Image

സെന്‍സേഷനും പത്ര ധര്‍മ്മവും

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 12 March, 2012
സെന്‍സേഷനും പത്ര ധര്‍മ്മവും
`വീട്ടില്‍ കുഴപ്പമുണ്ടാക്കുന്ന മരുമകളെ' ആരെങ്കിലും വെറുതെ വിടുമോ? ഒരു കുസൃതിക്കഥയാണെങ്കിലും ചില മാധ്യമങ്ങള്‍ ചെയ്‌തുകൂട്ടുന്ന പ്രവൃത്തികള്‍ കാണുമ്പോള്‍ ഈ മരുമകളുടെ കാര്യമാണ്‌ ഓര്‍മ്മ വരുന്നത്‌.

കേരളത്തിലെ ഒരു കുഗ്രാമത്തിലാണ്‌ സംഭവം. അസൂയയും കുശുമ്പും പരദൂഷണവും പാരപണിയും തൊഴിലാക്കി ജീവിക്കുന്ന ഒരാളുടെ സ്ഥിരം പരിപാടിയാണ്‌ എന്തെങ്കിലും പരദൂഷണം പറഞ്ഞ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നത്‌. എന്നും എന്തെങ്കിലുമൊക്കെ പറഞ്ഞു പരത്തിയില്ലെങ്കില്‍ അങ്ങേര്‍ക്ക്‌ ഉറക്കം വരില്ല. നാട്ടുകാര്‍ പരദൂഷണം പരമു എന്നു വിളിക്കുന്ന പരമുവാണ്‌ കഥാപാത്രം.

അങ്ങനെയിരിക്കുമ്പോഴാണ്‌ ആ നാട്ടിലെ അറിയപ്പെട്ട ഒരു കുടുംബത്തില്‍ ഒരു വിവാഹം നടക്കുന്നത്‌. ആര്‍ഭാടമായിത്തന്നെ വിവാഹം നടന്നു. പരദൂഷണം പരമുവും പങ്കെടുത്തു. എല്ലാവര്‍ക്കും വധുവിനെക്കുറിച്ച്‌ നല്ലതേ പറയാനുള്ളൂ. കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും സന്തോഷം. പക്ഷേ പരമുവിന്‌ അതത്ര സുഖിച്ചില്ല.?രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും അയാള്‍ക്ക്‌ ആകെ വിമ്മിഷ്ടം കയറി. അവരെ അങ്ങനെയങ്ങു വിട്ടാലോ?

സുഖവിവരം തിരക്കി അയാള്‍ മിക്ക ദിവസങ്ങളിലും ആ വീട്ടില്‍ പോയി വധുവിന്റെ വിവരങ്ങള്‍ തിരക്കിത്തുടങ്ങി. എപ്പോള്‍ ചെന്നാലും അവര്‍ക്ക്‌ വധുവിനെ പുകഴ്‌ത്തിപ്പറയാനേ നേരമുള്ളൂ. പരമു വീണ്ടും വിമ്മിഷ്ടപ്പെട്ടു. വീട്ടുകാരാണെങ്കില്‍ വധുവിന്റെ സ്വഭാവത്തെക്കുറിച്ചും, മരുമകളുണ്ടാക്കുന്ന രുചികരമായ ആഹാരത്തെക്കുറിച്ചുമൊക്കെ വാചാലമായി സംസാരിക്കാന്‍ തുടങ്ങിയതോടെ പരമുവിന്‌
പിടിച്ചു നില്‍ക്കാന്‍ പറ്റാതായി. എന്തെങ്കിലുമൊന്ന്‌ പറഞ്ഞ്‌ തന്റെ നാവിന്റെ ചൊറിച്ചിലൊന്ന്‌ നിര്‍ത്താന്‍ അയാള്‍ പാടുപെട്ടു.

ഒരു ദിവസം കവലയില്‍ ചെന്നു നിന്ന്‌ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വഴിയേ പോകുന്നവരോടൂം നാട്ടുകാരോടും കുശലം പറഞ്ഞതിനിടയില്‍ അയാള്‍ പറഞ്ഞു `നിങ്ങളറിഞ്ഞോ...ഈയ്യിടെ കല്ല്യാണം കഴിച്ചോണ്ടു വന്ന ആ പെണ്ണില്ലേ അവള്‍ ആ വീട്ടില്‍ കുഴപ്പമുണ്ടാക്കി !! അവളത്ര ശരിയല്ല'. കേട്ടവര്‍ കേട്ടവര്‍ അമ്പരന്നു. ഇതെന്തു കഥ ! കണ്ടാല്‍ അങ്ങനെയൊന്നും തോന്നുകയില്ലല്ലോ? എല്ലാവരും പരസ്‌പരം പറഞ്ഞു.

കാര്യങ്ങളുടെ നിജസ്ഥിതി അറിയാനോ അതേക്കുറിച്ച്‌ അന്വേഷിക്കാനോ ആരും മെനക്കെട്ടില്ലെന്നു മാത്രമല്ല, നിമിഷനേരം കൊണ്ട്‌ ആ വാര്‍ത്ത നാടാകെ പരന്നു. പലരും അതു വിശ്വസിച്ചു. ചിലരാകട്ടേ പൊടിപ്പും തൊങ്ങലും വെച്ച്‌ മറ്റു പല കഥകളും മെനഞ്ഞുണ്ടാക്കി. അവള്‍ ദുര്‍നടപ്പുകാരിയാണെന്നുവരെ ജനങ്ങള്‍ പറഞ്ഞു പരത്തി. കുടുംബക്കാര്‍ മുഴുവന്‍ കുഴപ്പക്കാരാണെന്ന്‌ പറഞ്ഞു പരത്താനും ചിലര്‍ മടിച്ചില്ല.

സംഭവങ്ങളൊന്നുമറിയാത്ത വധുവിനും കുടുംബക്കാര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായി. എവിടെത്തിരിഞ്ഞാലും നാട്ടുകാരുടെ തുറിച്ചു നോട്ടവും കുത്തിക്കുത്തിയുള്ള ചോദ്യങ്ങളും. മറുപടി പറയാനാവാതെ വീട്ടുകാര്‍ കുഴങ്ങി. ഒടുവില്‍ ഈ ആരോപണത്തിന്റെ ഉറവിടം തേടി ചിലര്‍ രംഗത്തിറങ്ങി. അവര്‍ ചെന്നെത്തിയത്‌്‌ പരദൂഷണം പരമുവിന്റെ അടുത്താണ്‌. വേണ്ടവിധത്തില്‍ കൈകാര്യം ചെയ്‌തപ്പോള്‍ പരമു സത്യം തുറന്നു പറഞ്ഞു.

വധുവായി വന്ന പെണ്ണിന്റെ മേന്മകളും വര്‍ണ്ണനകളും കേട്ടപ്പോള്‍ തനിക്ക്‌ അസൂയ മൂത്തതാണെന്നും, ഒരു ദിവസം കുശലാന്വേഷണത്തിനായി ആ വീട്ടില്‍ ചെന്നപ്പോള്‍ പെണ്ണിന്റെ അമ്മായിയമ്മ ഭക്ഷണക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ മരുമകളുണ്ടാക്കുന്ന `കുഴലപ്പ'ത്തിന്റെ കാര്യം പറഞ്ഞു എന്നും, തന്റെ തലയിലുദിച്ച ആശയത്തില്‍ നിന്നാണ്‌ കുഴലപ്പത്തിന്റെ `ല' എടുത്തുമാറ്റി കുഴപ്പമാക്കിയതെന്നും പരമു പറഞ്ഞപ്പോള്‍ കേട്ടുനിന്നവര്‍ അന്തം വിട്ടു.

ഏതാണ്ട്‌ ഇതേ രീതിയിലാണ്‌ ഈയ്യിടെ ഏറെ സെന്‍സേഷന്‍ സൃഷ്ടിച്ച ഒരു വാര്‍ത്ത വിവിധ ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ ലോകമൊട്ടാകെ പ്രചരിപ്പിച്ചത്‌. നിരപരാധിയെ അപരാധിയാക്കാനും, അപരാധിയെ നിരപരാധിയാക്കാനും മാധ്യമങ്ങള്‍ വിചാരിച്ചാല്‍ സാധിക്കും. ഏതെങ്കിലും ഒരു പത്രത്തില്‍ അച്ചടിച്ചു വന്ന വാര്‍ത്ത അതേപടി കോപ്പിയടിച്ച്‌ പ്രസിദ്ധീകരിക്കുന്നതും, ആ വാര്‍ത്ത വളച്ചൊടിച്ച്‌ എരിവും പുളിയും ചേര്‍ത്ത്‌ സെന്‍സേഷന്‍ സൃഷ്ടിക്കുന്നതും മാധ്യമ സംസ്‌ക്കാരത്തിനു യോചിച്ച പ്രവൃത്തിയല്ല.

ഇന്റര്‍നെറ്റിന്റെ ആധിപത്യം വര്‍ദ്ധിച്ചതോടെ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും ജനങ്ങളില്‍ അവ എത്തിക്കുന്നതിനും പ്രയാസമില്ലാതെയായി. പക്ഷേ, വാര്‍ത്തകളില്‍ നിന്ന്‌ വാര്‍ത്ത സൃഷ്ടിക്കുകയും അപകീര്‍ത്തികരമായ വാക്കുകളോ വാചകങ്ങളോ തിരുകിക്കയറ്റുകയും വാര്‍ത്തയുമായി പുലബന്ധം പോലുമില്ലാത്ത പടങ്ങള്‍ ചേര്‍ത്ത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നത്‌ ക്രിമിനല്‍ കുറ്റമാണ്‌.

പത്രാധിപര്‍ എന്നാല്‍ പത്രത്തിന്റെ അധിപനാണ്‌. എഡിറ്റര്‍ എന്നാല്‍ വാര്‍ത്തകള്‍ എഡിറ്റു ചെയ്യുന്നവരും. പത്ര ഉടമയുടെ നിയന്ത്രണത്തിന്‌ എഡിറ്റര്‍ വിധേയാനാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും, അര്‍ത്ഥമറിഞ്ഞ്‌ പദങ്ങളും വാക്യങ്ങളും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരണ യോഗ്യമാക്കിത്തീര്‍ക്കേണ്ടത്‌ എഡിറ്ററുടെ കടമയാണ്‌. എവിടെ നിന്നോ ഒരു വാര്‍ത്താശകലം കിട്ടിക്കഴിഞ്ഞാല്‍ തന്റെ സ്വന്തം പത്രത്തില്‍ അത്‌ അച്ചടിച്ചു വരണമെന്ന പത്രാധിപരുടെ നിര്‍ബ്ബന്ധവും അത്‌ സെന്‍സേഷനാക്കാന്‍ എഡിറ്റര്‍ വ്യഗ്രത കാണിക്കുമ്പോഴുമാണ്‌ വികലമായ പല വാര്‍ത്തകളും സൃഷ്ടിക്കപ്പെടുന്നത്‌. സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനും ഓണ്‍ലൈനില്‍ ഹിറ്റുകള്‍ വര്‍ദ്ധിപ്പിക്കാനും മാധ്യമങ്ങള്‍ കഥകള്‍ പടച്ചുവിടുന്നതിനു മുന്‍പ്‌ പത്രാധിപര്‍ പഠിച്ചിരിക്കുന്ന അല്ലെങ്കില്‍ അവരെ പഠിപ്പിച്ചിരിക്കുന്ന പത്രധര്‍മ്മത്തെക്കുറിച്ച്‌ അല്‌പം ബോധവാന്മാരായാല്‍ അനേകം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാം.
സെന്‍സേഷനും പത്ര ധര്‍മ്മവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക