Image

സ്വാഗതം: പര്‍ദ്ദക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപെയിന്‍ (വെള്ളാശേരി ജോസഫ്)

Published on 08 May, 2019
സ്വാഗതം: പര്‍ദ്ദക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപെയിന്‍ (വെള്ളാശേരി ജോസഫ്)
ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലിം മത മൗലിക വാദത്തിനെതിരേ കേരളത്തില്‍ മുമ്പെങ്ങും ഇല്ലാതിരുന്നതുപോലെ പ്രബുദ്ധരായ വ്യക്തികള്‍ നിലപാടെടുക്കുകയാണ്. അതിന്റ്റെ ഭാഗമാണെന്ന് തോന്നുന്നു മുഖം മറക്കുന്ന പര്‍ദ്ദക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപെയിന്‍. സലഫികളും, ജമാഅത്തുകാരും പിടി മുറിക്കിയതോടെ ആണ് കേരളത്തില്‍ ഈ പര്‍ദ്ദ സംസ്‌കാരവും, കടുത്ത യാഥാസ്ഥികതയും വളര്‍ന്നു വരുന്നത്. പര്‍ദ്ദ നിര്‍ബന്ധമാക്കിയ മലേഷ്യയില്‍ നിന്നൊക്കെ ത്വക്ക് രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈര്‍പ്പം കൂടിയ പ്രദേശങ്ങളില്‍ പര്‍ദ്ദ ധരിച്ചാല്‍ അത് ത്വക് രോഗങ്ങളിലേക്കേ വഴി വെക്കൂ എന്നത് സാമാന്യ യുക്തി മാത്രമാണ്. കേരളത്തിലേതു പോലെ ഹ്യുമിഡിറ്റി അല്ലെങ്കില്‍ ഈര്‍പ്പമുള്ള പ്രദേശങ്ങളില ആളുകള്‍ പണ്ട് അരക്കു മുകളിലോട്ട് അധികം വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല എന്നതാണ് യാതാര്‍ദ്ധ്യം. കേരളം പോലെ ഈര്‍പ്പം കൂടിയ പ്രദേശങ്ങളില്‍ ഒരിക്കലും അത് കൊണ്ട് തന്നെ പര്‍ദ്ദ ധരിക്കരുത്. ആരോഗ്യപരമായ കാരണങ്ങളാലെങ്കിലും പര്‍ദ്ദയെ എതിര്‍ക്കണം.

പര്‍ദ്ദ അറബ് ഗ്രാമീണ സംസ്‌കാരത്തിന്റ്റെ മാത്രം ഭാഗമാണ്. അതും അവിടെ പോലും മത മൗലിക വാദികള്‍ അടിച്ചേല്‍പ്പിച്ചത്. ഇവിടെ കുറെ മത തീവ്ര വാദികളാണ് കണ്ണുകള്‍ മാത്രം പുറത്തു കാണത്തക്ക പര്‍ദ്ദ പെണ്‍കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി തീര്‍ച്ചയായും അതിനെ പ്രതിരോധിക്കണം. കാശ്മീരില്‍ പര്‍ദ്ദ ധരിക്കാത്ത സ്ത്രീകളുടെ മുഖത്തു മത മൗലിക വാദികള്‍ ആസിഡ് ഒഴിക്കുകയാണ്. പര്‍ദ്ദ ഒരിക്കലും കാശ്മീര്‍ സംസ്‌കാരത്തിന്റ്റെ ഭാഗമല്ലാഞ്ഞിട്ടു കൂടി അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള മത മൗലിക വാദികളെ ഭയന്നിട്ട് ഇപ്പോള്‍ പല സ്ത്രീകളും പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയില്‍ യൂറോപ്പ്യന്മാര്‍ വരുന്നതിനു മുന്‍പ് സ്ത്രീകള്‍ മാറ് മറച്ചിരുന്നില്ല. ഗൂഗിളില്‍ പഴയ ബ്‌ളാക് ആന്‍ഡ് വൈഡ് ഫോട്ടോകള്‍ ഇഷ്ടം പോലെയുണ്ട് - മുസ്ലീം സ്ത്രീകള്‍ കൂളായി യൂറോപ്പ്യന്മാരുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ഗൂഗിളില്‍ തപ്പിയാല്‍ കാണാം. കേരളത്തിലെ പണ്ടത്തെ നമ്മുടെ പ്രാദേശിക സംസ്‌കാരത്തിലും പര്‍ദ്ദ ഇല്ലായിരുന്നു. ഏതൊരു മതവും അതാത് പ്രദേശങ്ങളിലെ ജനതയുമായി ഇടപഴകിയാണ് തനതായ ഒരു പ്രാദേശിക സംസ്‌ക്കാരം രൂപപ്പെടുത്തേണ്ടത്. കേരളത്തിലെ മുസ്ലിം സമൂഹവും പണ്ട് അങ്ങനെയുള്ള പ്രാദേശിക രീതികള്‍ ഉള്‍ക്കൊണ്ടവരായിരുന്നു. ഇതെഴുതുന്നയാള്‍ വൈയ്ക്കം മുഹമ്മദ് ബഷീറിന്റ്റെ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായ തലയോലപ്പറമ്പിലുള്ളവരെ തലയോലപ്പറമ്പ് ചന്തയില്‍ വെച്ച് ചെറുപ്പത്തില്‍ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. അവിടെ ചാമ്പങ്ങയും, ബിസ്‌ക്കറ്റും ഒക്കെ വിറ്റു കൊണ്ടിരുന്ന മുസ്ലീം പെണ്‍കുട്ടികള്‍ തലയില്‍ വളരെ നേരിയ തട്ടമിട്ടു മാത്രമേ കണ്ടിട്ടുള്ളൂ. അവിടെ അടുത്തുള്ള സ്‌കൂളിലും, കോളേജിലും പോകുന്ന മുസ്ലീം പെണ്‍കുട്ടികളും തലയില്‍ വളരെ നേരിയ തട്ടം മാത്രമേ ഇടാറുണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പോള്‍ മലയാളികളുടെ തനതു സംസ്‌കാരത്തെ മാറ്റി വെച്ച് അന്ധമായി അറബ് സംസ്‌കാരത്തെ പുല്‍കുന്ന കാഴ്ചയാണല്ലോ കാണുന്നത്. അതിന്റ്റെ ഫലമാണ് ആടിനെ മേയ്ക്കാന്‍ അറബ് നാടുകളില്‍ പോകുന്നതും, പര്‍ദ്ദ നിര്‍ബന്ധമാക്കുന്നതും.

പണ്ട് നമ്മുടെ കുളി കടവുകളില്‍ ക്രിസ്ത്യന്‍, മുസ്ലീം, നായര്‍ - എന്നിങ്ങനെ എല്ലാ മത, സാമുദായിക വിഭാഗങ്ങളിലെയും സ്ത്രീകള്‍ വളരെ ഉല്ലാസത്തോടെയാണ് നീരാടിയിരുന്നത്. 'കിഴക്ക് പൂക്കും മുരിക്കിനെന്തൊരു ചുക ചുകപ്പാണെ പുതുക്ക പെണ്ണിന് കവിളിലെന്തൊരു തുട് തുടുപ്പാണെ' എഴുതിയ കവി റഫീഖ് അഹമ്മദ് പ്രസവ ശേഷം മുസ്ലീം സ്ത്രീകള്‍ കുളിക്കുന്നതും താന്‍ ചെറുപ്പത്തില്‍ അവരുടെ പുറം തേച്ചു കൊടുത്തതിനെ കുറിച്ചും ഒക്കെ സരസമായി എഴുതിയിട്ടുണ്ട്. ഗൂഗിളില്‍ തപ്പിയാല്‍ പണ്ട് നായര്‍ യുവതികള്‍ മാറ് മറക്കാതെ താലപ്പൊലിയും പിടിച്ചു നില്‍ക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ കാണാം. മലയാള സാഹിത്യത്തിലെ കാരണവരായ തകഴി ശിവ ശങ്കര പിള്ള 'കയറില്‍' സ്ത്രീകള്‍ ഒറ്റ മുണ്ട് ധരിക്കുന്നതും, കരക്ക് നാഥന്മാര്‍ വരുമ്പോള്‍ നായര്‍ സ്ത്രീകള്‍ മേല്‍മുണ്ട് മാറ്റുന്നതിനെ കുറിച്ചും പറയുന്നുണ്ട്. ഇങ്ങനെ ഒരു ചരിത്രവും, പാരമ്പര്യവും ഉള്ളപ്പോള്‍, നമ്മുടെ പഴയ ദിവാന്‍ വേലുത്തമ്പി ദളവയെ പോലെ ദേഹം മുഴുവന്‍ മറച്ചു കൊണ്ട് ബ്രിട്ടീഷ് രീതിയില്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീകള്‍ വസ്ത്രം ധരിക്കണോ? വേലുത്തമ്പി ദളവ സെക്രട്ടറിയേറ്റിന്റ്റെ മുന്നില്‍ ഇപ്പോഴും പഴയ ബ്രിട്ടീഷ് പാവാടയും ഉടുത്തു കൊണ്ട് നില്‍പ്പുണ്ട്. സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ. ആധുനിക വേഷങ്ങള്‍ കാണുമ്പോള്‍ ആത്മ നിയന്ത്രണം നഷ്ടപ്പെടും എന്ന് തോന്നുന്നവര്‍ ആ ഭാഗത്തേക്ക് നോക്കുകയേ വേണ്ടാ. അതല്ലേ അതിന്റ്റെ ശരി? അതല്ലാതെ എന്തിനാണ് അവരുടെ മേല്‍ പര്‍ദ്ദ അടിച്ചേല്‍പ്പിക്കുന്നത്?

പര്‍ദ്ദയ്ക്ക് വേണ്ടി ചിലരൊക്കെ വാദിക്കുമ്പോഴും നമ്മള്‍ കാണേണ്ടത് വരേണ്യ വര്‍ഗത്തിലുള്ള മുസ്ലീങ്ങള്‍ക്ക് ഈ 'ഡ്രസ്സ് കോഡ്' ഒന്നും ബാധകമല്ല എന്നുള്ള കാര്യമാണ്. മമ്മൂട്ടിയുടെ മരുമകള്‍ തട്ടം ഇടുന്നില്ല. അതൊന്നും ആര്‍ക്കും വിഷയം അല്ല. മിഡില്‍ക്ലാസ് പെണ്‍കുട്ടികള്‍ തട്ടമിടാതിരുന്നാല്‍ അവരെ നരകത്തിലെ 'വിറകു കൊള്ളികളാക്കും'. മുസ്ലീമുകളിലെ വരേണ്യ വര്‍ഗത്തിലുള്ളവര്‍ക്ക് ഈ തട്ടമിടലും, പര്‍ദ്ദയും ഒന്നും വിഷയങ്ങളേ അല്ല. ദുബായ് ഷെയിക്കിന്റ്റെ മകള്‍ യാഥാസ്ഥിതികരായ മുസ്ലീങ്ങള്‍ക്ക് 'ഹറാമായ' നായയോടൊപ്പം ക്യാമറകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു; കുതിരപ്പുറത്ത് സഞ്ചരിക്കുന്നു. സൗദി രാജകുമാരികള്‍ ഏറ്റവും പുതിയ മോഡലില്‍ ഉള്ള ഫാഷന്‍ വസ്ത്രങ്ങളില്‍ ക്യാമറകള്‍ക്ക് മുമ്പില്‍ കൂളായി നില്‍ക്കുന്നു. പണ്ട് മുഹമ്മദാലി ജിന്നക്ക് യാഥാസ്ഥിതികരായ മുസ്ലീങ്ങള്‍ക്ക് 'ഹറാമായ' പന്നിയിറച്ചി കഴിക്കുന്നതിനോ, മുന്തിയ സ്‌കോച്ച് കുടിക്കുന്നതിനോ വിലക്കില്ലായിരുന്നു. പാക്കിസ്ഥാന്‍ സ്ഥാപകനായ മുഹമ്മദാലി ജിന്ന ദിവസവും പന്നിയിറച്ചി കഴിച്ചിരുന്നുവെന്നും, മുന്തിയ സ്‌കോച്ച് കുടിച്ചിരുന്നുമെന്നുമാണ് 'ഫ്രീഡം അറ്റ് മിഡ്നയിറ്റില്‍' പറയുന്നത്. അപ്പോള്‍ സാധാരണക്കാരായ മുസ്ലീങ്ങളെ വഴി തെറ്റിക്കുവാന്‍ നടക്കുന്നവരല്ലേ ഈ മത പണ്ഡിതരെന്ന് സ്വയം വിശേഷിപ്പിക്കുന്ന വര്‍ഗീയ വാദികള്‍?
ഇവരെന്തിനാണ് ആധുനിക ലോകത്തില്‍ മുഖം മറക്കുന്ന പര്‍ദ്ദയ്ക്ക് വേണ്ടി വാദിക്കുന്നത്?

ഒരാളുടെ മുഖം എന്ന് പറയുന്നത് അവരുടെ ഐഡന്റ്റിറ്റിയാണ്. 'ഐഡന്റ്റിറ്റി പ്രൂഫ്' പൊലീസോ സെക്യൂരിറ്റിയോ ആവശ്യപ്പെട്ടാല്‍ കാണിക്കേണ്ടതുണ്ട്. ഏതെങ്കിലും എയര്‍ പോര്‍ട്ടിലോ അതല്ലെങ്കില്‍ 'ഐഡന്റ്റിറ്റി പ്രൂഫ്' ആവശ്യമുള്ള സ്ഥലത്തോ പോയാല്‍ ഐഡന്റ്റിറ്റി കാര്‍ഡ് നോക്കിയതിനു ശേഷം സെക്യൂരിറ്റി ആളുടെ മുഖത്തേക്ക് നോക്കും - ഐഡന്റ്റിറ്റി കാര്‍ഡില്‍ ഉള്ള ആള്‍ തന്നെയാണോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടി. അപ്പോള്‍ മുഖം കാണിക്കാന്‍ പറ്റില്ല എന്നാര്‍ക്ക് പറയാന്‍ സാധിക്കും? നിയമ വ്യവസ്ഥയെ അംഗീകരിക്കേണ്ടെന്ന് ഏത് ആത്മീയ ആചാര്യനാണ് മനുഷ്യനെ പഠിപ്പിച്ചിട്ടുള്ളത്? 'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും' എന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്. കേരളത്തിലല്ലാതെ നിയമ വ്യവസ്ഥയോട് പൃഷ്ഠം കാണിക്കുന്ന രീതി വേറെ എവിടെയെങ്കിലും നടക്കുമോ? ഇസ്ലാമിക രാജ്യങ്ങളില്‍ പോലും അത് നടപ്പില്ല. നിയമം പാലിക്കാന്‍ പറ്റില്ല എന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ചെന്ന് പറഞ്ഞാല്‍ അത് മതി തല പോകാന്‍. സൗദി അറേബ്യ ഈയടുത്താണ് 37 പേരുടെ തല വെട്ടിയത്. ഇസ്ലാമിക രാജ്യങ്ങളില്‍ പോലും ഇല്ലാത്ത മത മൗലിക വാദമാണ് ഇപ്പോള്‍ കേരളത്തില്‍ ഓടുന്നത്.

ഇന്ന് എല്ലാ മേഖലകളിലും പുരുഷനോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് സ്ത്രീയും ആധുനിക രാഷ്ട്ര നിര്‍മാണ പ്രക്രിയകളില്‍ ലോകത്തെവിടെയും പങ്കെടുക്കുന്നുണ്ട്. അപ്പോള്‍ സ്ത്രീകളെ പര്‍ദ്ദയ്ക്കുള്ളിലാക്കുവാനുള്ള മുസ്ലിം മത മൗലിക വാദികളുടെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം സ്ത്രീ വിരുദ്ധമല്ലേ? 'ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷനും' , പര്‍ദ്ദയുമൊക്കെ ആധുനിക സമൂഹത്തിനു ചേരുന്ന രീതികളാണോ? കേരളത്തില്‍ ഒരു മുസ്ലിം വനിതാ അത്‌ലറ്റിനെ ചൂണ്ടി കാണിക്കുവാനുണ്ടോ? പാശ്ചാത്യ നാടുകളില്‍ 'സ്‌പോട്‌സ് & അത്‌ലറ്റിക്‌സ്' സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റ്റെ അല്ലെങ്കില്‍ 'കരിക്കുലത്തിന്റ്റെ' തന്നെ ഭാഗമാണ്. പാശ്ചാത്യ തത്ത്വചിന്തയിലെ ഏറ്റവും വലിയ നാമമായ പ്ലേറ്റോ ആദ്യം ജിംനാസ്റ്റിക്‌സിലൂടെ വിദ്യാര്‍ത്ഥികളുടെ ശാരീരിരിക ക്ഷമത ഉയര്‍ത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്. പ്ലേറ്റോയുടെ വിദ്യാഭ്യാസ ചിന്തകള്‍ അല്ലെങ്കില്‍ 'പ്ലേറ്റോസ് കണ്‍സെപ്റ്റ് ഓഫ് എജുക്കേഷന്‍' എല്ലാ തത്ത്വശാസ്ത്ര വിദ്യാര്‍ത്ഥികളും പഠിക്കുന്ന ഒന്നാണ്. അതാണ് പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുടരുന്നത്. അത് കൊണ്ട് അവര്‍ക്കൊക്കെ ഒളിമ്പിക്‌സില്‍ ഇഷ്ടം പോലെ മെഡലുകള്‍ കിട്ടുന്നു. യാഥാസ്ഥികത്വം ഇപ്പോഴും പിന്തുടരുന്ന ഇന്‍ഡ്യാക്കാര്‍ക്ക് ഒരു മെഡലും കിട്ടുന്നില്ല. മുസ്ലിം മത മൗലിക വാദികളുടെ അങ്ങേയറ്റത്തെ സ്ത്രീ വിരുദ്ധതയും, യാഥാസ്ഥികത്വവും ഇടതു പക്ഷവും, സ്ത്രീ വിമോചനത്തിന് ചുക്കാന്‍ പിടിക്കുന്ന ഫെമിനിസ്റ്റുകളും, ദളിത് ബുദ്ധിജീവികളും ചിലപ്പോഴെങ്കിലും പിന്തുണയ്ക്കുന്നതാണ് അത്ഭുതം.

പര്‍ദ്ദക്കെതിരെ സംസാരിക്കുമ്പോള്‍ ചിലര്‍ ക്രിസ്ത്യന്‍ കന്യാസ്ത്രീകളുടെ വേഷം ഉന്നയിച്ചു പര്‍ദ്ദയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. ക്രിസ്ത്യന്‍ കന്യാസ്ത്രീകളെ പര്‍ദ്ദ വിഷയത്തിലേക്ക് കൊണ്ടുവന്ന് പര്‍ദ്ദയെ ന്യായീകരിക്കുവാനുള്ള മുസ്ലീം മത മൗലിക വാദികളുടേയും, അതിനു സപ്പോര്‍ട്ട് പ്രഖ്യാപിക്കുന്നവരുടെയും നിലപാട് ഒട്ടുമേ ശരിയല്ല. സന്യാസിമാര്‍ക്കും, സന്യാസിനികള്‍ക്കും എല്ലാ മതങ്ങളിലും വ്യത്യസ്ത വേഷങ്ങളാണ്. അതവരുടെ സന്യാസ വ്രതത്തിന്റ്റെ ഭാഗമാണ്. ഏതൊരു സന്യാസി-സന്യാസിനീ സമൂഹത്തിലും എന്നത് പോലെ കന്യാസ്ത്രീകളുടെ ഉടുപ്പ് അവരുടെ 'അടയാള വസ്ത്രമാണ്'. പൊതു ജനത്തെ ഒരിക്കലും സന്യാസിമാരും, സന്യാസിനിമാരുമായും ബന്ധിപ്പിക്കരുത്. ജെയിന്‍ സന്യാസിനിമാര്‍ക്ക് വായ് പോലും മറയ്ക്കണം. ബുദ്ധ സന്യാസിമാര്‍ക്കു തല മൊട്ടയടിക്കണം. അത് പോലെ കഠിനമായ സന്യാസ വ്രതങ്ങളുള്ള ഇഷ്ടം പോലെ സമൂഹങ്ങളുണ്ട്. മുടി പിഴുതെടുക്കുന്ന ജെയിന്‍ സന്യാസിനികള്‍ വരെയുണ്ട്. കയ്യറ്റം വരെയുള്ള ബ്‌ളൗസുമായി വെള്ള സാരിയുടുക്കുന്ന 'ബ്രഹ്മ കുമാരികള്‍' ഉണ്ട്. ഇപ്പോഴാകട്ടെ, അനേകം ക്രിസ്ത്യന്‍ കന്യാസ്ത്രീകള്‍ സാരി ഉടുക്കുകയും മുടി മറയ്ക്കാതിരിക്കയും ചെയ്യുന്നു. ചില ക്രിസ്ത്യന്‍ സഭകളില്‍ സ്ത്രീകളെ പുരോഹിതരായി നിയമിക്കുന്നത് തുടങ്ങി കഴിഞ്ഞു. ഈസ്റ്റര്‍ ദിനത്തിന്റ്റെ ഭാഗമായി ഫ്രാന്‍സീസ് മാര്‍പാപ്പ സ്ത്രീകളുടെയും, അന്യ മതസ്തരുടെയും കാല്‍ കഴുകി ചുംബിച്ചു. കേരളത്തിലും പല പള്ളിയിലും ഇതു നടന്നു. യാഥാസ്ഥിതികമായ ക്രിസ്തീയ സഭ പതുക്കെ പതുക്കെ സ്ത്രീകളുടെ അവകാശങ്ങള്‍ അങ്ങനെ അംഗീകരിക്കുകയാണ്. ഇപ്പോള്‍ അനേകം കന്യാസ്ത്രീകള്‍ സാരി ഉടുക്കുകയും മുടി മറയ്ക്കാതിരിക്കയും ചെയ്യുന്നു. ഡോക്ടര്‍മാരായും, വക്കീലന്മാരായും ജോലി ചെയ്യുന്നു. എത്രയോ സ്‌കൂളുകളുടെയും, കോളേജുകളെയും അവര്‍ നയിക്കുന്നു. കണ്ണുകള്‍ മാത്രം പുറത്തു കാണത്തക്ക രീതിയിലുള്ള നെടുനീളന്‍ കറുപ്പന്‍ കുപ്പായം ആണോ ക്രിസ്ത്യന്‍ കന്യാസ്ത്രീകള്‍ ധരിക്കുന്നത്? ഇനി കണ്ണ് പോലും കാണിക്കാത്ത രീതിയിലുള്ള പര്‍ദ്ദ പോലും ഉണ്ട്. അന്ധരെ പോലെ തപ്പിത്തടഞ്ഞാണ്; അതല്ലെങ്കില്‍ പര സഹായത്തോടെയാണ് അത്തരം പര്‍ദ്ദ ധരിക്കുന്ന സ്ത്രീകള്‍ നടക്കുന്നത്. എറണാകുളത്തെ ആസ്റ്റര്‍ മെഡി സിറ്റി ആശുപത്രിയില്‍ കുറെ നാള്‍ മുമ്പ് ഞാന്‍ കണ്ട മുസ്ലിം സ്ത്രീയുടെ മുഖം മുഴുവന്‍ കറുത്ത തുണിയില്‍ മറയ്ക്കപ്പെട്ടാണ് കണ്ടത്. കണ്ണുകളുടെ പ്രഥമമായ ഉദ്ദേശ്യം കാഴ്ച്ച കാണുകയല്ലേ? ഇന്ദ്രിയങ്ങളുടെ പ്രഥമമായ പ്രവര്‍ത്തനം പോലും ഹനിക്കുന്ന വസ്ത്രധാരണ രീതിയെ എങ്ങനെ ന്യായീകരിക്കാന്‍ സാധിക്കും? കണ്ണ് കാണാന്‍ വയ്യാത്തത് കൊണ്ട് അന്ധന്മാര്‍ക്കെന്നതു പോലെ അന്ന് അങ്ങനെ പര്‍ദ്ദ ധരിച്ചിരുന്ന സ്ത്രീയുടെ കയ്യ് പിടിച്ചു നടത്തുന്നതാണ് നേരില്‍ കണ്ടത്. എന്തായാലും ക്രിസ്ത്യന്‍ കന്യാസ്ത്രീകള്‍ അങ്ങനെയൊന്നുമല്ലല്ലോ. പിന്നെ എന്തിനാണ് പര്‍ദ്ദ വിഷയത്തില്‍ ചിലര്‍ ക്രിസ്ത്യന്‍ കന്യാസ്ത്രീകളെ വലിച്ചിഴക്കുന്നത്? ഇങ്ങനെ കണ്ടമാനം ന്യായീകരണ തൊഴിലാളികള്‍ ഉള്ളതുകൊണ്ടാണ് മുബെങ്ങുമില്ലാത്ത വിധം മുസ്ലീം മത മൗലിക വാദവും, തീവ്ര വാദവും കേരളത്തില്‍ വളരുന്നത്.

മറ്റു ചിലര്‍ ഹിന്ദു സന്യാസിമാരുടെ നഗ്‌നത ചൂണ്ടികാട്ടി പര്‍ദ്ദയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നതും കണ്ടിട്ടുണ്ട്. സത്യം നഗ്‌നമാണ്; ഭക്തിയും നഗ്‌നമാണ്. മനുഷ്യര്‍ തുണിയൊന്നും ഇല്ലാതെയാണ് ജനിക്കുന്നത്. മരണ സമയത്ത് എത്ര തുണി ഉടുപ്പിച്ചാലും അതു പിന്നീട് അഴുകി പോകുകയോ, അഗ്‌നിയില്‍ വെന്തെരിയുകയോ ചെയ്യുകയുള്ളൂ. അതു കൊണ്ട് തന്നെ സന്യാസിമാര്‍ ദൈവ നാമം ഉല്‍ഘോഷിച്ചു കൊണ്ട് നഗ്‌നരായി സഞ്ചരിച്ചാല്‍ എന്താണ് കുഴപ്പം? തുണിയൊന്നും ധരിക്കാത്ത ദിഗംബര സന്യാസിമാരും, നാഗ സന്യാസിമാരും എത്രയോ ഉള്ള രാജ്യമാണ് ഈ ഇന്‍ഡ്യാ മഹാരാജ്യം. കോണകം മാത്രം ധരിച്ചിരുന്ന എത്രയോ യോഗിമാരും, സന്യാസിമാരും ഇന്ത്യയില്‍ ഉണ്ടായിരുന്നു! രമണ മഹര്‍ഷി കോണകം മാത്രമല്ലേ ധരിച്ചിരുന്നുള്ളൂ? എന്നിട്ടും ആധികാര സ്ഥാപനങ്ങളില്‍ ഉള്ള എത്രയോ പേര്‍ രമണ മഹര്‍ഷിയെ കാണാന്‍ വന്നിരുന്നു? തുണിയൊന്നും ധരിക്കാത്ത എത്രയോ ജൈന സന്യാസിമാര്‍ ഇപ്പോഴും ഉള്ള നാടാണല്ലോ ഇന്ത്യാ മഹാരാജ്യം. അവരെയും കാണാന്‍ ആധികാര സ്ഥാപനങ്ങളില്‍ ഉള്ള എത്രയോ പേര്‍ കാണാന്‍ വരുന്നൂ? തുണിയിലല്ല ഒരാളുടെ മഹത്ത്വം. അത് കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ് നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി വെറും മുണ്ടുടുത്ത് ബ്രട്ടീഷ് രാജാവിനെ കാണാന്‍ പോയത്. പര്‍ദ്ദയെ സന്യാസിമാരുടെ നഗ്നതയുമായി ബന്ധപ്പെടുത്തേണ്ട ഒരാവശ്യവുമില്ല.

എന്തായാലും 2019 - 20 അധ്യയന വര്‍ഷത്തില്‍ മുഖം മൂടുന്ന വസ്ത്രം അണിഞ്ഞു കോളേജില്‍ വരണ്ട എന്നു മുസ്ലിം എജുക്കേഷനല്‍ സൊസൈറ്റിയുടെ (MES) എല്ലാ കോളേജുകളിലും സ്‌കൂളുകളിലും പ്രസിഡന്റ്റ് ഫസല്‍ ഗഫൂര്‍ നിര്‍ദ്ദേശം നല്‍കിയത് സ്വാഗതാര്‍ഹമാണ്. മുഖവും, ദേഹവും കറുത്ത വസ്ത്രം കൊണ്ട് മൂടിപ്പുതച്ച് മേലാസകലം കരിമ്പടം ചുറ്റിയ പോലെയല്ല വിദ്യാര്‍ഥിനികള്‍ നടക്കേണ്ടത്. കറുപ്പിന്റ്റെ മേലങ്കി മൂടിപ്പുതച്ച് നടക്കുന്നത് ഒരിക്കലും സ്വാതന്ത്ര്യത്തിന്റ്റെ ലക്ഷണമല്ല. കോളേജില്‍ പഠിക്കാന്‍ വരുന്നവര്‍ സ്വാതന്ത്ര്യത്തിന്റ്റേയും, സമത്ത്വത്തിന്റ്റേയും വക്താക്കളായി മാറേണ്ടവരാണ്. ഭാവി തലമുറയുടെ വാഗ്ദാനങ്ങളാണവര്‍. അത് കൊണ്ട് തന്നെ വസ്ത്രത്തിന്റ്റെ കാര്യത്തിലും സ്വാതന്ത്ര്യം അനുഭവിച്ചാണ് അവര്‍ കോളേജ് ജീവിതം നയിക്കേണ്ടതും. മത തീവ്ര വാദികള്‍ ഉടുപ്പിച്ച അടിമത്തത്തിന്റ്റെ ചങ്ങല അതുകൊണ്ട് തന്നെ അവര്‍ അഴിച്ചു കളയുന്നതാണ് അഭികാമ്യം.

(ഇതെഴുതുന്ന വ്യക്തി ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. 20 വര്‍ഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം.)
സ്വാഗതം: പര്‍ദ്ദക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപെയിന്‍ (വെള്ളാശേരി ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക