ്ട് സോഡാലിറ്റി ലീജിയന്‍മേരി അങ്ങനെ പലതും. ഒരു മുറി അച്ഛന്‍ തലമുതിര്‍ന്ന കരണവന്മാര്‍ക്ക് ഒരു ചീട്ടുകളി ക്ലബ് നടത്തുന്നതിനും അനുവദിച്ചു കൊടുത്തിട്ടുണ്ട്. അന്നത്തെ അച്ചനും ഒരു ചീട്ടുകളി കമ്പക്കാരനായിരുന്നു.

ഓടിട്ട വീടുകളുള്ളവരെല്ലാം ക്രിസ്ത്യാനികള്‍ എല്ലാം കത്തോലിക്കര്‍ ഇവരുടെ കൈവശമാണ് എല്ലാ കരവസ്തുക്കളും നെല്‍പ്പാടങ്ങളും. ഏതാനും ഈഴവര്‍ക്ക്, ഓടിട്ടിട്ടില്ല എങ്കിലും രണ്ടുമുറിയും ഒരടുക്കളയുമുള്ള ഓലമേഞ്ഞ വേലികെട്ടിയ വീടുകളുണ്ട്. ജനതയില്‍ നല്ലൊരു ഭാഗം ഭൂ ഉടമകളുടെ കുടികിടപ്പുകാര്‍. തേങ്ങാ,നെല്ല് ഇവ പ്രധാന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഈ ഗ്രാമത്തിലെ ഭൂരിപക്ഷം പുലയരാണ് പിന്നീടേ കാതോലിക്കരുള്ളൂ എന്നിരുന്നാല്‍ത്തന്നെയും നാട്ടുഭരണം മുഴുവന്‍ ക്രിസ്ത്യാനിയുടെ പക്കല്‍.  ഇവിടെ ഒരുനല്ലവാര്‍ത്ത തംബ്രാനും, അടിയങ്ങളും വളരെ സൗഹാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നു.

ഞങ്ങള്‍ സ്കൂളില്‍ പോകുന്നത് ,ജോസപ്പുചേട്ടന്‍റ്റെ ചായക്കടയുടെ മുന്നില്‍ക്കൂടിയാണ്. രാവിലെ നെല്‍പാടങ്ങളിലേക്ക് പണിക്കുപോകുന്ന പുലയര്‍ കടയുടെ മുന്നിലെ ബെഞ്ചിലിരുന്നു പുട്ടും കടലയും ഉരുട്ടി,ഉരുട്ടി രുചിയോടെ കഴിക്കുന്നത് കണ്ടുകൊണ്ടാണ്. വായില്‍ വെള്ളമൂറുമായിരുന്നു തീര്‍ച്ചയായും വീട്ടില്‍ കിട്ടുന്ന പൂട്ടിനേക്കാള്‍ രുചി ജോസേപ്പുചേട്ടന്‍റ്റെ പൂട്ടിനായിരിക്കും വീട്ടില്‍ സമ്മതിക്കില്ല ഈ പൂട്ട് തിന്നുവാന്‍.

സ്കൂളില്‍, കണക്കുപടിപ്പിക്കുന്ന നാണു സാര്‍ എന്നും സ്കൂളില്‍ വരുന്നതിനു മുന്‍പ് ജോസപ്പുചേട്ടന്‍റ്റെ കടയിലെത്തും ഒരു ചായ കുടിക്കും നാണു സാറിനെ ദൂരെ കാണുമ്പോള്‍ ജോസപ്പുചേട്ടന്‍, താന്‍ മേശക്കുപിന്നിലിട്ടിരിക്കുന്ന സ്ടൂലെടുത്തു പുറത്തിടും നാണൂസാറിനി രി  ക്കാന്‍. നാണുസാറാണ് ഈനാട്ടിലെ ബുദ്ധിജീവി എല്ലാ സംശയങ്ങള്‍ക്കും നാണുസാറിന് ഉത്തരമുണ്ട്.

നാന്നൂസാറിന്‍റ്റെ കക്ഷത്തില്‍ എന്നും ഒരു ദിനപ്പത്രം കാണും. ചായ കുടിക്കുന്നകൂടെ നാണുസാര്‍ പത്രം വിടര്‍ത്തി വാര്‍ത്തകള്‍ വായിക്കുവാന്‍ തുടങ്ങും ആ വാര്‍ത്തകളാണ് ആസമയം ചായക്കടയിലിരിക്കുന്ന എല്ലാവരുടേയും പുറത്തേക്കുള്ള ജാലകം. സാറിന്,  ഇതൊരു പൊതുസേവനമാണ്.പലരും നാണുസാര്‍ വരുവാന്‍ കാത്തിരിക്കും വാര്‍ത്തകള്‍ കേള്‍ക്കുവാന്‍, അക്കാലത്തു ഈ ചായക്കടയില്‍ റേഡിയോ ഇല്ലല്ലോ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ നാണുസാര്‍ വരുന്നത്, രണ്ടുമൈലെങ്കിലും അകലെനിന്നുമാണ്.അരകൈയന്‍ വെളുപ്പുമങ്ങിയ ഖദര്‍ ജൂബയും മുണ്ടും കക്ഷത്തില്‍ ഒരു കാലന്‍  കുട കൈയില്‍ മടക്കിയ പത്രം ഇങ്ങനാണ് സാര്‍ നടന്നു സ്കൂളിലെത്തുന്നത്. അന്ന് നാണുസാര്‍ പ്രധാനമായി വായിച്ചത് ഒരു ദുരന്ത സംഭവമായിരുന്നു.

തലക്കെട്ട്,  നോര്‍ത്ത് ഇന്ത്യയില്‍ ഭഷ്യവിഷബാധ ഏതാനുംപേര്‍ മരിച്ചു നിരവധി ആശുപത്രികളില്‍ ഇതുകേട്ട്,പുറകിലെ ബെഞ്ചിലിരുന്ന ചാരക്കാരന്‍ തോമാചേട്ടന്‍ പകുതി കുടിച്ച ചായ കൈയിലെടുത്തു എഴുന്നേറ്റ് നാണുസാറിന്‍റ്റെ മുന്നിലെത്തി എല്ലാമൊന്നു ശെരിക്കു കേള്‍ക്കുവാന്‍. സാറുവായനതുടര്‍ന്നു, വിഷബാധപഞ്ചസാരയിലായിരുന്നു.

ഇതുകേട്ട് എല്ലാവരും ഒന്ന്‌ജെട്ടി, ജോസപ്പു്‌ചേട്ടന്‍റ്റെ നേരേ നോക്കി പിന്നെ തുറന്നിട്ടില്ലാത്ത അടുത്ത അവറാച്ചേട്ടന്‍റ്റെ പലചരക്കു കടയിലേക്കും.

തോമാച്ചേട്ടന്‍ ഉറക്കെ ഒരു നിരൂപണം നടത്തി "അപ്പഴേ അവരാമാപ്പളേട കടേലെ പഞ്ചാര അങ്ങ് വടക്കുന്നല്ലേ വരുന്നത് " തോമാക്ക് അവരമാപ്പിളയെ അത്ര പിടിത്തമില്ല കാരണം കുറച്ചുനാളുകള്‍ക്കു മുന്‍പ് കടയില്‍ നിന്നും വാങ്ങിയ അരി പൂത്തതായിരുന്നു അതു തിരികെ കൊണ്ടുചെന്നപ്പോള്‍ വേറേ മാറിക്കൊടുത്തില്ല.
എല്ലാവരും ജോസപ്പു ചേട്ടനേയും നോക്കി. കാരണം മനസ്സിലായ ജോസപ്പു ചേട്ടന്‍ പറഞ്ഞു "ഇതില്‍ കാര്യമില്ല അവരാ മാപ്പിളേടെ കടേലെ പഞ്ചാര പഴയതാ വിഷബാധ ഇന്നലല്ലേ വന്നത്" എങ്കിലും സൂക്ഷിക്കണം എന്ന ഒരു അഭിപ്രായം പറഞ്ഞിട്ട് തോമ്മാ സ്ഥലം വിട്ടു.

അവരാചേട്ടന്‍ സാധാരണ കട തുറക്കുന്നത് ഒരു പതിനൊന്ന് പന്ത്രണ്ട് മണിയോടെ. വൈകുന്നേരമാണല്ലോ പ്രധാന കച്ചവടം. ഇതിനോടകം പഞ്ചസാരയില്‍ വിഷം എന്നവാര്‍ത്ത പണാപള്ളി മുഴുവന്‍ പടര്‍ന്നു പിടിച്ചു. അവരാചേട്ടന്‍ കടതുറക്കുവാന്‍ വരുന്നവഴിയില്‍ ഇത് രണ്ടുപേരുടെ നാവുകളില്‍ നിന്നും കേട്ടു . അതിനൊന്നും മറുപടി പറഞ്ഞില്ല.

കട തുറന്നയുടന്‍ ജോസപ്പുചേട്ടന്‍ മുന്നിലെത്തി "അവരാ മാപ്പിളേ പഞ്ചാര വടക്കുന്നല്ലേ വരണത്" അതിനു അവരാചേട്ടന്‍ കൊടുത്ത മറുപടി 'എടൊ ജോസപ്പേ ഇതാരു പറഞ്ഞ വാര്‍ത്തയാടോ?" ജോസപ്പു പറഞ്ഞു "നാണു മാഷ് പത്രത്തെന്നു വായിച്ചതാ"

ഇതുകേട്ട് അവരാചേട്ടന്‍ "എടൊ ഞാനൊന്നു മാഷിനെ കണ്ടേച്ചു വരട്ടെ താന്‍ കടെലേക്കൊരു കണ്ണ് വേണം കേട്ടോ" ഇതുംപറഞ്ഞു അവരാമാപ്പിള പുറത്തേക്കിറങ്ങി.പള്ളിക്കൂടം ഒരു അഞ്ഞൂറടി അകലത്തിലാണ്. സ്കൂളില്‍ ചെന്നു നാണുമാഷെ കണ്ടു അവിരാമാപ്പിള വാര്‍ത്ത ശെരിയെന്നു നിജപ്പെടുത്തി തിരികെ കടയിലേക്കു പോന്നു.

കടയിലെത്തിയപ്പോള്‍ ഒന്നുരണ്ടു പേരെ കടയുടെ മുന്നില്‍ കണ്ടു ആരുമൊന്നും പറയുന്നില്ല എന്നിരുന്നാലും അവരാച്ചേട്ടന് കാര്യം മനസിലായി. ജോസപ്പ്‌ചേട്ടന്‍ ചിന്തിക്കുവാന്‍ തുടങ്ങി, എന്തു ചെയ്യും. വാര്‍ത്ത കാട്ടുതീ പോലെ എല്ലായിടത്തും പടര്‍ന്നുകാണും. ഇനിയിപ്പോള്‍ ചായയില്‍ എന്തിട്ടു കൊടുക്കും?

"അവരമാപ്പിളേ കരിപ്പെട്ടി ഉണ്ടല്ലോ " ജോസപ്പ് ഉറക്കെ ചോദിച്ചു അവരാ മാപ്പിള മറുപടി കൊടുത്തു "കരിപ്പെട്ടി കുറച്ചുണ്ട് താനെന്തിനാ പേടിക്കണേ എന്‍റ്റ പഞ്ചാരേല്‍ വിഷമി ല്ല" ജോസപ്പ് അതിനു മറുപടി കൊടുത്തത് "നിങ്ങ ശെരിയാരിക്കും പക്ഷേ വാര്‍ത്ത എല്ലാടത്തും എത്തിക്കാണും ആള്‍ക്കാര്‍ പഞ്ചാര വിശ്വസിക്കേലാ"
ജോസപ്പിന്‍റ്റെ നിഗമനം ശെരിയായിരുന്നു അന്ന് വൈകുന്നേരം പാടത്തെ പണി കഴിഞ്ഞു മടങ്ങുന്ന പണിക്കാര്‍ പലരും വൈകുന്നേര ചായക്ക് കയറിയില്ല കയറിയ ഏതാനുംപേര്‍ ചായ ചോദിച്ചപ്പോള്‍ കൂടെ പറഞ്ഞു "പഞ്ചാര വേണ്ട കരിപ്പെട്ടി ഉണ്ടേല്‍ കുറച്ചിട്ടോ"

അവരാചേട്ടന്‍റ്റെ കടയില്‍ അന്ന് പൊതുവെ കച്ചവടം മോശമായിരുന്നു ആരും പഞ്ചസാര വാങ്ങിയില്ല. ഒരു പത്തുകിലോ പഞ്ചസാര എങ്കിലും കടയിലിരിക്കുന്നു ഇനി അതെന്തു ചെയ്യും? പണാപള്ളയിലെ പണക്കാര്‍ നിവര്‍ത്തിയില്ലെങ്കിലേ വേലക്കാരെ വിട്ടു എന്തെങ്കിലും ഈ കടയില്‍ നിന്നും വാങ്ങുകയുള്ളു അവരെല്ലാം പട്ടണത്തിലെ വല്യ കടകളില്‍ നിന്നുമാണ് പലചരക്കു സാമാനങ്ങള്‍ വാങ്ങുന്നത്.

പൊതുവെ സാധാരണക്കാന്‍റ്റെ മനസ്സില്‍ ഒരു ഭീതി നിറഞ്ഞിരിക്കുന്നു . പുറമെനിന്നും വരുന്ന ചരക്കുകളോട് അന്നു രാത്രിയില്‍ അവിരാച്ചേട്ടന് ഉറക്കം വന്നില്ല ചിന്ത മുഴുവന്‍ പഞ്ചസാരയും വിഷബാധയും ആയിരുന്നു.  ഈയൊരവസ്ഥക്ക് മാറ്റം വരുത്തുന്നതിന് അവരാചേട്ടന്‍ ഒരു പദ്ധതി ചിന്തിച്ചെടുത്തു. അത് പള്ളി വഴിയും മറ്റു സമീപ കടകള്‍ മുഗേനയും പ്രസിദ്ധപ്പെടുത്തി.

നാളെ പന്ത്രണ്ടു മണിക്ക് താന്‍ കടയില്‍ പരസ്യമായി എല്ലാവരുടെയും മുന്നില്‍ പഞ്ചസാര ഇട്ടു ചായ കുടിക്കുന്നതാണ്. താന്‍ ചാകുന്നില്ലെങ്കില്‍ ഈ കടയിലെ പഞ്ചസാരയില്‍ വിഷമില്ല നാട്ടുകാര്‍ക്ക് വിശ്വസിച്ചു വാങ്ങാം.

പലരും, ഭാര്യ അടക്കം  അവറാച്ചേട്ടനെ ഈ സാഹസത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ നോക്കി അവര്‍ പറഞ്ഞു പോയാല്‍ പത്തുകിലോ പഞ്ചാര കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ വിഷപഞ്ചാരയൊക്കെ പോകും നല്ല പഞ്ചാര വരും. അതിനൊന്നും അവരാച്ചേട്ടന്‍  ചെവി കൊടുത്തില്ല.പറഞ്ഞ പ്രകാരം പള്ളിയിലെ അച്ചനടക്കം ഒരു ഇരുപതു പേരെങ്കിലും അന്ന് പന്ത്രണ്ടു മണിക്ക് കടയുടെ മുന്നില്‍ വന്നുകൂടി.

അവറാച്ചേട്ടന്‍ ജോസപ്പിന്‍റ്റെ കടയില്‍ നിന്നും ഒരു വെറും ചായ വാങ്ങി കടയിലെ പഞ്ചാരചാക്കില്‍ നിന്നും രണ്ടു സ്പൂണ്‍ നിറയെ പഞ്ചസാര ചായയിലേകിട്ടു എന്നിട്ട് നന്നായി ഇളക്കി. എല്ലാവരും ആകാംഷയോടെ നോക്കിനിന്നു, .അച്ചന്‍റ്റെ വിരലുകള്‍ കൊന്തയിലായിരുന്നു.ഗ്ലാസ്സുയര്‍ത്തി ഒരൊറ്റ ശ്വാസത്തിന് ആ ചായ മുഴുവന്‍ അവരച്ചേട്ടന്‍ അകത്താക്കി.

അവരാച്ചേട്ടന്‍ താനിരിക്കുന്ന സ്ടൂലെടുത്തു പുറത്തിട്ടു അച്ചനോട് ഇരിക്കുവാന്‍ പറഞ്ഞു അതിനുശേഷം പതിവുപോലെ കടയിലെ മുന്നില്‍ നില്‍ക്കുന്നവരോട് സംസാരിക്കുവാന്‍ തുടങ്ങി. എന്നാല്‍ ആരുമൊന്നും കാര്യമായി സംസാരത്തില്‍ പങ്കെടുത്തില്ല എല്ലാവരും ഒരു ഭീതി നിറഞ്ഞ അന്തരീഷത്തില്‍. അവിരാച്ചേട്ടന്‍റ്റെ മുഖത്തു നോക്കിനിന്നു. അവിരാചേട്ടനില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ടോ എന്നതായിരുന്നു എല്ലാവരും പ്രധാനമായി നോക്കിയത്.

അരമണിക്കൂര്‍, ഒരുമണിക്കൂര്‍ കഴിഞ്ഞു അവറാച്ചേട്ടന് ഒരു മാറ്റവുമില്ല  ഈ സമയം അച്ചന്‍ എഴുന്നേറ്റു പറഞ്ഞു "അവറാച്ചേട്ടന് ഒരു കുഴപ്പോവില്ല ഞാന്‍ പോണ്" രണ്ടു മണിക്കൂറുകള്‍ കൂടിമാറി അവരച്ചേട്ടന്‍ ഒരു തളര്‍ച്ചയോ വിഷമവോ കൂടാതെ സംസാരിക്കുന്നു മറ്റു പണികള്‍ നടത്തുന്നു, സാവധാനം വന്നവരെല്ലാം പിരിഞ്ഞു പോയി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക