Image

നമോവാകം, നഴ്‌സുമാര്‍ക്ക് (പോള്‍ ഡി പനയ്ക്കല്‍)

പോള്‍ ഡി പനയ്ക്കല്‍ Published on 04 May, 2019
നമോവാകം, നഴ്‌സുമാര്‍ക്ക് (പോള്‍ ഡി പനയ്ക്കല്‍)
വര്‍ഷങ്ങള്‍ക്കു മുമ്പ് നഴ്‌സിംഗ് പ്രോഗ്രാമില്‍ ചേരാന്‍ തീരുമാനിച്ചത് രണ്ടു കുഞ്ഞുമക്കളെ നോക്കാനുള്ള സൗകര്യത്തിനുവേണ്ടി ആയിരുന്നു. നഴ്‌സായ ഭാര്യയ്ക്കും എനിക്കും വ്യത്യസ്ത ഷിഫ്റ്റുകള്‍ എടുക്കാം. ഞങ്ങളില്‍ ഒരാള്‍ എപ്പോഴും കുട്ടികളെ വളര്‍ത്താന്‍ കൂടെ ഉണ്ടാകും. ഞാന്‍ അന്നു ജീവിച്ചിരുന്ന ജര്‍മ്മനിയില്‍ നഴ്‌സിംഗ് ഷിഫ്റ്റുകളുടെ സമയം സൗകര്യമായിരുന്നു. എന്തു ജോലി ചെയ്താലും  നഴ്‌സിംഗ് ജോലി വേണ്ട എന്ന മനോഭാവത്തെ വളരെയധികം വേദനയോടെ വിഷമത്തോടെ അന്ന് ഞാന്‍ അടിച്ചമര്‍ത്തി, കുടുംബത്തിനുവേണ്ടി; കുഞ്ഞുമക്കള്‍ക്കുവേണ്ടി.

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആയി ആദ്യത്തെ കഌനിക് പരിശീലനം നല്‍കിയ അനുഭവം നഴ്‌സിംഗിനോടുള്ള അകല്‍ച്ചയെയും വികര്‍ഷതയെയും കൂടുതല്‍ ബലപ്പെടുത്തുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്കുശേഷം ഭാര്യയോടൊപ്പം മൈതാനച്ചന്തയില്‍ നടക്കുമ്പോള്‍ ആദ്യമായി ഞാന്‍ ശുശ്രൂഷിച്ച ഒരു സ്ത്രീയെ കണ്ടു. പ്രായം ചെന്ന ആ സ്ത്രീയെ എനിക്കു തിരിച്ചറിയാനായില്ലെങ്കിലും അവര്‍ എന്നെ തിരിച്ചറിഞ്ഞു. അവര്‍ എന്റെ പേര് ഓര്‍ത്ത് വിളിച്ചു. പരസഹായം കൂടാതെ ചന്തയില്‍ വന്ന അവരുടെ മുഖത്തും കണ്ണുകളിലും നന്ദിയുടെ തിളക്കം. ഭാര്യയോടവര്‍ പറഞ്ഞു ഞാന്‍ ചെയ്ത ശുശ്രൂഷ അവരുടെ വേദനയെയും ആസന്നതയെയും മാറ്റുവാന്‍ എത്ര സഹായിച്ചുവെന്ന്. സ്വയം  ഒന്നും ചെയ്യാനാവാതെ, തികച്ചും മറ്റുള്ളവരെ ആശ്രയിച്ച് കിടക്കയില്‍ മരണത്തെ കാത്തിരുന്ന ദിവസങ്ങളില്‍ ലഭിച്ച ശുശ്രൂഷ അവര്‍ ഒരിക്കലും മറക്കില്ലായെന്ന് ആ സ്ത്രീ ഞങ്ങളോടു രണ്ടുപേരോടും പറഞ്ഞു.

ഇഷ്ടമില്ലാതെ തെരഞ്ഞെടുത്ത ഒരു ജോലിയുടെ പരിശീലനത്തിന്റെ തുടക്കത്തില്‍ ഒരു ജോലിയുടെ പരിശീലനത്തിന്റെ തുടക്കത്തില്‍, നഴ്‌സിംഗിന്റെ ബാലപാഠങ്ങള്‍ അറിയുമുമ്പ്, വൈകാരികത ഒട്ടും തന്നെ ഉള്‍ക്കൊള്ളാതെ ഞാന്‍ ചെയ്ത ഏതോ സഹായത്തിന്റെ മൂല്യം നിസ്സഹായരില്‍ എത്ര ആഴത്തില്‍ എത്തുന്നുവെന്നു അന്നു ഞാന്‍ ആദ്യം അറിഞ്ഞു. തുടര്‍ന്നുള്ള ഓരോ  ഓരോ നേഴ്‌സിംഗ് ശുശ്രൂഷയും രോഗികളോടുള്ള സമ്പര്‍ക്കവും എന്നെ നഴ്‌സിംഗ് എന്ന ഉദ്യോഗത്തോട് അടുപ്പിക്കുകയായിരുന്നു. വേദനയും ദുരിതവും ശാരീരികമായ അരക്ഷിതത്വവും ജീവിതത്തെ സ്‌നേഹിക്കുന്നവരുടെ ആശങ്കയും ജീവിതം മടുത്തവരുടെ വിദ്വേഷവും സഹാനുഭൂതിയോടെ എത്തുന്ന നഴ്‌സിന്റെ സാമീപ്യത്തില്‍ ഇല്ലാതാകുന്നതു കാണുമ്പോള്‍ നഴ്‌സിംഗ് ആണ് ലോകത്തെ ഏറ്റവും മൂല്യമുള്ള ജോലി എന്നു തോന്നാറുണ്ട്. ശാരീരികമായും മാനസികമായും ഞെരുക്കവും ക്ലേശവും അനുഭവിക്കുമ്പോള്‍, രോഗികളുടെ ചാരിതാര്‍ത്ഥ്യത്തോടെ പ്രതികരണങ്ങള്‍ ആശ്വാസമാകുന്നു.

സത്യസന്ധതയിലും സാന്‍മാര്‍ഗ്ഗികതയിലും അമേരിക്കയിലെ ഉദ്യോഗങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് നഴ്‌സിംഗ് ആണെന്ന് അഭിമാനത്തോടെ  ഓര്‍ക്കുന്നു. ഗാലപ്പ്് റിസര്‍ച്ച് സെന്റിന്റെ പഠനങ്ങളില്‍ നഴ്‌സിംഗ് ആസ്ഥാനത്തു തന്നെ ആണ്. ആ നിരയില്‍ ഡോക്ടര്‍മാര്‍ രണ്ടാം സ്ഥാനത്തും പുരോഹിതര്‍ എട്ടാം സ്ഥാനത്തുമാണെന്ന് ശ്രദ്ധിക്കുക!
നഴ്‌സിംഗ് എന്നത് നിസ്സഹായതയിലും നിരാലംബതയിലും നല്‍കുന്ന പരിചരണമാണ്; രോഗമുക്തിക്കുള്ള സഹായമാണ്. ജീവന്റെ ജന്മത്തിലേക്കുള്ള വാതിലാണ്; ജീവിതാന്ത്യത്തിലുള്ള ആശ്വാസമാണ്; ആരോഗ്യപരിപാലനത്തിനുള്ള ശിക്ഷണമാണ്; ആരോഗ്യ സംരക്ഷണത്തിനുള്ള പ്രചോദനമാണ്; സാമൂഹികാരോഗ്യത്തിനുള്ള പ്രചോദനമാണ്; സാമൂഹികാരോഗ്യത്തിനുള്ള അഭിഭാഷണമാണ്. ഒരു വ്യക്തി അനുഭവിക്കുന്ന അവസ്ഥയ്ക്കും വിഷമതയ്ക്കും അപ്പുറത്തെ വ്യക്തിത്വത്തോടുള്ള ബഹുമാനം ജോലിയിലുള്ള സാവകാശം, നിസ്വാര്‍ത്ഥമായ പരസഹായത്തിലുള്ള സംതൃപ്തി, സാമൂഹ്യനീതി എന്നിവ നഴ്്‌സിംഗ് എന്ന പ്രൊഫഷനെ അനന്യമാക്കുന്നു.
ആധുനിക നഴ്‌സിംഗ് ഉദ്യോഗത്തിന്റെ സ്ഥാപികയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് പന്ത്രണ്ട് 'നഴ്‌സസ് ഡേ' ആയി ലോകം ആഘോഷിക്കുന്നു. നഴ്‌സായ ഓരോ വ്യക്തിയും ആ ദിനം അഭിമാനത്തോടെ സ്മരിക്കുന്നു. ആരോഗ്യപരിചരണത്തിലും പരിപാലനത്തിലും കേന്ദ്രീകരിച്ചു വര്‍ത്തിക്കുന്ന ഓരോ സ്ഥാപനവും നഴ്‌സുമാരെയും അവരുടെ സേവനത്തെയും പുകഴ്ത്തുന്നു; ബഹുമാനിക്കുന്നു. ജീവിതവൃത്തി മറ്റുള്ളവര്‍ക്കാക്കി മാറ്റിയ, ലോകം മുഴുവന്‍ സേവനം ചെയ്യുന്ന ഓരോ നഴ്‌സിനും നമോവാകം.

നമോവാകം, നഴ്‌സുമാര്‍ക്ക് (പോള്‍ ഡി പനയ്ക്കല്‍)
Join WhatsApp News
Ponmelil Abraham 2019-05-05 06:04:11
Beautiful write up upholding how valuable the Nursing Profession is and in reality how they influence and change the world around them. Happy Nurses Day to all the Nurses all around the world.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക