Image

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് അഭിമാന നിമിഷം

ജോയിച്ചന്‍ പുതുക്കുളം Published on 17 October, 2017
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് അഭിമാന നിമിഷം
മയാമി: അനേക മാസങ്ങളുടെ കഠിനാധ്വാനത്തിനും ഏകാഗ്രമായ പരിശ്രമത്തിനും അംഗീകാരമായി. ഡോ. ബോബി വര്‍ഗീസിനും, ഡോ. സിബി പീറ്ററിനും അമേരിക്കയിലെ പ്രശസ്ത സര്‍വ്വകലാശാലയായ ഫീനിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നഴ്‌സിംഗ് വിഭാഗത്തില്‍ ഡോക്ടറേറ്റ് (പി.എച്ച്.ഡി) ലഭിച്ചു.

നഴ്‌സിംഗ് പ്രൊഫഷണല്‍ രംഗത്തുള്ളവരുടെ പ്രയോജനക്ഷമത, സേവന സന്നദ്ധത, സഹാനുഭൂതി, രോഗികളോടുള്ള അനുകമ്പ തുടങ്ങിയ വിഷയങ്ങളിലാണ് ഡോ. ബോബി തന്റെ പ്രബന്ധം അവതരിപ്പിച്ചത്. മസ്തിഷ്കാഘാതവും തുടര്‍ന്നുള്ള പരിചരണവും എന്ന പ്രതിപാദ്യവിഷയത്തിലാണ് ഡോ. സിബി തന്റെ പ്രബന്ധം സമര്‍പ്പിച്ചത്. നഴ്‌സിംഗ് പ്രൊഫഷണല്‍ വിഭാഗത്തില്‍, പ്രത്യേകിച്ചും ഇന്ത്യന്‍ അമേരിക്കന്‍ ചുരുക്കം പേര്‍ മാത്രം കരസ്ഥമാക്കിയ പി.എച്ച്.ഡി ഇവര്‍ക്ക് നേടുവാന്‍ കഴിഞ്ഞപ്പോള്‍ സൗത്ത് ഫ്‌ളോറിഡ ഇന്ത്യന്‍ സമൂഹത്തിന് മറ്റൊരു അഭിമാന മുഹൂര്‍ത്തംകൂടിയായി.

ഡോ. ബോബി വര്‍ഗീസ്:
ഒരു ദശാബ്ദത്തിലേറെയായി സൗത്ത് ഫ്‌ളോറിഡയിലെ വിദ്യാഭ്യാസ, പ്രൊഫഷണല്‍ സേവന മണ്ഡലങ്ങളില്‍ നിറസാന്നിധ്യമാണ് ബോബി. ഫോര്‍ട്ട് ലോഡര്‍ഡേയ്‌ലിലുള്ള ബ്രോവാര്‍ഡ് കോളജില്‍ മന:ശാസ്ത്ര വിഭാഗം പ്രൊഫസറായി ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.ഇന്ത്യന്‍ നഴ്‌സിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, അമേരിക്കന്‍ സൈക്യാട്രിക് നഴ്‌സിംഗ് റിസര്‍ച്ച് കൗണ്‍സില്‍ അംഗം, നാഷണല്‍ നഴ്‌സിംഗ് ലീഗിലെ സര്‍ട്ടിഫൈഡ്‌നഴ്‌സ് എഡ്യൂക്കേറ്റര്‍, നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുന്‍ കമ്മിറ്റി അംഗം, യുണൈറ്റഡ് ഫാക്കല്‍റ്റി ഓഫ് ഫ്‌ളോറിഡ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം നഴ്‌സിംഗ് ബോര്‍ഡ് പരീക്ഷയ്ക്കായി തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മയാമിയിലുള്ള ബോബ്‌സ് എന്‍ക്ലക്‌സ് കോച്ചിംഗ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയാണ്. 2005-ല്‍ അമേരിക്കയിലേക്ക് കുടിയേറുന്നതിനു മുമ്പ് ബോബി ഇന്ത്യയിലെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ നിന്ന് ബിരുദവും, തുടര്‍ന്ന് ബാംഗ്ലൂര്‍ നിംഹാന്‍സ് സര്‍വ്വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ സൈക്യാട്രിക് നഴ്‌സിംഗ് വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം നേടി അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമില്‍ നിന്നു പുരസ്കാരത്തിന് അര്‍ഹനായി. ഭാര്യ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിലെ സ്‌പെഷലിസ്റ്റ് നഴ്‌സായി പ്രവര്‍ത്തിക്കുന്നു. മക്കളായ അല്‍വിനും, ആഷ്‌ലിനുമൊപ്പം ഫ്‌ളോറിഡയിലെ സൗത്ത് വെസ്റ്റ് റാഞ്ചസില്‍ താമസിക്കുന്നു.

ഡോ. സിബി പീറ്റര്‍:
ബ്രോവാര്‍ഡ് കോളജില്‍ നഴ്‌സിംഗ് വിഭാഗം പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കമ്മിറ്റി അംഗം, ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിംഗ് സ്‌പെഷലിസ്റ്റ്, യുണൈറ്റഡ് ഫാക്കല്‍റ്റി ഓഫ് ഫ്‌ളോറിഡ അംഗം, നാഷണല്‍ നഴ്‌സസ് ലീഗ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. രാജസ്ഥാനിലെ ജയ്പൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നു ബിരുദവും, തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ഒന്നാം റാങ്കോടെ നഴ്‌സിംഗില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 2006-ല്‍ ഇന്ത്യയില്‍ നിന്നു ഫ്‌ളോറിഡയിലേക്ക് സ്ഥിരതാമസത്തിനായി കുടിയേറിയ സിബി, മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ മാനേജരായി തന്റെ സേവനം ആരംഭിച്ചു. തൊഴില്‍ വൈദഗ്ധ്യവും, വിനയാന്വിതമായ പ്രവര്‍ത്തനശൈലിയും ഡോ. സിബിയുടെ സ്വഭാവ സവിശേഷതകളാണ്. ബ്രോവാര്‍ഡ് കോളജില്‍ റെസ്പിരേറ്ററി വിഭാഗം പ്രൊഫസറായി പ്രവര്‍ത്തിക്കുന്ന രജീവ് മത്തായി ആണ് സിബിയുടെ ഭര്‍ത്താവ്. വിദ്യാര്‍ത്ഥികളായ തിമോത്തി, ഇവാഞ്ചലിന്‍, റേച്ചല്‍ എന്നിവര്‍ക്കൊപ്പം ഫ്‌ളോറിഡയിലെ പെംബ്രോക്ക് പൈന്‍സില്‍ താമസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക