Image

നവയുഗം തുണച്ചു; ശമ്പളമില്ലാതെ ദുരിതത്തിലായ പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.

Published on 18 April, 2019
നവയുഗം തുണച്ചു; ശമ്പളമില്ലാതെ ദുരിതത്തിലായ പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: ശമ്പളം കിട്ടാത്തത് മൂലം ജോലി ഉപേക്ഷിച്ച് വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട പഞ്ചാബ് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങി.

പഞ്ചാബ് ജലന്ധര്‍ സ്വദേശിനിയായ കശ്മീര്‍ കൗര്‍ എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിയ്ക്ക് എത്തിയത്. ഏഴുമാസം ജോലി ചെയ്തിട്ടും, രണ്ടു മാസത്തെ ശമ്പളം മാത്രമാണ് കിട്ടിയത്. അതിന്റെ പേരില്‍ ആ വീട്ടുകാരുമായി വഴക്കിട്ട കശ്മീര്‍ കൗര്‍, ജോലി ഉപേക്ഷിച്ചു, അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി  പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാം വനിതഅഭയകേന്ദ്രത്തില്‍ എത്തിച്ചു.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് കശ്മീര്‍ കൗര്‍ തന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞു, നാട്ടിലേയ്ക്ക് തിരികെ പോകാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ ഫോണില്‍ കശ്മീരിന്റെ സ്‌പോണ്‍സറെ വിളിച്ചു സംസാരിച്ചെങ്കിലും, അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. തനിയ്ക്ക് കുടിശ്ശിക ശമ്പളം കിട്ടിയില്ലെങ്കിലും വേണ്ട, നാട്ടിലേയ്ക്ക് മടങ്ങിയാല്‍ മതി എന്ന നിലപാടാണ് കശ്മീര്‍ കൗര്‍ എടുത്തത്. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി കാശ്മീരിന് ഔട്ട്പാസ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു. നവയുഗത്തിന്റെ അഭ്യര്‍ത്ഥന അനുസരിച്ച്, പഞ്ചാബ് സാമൂഹ്യപ്രവര്‍ത്തകന്‍ ലോവെല്‍ വാഡന്‍, വിമാനടിക്കറ്റ് നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയായതോടെ, എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, കശ്മീര്‍ കൗര്‍ നാട്ടിലേയ്ക്ക് മടങ്ങി.

നവയുഗം തുണച്ചു; ശമ്പളമില്ലാതെ ദുരിതത്തിലായ പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക