Image

ജേക്കബ് തരകന്‍ വടക്കേടത്ത് ലിബറല്‍ പാര്‍ട്ടി അസംബ്ലി സ്ഥാനാര്‍ഥി

Published on 07 April, 2012
ജേക്കബ് തരകന്‍ വടക്കേടത്ത് ലിബറല്‍ പാര്‍ട്ടി അസംബ്ലി സ്ഥാനാര്‍ഥി
കാന്‍ബറ: ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ ഈ വര്‍ഷം ഒക്‌ടോബര്‍ 20ന് നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ മലയാളിയായ ജേക്കബ് തരകന്‍ വടക്കേടത്തിനെ മല്‍സരിപ്പിക്കാന്‍ ലിബറല്‍ പാര്‍ട്ടി തീരുമാനിച്ചു. 

1998ല്‍ യൂണിവേഴ്‌സിറ്റി ഓഫ് കാന്‍ബറയില്‍ നിന്നും മാസ്‌റ്റേഴ്‌സ് എടുത്ത ജേക്കബ് തരകന്‍ വടക്കേടത്ത് കാന്‍ബറയിലെ നിരവധി ലോക്കല്‍ കമ്യൂണിറ്റിയുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ കാന്‍ബറയുടെ പ്രസിഡന്റായ ജേക്കബ് തരകന്‍ മികച്ച വാഗ്മിയും സംഘാടകനും ആണ്.

കാന്‍ബറയിലെ ഗണ്‍ഗാഹിന്‍ കമ്യൂണിറ്റി കൗണ്‍സിലിന്റെ സെക്രട്ടറി, കാന്‍ബറ മള്‍ട്ടി കള്‍ചറല്‍ കമ്യൂണിറ്റി ഫോറത്തിന്റെ വൊളന്റിയര്‍ കമ്മിറ്റിയിലും കാന്‍ബറ സ്‌റ്റേറ്റ് എജര്‍ജന്‍സി സര്‍വീസിലും വൊളന്റിയര്‍ ആയും ജേക്കബ് തരകന്‍ വടക്കേടത്ത് സേവനമനുഷ്ഠിക്കുന്നു. വര്‍ഷങ്ങളായി ലിബറല്‍ പാര്‍ട്ടിയുടെ അംഗമായി നിരവധി നേതാക്കന്മാരുമായി അടുത്ത് ഇടപഴകാനുള്ള അവസരവും ജേക്കബ് തരകന്‍ വടക്കേടത്തിന് ലഭിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിലെ ധനകാര്യവകുപ്പില്‍ ഓഫിസറായി കാന്‍ബറയില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം. കേരളത്തിലെ കൊല്ലം ജില്ലയില്‍ പട്ടത്താനം ആണ് സ്വദേശം. പരേതനായ വടക്കേടത്ത് വി.സി. ചാക്കോയുടെയും രാജമ്മ തരകന്റെയും മകനാണ്. ഭാര്യ ബിനു ജേക്കബ്, മകന്‍ ജോഹാന്‍, മകള്‍ കരോള്‍ എന്നിവര്‍ക്കൊപ്പം കാന്‍ബറയില്‍ താമസിക്കുന്നു. 

ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കാന്‍ബറയില്‍ മല്‍സരിക്കുന്ന വിവരം അറിഞ്ഞനിമിഷം മുതല്‍ വിവിധ മലയാളി സംഘടനകള്‍ ജേക്കബ് തരകനെ വിജയിപ്പിക്കാനുള്ള ഒരുക്കത്തില്‍ ആണ്. കൂടാതെ കേരളത്തിന്റെ ധനകാര്യമന്ത്രി കെ.എം. മാണി, റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, കൊടിക്കുന്നില്‍ സുരേഷ് ,സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സുരേഷ് കുറുപ്പ് എംഎല്‍എ, ആര്‍. ബാലകൃഷ്ണപിള്ള, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ ഫോണിലൂടെ ജേക്കബ് തരകന് വിജയാശംസകള്‍ നേര്‍ന്നു. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍, വിവിധ പ്രവാസി മലയാളി സംഘടനകള്‍ എന്നിവരും ജേക്കബ് തരകന്‍ വടക്കേടത്തിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക