Image

ഡോളറിനു വില കൂടിയാല്‍ നമുക്കെന്ത് കാര്യം? (പകല്‍ക്കിനാവ് -146; ജോര്‍ജ് തുമ്പയില്‍ )

Published on 02 May, 2019
ഡോളറിനു വില കൂടിയാല്‍ നമുക്കെന്ത് കാര്യം? (പകല്‍ക്കിനാവ് -146;  ജോര്‍ജ് തുമ്പയില്‍ )
ഡോളറിനു വില കയറുന്നു എന്നറിഞ്ഞാല്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു കാര്യവുമില്ല. എന്നാല്‍ ഗള്‍ഫിലുള്ളവരെ സംബന്ധിച്ചിടത്തോളം അതൊരു ലോട്ടറിയാണു താനും. കാര്യമെന്താണെന്നു വച്ചാല്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ കിട്ടുന്ന അധികമൂല്യം തന്നെ. അമേരിക്കയിലാണ് താമസമെങ്കിലും ഇക്കാര്യത്തില്‍ പൂച്ചക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന മട്ടിലാവും മലയാളികളുടെയും പെരുമാറ്റം. അധികംപേരും ശമ്പളത്തിനു ജോലി ചെയ്യുന്നവരാണ്. ശമ്പളം കിട്ടുന്നതു കൊണ്ട് കാര്യങ്ങള്‍ക്ക് അങ്ങനെ കഴിഞ്ഞു പോകുന്നുവെന്നതൊഴിച്ചാല്‍ ഇതിലൊന്നും അവര്‍ക്കു വലിയ താത്പര്യമില്ലെന്നതാണ് സത്യം. എന്നാല്‍ ഡോളറിന് ഇങ്ങനെ വില കയറുന്നു എന്നറിയുമ്പോള്‍ കണ്ടിരിക്കാനൊക്കെ ഒരു രസമുണ്ട് താനും. മുന്‍പൊക്കെ കയറി കയറി ഒരു അറുപതു രൂപ വരെയൊക്കെയാണ് ഡോളര്‍ വന്നതെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. എഴുപത് എന്ന മാജിക്കല്‍ ഫിഗറില്‍ എപ്പോള്‍ വേണമെങ്കിലും തൊടാവുന്നതു പോലെയാണ് കാര്യങ്ങളുടെ പോക്ക്. പണ്ട് മാനത്ത് മഴക്കാറു കാണുമ്പോള്‍ കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടുമേ എന്നു പറഞ്ഞ് നെഞ്ചത്തടിച്ചു നിലവിളിച്ചിരുന്നവര്‍ ഇന്ന് ചുഴലിക്കാറ്റും പേമാരിയും വന്നാലും ഡാമിന്റെ താഴെ കപ്പയിട്ടു കളയും എന്നതു പോലെയാണ് ഡോളറിനു വില കയറിയാല്‍ മറ്റ് ഭാഷക്കാരും ദേശക്കാരും. അവര്‍ക്കുമറിയാം, ഇതിലൊന്നും വലിയ കാര്യമല്ലെന്ന്. ഇനി ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഒക്കെ കഴിഞ്ഞ് വല്ല തൂക്കു മന്ത്രിസഭയുമാണ് ഇന്ത്യയില്‍ വരുന്നതെങ്കില്‍ അതിലേറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ബിസിനസ്സ് ചെയ്യുന്ന, പ്രത്യേകിച്ച് ഓഫ്‌ഷോര്‍ ബിസിനസ്സ് മലയാളികള്‍ തന്നെയാവും. കാരണം, രാഷ്ട്രീയ അരക്ഷിതാവസ്ഥ കാരണം സാമ്പത്തികമായും സ്ഥിതി മോശമാകുമല്ലോ. അപ്പോള്‍ പിന്നെ രാജാവായ ഡോളര്‍ ചക്രവര്‍ത്തിയാകുമെന്നു ചുരുക്കം. എഴുപതും കഴിഞ്ഞ് എണ്‍പതില്‍ തൊട്ട് റിക്കാര്‍ഡ് ഇട്ടു കളയും.

ആഗോളവ്യാപകമായി എണ്ണവില വര്‍ദ്ധിക്കുന്നത് കൊണ്ടാണ് ഡോളറിന് ഇങ്ങനെ അന്താരാഷ്ട്ര തലത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുന്നത്. ഇതോടൊപ്പം, അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ വലിയ തോതില്‍ ഉയര്‍ത്തി. യുറോപ്യന്‍ ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കുക കൂടി ചെയ്തതോടെ ഡോളര്‍ ശരിക്കും അന്താരാഷ്ട്ര വിപണിയില്‍ രാജാവായി. ഇതാണ് പരോക്ഷമായി ഇന്ത്യന്‍ രൂപയ്ക്കും ഭീഷണിയാവുന്നത്. എണ്ണ രാജ്യങ്ങളൊഴികെ ബാക്കിയുള്ള രാജ്യങ്ങള്‍ക്കെല്ലാം ഇത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. ഇന്ത്യയെപോലെയുള്ള രാജ്യങ്ങള്‍ക്ക് ഇത് വലിയൊരു ഭീഷണി ആകില്ലെങ്കിലും മണിക്കൂറുകള്‍ മാത്രം ഡോളര്‍ എഴുപതു രൂപയില്‍ തൊട്ടപ്പോള്‍ കോടിക്കണക്കിനു രൂപയുടെ നേട്ടമുണ്ടാക്കിയ കമ്പനികളും വ്യക്തികളുമുണ്ട്. അതൊക്കെയും ക്ഷണികമാണ്. എന്നാല്‍, ഇങ്ങനെ നേട്ടമുണ്ടാക്കുമ്പോള്‍ അതു പോലെ തന്നെ തിരിച്ച് വിനിമയം ചെയ്യേണ്ടി വരുമ്പോഴുള്ള നഷ്ടത്തെക്കുറിച്ച് ആരുമോര്‍ക്കുന്നതേയില്ല. ഇത് പിടിച്ചു നിര്‍ത്താന്‍ പലിശ നിരക്കുകള്‍ ലോണിന്മേല്‍ ഉയര്‍ത്തുകയും സേവിങ്‌സുകളില്‍ കുറയ്ക്കുകയും ചെയ്യുന്ന രീതികളെക്കുറിച്ച് നേരിയ തോതിലെങ്കിലും ധാരണയുണ്ടാവണം. ഇങ്ങനെ അടിസ്ഥാനപരമായി സാമ്പത്തിക ബുദ്ധി ഉണ്ടാകുകയാണെങ്കില്‍ ഡോളര്‍ എഴുപതിലും എഴുപത്തഞ്ചിലും തൊട്ടാല്‍ വലിയ നെഞ്ചിടിപ്പ് അമേരിക്കന്‍ ബിസിനസ്സ് മലയാളികള്‍ക്കും ഉണ്ടാവുകയില്ല.

അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) പുതിയ പഠനങ്ങള്‍ പ്രകാരം ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വുകളെല്ലാം ലോകത്തിലെ എല്ലാ രാജ്യത്തും യുഎസ് ഡോളര്‍ അധിഷ്ഠിതമാണ്. ഇങ്ങനെ നോക്കുമ്പോള്‍ ലോകത്തിലെ നാണയങ്ങളുടെ വിനിമയം കണക്കാക്കിയാല്‍ ഡോളര്‍ സാന്നിധ്യം 62.5 ശതമാനം വരുമത്രേ. അതാണ് ചക്രവര്‍ത്തിയായി ഡോളര്‍ അഭിഷിക്തനാവാനുള്ള കാരണം. യൂറോ, യെന്‍, ബ്രിട്ടീഷ് പൗണ്ട് എന്നിവ ഇതിന് പിന്നിലാണ്. വിദേശ കൈമാറ്റങ്ങളില്‍ കൂടുതല്‍ അംഗീകാരവും ആവശ്യകതയുമുളള കറന്‍സിയാണ് യുഎസ് ഡോളര്‍. എവിടെ ചെന്നാലും ഡോളര്‍ ഉണ്ടോയെന്നാണ് എല്ലാവരും ചോദിക്കുന്നത്. യൂറോയോടും പൗണ്ടിനോടും എന്തിന് ദിര്‍ഹത്തിനോടും റിയാലിനോടും പോലും ലോകജനങ്ങള്‍ക്ക് വലിയ മതിപ്പില്ല. അതാണ് ഒരു കാരണം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഡോളറിന്റെ വിലക്കയറ്റം ശമ്പളത്തിനു ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി ബാധിക്കുകയേയില്ല. ഓഫ്‌ഷോര്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് മാത്രമാണ് കുറഞ്ഞ രീതിയിലെങ്കിലും നേട്ടമുണ്ടാക്കാനാവുക. അവര്‍ ഡോളറിന്മേലുള്ള വിനിമയം നോക്കിയിരുന്നു ബിസിനസ്സ് ചെയ്യും. അതാണ് അവരുടെ ബിസിനസ്സ്. അതു കണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാടു പെടുന്ന അമേരിക്കന്‍ മലയാളി അത്ഭുതപ്പെട്ടിട്ട് എന്തു കാര്യം. ഡോളറിനു വില കുറയുകയോ കൂടുകയോ ചെയ്യട്ടെ, മര്യാദ വിടാതെ പണിയെടുക്കുക. കൃത്യമായി രീതിയില്‍ ലഭിക്കുന്ന ശമ്പളം ഉപയോഗിച്ച് മോര്‍ട്ട്‌ഗേജ് ഒക്കെ അടച്ച് സ്വസ്ഥമായി ജീവിക്കുക. ഇനിയധികം പണം വല്ലതും കമ്പനി തരികയാണെങ്കില്‍ അത് ഉപയോഗിച്ച് ക്രൂയിസ് ഷിപ്പുകളില്‍ കരീബിയന്‍ നാടുകളൊക്കെ സന്ദര്‍ശിക്കുക. കാരണം, ലോകം വലിയ ആഗോളതാപന പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. ന്യൂയോര്‍ക്കിലിരുന്നാല്‍ പോളാര്‍ കൊടുങ്കാറ്റ്, ഇനി നാട്ടിലേക്കു ചെന്നാലോ എപ്പോഴാണ് ന്യൂനമര്‍ദ്ദവും ഡാം തുറക്കലുമെന്നൊന്നും പറയാനാവില്ല. അതു കൊണ്ട്, ഡോളറിനു വില കൂടുകയോ കുറയുകയോ ചെയ്യട്ടെ. നമുക്ക് സ്വസ്ഥമായി ജീവിക്കാന്‍ തയ്യാറെടുക്കാം. അല്ലാതെ ഡോളറിനു മൂല്യം കൂടിയാലുടന്‍ നടുവേ കിടന്നോടാന്‍ അമേരിക്കന്‍ മലയാളി എന്നത് വാലുള്ളൊരു പ്രത്യേക ജീവവര്‍ഗ്ഗമൊന്നുമല്ലല്ലോ, മനുഷ്യര്‍ തന്നെയല്ലേ...

ഡോളറിനു വില കൂടിയാല്‍ നമുക്കെന്ത് കാര്യം? (പകല്‍ക്കിനാവ് -146;  ജോര്‍ജ് തുമ്പയില്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക