Image

ആനി ജോര്‍ജിനെതിരായ കേസ്‌ കെട്ടിച്ചമച്ചതെന്ന്‌ കുടുംബം

Published on 03 March, 2012
ആനി ജോര്‍ജിനെതിരായ കേസ്‌ കെട്ടിച്ചമച്ചതെന്ന്‌ കുടുംബം
ന്യൂയോര്‍ക്ക്‌: ഭര്‍ത്താവും പുത്രനും മരിച്ച ദു:ഖത്തില്‍ കഴിഞ്ഞുകൂടുമ്പോള്‍ ന്യായമല്ലാത്ത കേസില്‍ ആനി ജോര്‍ജ്‌ കോലത്തിനെ (39) വലിച്ചിഴയ്‌ക്കുകയായിരുന്നുവെന്ന്‌ കുടുംബാംഗങ്ങള്‍ കരുതുന്നു.
`കേസില്‍ ഒരു സത്യവുമില്ല. അതിനാല്‍ കുറ്റം സമ്മതിച്ചുമില്ല. പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നില്ല. മറിച്ച്‌ കോടതിയില്‍ ഹാജരാകുകയായിരുന്നു. കോടതി ജാമ്യമൊന്നുമില്ലാതെ വിടുകയും ചെയ്‌തു' കുടുംബവൃത്തങ്ങള്‍ പറഞ്ഞു.

സാധാരണ മാധ്യമങ്ങള്‍ക്കു പകരം ചൂടുള്ള വാര്‍ത്തകള്‍
പ്രസിധീകരിക്കുന്ന 'ദി സ്‌മോക്കിംഗ്‌ ഗണ്‍' ആണ്‌ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്‌. കുറ്റം വലുതായതുകൊണ്ടല്ല മറിച്ച്‌ 30,000 ചതുരശ്ര അടിയും, 34 മുറികളും, 30 മില്യന്‍ ഡോളര്‍ വിലയുമുള്ള വീട്ടിലാണ്‌ ആനി ജോര്‍ജ്‌ താമസിക്കുന്നതെന്നതാണ്‌ വാര്‍ത്ത താത്‌പര്യമുണര്‍ത്തിയത്‌. ആല്‍ബനിക്കടുത്ത്‌ റെക്‌സ്‌ ഫോര്‍ഡില്‍ തൊണ്ണൂറുകളില്‍ ഒരു ഇന്‍ഷ്വറന്‍സ്‌ കമ്പനി മുതലാളി 32.5 മില്യന്‍ മുടക്കി നിര്‍മ്മിച്ചതാണത്‌. ഹെലിപാഡ്‌, വീടിനുള്ളില്‍ നീന്തല്‍ കുളം, 24 കാരറ്റ്‌ സ്വര്‍ണ്ണം പൂശിയ സീലിംഗ്‌, 15 ഫയര്‍പ്ലേസ്‌ എന്നിവയെല്ലാം അതില്‍ ഉണ്ടത്രേ.

ആരോപണം ഉന്നയിച്ച `വി.എം' എന്ന വീട്ടുവേലക്കാരി മലയാളിയെങ്കിലും ബോംബെയിലാണ്‌ താമസം. 1998-ല്‍ ന്യൂയോര്‍ക്കില്‍ ഒരു യു.എന്‍ ഉദ്യോഗസ്ഥന്റെ ജോലിക്കാരിയായി എത്തിയതാണ്‌. 2005-ല്‍ അവര്‍ അത്‌ ഉപേക്ഷിച്ച്‌ ആല്‍ബനിയില്‍ കോലത്ത്‌ ഫാമിലിയില്‍ ജോലി തേടി എത്തി. ജോലി മാറിയതോടെ അവരുടെ വിസ സ്റ്റാറ്റസ്‌ ഇല്ലാതായി. എന്നാല്‍ വിസ ഉണ്ടെന്ന ധാരണയിലാണ്‌ ജോലിക്കെടുത്തതെന്ന്‌ കുടുംബാംഗങ്ങള്‍ പറഞ്ഞു.

പ്രതിമാസം ആയിരം ഡോളറാണ്‌ വാഗ്‌ദാനം ചെയ്‌തത്‌. എന്നാല്‍ അഞ്ചര വര്‍ഷത്തിനിടയില്‍ 29,000 ഡോളറാണ്‌ കിട്ടിയതെന്ന്‌ പ്രോസിക്യൂഷന്റെ കുറ്റപത്രത്തില്‍ പറയുന്നു. രണ്ടു ലക്ഷത്തി ആറായിരം ഡോളര്‍ ലഭിക്കാന്‍ അര്‍ഹതയുള്ള സ്ഥാനത്താണിത്‌.

എന്നാല്‍ ചെക്കായി അത്രയേ കൊടുത്തുള്ളുവെന്നും ബാക്കി ക്യാഷ്‌ ആയി നല്‍കുകയായിരുന്നുവെന്നും കുടുംബവൃത്തങ്ങള്‍ പറഞ്ഞു. ചെക്കായി കൊടുത്താല്‍ ടാക്‌സ്‌ കൊടുക്കണം.

ആനി ജോര്‍ജിന്റെ മൂന്നു പെണ്‍മക്കള്‍ കിടക്കുന്ന മുറിയിലെ
ക്ലോസറ്റിലാണ്‌ അവര്‍ കിടന്നിരുന്നതെന്നത്‌ ശരിയല്ലെന്നു കുടുംബാംഗങ്ങള്‍ പറയുന്നു. കിംഗ്‌ സൈസ്‌ ബെഡ്‌ തന്നെ നല്‍കിയിരുന്നു. കുക്കിംഗിന്‌ അവര്‍ സഹായിക്കേണ്ടതില്ലായിരുന്നു. ഒട്ടേറെ സമയം ടിവി കാണാനും യഥേഷ്‌ടം നാട്ടിലേക്ക്‌ ഫോണ്‍ ചെയ്യാനും തടസ്സമൊന്നുമില്ലായിരുന്നു. പതിനേഴു മണിക്കൂര്‍ ജോലി ചെയ്യിച്ചു എന്നു പറയുന്നത്‌ ഒട്ടും ശരിയല്ല.

എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക്‌
സ്ഥലം വിട്ടു പോകാമായിരുന്നു. നേരത്തെ ജോലി ചെയ്‌തിരുന്നിടത്തു നിന്ന്‌ ഓടിപ്പോന്ന അവര്‍ക്കതിനു കഴിയില്ലായിരുന്നുവെന്ന്‌ ആരും കരുതുന്നില്ല. അവരെ ഉപദ്രവിച്ചതായൊന്നും ചാര്‍ജ്‌ ഷീറ്റിലും ഇല്ല.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്‌ നാഷണല്‍ ഹ്യൂമന്‍ ട്രാഫിക്കിംഗ്‌ റിസോഴ്‌സ്‌ സെന്ററിലെ 24 മണിക്കൂര്‍ ഹോട്ട്‌ലൈനില്‍ ഇവരെ നിര്‍ബന്ധിത ജോലി ചെയ്യിക്കുന്നതായി സന്ദേശം കിട്ടിയത്‌. തുടര്‍ന്ന്‌ ഫെഡറല്‍ അധികൃതര്‍ എത്തിയപ്പോള്‍, അഭിഭാഷകരുമായി ആനി ജോര്‍ജ്‌ ബന്ധപ്പെട്ട ശേഷം
ഒന്നേ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ്‌ പ്രസ്‌തുത സ്‌ത്രീയെ കൊണ്ടുപോയതെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നു.

പിന്നീട്‌ ജൂണില്‍ പ്രസ്‌തുത സ്‌ത്രീയുടെ മകന്‍
മൂന്ന് ടെലിഫോണ്‍ സംഭാഷണങ്ങളുടെ റിക്കാര്‍ഡ്‌ പോലീസിനു നല്‍കി. വീട്ടില്‍ ജോലിക്കല്ല അതിഥിയായിട്ടാണു താമസിച്ചതെന്നു പോലീസിനോട്‌ പറയണമെന്ന്‌ മകനോട്‌ ആനി ജോര്‍ജ്‌ പറഞ്ഞതായി റിക്കോര്‍ഡ്‌ ചെയ്‌തിട്ടുണ്ടെന്ന്‌ കുറ്റപത്രം പറയുന്നു. ജോലി ചെയ്യുകയായിരുന്നുവെന്നു പറഞ്ഞാല്‍ അത്‌ വലിയ കുറ്റമാകുമെന്നും പറഞ്ഞു.

എന്നാല്‍ ഫോണ്‍ സംഭാഷണം റിക്കാര്‍ഡ്‌ ചെയ്‌തതു തന്നെ എല്ലാം ആസൂത്രിതമായിരുന്നുവെന്നതിന്‌ തെളിവാണെന്ന്‌ കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നാട്ടില്‍ ആരെങ്കിലും ഫോണ്‍ റിക്കാര്‍ഡ്‌ ചെയ്യുമോ?
ട്രാഫിക്കിംഗിന്റെ പേരു പറഞ്ഞാല്‍ വിസ കിട്ടും. അതിനുള്ള ശ്രമമായിരിക്കും ഇതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

പ്രസ്‌തുത സ്‌ത്രീക്ക്‌ ഇമിഗ്രേഷന്‍ ശരിയാക്കാന്‍ 4000 ഡോളര്‍ ശമ്പളത്തില്‍ നിന്ന്‌ പിടിച്ചുവെയ്‌ക്കുകയുണ്ടായി. ഒരിക്കല്‍ വക്കീലിനെ കണ്ടുവെങ്കിലും പിന്നീടൊന്നും നടന്നില്ലെന്നു കുറ്റപത്രത്തില്‍ പറയുന്നു.

റിയല്‍എസ്റ്റേറ്റ്‌, ഹോട്ടല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച ഭര്‍ത്താവ്‌ ജോര്‍ജ്‌ കോലത്ത്‌ (42), മൂത്ത പുത്രന്‍ ജോര്‍ജ്‌ കോലത്ത്‌ ജൂണിയര്‍, 11, കുടുംബ സുഹൃത്തും ഡോക്‌ടറുമായ കൃഷ്‌ണന്‍ രാഘവന്‍ എന്നിവര്‍ 2009 ജൂണില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. കോലത്ത്‌ എയര്‍ലൈന്‍സിന്റെ ചെറിയ വിമാനമായിരുന്നു അത്‌. ഡോ. കൃഷ്‌ണന്‍, വിമാനം പറത്താന്‍ ജോര്‍ജിനെ പഠിപ്പിക്കുന്നുണ്ടായിരുന്നു. ആരാണ്‌ വിമാനം പറത്തിയതെന്നു വ്യക്തമല്ല.

ലോംഗ്‌ ഐലന്റിലുള്ള അമ്മയെ കാണാന്‍ പോകുമ്പോള്‍ ആയിരുന്നു സംഭവം. കോലത്ത്‌ ഹോസ്‌പിറ്റാലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു ജോര്‍ജ്‌ കോലത്ത്‌. മരിച്ച പുത്രന്‍ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥി. അഞ്ചുമക്കള്‍ കൂടിയുണ്ട്‌.

വീട്‌ 30 മില്യന്‌ വില്‍ക്കാന്‍ ലിസ്റ്റ്‌ ചെയ്‌തിരുന്നു.
ആനി ജോര്‍ജിനെതിരായ കേസ്‌ കെട്ടിച്ചമച്ചതെന്ന്‌ കുടുംബം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക